ശപിക്കപ്പെട്ട ആത്മാക്കൾ എന്നെന്നേക്കുമായി പീഡിപ്പിക്കപ്പെടുന്ന അഗ്നികുണ്ഡം ആണു നരകമെന്നത് ഉറപ്പാണ്. ഈ ജീവിതത്തിൽ പോലും തീപ്പൊള്ളലിൻറെ വേദന മറ്റെല്ലാ വേദനകളിലും വച്ച് ഏറ്റവും തീവ്രവും ഭയാനകവുമാണ്. എന്നാൽ നരകാഗ്നി കഠിനവേദനയുളവാക്കുന്ന യാതനകൾ ഏല്പിക്കാൻ ശക്തിയുള്ളതാണ്. കാരണം ദൈവത്തെ എതിർക്കുന്ന സൃഷ്ടികളോടുള്ള ദൈവകോപത്തിൻറെ ശിക്ഷയായിട്ടാണു ദൈവം അതിനെ സൃഷ്ടിച്ചത്. “ശപിക്കപ്പെട്ടവരേ, നിത്യനരകാഗ്നിയിലേക്കു പോകുവിൻ”, ഇതാണു മഹാപാപികൾക്കുള്ള ശിക്ഷ. ഈ ശിക്ഷാവിധിയിൽ അഗ്നിയെപ്പറ്റി പ്രത്യേകം പരാമർശിച്ചിരിക്കുന്നതിനാൽ, നരകത്തിൽ ദുഷ്ടന്മാരുടെ ഇന്ദ്രിയങ്ങളെ ബാധിക്കുന്ന എല്ലാ പീഡകളിലും വച്ച് ഏറ്റവും വലിയതു തീയാണെന്നു നമുക്ക് അനുമാനിക്കാം. ഓ, എൻറെ ദൈവമേ, കഴിഞ്ഞ എത്രയോ വർഷങ്ങൾ ഈ അഗ്നിക്കിരയാകാൻ ഞാൻ അർഹനായിരുന്നു! എന്നാൽ അങ്ങ് എന്നെ ഈ ഭയാനകമായ തീയിൽ എരിയാൻ അനുവദിക്കാതെ, അങ്ങയുടെ പരിശുദ്ധ സ്നേഹത്തിൻറെ അനുഗ്രഹീത ജ്വാലകളാൽ ഞാൻ എരിയുന്നതു കാണാനായി, എനിക്കായി കാത്തിരുന്നു. ആകയാൽ എൻറെ പരമനന്മയായ അങ്ങയെ ഞാൻ സ്നേഹിക്കുകയും എന്നേക്കും അങ്ങയെ സ്നേഹിക്കാനാഗ്രഹിക്കുകയുചെയ്യുന്നു.
2. ഈ ഭൂമിയിൽ തീ ബാഹ്യമായി മാത്രം കത്തുന്നു. തീ നമ്മുടെ ഉള്ളിലേക്കു തുളച്ചുകയറുന്നില്ല; എന്നാൽ നരകത്തിലെ അഗ്നി അതിൻറെ ഇരകളുടെ അന്തർഭാഗത്തേക്കു പ്രവേശിക്കുന്നു.അങ്ങനെ അവരെ ഒരു ചൂളയാക്കി മാറ്റും. ഓരോരുത്തരും ഒരു തീച്ചൂളപോലെയായിത്തീരും, അങ്ങനെ ഹൃദയം നെഞ്ചിനുള്ളിലും, കുടൽ ഉദരത്തിനുള്ളിലും, തലച്ചോറു തലയോട്ടിക്കുള്ളിലും, മജ്ജ അസ്ഥികൾക്കുള്ളിലും എരിഞ്ഞുകൊണ്ടിരിക്കും. പാപികളേ, ഈ തീയെപ്പറ്റി എന്താണു നിങ്ങൾ കരുതുന്നത്? ഒരു മെഴുകുതിരിയിൽ നിന്ന് ആകസ്മികമായി വീണ ഒരു തീപ്പൊരിയോ, അസഹനീയമായ ചൂടുള്ള ഒരു വീടോ, നിങ്ങളുടെ തലയിൽ പതിക്കുന്ന വെയിലോ സഹിക്കാൻ കഴിയാത്ത നിങ്ങൾ, എന്നെന്നേക്കുമായി മരിച്ചുകൊണ്ടിരിക്കുന്നതും, എന്നാൽ ഒരിക്കലും മരിക്കില്ലാത്തതുമായ ഈ അഗ്നിയുടെ സമുദ്രത്തിൽ നിത്യകാലത്തേക്കു മുഴുകുന്നത് എങ്ങനെ സഹിക്കും? ഓ എൻറെ രക്ഷകാ! എന്നോടുള്ള സ്നേഹത്തെപ്രതി അങ്ങ് എനിക്കുവേണ്ടി ചൊരിഞ്ഞ അങ്ങയുടെ രക്തം പാഴായിപ്പോകാനനുവദിക്കരുതേ. എൻറെ പാപങ്ങളെയോർത്ത് എനിക്ക് അനുതാപം തരണമേ, അങ്ങയുടെ വിശുദ്ധസ്നേഹത്തിന് എന്നെ അർഹനാക്കണമേ.
3. നിങ്ങളിൽ ആർക്കാണ് ആളിപ്പടരുന്ന തീയിൽ വസിക്കാൻ കഴിയുക എന്നു പ്രവാചകൻ ചോദിക്കുന്നു. ഒരു കാട്ടുമൃഗം അതിൻറെ ഇരയെ ആർത്തിയോടെ വിഴുങ്ങുന്നതുപോലെ, നരകാഗ്നി അസന്തുഷ്ടനായ ആത്മാവിനെ, ഒരിക്കലും അവൻറെ ജീവൻ നഷ്ടപ്പെടുത്താതെ, നിരന്തരം വിഴുങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു വിശുദ്ധ പീറ്റർ ഡാമിയൻ ആശ്ചര്യത്തോടെ പറയുന്നു: “തുടരുക, പാപിയേ, തുടരുക അശുദ്ധനായവനേ, നിൻറെ ശരീരത്തിന് അതിൻറെ മോഹങ്ങൾ നിവർത്തിച്ചു കൊടുക്കുക: നിന്നെ നരകത്തിൽ നിത്യമായി ദഹിപ്പിക്കുന്ന തീയെ പോഷിപ്പിക്കുന്നതിനായി നിൻറെ തിന്മകൾ ഉച്ചസ്ഥായിയിലെത്തുന്ന ഒരു ദിവസം വരും.” ഞാൻ നിന്ദിക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്ത എൻറെ ദൈവമേ! എന്നോടു ക്ഷമിക്കണമേ, ഇനി അങ്ങയെ നഷ്ടപ്പെടാതിരിക്കാൻ എന്നെ സഹായിക്കണമേ. എല്ലാ തിന്മയ്ക്കും ഉപരിയായി അങ്ങയെ വ്രണപ്പെടുത്തിയതോർത്തു ഞാൻ ഖേദിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുമെന്നും അങ്ങയെയല്ലാതെ മറ്റാരെയും സ്നേഹിക്കുകയില്ലെന്നും ഞാൻ ഇപ്പോൾ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു, അതിനാൽ അങ്ങയുടെ കരുണയിലേക്ക് എന്നെയും സ്വീകരിക്കണമേ. ഏറ്റവും പരിശുദ്ധയായ മറിയമേ, അങ്ങയുടെ പരിശുദ്ധ മാധ്യസ്ഥതയാൽ എന്നെ ശാശ്വതമായ നരകയാതനകളിൽനിന്നു വിടുവിക്കേണമേ.