വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 22

നമ്മുടെ ജീവിതത്തിൻറെ നവീകരണം മരണത്തിനുമുൻപേ 

1. എല്ലാവരും വിശുദ്ധരെപ്പോലെ  മരണം വരിക്കാൻ ആഗ്രഹിക്കുന്നു; എന്നാൽ അവസാനം വരെ ക്രമരഹിതമായ ജീവിതം നയിച്ച ക്രിസ്ത്യാനിക്ക്, ദൈവത്തിൽനിന്ന് അതുവരെയും  അകന്നു ജീവിച്ചതിനുശേഷം അവസാനനിമിഷം ദൈവവുമായി ഐക്യപ്പെടാനും  അങ്ങനെ ഒരു നല്ലമരണം ലഭിക്കാനുമുള്ള സാധ്യത വളരെ വിരളമാണ്. സന്തോഷകരമായ ഒരു മരണം ഉറപ്പിക്കുന്നതിനുവേണ്ടി വിശുദ്ധന്മാർ ധനവും, ആനന്ദവും, ഈ ലോകം തങ്ങൾക്കു വച്ചു നീട്ടിയ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ടു ദരിദ്രവും എളിമ നിറഞ്ഞതുമായ ജീവിതം സ്വമേധയാ സ്വീകരിച്ചു.  മരിക്കുമ്പോൾ, എന്നന്നേക്കുമായി നരകത്തിൽ അടക്കം ചെയ്യപ്പെടാതിരിക്കാൻ വേണ്ടി, അവർ ഈ ലോകത്ത് അവരെ സ്വയം ജീവനോടെ സംസ്കരിച്ചു. ദൈവമേ! പാപമോചനം  പ്രതീക്ഷിക്കാതെയും അങ്ങയെ സ്നേഹിക്കാൻ കഴിയാതെയും എത്രയോ വർഷങ്ങൾക്കു മുമ്പേ ഞാൻ ആ പീഡനസ്ഥലത്തു തള്ളപ്പെടാൻ  അർഹനായിരുന്നു! എന്നാൽ എന്നോടു ക്ഷമിക്കാനായി അങ്ങു കാത്തിരുന്നു. അതിനാൽ എൻറെ പരമ നന്മയായ അങ്ങയെ വ്രണപ്പെടുത്തിയതിനു  ഞാൻ ഹൃദയപൂർവം  ഖേദിക്കുന്നു. എന്നോടു കരുണയായിരിക്കണമേ. ഇനിയൊരിക്കലും അങ്ങേയ്‌ക്കെതിരായി പാപം ചെയ്യാൻ എന്നെ അനുവദിക്കരുതേ.

2. പാപികൾ മരണനേരത്തു  ദൈവത്തെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല എന്നു  ദൈവം പാപികൾക്കു മുന്നറിയിപ്പു നൽകുന്നു: ‘നിങ്ങൾ അന്വേഷിക്കും എന്നാൽ എന്നെ കണ്ടെത്തുകയില്ല.’ അവർ ദൈവത്തെ അപ്പോൾ കണ്ടെത്തുകയില്ല, കാരണം അവർ ആ സമയത്തു ദൈവത്തെ അന്വേഷിക്കുന്നതു സ്നേഹത്താൽ ആയിരിക്കുകയില്ല, മറിച്ചു നരകഭയത്താൽ മാത്രമാണ്; പാപത്തോടുള്ള മമത ഉപേക്ഷിക്കാതെ അവർ ദൈവത്തെ അന്വേഷിക്കും, അതിനാൽ അവർ ദൈവത്തെ കണ്ടെത്തുകയില്ല. എൻറെ ദൈവമേ, മരണനേരത്ത്  അങ്ങയെ അന്വേഷിക്കാൻ വേണ്ടി  ഞാൻ കാത്തിരിക്കുകയില്ല, എന്നാൽ ഈ നിമിഷം മുതൽ ഞാൻ അങ്ങയെ അന്വേഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യും. ഇതുവരെ എൻറെ സ്വന്തം താല്പര്യങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് അങ്ങയെ വളരെയധികം അതൃപ്തിപ്പെടുത്തിയതിൽ ഞാൻ ഖേദിക്കുന്നു. ഞാൻ തിന്മ ചെയ്തു എന്നു ഞാൻ ഏറ്റുപറയുന്നു, അതിൽ ഞാൻ ഖേദിക്കുന്നു. കർത്താവേ, അങ്ങയെ അന്വേഷിക്കുന്നവർ നിരാശപ്പെടരുതെന്നും ആഹ്ളാദിക്കണമെന്നും അങ്ങ് ആഗ്രഹിക്കുന്നു: കർത്താവെ, അങ്ങയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ. അതേ കർത്താവേ, ഞാൻ അങ്ങയെ അന്വേഷിക്കുന്നു, എന്നെക്കാൾ കൂടുതൽ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.

3. മരണത്തിനുമുൻപു   സ്വന്തം  പാപത്തെക്കുറിച്ചു  വിലപിക്കുന്നതിനു തൻറെ ജീവിതത്തിൻറെ നല്ലൊരു ഭാഗം ചെലവഴിച്ചിട്ടില്ലാത്ത ക്രിസ്ത്യാനി എത്രയോ  നികൃഷ്ടനാണ്! അത്തരമൊരു മനുഷ്യൻ മരണസമയത്തു  മാനസാന്തരപ്പെടുകയും രക്ഷ നേടുകയും ചെയ്തേക്കാമെന്നത് നിഷേധിക്കാനാവില്ല; എന്നിരുന്നാലും, ദുശീലങ്ങൾ രൂപപ്പെട്ടതും  വികാരങ്ങൾ ഭരിക്കുന്നതുമായ  കഠിന ഹൃദയവും സങ്കീർണ്ണമായ മനസും ഉള്ളവർക്കു സന്തോഷത്തോടെ മരിക്കാൻ സാധിക്കുക എന്നതു ധാർമ്മികമായി അസാധ്യമാണ്. അസാധാരണമായ ഒരു കൃപ അങ്ങനെയുള്ളവന് ആവശ്യമായി വരും; എന്നാൽ, മരണനിമിഷം വരെ ദൈവത്തോടുള്ള നന്ദികേടു തുടരുന്ന ഒരാൾക്ക് അത്തരമൊരു കൃപ നൽകാൻ ദൈവം തയ്യാറാകുമോ? ദൈവമേ, നിത്യനാശത്തിൽ നിന്നു രക്ഷപ്പെടാൻ പാപികൾ എത്രത്തോളം ബുദ്ധിമുട്ടുന്നു!  ഇല്ല, എൻറെ ദൈവമേ, എൻറെ പാപങ്ങളെക്കുറിച്ച് അനുതപിക്കാനും അങ്ങയെ സ്നേഹിക്കാനും ഞാൻ മരണം വരെ കാത്തിരിക്കില്ല. അങ്ങയെ വ്രണപ്പെടുത്തിയതിൽ ഞാൻ ഇപ്പോൾ ഖേദിക്കുന്നു; ഇപ്പോൾ ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുന്നു. അങ്ങയോടു പുറംതിരിഞ്ഞുനിൽക്കാൻ ഇനിയും  എന്നെ അനുവദിക്കരുതേ; അല്ലാത്തപക്ഷം ഞാൻ മരിക്കട്ടെ. ഓ മാതാവേ, പരിശുദ്ധ അമ്മേ, എനിക്ക് പുണ്യത്തിൽ സ്ഥിരോത്സാഹം നേടിത്തരണമേ.