വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ – 18

ദൈവത്തോടുള്ള പാപിയുടെ അനുസരണക്കേട്

1. ഹെബ്രായരുടെ മോചിപ്പിക്കാനുള്ള  ദൈവത്തിൻറെ കല്പന മോശ ഫറവോയെ അറിയിച്ചപ്പോൾ, “ആരാണീ കർത്താവ്?  അവൻറെ വാക്കു  കേട്ട് ഞാൻ എന്തിന് ഇസ്രായേൽക്കാരെ വിട്ടയയ്ക്കണം? ഞാൻ കർത്താവിനെ അറിയുന്നില്ല,…” എന്നു ഫറവോ  ധിക്കാരത്തോടെ മറുപടി പറഞ്ഞു. തിന്മ ചെയ്യുന്നതു അരുതെന്നു  പറയുന്ന  ദൈവിക നിയമങ്ങളെ അറിയിക്കുമ്പോൾ പാപി സ്വന്തം മനസ്സാക്ഷിക്ക് മറുപടി നൽകുന്നത് ഇപ്രകാരമാണ്: “ഞാൻ ദൈവത്തെ അറിയുന്നില്ല; അവൻ എൻറെ കർത്താവാണെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അവനെ അനുസരിക്കില്ല.”  ദൈവമേ, പാപം ചെയ്തപ്പോൾ പലപ്പോഴും അപ്രകാരം ഞാനും അങ്ങയോട് പറഞ്ഞിട്ടുണ്ട്.  എൻറെ രക്ഷകാ, അങ്ങ് എനിക്കുവേണ്ടി മരിച്ചില്ലായിരുന്നെങ്കിൽ, അങ്ങയോട് പാപമോചനത്തിനായി  കേണപേക്ഷിക്കാൻ എനിക്കു സാധിക്കുമായിരുന്നില്ല; എന്നാൽ  കുരിശിൽ കിടന്നുകൊണ്ട്  അങ്ങ് എനിക്കു  മാപ്പുനൽകി. ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് അങ്ങു  നൽകുന്ന പാപമോചനം പ്രയോജനപ്പെടുത്താൻ കഴിയും. ഞാൻ തീർച്ചയായും പാപമോചനം  ആഗ്രഹിക്കുന്നു; എൻറെ പരമനന്മയായ അങ്ങയെ നിന്ദിച്ചതിൽ ഞാൻ ഖേദിക്കുന്നു. മേലിൽ അങ്ങയെ വ്രണപ്പെടുത്തുന്നതിനേക്കാൾ മരിക്കാൻ ഞാനാഗ്രഹിക്കുന്നു.

2. അങ്ങ് എൻറെ നുകം തകർത്തു; എന്നെ സംരക്ഷിക്കുകയില്ലെന്ന് അങ്ങു  പറഞ്ഞു.   പാപം ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ പാപി ദൈവത്തിൻറെ ശബ്ദം തന്നോട് പറയുന്നതായി ഉറപ്പായും കേൾക്കുന്നു: “എൻറെ മകനേ, നീ നിന്നോട് പ്രതികാരം ചെയ്യരുത്, ആ നികൃഷ്ടമായ  ആനന്ദത്താൽ നീ സ്വയം സംതൃപ്തനാകരുത്; നിൻറേതല്ലാത്തതായി നിൻറെ കൈവശമുള്ളവ നീ ത്യജിക്കുക.” എന്നാൽ പാപത്തിനു  വഴങ്ങി അവൻ മറുപടി പറയുന്നു, “കർത്താവേ, ഞാൻ നിന്നെ സേവിക്കുകയില്ല. ഞാൻ ഈ പാപം ചെയ്യരുതെന്നു നീ ആഗ്രഹിക്കുന്നു, എന്നാൽ ഞാൻ ഇത് ചെയ്യും.”  എൻറെ കർത്താവേ,   എൻറെ ദൈവമേ, വാക്കുകളാൽ അല്ലെങ്കിലും, എൻറെ പ്രവൃത്തികളാലും  എൻറെ തീരുമാനത്താലും, ഇപ്രകാരം ധാർഷ്ട്യത്തോടെ അങ്ങയോടു ഞാൻ  പലപ്പോഴും മറുപടി പറഞ്ഞിട്ടുണ്ട്! കഷ്ടം! അങ്ങയുടെ മുമ്പിൽനിന്ന് എന്നെ അകറ്റരുതേ. ഓ, ഇപ്രകാരം അങ്ങയെ ഇടവിടാതെ ദ്രോഹിക്കുന്നതിനേക്കാൾ  ഞാൻ മരിച്ചുപോയിരുന്നെങ്കിൽ!

3. ദൈവം എല്ലാറ്റിൻറെയും കർത്താവാണ്; കാരണം അവിടുന്നാണ് എല്ലാം സൃഷ്ടിച്ചത്.  സ്വർഗ്ഗവും, ഭൂമിയും, സ്വർഗ്ഗത്തിനുകീഴിലുള്ള സകലതും  അങ്ങു  സൃഷ്ടിച്ചതിനാൽ, സകലതും അങ്ങയുടെ ശക്തിയിലാണ്. സ്വർഗം, ഭൂമി, കടൽ, പ്രകൃതിശക്തികൾ, മൃഗങ്ങൾ, അങ്ങനെ എല്ലാ സൃഷ്ടികളും  ദൈവത്തെ അനുസരിക്കുന്നു; എന്നാൽ മനുഷ്യൻ മറ്റെല്ലാ സൃഷ്ടികളേക്കാളുമുപരി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവനും സ്നേഹിക്കപ്പെട്ടവനുമാണെങ്കിലും, ദൈവത്തെ അനുസരിക്കുന്നുമില്ല, ദൈവകൃപ നഷ്ടപ്പെടുന്നതു  കാര്യമാക്കുന്നുമില്ല!

ദൈവമേ, അങ്ങ് എനിക്കായി  കാത്തിരുന്നതിനു ഞാൻ അങ്ങയോടു  നന്ദി പറയുന്നു. അങ്ങയുടെ അനിഷ്ടത്തിൽ ഞാൻ വിശ്രമിച്ച രാത്രികളിലൊന്നിൽ ഞാൻ മരിച്ചിരുന്നെങ്കിൽ എനിക്കെന്താണ്  സംഭവിക്കുമായിരുന്നത്? എന്നാൽ അങ്ങു ക്ഷമയോടെ എന്നെ കാത്തിരുന്നത്  എനിക്ക് മാപ്പുതരാൻ അങ്ങ് ആഗ്രഹിക്കുന്നതിൻറെ അടയാളം ആയിരുന്നു.  അതിനാൽ യേശുവേ, എന്നോടു ക്ഷമിക്കണമേ. എല്ലാ തിന്മകൾക്കും ഉപരിയായി,പലപ്രാവശ്യം അങ്ങർഹിക്കുന്ന ബഹുമാനം അങ്ങേയ്ക്കു  നൽകാതിരുന്നതിന് ഞാൻ  ഖേദിക്കുന്നു. അപ്പോൾ ഞാൻ അങ്ങയെ സ്നേഹിച്ചില്ല; എന്നാൽ ഇപ്പോൾ എന്നെക്കാളധികമായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു, അങ്ങയുടെ കൃപയും സൗഹൃദവും മേലിൽ നഷ്ടപ്പെടുത്തുന്നതിനേക്കാൾ ആയിരം തവണ മരിക്കാനും ഞാൻ തയ്യാറാണ്. അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങു സ്നേഹിക്കുന്നുവെന്ന് അങ്ങു പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ അങ്ങയെ സ്നേഹിക്കുന്നു; പകരം അങ്ങ് എന്നെ സ്നേഹിക്കുകയും അങ്ങയുടെ സ്നേഹത്തിൽ ജീവിക്കാനും മരിക്കാനും എനിക്കു കൃപ നൽകുകയും ചെയ്യണമേ; അങ്ങനെ ഞാൻ അങ്ങയെ എന്നേക്കും സ്നേഹിക്കട്ടെ. പരിശുദ്ധ ദൈവമാതാവേ, എൻറെ സങ്കേതമേ, എൻറെ മരണസമയം വരെ അങ്ങയിലൂടെ ഞാൻ ദൈവത്തോടു വിശ്വസ്തനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.