വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 24

സമയത്തിൻറെ വില

1. സമയം എന്നതു വിലമതിക്കാനാവാത്ത  ഒരു നിധിയാണ്, കാരണം ഓരോ നിമിഷത്തിലും നമുക്കു കൃപയും  നിത്യ മഹത്വവും  കൂടുതൽ കൂടുതൽ ലഭിച്ചേക്കാം. നരകത്തിൽ അകപ്പെട്ട  ആത്മാക്കൾ,  തങ്ങൾക്കു മാനസാന്തരപ്പെട്ടു നിത്യമായ ദുരിതങ്ങളിൽ നിന്നു സ്വയം രക്ഷപ്പെടാൻ ഇപ്പോൾ  സമയമില്ലല്ലോയെന്ന് ഓർത്ത്  ആ ചിന്തയാൽ കഠിനമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടു വിലപിക്കുന്നു.  ജീവിച്ചിരുന്നപ്പോൾ തങ്ങളെത്തന്നെ രക്ഷിക്കാനായി ആത്മാർത്ഥമായ ദുഖത്തോടെ  ഒരു മണിക്കൂർ സമയം ചിലവഴിക്കുക എന്നല്ലാതെ മറ്റെന്താണ് അവർക്കു ചെയ്യാൻ  കഴിയുമായിരുന്നത്?

 സ്വർഗ്ഗത്തിൽ സങ്കടമില്ല; എന്നാൽ സ്വർഗ്ഗത്തിലെ വിശുദ്ധർക്കു   ദുഃഖിക്കാൻ കഴിയുമായിരുന്നെങ്കിൽ അവർ ചെയ്യുക, നിത്യതയിൽ  കൂടുതൽ മഹത്വം  നേടുന്നതിനായി  ഉപയോഗപ്പെടുത്താതെ  ഈ ലോകത്തിൽ അവരുടെ  സമയം നഷ്ടപ്പെടുത്തിയല്ലോ എന്നോർത്തായിരിക്കും. കാരണം  ഇനിമേൽ സമയം  അവരുടെ  നിയന്ത്രണത്തിലല്ല.  ദൈവമേ, എൻറെ പാപങ്ങളെ ഓർത്തു വിലപിക്കുന്നതിനും ഞാൻ അങ്ങേയ്‌ക്കെതിരായി ചെയ്ത പാപങ്ങൾക്ക് എൻറെ സ്നേഹം കൊണ്ടു പരിഹാരം ചെയ്യുന്നതിനും എനിക്കു സമയം തന്നതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു.

2. സമയത്തെപ്പോലെ അത്ര വിലയേറിയതായി മറ്റൊന്നുമില്ല;  എന്നിട്ടും  എന്തുകൊണ്ടാണു  മറ്റൊന്നും തന്നെ  സമയത്തിനേക്കാൾ കുറച്ചു മാത്രം വിലമതിക്കപ്പെടാത്തത്? ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ 

കണ്ടുകൊണ്ടോ, തമാശപറഞ്ഞുകൊണ്ടോ, അല്ലെങ്കിൽ ഒരു ജനലിൻറെ അരുകിലോ റോഡിൻറെ നടുവിലോ നിന്നുകൊണ്ടോ മനുഷ്യർ മണിക്കൂറുകളോളം ചിലവഴിക്കുന്നു; അവർ എന്താണു  ചെയ്യുന്നതെന്നു  നിങ്ങൾ അവരോടു ചോദിച്ചാൽ, അവർ  പറയും ഞങ്ങൾ സമയം കളയുകയാണ് എന്ന്.  ഓ, ഇപ്പോൾ വളരെയധികം നിന്ദിക്കപ്പെടുന്ന ‘സമയമേ’! ഇങ്ങനെ  ചെയ്യുന്ന മനുഷ്യരെ  ആകസ്മികമായി മരണം പിടികൂടുമ്പോൾ  അവർക്കു മറ്റെല്ലാറ്റിനെക്കാളും കൂടുതൽ  വിലപ്പെട്ടവനായിരിക്കും നീ!  അങ്ങനെയെങ്കിൽ, ഇപ്രകാരം  നഷ്ടപ്പെടുത്തുന്ന സമയത്തിൽ നിന്ന് ഒരു മണിക്കൂർ സമയം ഇപ്പോൾ നൽകാൻ അവർ തയ്യാറാകുകയില്ലെന്നോ! “ക്രിസ്തീയ ആത്മാവേ, ഈ ലോകത്തിൽനിന്നു പുറപ്പെടുക” എന്ന് ഓരോരുത്തരോടും പറയപ്പെടുമ്പോൾ  പിന്നെ അവർക്കു   സമയം അവശേഷിക്കുകയില്ല. ‘പോകാൻ തിരക്കുകൂട്ടുക; ഇപ്പോൾ നിനക്കു സമയമില്ല’. അപ്പോൾ അവർ വിലപിച്ചുകൊണ്ടു ഇങ്ങനെ വിളിച്ചുപറയും;  “കഷ്ടം! എൻറെ ജീവിതകാലം മുഴുവൻ ഞാൻ ധൂർത്തടിച്ചുകളഞ്ഞു;ഇക്കാലം  കൊണ്ട് എനിക്ക് ഒരു വിശുദ്ധനാകുവാൻ കഴിയുമായിരുന്നു; എന്നാൽ ഞാൻ അങ്ങനെയാകുന്നതിൽ നിന്ന് എത്രയോ  ദൂരെയാണ്; എനിക്ക് ഇനി സമയം അവശേഷിച്ചിട്ടില്ലാത്തതിനാൽ  അങ്ങനെ ആകാൻ കഴിയുമോ!”  എന്നാൽ തൻറെ നിത്യത തീരുമാനിക്കപ്പെടുന്ന  ആ മരണനിമിഷത്തിൻറെ വക്കിലായിരിക്കുന്ന  മനുഷ്യന് അത്തരം വിലാപങ്ങൾ കൊണ്ട്  എന്തു  പ്രയോജനം?

3.  വെളിച്ചമുള്ളപ്പോൾ നടക്കുക. മുന്നോട്ട്  ഒന്നും കാണാനോ ഒന്നും നേടാനോ    കഴിയാത്ത രാത്രിയാണു  മരണ സമയം. ആർക്കും വേലചെയ്യാൻ കഴിയാത്ത രാത്രി വരുന്നു.  അതിനാൽ നമുക്കു മുമ്പിൽ വെളിച്ചവും പകലും ഉള്ള കാലത്തു  കർത്താവിൻറെ വഴിയിലൂടെ നടക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ ഉപദേശിക്കുന്നു. നമ്മുടെ നിത്യ രക്ഷയുടെ അവസ്ഥയെന്തെന്നു  തീരുമാനിക്കപ്പെടേണ്ട  സമയം വളരെ അടുത്തെത്തിയിരിക്കുന്നുവെന്നു നമുക്കു  ചിന്തിക്കാൻ കഴിയുന്നുണ്ടോ? എന്നിട്ടും നാം സമയം കളയുകയാണോ?  നാം ഒട്ടും ചിന്തിക്കാതിരിക്കുമ്പോൾ യേശുക്രിസ്തു നമ്മെ വിധിക്കാൻ വരുമെന്നതിനാൽ നമുക്കു നമ്മുടെ കണക്കുകൾ കാലതാമസം വരുത്താതെ ഉടനടി നേരെയാക്കാം. നിങ്ങൾ ചിന്തിക്കാത്ത ഏതു മണിക്കൂറിലും മനുഷ്യപുത്രൻ വരും. അതിനാൽ എൻറെ യേശുവേ, എന്നോടു  വേഗം ക്ഷമിക്കണമേ. ഞാൻ ഇനിയും താമസിക്കുമോ?  “വേനൽ കഴിഞ്ഞു, ഞങ്ങൾ രക്ഷിക്കപ്പെട്ടില്ല” എന്ന് എന്നെന്നേക്കും വിലപിക്കാനായി, കുറ്റക്കാരെന്നു വിധിക്കപ്പെട്ട മറ്റ് ആത്മാക്കളോടുകൂടെ നിത്യ നരകത്തിൽ എറിയപ്പെടുന്നതുവരെ ഞാൻ താമസിക്കുമോ? എൻറെ കർത്താവെ, ഇല്ല, ഞാൻ അങ്ങയുടെ സ്നേഹപൂർവമായ ക്ഷണങ്ങളെ മേലിലൊരിക്കലും എതിർക്കുകയില്ല. ഒരുപക്ഷേ ഇപ്പോൾ  വായിച്ചുകൊണ്ടിരിക്കുന്ന  ഈ ധ്യാനമാണോ  ഞാൻ  അവസാനമായി കാണുന്നതെന്ന്  ആർക്കറിയാം!

പരമ നന്മയായ അങ്ങയെ വേദനിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. എൻറെ ശേഷിച്ച കാലം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അതിനുവേണ്ട വിശുദ്ധമായ സ്ഥിരോത്സാഹം എനിക്കു തരണമേ എന്നപേക്ഷിക്കുകയും ചെയ്യുന്നു. എന്നേക്കും അങ്ങയെ സ്നേഹിക്കണം എന്നല്ലാതെ ഇനി ഒരിക്കലും അങ്ങയെ വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓ മറിയമേ, പാപികളുടെ സങ്കേതമേ! ഞാൻ  അങ്ങയിൽ ശരണപ്പെടുന്നു.