വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 25

വരാനിരിക്കുന്ന വിധിയെ ഓർത്തുള്ള മരണാസന്നൻറെ ഭീതി 

1. മരണാസന്നനായ  ഒരു മനുഷ്യൻറെ മനസ്സിൽ, തൻറെ മുൻകാല ജീവിതത്തിലെ എല്ലാ പ്രവൃത്തികളുടെയും കണക്കു ബോധിപ്പിക്കാൻ താൻ ചുരുങ്ങിയ സമയത്തിനുള്ളിൽ വിധിയാളനായ  യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകണമെന്ന ചിന്ത ഉണ്ടാക്കുന്ന ഭയം എത്രമാത്രമായിരിക്കും! അവൻ ഈ ലോകത്തിൽ നിന്നു  മറ്റൊരു ലോകത്തിലേക്ക്, ഈ ജീവിതം കഴിഞ്ഞു നിത്യതയിലേക്ക്, കടന്നുപോകുന്ന ഭയാനകമായ നിമിഷം എത്തുമ്പോൾ, അവൻ ചെയ്തിട്ടുള്ള പാപങ്ങളുടെ ദൃശ്യത്തേക്കാൾ അവനെ വേദനിപ്പിക്കുന്ന മറ്റൊന്നും ഉണ്ടാകില്ല. പാസ്സിയിലെ വിശുദ്ധ മേരി മഗ്ദലിൻ രോഗബാധിതയായപ്പോൾ, ന്യായവിധിയെക്കുറിച്ചു  ചിന്തിച്ചു . ഭയപ്പെട്ടു വിറയ്ക്കരുതെന്നു  അവളുടെ കുമ്പസാരക്കാരൻ അവളോടു  പറഞ്ഞപ്പോൾ അവൾ പറഞ്ഞു: “ഓ! പിതാവേ, നമ്മുടെ ന്യായാധിപനായ യേശുക്രിസ്തുവിൻറെ മുമ്പാകെ ഹാജരാകുന്നതു  ഭയപ്പെടുത്തുന്ന കാര്യം തന്നെയാണ്.”  ശൈശവം മുതലേ ഒരു വിശുദ്ധയായിരുന്ന ഈ  കന്യകയുടെ വികാരങ്ങൾ അത്തരത്തിലുള്ളവയായിരുന്നുവെങ്കിൽ, പലവട്ടം നരകത്തിന് അർഹനാകേണ്ടിയിരുന്ന  ഒരാൾക്ക് എന്തു പറയാൻ കഴിയും?

2. അനേക വർഷങ്ങൾ പ്രായശ്ചിത്തപ്രവൃത്തികളിൽ  ചെലവഴിച്ച സന്യാസിയായ  അഗാത്തോ ഭയത്തോടും വിറയലോടും കൂടെ പറഞ്ഞു: “വിധിക്കപ്പെട്ടു കഴിയുമ്പോൾ ഞാൻ എന്തായിത്തീരും?”  അങ്ങനെയെങ്കിൽ, അനേകം മാരക പാപങ്ങൾ ചെയ്തു ദൈവത്തെ വ്രണപ്പെടുത്തുകയും എന്നാൽ അവയ്ക്കു യാതൊരു പ്രായശ്ചിത്തവും  ചെയ്യാതിരിക്കുകയും  ചെയ്യുന്ന ഒരാൾക്ക് എങ്ങനെ വിറയ്ക്കാതിരിക്കാൻ കഴിയും? മരണസമയത്ത്, അവൻറെ കുറ്റകൃത്യങ്ങളുടെ കാഴ്ച,  ദൈവിക ന്യായവിധിയുടെ  കാഠിന്യം, പ്രഖ്യാപിക്കപ്പെടാൻ പോകുന്ന ശിക്ഷയെക്കുറിച്ചുള്ള അനിശ്ചിതത്വം, എന്നിവ എത്രയോ വലിയ  ഭയത്തിൻറെയും  ആശയക്കുഴപ്പത്തിൻറെയും  ഒരു കൊടുങ്കാറ്റായിരിക്കും അവനു സമ്മാനിക്കുക! അതിനാൽ, നാം കണക്കു ബോധിപ്പിക്കാനുള്ള ദിവസത്തിൻറെ ആഗമനത്തിനു മുമ്പായി, യേശുക്രിസ്തുവിൻറെ കാൽക്കൽ വീണുകിടന്നു നമ്മുടെ പാപങ്ങൾക്കു മോചനം  ഉറപ്പാക്കുന്നതിൽ  നമുക്കു  ജാഗരൂകരായിരിക്കാം.  ഓ!  എൻറെ യേശുവേ, ഒരു നാൾ  എൻറെ ന്യായാധിപനായി വരാൻ പോകുന്ന  എൻറെ വിമോചകാ, നീതിവിധിയുടെ ദിവസത്തിനുമുമ്പ് എന്നോടു കരുണ കാണിക്കണമേ. അങ്ങയോടു വിശ്വസ്തനായിരിക്കുമെന്നു നിരവധി തവണ   വാഗ്ദാനം ചെയ്യുകയും  എന്നാൽ പലപ്പോഴും  അങ്ങയോടു പുറം തിരിഞ്ഞുകൊണ്ട് അങ്ങയെ വിട്ടുപോവുകയും ചെയ്ത ഞാനിതാ അങ്ങയുടെ പാദാന്തികത്തിൽ ഇരിക്കുന്നു. ഇല്ല, എൻറെ ദൈവമേ, ഞാൻ ഇതുവരെ അങ്ങേയ്‌ക്കെതിരായി ചെയ്ത പ്രവൃത്തികൾ  ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു.  ഓ കർത്താവേ, എന്നോടു ക്ഷമിക്കണമേ; എന്തെന്നാൽ എൻറെ ജീവിതത്തിൽ മാറ്റം വരുത്താനും  എൻറെ തെറ്റു തിരുത്താനും ഞാൻ ആഗ്രഹിക്കുന്നു.  എൻറെ പരമനന്മയേ, ഞാൻ അങ്ങയെ നിന്ദിച്ചതിൽ ദുഃഖിക്കുന്നു; എന്നോടു കരുണ കാണിക്കേണമേ. 

3. നമ്മുടെ നിത്യരക്ഷ എന്ന മഹാസംഭവം മരണസമയത്തു  തീരുമാനിക്കപ്പെടും. ഈ തീരുമാനത്തെ ആശ്രയിച്ചിരിക്കും നാം നിത്യമായി രക്ഷിക്കപ്പെടുമോ  അതോ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നുള്ളത്; നാം നിത്യതയിൽ എന്നേക്കും സന്തുഷ്ടരോ അതോ ദുരിതപൂർണ്ണരോ  ആയിരിക്കും എന്നുള്ളത് അപ്പോളായിരിക്കും  തീരുമാനിക്കപ്പെടുന്നത്. എന്നാൽ ദൈവമേ, എല്ലാവർക്കും  ഇത് അറിയാം.“ അത് അങ്ങനെതന്നെയാണ്” എന്ന് അവർ  പറയുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ‌, നമ്മുടെ വിശുദ്ധീകരണവും നമ്മുടെ നിത്യ രക്ഷ ഉറപ്പുവരുത്തുന്നതും  മാത്രം ശ്രദ്ധിക്കുവാനായി നാം ബാക്കിയെല്ലാം ഉപേക്ഷിക്കാത്തതെന്തുകൊണ്ടാണ്? എൻറെ ദൈവമേ, അങ്ങ് എനിക്കു തന്നിരിക്കുന്ന ഈ തിരിച്ചറിവിനു ഞാൻ അങ്ങേയ്ക്കു നന്ദി പറയുന്നു. ഓ യേശുവേ, ഞാനോർക്കുന്നു; അങ്ങ് എൻറെ രക്ഷയ്ക്കുവേണ്ടി മരിച്ചു; ഞാൻ അങ്ങയെ ആദ്യമായി മുഖാമുഖം കാണുമ്പോൾ അങ്ങയെ സംപ്രീതനായി  കാണുവാൻ എന്നെ അനുഗ്രഹിക്കണമേ. ഇതുവരെ ഞാൻ അങ്ങയുടെ കൃപയെ നിന്ദിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ മറ്റെല്ലാ നന്മകൾക്കും ഉപരിയായി ഞാൻ അങ്ങയുടെ കൃപയെ ഏറെ വിലമതിക്കുന്നു.  അനന്ത നന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ, അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു. ഇതുവരെ ഞാൻ അങ്ങയെ ഉപേക്ഷിച്ചു, എന്നാൽ ഇപ്പോൾ ഞാൻ അങ്ങയെ ആഗ്രഹിക്കുന്നു; ഞാൻ അങ്ങയെ തേടുന്നു; എൻറെ ആത്മാവിൻറെ ദൈവമേ, ഞാൻ അങ്ങയെ കണ്ടെത്താൻ എന്നെ സഹായിക്കണമേ. മാതാവേ, എൻറെ അമ്മേ, അങ്ങയുടെ പുത്രനായ യേശുവിനോട് എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ.