ദൈവത്തിനെതിരെയുള്ള പാപം

എല്ലാ പാപങ്ങളും ദൈവത്തിനെരെയുള്ള അതിക്രമങ്ങളാണ്. എന്നിട്ടും  ജോസഫ് അതിലൊരു പാപത്തെ വിശേഷവിധിയായി  ദൈവത്തിനെതിരെയുള്ള പാപമെന്നു വിളിക്കുന്നതു  നാം കാണുന്നു.  വ്യഭിചാരമാണ്  ആ പാപം.  ‘ഞാൻ എങ്ങനെയാണ്  ഇത്ര നീചമായി പ്രവർത്തിച്ചു  ദൈവത്തിനെതിരെ പാപം ചെയ്യുക? ‘ (ഉൽ 39:9). തൻറെ മേൽ കണ്ണുവയ്ക്കുകയും   അനുദിനമെന്നോണം തന്നെ പാപം ചെയ്യാൻ പ്രലോഭിപ്പിക്കുകയും  ചെയ്തുകൊണ്ടിരുന്ന പൊത്തിഫറിൻറെ ഭാര്യയോടാണു  ജോസഫ്   ഈ ചോദ്യം ചോദിച്ചത്.

എന്തുകൊണ്ടാണു വ്യഭിചാരം ദൈവത്തിനെതിരെയുള്ള ഒരു പാപമാണെന്നു  ജോസഫ് എടുത്തുപറയാൻ  കാരണം?  മോശയിലൂടെ നൽകപ്പെട്ട നിയമത്തിലൂടെ  വ്യഭിചാരത്തെ  ഒരു ഗൗരവമായ പാപമായി  ഉൾപ്പെടുത്തുന്നതിനും നൂറ്റാണ്ടുകൾ മുൻപായിരുന്നു ജോസഫ് ജീവിച്ചിരുന്നത്.  എന്നിട്ടും  തൻറെ ചിന്തയിലും വാക്കിലും  പ്രവൃത്തിയിലും വിശുദ്ധി പുലർത്തണമെന്ന ബോധ്യം ജോസഫിനു നൽകിയത് അവൻറെ  മനസാക്ഷിയായിരുന്നിരിക്കണം.

എന്നാൽ ഇതു   കഥയുടെ ഒരു  വശം മാത്രം.  വ്യഭിചാരത്തിനു  നാം ചിന്തിക്കുന്നതിനുമപ്പുറം മറ്റൊരു  മാനം കൂടിയുണ്ട്.  അതു മറ്റുപാപങ്ങളുമായി താരതമ്യം   അസാധ്യമാക്കും വിധം വ്യഭിചാരത്തെ  അതീവഗൗരവമുള്ളതാക്കുന്നു. പുതിയനിയമത്തിലേക്കു വരുമ്പോൾ വ്യഭിചാരം ചെയ്യുന്നവൻ സ്വന്തം ശരീരത്തിനെതിരെ പാപം ചെയ്യുന്നു എന്ന പൗലോസ് ശ്ലീഹായുടെ   പ്രബോധനം നാം കാണുന്നുണ്ട്.   നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻറെ ആലയമാണെന്നും  നാം നമ്മുടെ സ്വന്തമല്ലെന്നും  നമ്മുടെ കർത്താവായ  യേശുക്രിസ്തു വലിയ വിലകൊടുത്തു വീണ്ടെടുത്തവരാണു നാമെന്നും അപ്പസ്തോലൻ   തുടർന്നു  പഠിപ്പിക്കുന്നു. 

കൃത്യമായും ഇക്കാരണം കൊണ്ടാണു  വ്യഭിചാരത്തിൽ  നിന്ന്  അകന്നുനിൽക്കണമെന്നു   ദൈവം  നമുക്കു   മുന്നറിയിപ്പു നൽകുന്നത്.  ‘വ്യഭിചാരത്തിൽ നിന്ന് ഓടിയകലുവിൻ.  മനുഷ്യർ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം  ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു. നിങ്ങളിൽ വസിക്കുന്ന ദൈവദത്തമായ  പരിശുദ്ധാത്മാവിൻറെ ആലയമാണു  നിങ്ങളുടെ ശരീരമെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ  നിങ്ങളുടെ സ്വന്തമല്ല.  നിങ്ങൾ  വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ’ (1 കൊറി  6: 18-20).

പൗലോസ് ഈ വരികൾ എഴുതുന്നതിനും എത്രയോ മുൻപുതന്നെ  തൻറെ ശരീരം ദുർവൃത്തിയ്ക്കു വേണ്ടിയുള്ളതല്ല എന്ന്  (1  കൊറി  6: 13) ജോസഫ് അറിഞ്ഞിരുന്നു. വേശ്യയുമായി വേഴ്ച നടത്തുന്നവൻ  അവളോട് ഏകശരീരമായിത്തീരുന്നുവെന്നും ( 1 കൊറി  6: 16) അവൻ അറിഞ്ഞിരുന്നു. വേശ്യയുമായി ഒന്നായിത്തീർന്ന  ഒരു ശരീരത്തിൻറെ ഉടമസ്ഥൻ എന്ന അവമതിയും  പേറി   പരിശുദ്ധനായ കർത്താവിൻറെ മുൻപിൽ നിൽക്കുന്നതിനേക്കാൾ അവൻ  ഇഷ്ടപ്പെട്ടതു  ബുദ്ധിമുട്ടുള്ളതും ഇടുങ്ങിയതുമായ  മറ്റൊരു വഴിയായിരുന്നു.  കർത്താവുമായി സംയോജിച്ച്  അവിടുത്തോട് ഏകാത്മാവായിത്തീരുക (1 കൊറി  6:17) എന്ന വഴി!

 ജോസഫ് അങ്ങനെ ചെയ്തതു   നിയമം ലഭിച്ചിട്ടില്ലാത്ത ഒരു കാലത്തായിരുന്നു. ഇപ്പോഴാകട്ടെ മോശ വഴിയായി നിയമം നൽകപ്പെടുകയും  ആ നിയമത്തെ  കർത്താവ്  വീണ്ടും പറഞ്ഞുറപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ നമുക്ക് ഇനി ഒഴിവുകഴിവില്ല.  തീരുമാനമെടുക്കേണ്ടതു  നാം തന്നെയാണ്.  വേശ്യയുമായി ശരീരത്തിൽ ഒന്നാകണമോ അതോ ദൈവവുമായി ആത്മാവിൽ ഒന്നാകണമോ?

ജഡികസുഖങ്ങളുടെ വിലക്കപ്പെട്ട പഴം കഴിക്കാനുള്ള നിരന്തരമായ പ്രലോഭനങ്ങളുയർത്തുന്ന ഒരു ലോകത്തിൽ വിശുദ്ധവഴികളിലൂടെ മാത്രം സഞ്ചരിക്കാനുള്ള  കൃപ പരിശുദ്ധാത്മാവ് എല്ലാവർക്കും നൽകട്ടെ എന്നു  പ്രാർത്ഥിക്കുന്നു.

(www.divinemercychannel.com)