സുവിശേഷത്തിൽ യേശു ഒരു മുന്തിരിത്തോട്ടത്തിൻറെ ഉടമസ്ഥൻറെ ഉപമ പറയുന്നുണ്ട്. താൻ നട്ടുപിടിപ്പിച്ച മുന്തിരിത്തോട്ടം കൃഷിക്കാരെ ഏല്പിച്ചുകൊടുത്തിട്ടു ദൂരേയ്ക്കു പോവുകയും വിളവെടുപ്പിൻറെ കാലമായപ്പോൾ തൻറെ ഓഹരി ശേഖരിക്കാനായി ഭൃത്യന്മാരെ അയയ്ക്കുകയും ചെയ്ത ആ മനുഷ്യനു തൻറെ കൃഷിക്കാരിൽ നിന്നു നന്മയായതൊന്നും ലഭിച്ചില്ല. അവർ യജമാനൻറെ ഭൃത്യന്മാരെ പ്രഹരിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. അവസാനം തോട്ടത്തിൻറെ ഉടമസ്ഥൻ തൻറെ പ്രിയപുത്രനെ അവർ മാനിച്ചേക്കും എന്നു കരുതി അവനെ അങ്ങോട്ടയച്ചു. എന്നാൽ ആ കൃഷിക്കാരാകട്ടെ അവകാശിയായ പുത്രനെ കൊന്ന് അവൻറെ അവകാശം തട്ടിയെടുക്കാനാണു ശ്രമിച്ചത്. ‘അവർ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു’ (ലൂക്കാ 20:15).
പണിക്കാർ അങ്ങനെ പുറത്തേക്കെറിഞ്ഞുകളഞ്ഞ ആ കല്ല് പിന്നെ മൂലക്കല്ലായി മാറി ( ലൂക്കാ 20:17). ‘ആ കല്ലിന്മേൽ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെ മേൽ പതിക്കുന്നുവോ അവനെ അത് ധൂളിയാക്കും’ (ലൂക്ക 20:18). ക്രിസ്തുവാകുന്ന കല്ലിൽ വീണവർ ആരും പിന്നെ എഴുന്നേറ്റിട്ടില്ല. ക്രിസ്തു ആരുടെയെങ്കിലും മേൽ വീണിട്ടുണ്ടെങ്കിൽ അവൻറെ ഭാഗധേയവും ആ നിമിഷം മുതൽ മാറിയ ചരിത്രമേയുള്ളൂ.
ആ ക്രിസ്തുവാകുന്ന മൂലക്കല്ലിലാണ് സഭ ഒന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നത് (എഫേ. 2: 20-21). സ്വന്തം രക്തത്തിൽ മുക്കിയ ഒരു മൂലക്കല്ലിന്മേൽ തൻറെ സഭ സ്ഥാപിക്കാൻ വേണ്ടിയാണ് അവൻ കർത്താവിൻറെ മുന്തിരിത്തോപ്പായ ജെറുസലേം നഗരത്തിനു പുറത്തുവെച്ച് മരണം വരിച്ചത്. ഹെബ്രായലേഖകൻ എഴുതുന്നു; ‘സ്വന്തം രക്തത്തിലൂടെ ജനത്തെ വിശുദ്ധീകരിക്കാൻ ക്രിസ്തുവും കവാടത്തിനു പുറത്തുവച്ചു പീഡനമേറ്റു’ (ഹെബ്രാ 13:12).
വിശുദ്ധവാരത്തിലെ ചൊവ്വാഴ്ചയിലെ സീറോ മലബാർ കുർബാനയിൽ വായിക്കാനുള്ള വിശുദ്ധഗ്രന്ഥഭാഗങ്ങൾ ലൂക്കായുടെ സുവിശേഷവും ഹെബ്രായലേഖനവുമാണ്. കർത്താവിൻറെ മുന്തിരിത്തോപ്പിലെ വേലക്കാരായിരുന്നിട്ടും നാം തിരസ്കരിക്കുന്ന പുത്രനും നമുക്കുവേണ്ടി ജെറുസലേം നഗരത്തിൻറെ കവാടങ്ങൾക്കു പുറത്തുവച്ചു വധിക്കപ്പെട്ട യേശുവും ഒരാൾ തന്നെ. നമുക്ക് ഇനിയും ഒരു കാര്യം ചെയ്യാൻ സാധിക്കും. ഒരിക്കൽ അവനെ നിന്ദിച്ചതിൻറെയും തിരസ്കരിച്ചതിൻറെയും അവനെ ക്രൂശിക്കാൻ വിട്ടുകൊടുത്തതിൻറെയും പാപക്കറകൾ നല്ലൊരു കുമ്പസാരത്തിലൂടെ കഴുകിക്കളയാം. എന്നിട്ട് ‘അവനുവേണ്ടി അവമാനം സഹിച്ചുകൊണ്ടു നമുക്കു പാളയത്തിനു പുറത്തിറങ്ങി അവൻറെ അടുത്തേക്കു പോകാം’ (ഹെബ്രാ 13:13).
നമ്മുടെ സുഖസൗകര്യങ്ങളുടെ പാളയത്തിനു പുറത്തിറങ്ങിയാൽ ക്രിസ്തുവിനു വേണ്ടി എത്രയെങ്കിലും അവമാനം സഹിക്കാനുള്ള വേദികൾ ഇന്നത്തെ ലോകം ഒരുക്കിത്തരുന്നുണ്ട്. അതിനുള്ള കരുത്തു നേടാനായി ഈ പെസഹാക്കാലത്തു നമുക്കു പ്രാർത്ഥിക്കാം.
