ക്രിസ്തുമസിനൊരുക്കുന്ന പുൽക്കൂടിനകത്ത് ഉള്ളവരെയൊക്കെ നമുക്കറിയാം. ഉണ്ണിയേശു, മാതാവ്, യൗസേപ്പിതാവ്, ആട്ടിടയന്മാർ, മൂന്നു രാജാക്കന്മാർ, അവരുടെ കൈയിലെ സമ്മാനപ്പൊതികൾ, പിന്നെ ആ പുൽത്തൊഴുത്തിലെ യഥാർത്ഥ അന്തേവാസികളായിരുന്ന കന്നുകാലികളും. ക്രിസ്തുമസിനു തീർച്ചയായും വീട്ടിൽ അതിഥികളും ഉണ്ടാകും. ക്ഷണിക്കപ്പെട്ട ആ അതിഥികളെയും നമുക്കറിയാം.
എന്നാൽ പുൽക്കൂടിനു പുറത്ത്, നമ്മുടെ വീടിനും പുറത്ത്, ക്ഷണിക്കപ്പെടാത്ത ഒരതിഥി നിൽപ്പുണ്ടെന്ന കാര്യം തിരക്കിനിടയിൽ നാം മറന്നുപോകുന്നു. അവൻ അങ്ങനെയാണ്. വീട്ടിനകത്തല്ല, വീട്ടുവാതിൽക്കലാണ് പലപ്പോഴും അവൻറെ സ്ഥാനം. അവനെക്കുറിച്ചു കർത്താവ് കായേനോട് ഇങ്ങനെ പറഞ്ഞു. ‘നല്ലതുചെയ്യുന്നില്ലെങ്കിൽ പാപം വാതിൽക്കൽ തന്നെ പതിയിരിപ്പുണ്ടെന്ന് ഓർക്കണം’ (ഉൽ 4:7). എന്നാൽ കായേൻ ആ മുന്നറിയിപ്പ് കേട്ടില്ല.
ക്രിസ്തുമസിൻറെ സന്തോഷത്തിനിടയിൽ എന്തിനാണു നാം പിശാചിനെക്കുറിച്ചു പറയുന്നത് എന്നു ചിലരെങ്കിലും ചിന്തിച്ചേക്കാം. മനുഷ്യൻറെ പതനത്തിനു ശേഷമുള്ള സുവിശേഷത്തിൻറെ തുടക്കം തന്നെ സാത്താൻറെ തല തകർക്കാനായി ഭൂമിയിൽ പിറക്കാനിരിക്കുന്ന ദൈവപുത്രൻറെ വരവിനെക്കുറിച്ചുള്ള വാഗ്ദാനത്തോടെയാണ്. ‘നീയും സ്ത്രീയും തമ്മിലും നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉളവാക്കും. അവൻ നിൻറെ തല തകർക്കും. നീ അവൻറെ കുതികാലിൽ പരുക്കേൽപിക്കും’ (ഉൽ 3:15) എന്ന വചനത്തിൻറെ സാക്ഷാത്കാരവുമായി ബന്ധപ്പെട്ടുള്ളവയാണു വിശുദ്ധഗ്രന്ഥത്തിലെ മറ്റെല്ലാ വചനങ്ങളും. അതുകൊണ്ടു രക്ഷകൻറെ വരവിനെക്കുറിച്ചുള്ള ഈ വാഗ്ദാനത്തെ സമുചിതമായിത്തന്നെ നാം Protoevangelium (ആദ്യത്തെ സുവിശേഷം) എന്നു വിളിക്കുന്നു.
സ്ത്രീയുടെ സന്തതിയായി അവതരിച്ച ദൈവപുത്രൻറെ ദൗത്യം പിശാചിനെ തകർക്കുകയും അവൻറെ പ്രവൃത്തികളെയും നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു എന്നു സ്പഷ്ടം. ‘പിശാചിൻറെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായത്’ (1 യോഹ. 3:8).
അതുകൊണ്ടാണു സ്ത്രീയുടെ സന്തതിയെ വിഴുങ്ങാൻ സർപ്പം അവളുടെ മുൻപിൽ കാത്തുനിൽക്കുന്നത് (വെളി 12:4). എന്നാൽ അവൻ ആ ശ്രമത്തിൽ പരാജയപ്പെട്ടു. ബെത്ലെഹേമിലെ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അവൻ പോയതു ഹേറോദോസിൻറെ കൊട്ടാരത്തിലേക്കാണ്. ഒരുണ്ണിയ്ക്കു പകരം ഒരുപാടുണ്ണികളെ കൊന്നൊടുക്കാൻ ഹേറോദോസിനെ പ്രേരിപ്പിക്കാൻ അവനു കഴിഞ്ഞു. അന്നു കുഞ്ഞുങ്ങളെ കൊല്ലാൻ സാത്താന് ഒരു ഹേറോദോസിനെ വാടകയ്‌ക്കെടുക്കേണ്ടിവന്നു. എന്നാൽ ഇന്ന് അനേകം അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലാൻ തയ്യാറായി നില്പുണ്ടെന്ന കാര്യം അവനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. സ്വന്തം കുഞ്ഞിനെ കൊല്ലാൻ മടികാണിക്കാതെ തങ്ങളുടെ ഉദരങ്ങൾ ശവക്കല്ലറയാക്കി മാറ്റിയവർ വെള്ളയടിച്ച കുഴിമാടങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങി തിരുപ്പിറവി ആഘോഷിക്കാൻ വരുന്നതുകാണുമ്പോൾ അവൻ ആരും കാണാതെ ചിരിക്കുന്നുണ്ടാകും.
സുവിശേഷത്തിൻറെ അവസാനമെത്തുമ്പോഴും സാത്താൻ വാതിലിനു പുറത്തു കാത്തിരിക്കുകയാണ്. തിരുവത്താഴമേശയിൽ നിന്നു പുറത്തിറങ്ങിവരുന്ന യൂദാസിനെക്കാത്തായിരുന്നു ഇത്തവണ അവൻറെ ഇരിപ്പ്. ഇരുട്ടിലേക്ക് ഇറങ്ങിവന്ന യൂദാസിനെയും കൊണ്ട് അവൻ അങ്ങുപോയി. അയോഗ്യതയോടെ കർത്താവിൻറെ ശരീരവും രക്തവും സ്വീകരിക്കുന്നവരെ സ്വീകരിക്കാൻ അതേ സാത്താൻ ഓരോ ദൈവാലയത്തിൻറെയും വാതിൽക്കൽ കാത്തുനിൽപ്പുണ്ട് എന്നതു മറക്കരുത്. കർത്താവിനും സഭയ്ക്കും സഹോദരങ്ങൾക്കുമെതിരെയുള്ള ഓരോ പിറുപിറുപ്പും (യോഹ 12:4-6) നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് അവിടെത്തന്നെയായിരിക്കും എന്നതും മറക്കരുത് .
ക്രിസ്തുമസിൻറെ വിരുന്നുമേശകൾക്കു പുറത്തും അവൻ കാത്തുനിൽപ്പുണ്ട്. മദ്യം വിളമ്പുന്ന ക്രിസ്തുമസ് വിരുന്നുകളിൽ ഉണ്ണിയേശു ഉണ്ടാവില്ലല്ലോ. യേശു ഇല്ലെങ്കിൽ പിന്നെ അവിടെ ഉണ്ടാകാൻ സാധ്യത ഉളളതു സാത്താൻ മാത്രമാണ്. ക്രിസ്തുമസിനു നാമൊരുക്കുന്ന വിരുന്നുമേശകൾ നമുക്കു കെണിയും കുരുക്കും ഇടർച്ചയും പ്രതികാരവും ആകാതിരിക്കട്ടെ (സങ്കീ 69:22,റോമാ 11:9) എന്നു പ്രാർഥിക്കാം.
പകയും വെറുപ്പും ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് ആഘോഷിക്കുന്ന ക്രിസ്തുമസ് കഴിഞ്ഞു പുറത്തിറങ്ങുമ്പോഴും അവൻ പടിവാതിൽക്കൽ കാത്തുനിൽപ്പുണ്ടാകും. അങ്ങനെയൊരവസരത്തിലാണല്ലോ അവനു കായേനെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്. നമ്മെക്കാളധികം ക്രിസ്തുമസിനു വേണ്ടി കാത്തിരിക്കുന്നതു സാത്താനാണ്. കാരണം അവനറിയാം, ഒരു ക്രിസ്തുമസ് കഴിയുമ്പോഴേക്കും ഒരുപിടി ആത്മാക്കളെ തൻറെ കൂടെ കൊണ്ടുപോകാൻ കഴിയുമെന്ന്!
ക്രിസ്തുമസ് എന്തിനെയെല്ലാം പ്രതിനിധാനം ചെയ്തുവോ അതിനൊക്കെയും എതിരുനിൽക്കുന്ന ‘സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസർപ്പമായിരിക്കട്ടെ’ (വെളി 20:2) ഈ ക്രിസ്തുമസ് കാലത്തു നമ്മുടെ ചിന്താവിഷയം. നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങൾ നരകത്തിലേക്കുള്ള ഒരു പാസ്പോർട്ടാക്കി മാറ്റാനായി സകല മ്ലേച്ഛതയും നിറഞ്ഞ ഒരു ക്രിസ്തുമസ് വിരുന്നു നമുക്കൊരുക്കിത്തരാൻ അവൻ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ക്രിസ്തുമസിനെ നാം ഭയത്തോടും ജാഗ്രതയോടും കൂടെ സമീപിക്കണം. വിശുദ്ധമായ വിചാരങ്ങളോടെയും നിർമലമായ ഹൃദയത്തോടെയും നമുക്കു തിരുപ്പിറവിയെ സ്വാഗതം ചെയ്യാം. വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കാം. ദൈവം മനുഷ്യരോടു കാണിച്ച മഹാകരുണയാണു തിരുപ്പിറവിയുടെ സന്ദേശം എന്നോർത്തുകൊണ്ടു നമുക്കു മറ്റുള്ളവരോടു കരുണ കാണിക്കുകയും ചെയ്യാം.
സ്വർഗീയ സന്തോഷത്തിൻറെയും ആനന്ദത്തിൻറെയും ഇടമാണു ക്രിസ്തുമസ്. അവിടേയ്ക്കു പിശാചിനു പ്രവേശനം ഇല്ല എന്നു കരുതുന്നത് അബദ്ധമാണ്. കാരണം സ്വർഗീയ ഇടങ്ങളിലും തിന്മയുടെ ദുരാത്മാക്കൾ പ്രവർത്തിക്കും എന്നു വിശുദ്ധഗ്രന്ഥം വ്യക്തമായി പഠിപ്പിക്കുന്നുണ്ട് (എഫേ 6:12). ദൈവത്തെ ആബ്ബാ -പിതാവേ- എന്നു വിളിക്കാൻ മനുഷ്യരെ സഹായിക്കുന്ന പുത്രസ്വീകാരത്തിൻറെ അരൂപിയെ നമുക്കു നൽകിക്കൊണ്ടാണ് കർത്താവ് തൻറെ രക്ഷാകരകർമ്മം പൂർത്തിയാക്കിയത്. ഈ ക്രിസ്തുമസ് കാലത്ത്, പരിശുദ്ധാത്മാവിനെ നമ്മിൽ നിർവീര്യമാക്കാൻ വേണ്ടിയാണു സാത്താൻ നിരന്തരം പ്രവർത്തിക്കുന്നത്. അതിനുള്ള എളുപ്പവഴിയായി അവൻ ചെയ്യുന്നതു ക്രിസ്തുമസിനെ വെറുമൊരു ഭൗതികമായ ആഘോഷമാക്കി മാറ്റുകയാണ്. സാന്താക്ലോസിൻറെ വേഷം കെട്ടിയ പാപ്പമാരും നക്ഷത്രങ്ങളും പുൽക്കൂടുകളും കേക്കുകളും വിരുന്നുകളും ഒക്കെയായി ക്രിസ്തുമസിനെ വാണിജ്യവത്കരിക്കുന്നതിൽ അവൻ വിജയിച്ചുകഴിഞ്ഞു. അസീസിയിലെ ഫ്രാൻസിസ് ആദ്യത്തെ പുൽക്കൂട് ഉണ്ടാക്കി അതിലെ ഉണ്ണിയേശുവിനെ കൈയിലെടുത്തപ്പോൾ ആ ഉണ്ണി ജീവനുള്ളവനായിത്തീർന്നു. അങ്ങനെയൊരനുഭവം ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് ഉണ്ടാകരുത് എന്ന നിർബന്ധബുദ്ധിയോടെ പ്രവർത്തിക്കുന്ന പിശാചിനെ നാം തിരിച്ചറിയണം.
യേശു എന്ന നാമത്തിൻറെ അർഥം പാപം മോചിപ്പിക്കുന്നവൻ എന്നാണെന്നതു ക്രിസ്ത്യാനി മറന്നാലും സാത്താൻ മറക്കില്ല. നമ്മോടൊത്തു വസിച്ചുകൊണ്ട് ഇമ്മാനുവേൽ എന്നു വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നവനാണു ദൈവം എന്നതും നമ്മൾ മറന്നാലും സാത്താൻ മറക്കില്ല. ഈ രണ്ടു മഹാത്ഭുതങ്ങളുടെ ആഘോഷമാണല്ലോ ക്രിസ്തുമസ്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് യോഗ്യമായ വിധത്തിൽ ആഘോഷിക്കുന്ന ഒരു ക്രിസ്ത്യാനിയെ സാത്താൻ വെറുക്കുകയും അതിലുപരി ഭയപ്പെടുകയും ചെയ്യുന്നു.
ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സന്മനസുള്ളവരായ നാം സമാധാനത്തിൽ ആയിരിക്കുകയും നമ്മുടെ ശത്രുവായ പിശാച് തോറ്റോടുകയും ചെയ്യണം. കാരണം അവൻറെ പ്രവൃത്തികളെ നശിപ്പിക്കാൻ വേണ്ടി മാത്രം ഭൂമിയിൽ വന്ന യേശുക്രിസ്തുവിൻറെ തിരുപ്പിറവി ആണ് ക്രിസ്തുമസ്. അതുകൊണ്ടു നമുക്കു ക്രിസ്തുമസ് യോഗ്യതയോടെ ആഘോഷിക്കാം.
(www.divinemercychannel.com)
