പാപികളോടുള്ള ദൈവത്തിൻറെ ക്ഷമ
1.ദൈവത്തിൻറെ ക്ഷമാപൂർവമായ കരുണ നാം എത്രയധികം അനുഭവിച്ചിട്ടുണ്ടോ അത്രയധികമായി ദൈവകരുണയെ ദുരുപയോഗിക്കുന്നതിനെ ഓർത്തു നാം ഭയപ്പെടേണ്ടതാണ്; അല്ലെങ്കിൽ ദൈവത്തിൻറെ പ്രതികാരം നമ്മുടെമേൽ പതിക്കും.” പ്രതികാരം എൻറേതാണ്, ഞാൻ യഥാസമയം പകരം വീട്ടും”. ദൈവകരുണയെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാത്തവരോടു കാണിക്കുന്ന സഹിഷ്ണുത ദൈവം അവസാനിപ്പിക്കും. ഓ കർത്താവേ, ഞാൻ അങ്ങയെ പലപ്പോഴും വഞ്ചിച്ചിട്ടുണ്ടെങ്കിലും അങ്ങ് അതു ക്ഷമയോടെ സഹിച്ചതിനു ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഇത്ര നീണ്ടകാലം അങ്ങയുടെ ക്ഷമ ദുരുപയോഗം ചെയ്തുകൊണ്ടു ഞാൻ ചെയ്ത തിന്മകളെക്കുറിച്ച് എന്നെ ബോധവാനാക്കണമേ; അങ്ങേയ്ക്കെതിരായി ഞാൻ ചെയ്ത എല്ലാ പാപങ്ങളെക്കുറിച്ചും എനിക്കു പശ്ചാത്താപം തരണമേ. ഇല്ല, ഞാൻ ഇനി ഒരിക്കലും അങ്ങയുടെ കാരുണ്യത്തെ ദുരുപയോഗം ചെയ്യില്ല.
2. പിശാചു നിരവധി ആത്മാക്കളെ നരകത്തിലേക്ക് ആകർഷിച്ചുകൊണ്ടുപോകാൻ ഉപയോഗിച്ച തന്ത്രം ഇതാണ്: “ ഇപ്പോൾ ഈ പാപം ചെയ്യുക; നിനക്ക് അതു പിന്നീട് കുമ്പസാരത്തിൽ ഏറ്റുപറയാൻ കഴിയും.” ഇപ്പോൾ നരകത്തിലുള്ള പല ക്രിസ്ത്യാനികളും ഈ വ്യാമോഹത്താലാണു നശിച്ചത്. നിന്നോടു കരുണ കാണിക്കുന്നതിനായി കർത്താവു കാത്തിരിക്കുന്നു. പാപി മാനസാന്തരപ്പെടുന്നതിനും കരുണ തേടുന്നതിനും ദൈവം കാത്തിരിക്കുന്നു. എന്നാൽ, തൻറെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മുഴുവനും പാപി അവൻറെ പാപങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനു മാത്രമേ ഉപയോഗിക്കൂന്നുള്ളൂ എന്നു ദൈവം കാണുമ്പോൾ, അവിടുന്നു പിന്നെ കാത്തിരിക്കില്ല. അവിടുന്ന് അവൻ അർഹിക്കുന്നതുപോലെതന്നെ അവനെ ശിക്ഷിക്കുന്നു. ദൈവമേ, എന്നോടു ക്ഷമിക്കണമേ! ഇനി ഒരിക്കലും അങ്ങയെ വേദനിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങ് എന്നെ നരകത്തിൽ തള്ളുന്നതുവരെ ഞാൻ ഇനിയും എന്തിനാണു കാത്തിരിക്കുന്നത്? അങ്ങേയ്ക്ക് ഇനിയും എന്നെ സഹിക്കാൻ കഴിയില്ലെന്നു ഞാൻ ശരിക്കും ഭയപ്പെടുന്നു. സത്യമായും ഞാൻ അങ്ങയെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ അതിൽ ഖേദിക്കുന്നു. ഞാൻ അതിൽ പശ്ചാത്തപിക്കുന്നു. അങ്ങ് എനിക്കുവേണ്ടി ചിന്തിയ രക്തത്തിൻറെ യോഗ്യതകളിലൂടെ പാപമോചനം ലഭിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.
3. കർത്താവിൻറെ കരുണയാൽ നമ്മൾ നശിച്ചില്ല; കാരണം അവിടുത്തെ അനുകമ്പ പിൻവലിക്കപ്പെട്ടിട്ടില്ല. ദൈവത്തിനെതിരെ നിരന്തരം പാപം ചെയ്ത പാപി ഇങ്ങനെയാണ് ചിന്തിക്കേണ്ടത്. തൻറെ പാപങ്ങളിൽ മരിക്കാൻ അവനെ അനുവദിക്കാത്തതിന് അവൻ ദൈവത്തോട് ഏറ്റവും നന്ദിയുള്ളവനായിരിക്കുകയും, ദൈവത്തെ വീണ്ടും ദ്രോഹിക്കാതിരിക്കാൻ ഏറ്റവും ശ്രദ്ധാലുവായിരിക്കുകയും വേണം; അല്ലാത്തപക്ഷം ദൈവം ഇങ്ങനെ പറഞ്ഞുകൊണ്ട് അവനെ ശകാരിക്കും: എൻറെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ ചെയ്തതിനേക്കാൾ കൂടുതലായി എനിക്ക് എന്തുചെയ്യാൻ കഴിയുമായിരുന്നു? ദൈവം അവനോടു പറയും: നന്ദികെട്ട ആത്മാവേ! ഭൂമിയെക്കാൾ ദുഷിച്ച മനുഷ്യനെതിരെ നിങ്ങൾ അതേ കുറ്റങ്ങൾ ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും അവൻ ക്ഷമിക്കുകയില്ലായിരുന്നു. ഞാൻ നിന്നോട് എത്ര വലിയ കരുണ കാണിച്ചു! എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിക്കുകയും നിനക്കു പരിജ്ഞാനം നൽകുകയും നിന്നോടു ക്ഷമിക്കുകയും ചെയ്തു? ഇതാ, ശിക്ഷയുടെ സമയം അടുത്തിരിക്കുന്നു; ക്ഷമിക്കാനുള്ള സമയം കടന്നുപോയിക്കഴിഞ്ഞു.
ഇപ്പോൾ നരകത്തിൽ പീഡ സഹിക്കുന്ന പലരോടും ദൈവം ഇപ്രകാരം സംസാരിച്ചിട്ടുണ്ട്; ദൈവത്തിൽ നിന്നു മുമ്പു ലഭിച്ച കാരുണ്യത്തിൻറെ സ്മരണയാണു നരകത്തിലെ അവരുടെ ഏറ്റവും വലിയ ശിക്ഷ. എൻറെ വിമോചകനും ന്യായാധിപനുമായ യേശുവേ! അങ്ങയുടെ അധരത്തിൽ നിന്ന് അതു കേൾക്കാൻ ഞാനും അർഹനാണ്; എന്നാൽ മാപ്പു നൽകാനായി അങ്ങ് എന്നെ വീണ്ടും വീണ്ടും വിളിക്കുന്നതാണു ഞാൻ ഇപ്പോൾ കേൾക്കുന്നത്: “നിൻറെ ദൈവമായ കർത്താവിലേക്കു മനസാന്തരപ്പെടുക”: എൻറെ ദൈവത്തെ എനിക്കു നഷ്ടപ്പെടുത്തിയ ശപിക്കപ്പെട്ട പാപമേ, ഞാൻ നിന്നെ എത്രമാത്രം വെറുക്കുന്നു! ഞാൻ എന്നെ പൂർണ്ണമായും എൻറെ കർത്താവും ദൈവവുമായ അങ്ങയുടെ നേരെ തിരിക്കുന്നു. എൻറെ പരമനന്മയേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; ഞാൻ അങ്ങയെ സ്നേഹിക്കുന്നതിനാൽ കഴിഞ്ഞ കാലങ്ങളിൽ ഞാൻ അങ്ങയെ വളരെയധികം നിന്ദിച്ചതിന് എൻറെ മുഴുവൻ ആത്മാവോടുംകൂടെ ഞാൻ അനുതപിക്കുന്നു. എൻറെ ദൈവമേ! ഇനി ഒരിക്കലും അങ്ങയെ ദ്രോഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: അങ്ങയുടെ സ്നേഹം എനിക്കു തരണമേ, എനിക്കു സ്ഥിരോത്സാഹം തരണമേ. മറിയമേ, എൻറെ സങ്കേതമേ, എനിക്കു തുണയായിരിക്കുകയും എന്നെ സഹായിക്കുകയും ചെയ്യണമേ.