ഒരു നിരീശ്വരവാദിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി

Q.  ദൈവമാണു  പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു  പറയുന്നതു  സത്യമാണോ? സത്യമാണെങ്കിൽ  ദൈവത്തെ സൃഷ്ടിച്ചതാര്?

A. ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നു  വാദത്തിനുവേണ്ടി  സമ്മതിച്ചാൽ ഒരു ചോദ്യം ഉയരുന്നു. അപ്പോൾ പിന്നെ പ്രപഞ്ചം എങ്ങനെ ഉണ്ടായി? ദൈവം സൃഷ്ടിച്ചു  എന്ന ഉത്തരം തള്ളിക്കളഞ്ഞാൽ  പിന്നെ അവശേഷിക്കുന്ന ഉത്തരം  പ്രപഞ്ചം തനിയെ ഉണ്ടായി എന്നതാണ്.  നിരീശ്വരവാദികളുടെ  നിലപാടും അതാണ്. പ്രപഞ്ചത്തിനു തനിയെ ഉണ്ടാകാൻ സാധിക്കുമെങ്കിൽ അതേ യുക്തിവച്ച് ദൈവത്തിനും തനിയെ ഉണ്ടാകാൻ സാധിക്കുമല്ലോ.

Q. ഒരു നിരീശ്വരവാദിയായ മനുഷ്യൻ എന്തിനു  ദൈവത്തിൽ വിശ്വസിക്കണം എന്ന ചോദ്യത്തിന് യുക്തിസഹമായ  ഒരു  മറുപടി തരാമോ?

അതിനു സാമാന്യബോധം മാത്രം  മതി. കാരണം രണ്ടു സാദ്ധ്യതകൾ  മാത്രമേ  ഉള്ളൂ. ഒന്നുകിൽ ദൈവം ഉണ്ട്, അല്ലെങ്കിൽ ഇല്ല.  നിരീശ്വരവാദികൾ പറയുന്നതുപോലെ ദൈവം ഇല്ലെങ്കിൽ കുഴപ്പമില്ല. മരണത്തോടെ എല്ലാം   അവസാനിക്കും. അയാൾക്ക് ദൈവത്തെ നേരിടേണ്ടിവരികയില്ല. എന്നാൽ ദൈവം ഉണ്ടെങ്കിൽ (ദൈവം  ഉണ്ടെന്നതു  സത്യം) ജീവിതം മുഴുവൻ ദൈവം ഇല്ല എന്ന നിലപാട് എടുത്തതിൽ അയാൾ  തീവ്രമായി ദുഖിക്കേണ്ടിവരും.  എന്നാൽ അപ്പോഴേക്കും  സമയം വൈകിപ്പോയിട്ടുണ്ടാകും.  

ദൈവം ഇല്ല എന്നത് ആധികാരികമായും യുക്തിസഹമായും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ സംശയത്തിൻെറ ആനുകൂല്യം ദൈവം ഉണ്ട് എന്ന  വാദത്തിനു കൊടുക്കുകയല്ലേ ബുദ്ധി?   മഴ പെയ്യാൻ സാധ്യത ഇല്ല എന്നു  സ്വയം തീരുമാനിച്ച് കുട  എടുക്കാതെ  പോകുന്ന  വ്യക്തി മഴയിൽപ്പെട്ടാൽ എന്തുചെയ്യും? എന്നാൽ മഴയ്ക്ക് സാധ്യത തോന്നുന്നില്ലെങ്കിലും ഒരു മുൻകരുതലായി കുട എടുക്കുന്നയാൾക്ക് ദുഖിക്കേണ്ടിവരില്ല. ആകപ്പാടെയുള്ള  അധികഭാരം എന്നത് ഒരു കുട ചുമക്കുക എന്നതു  മാത്രമാണ്.   തെളിയിക്കപ്പെടാത്ത ഒരു  ഊഹത്തിൻറെ പേരിൽ  ദൈവം ഇല്ല എന്നു വിശ്വസിക്കുന്നവർ  വലിയ     അപകടത്തിലാണ്.  അവർ ഒരിക്കൽ ദൈവത്തെ കണ്ടുമുട്ടും. എന്നാൽ അപ്പോൾ അവർ ആ കണ്ടുമുട്ടലിന് വേണ്ടി ഒരുങ്ങിയിട്ടുണ്ടാകില്ല.   അങ്ങനെയൊരു അപകടസാധ്യത ( സാധ്യതയെങ്കിലും) നിലനിൽക്കുമ്പോൾ  സാമാന്യബുദ്ധിയുള്ള ആരും  ആ അപകടസാധ്യത  ഒഴിവാക്കാൻ വേണ്ടിയെങ്കിലും  ദൈവത്തിൽ വിശ്വസിക്കും.

ഇനി ലോകന്യായപ്രകാരം ചിന്തിച്ചാൽ പോലും  ദൈവം ഇല്ല എന്നു  വിശ്വസിച്ചിട്ടു പിന്നീട് ഉണ്ട് എന്ന് അംഗീകരിക്കേണ്ടിവരുന്നതിനേക്കാൾ   കൂടുതൽ ബുദ്ധിപരമായ നിലപാടല്ലേ ദൈവം  ഉണ്ടെന്നു വിശ്വസിച്ചിട്ട്   അവസാനം (നിരീശ്വരവാദികൾ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ) ദൈവം ഇല്ല എന്നു  വരുന്നത്?  അതുകൊണ്ട് ദൈവം ഉണ്ടെന്നുതന്നെയേ ബുദ്ധിമാൻ പറയൂ. ബൈബിൾ ഭോഷൻ എന്നു  വിളിക്കുന്നത്    വളരെ കുറച്ചു പേരെ മാത്രമാണ്. അതിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്  ദൈവം ഇല്ല എന്നു ഹൃദയത്തിൽ പറയുന്നവനാണ് (സങ്കീ. 14:1). അയാൾ സാമാന്യ ബുദ്ധി പോലും  പ്രയോഗിക്കാത്തതുകൊണ്ടാണല്ലോ  വിശുദ്ധഗ്രന്ഥത്തിൽ അയാളെ ഭോഷൻ എന്നു  വിളിക്കുന്നത്.

Q.പ്രപഞ്ചത്തിൽ മനുഷ്യൻ ഉണ്ടായിട്ട് ഏതാനും ആയിരം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നാണ്  ബൈബിളിലെ ആദം മുതലുള്ളവരുടെ വയസ് കണക്കു കൂട്ടിയാൽ തോന്നുക. എന്നാൽ അതിനും എത്രയോ മുൻപ് ഭൂമിയിൽ മനുഷ്യൻ ജീവിച്ചിരുന്നു എന്ന് ശാസ്ത്രം പറയുന്നു.

A. ആദം പറുദീസയിൽ  നിന്ന് പുറന്തള്ളപ്പെട്ടതിനു  ശേഷമുള്ള ആയുസിനെക്കുറിച്ചേ ബൈബിൾ പറയുന്നുള്ളൂ. (ഉൽ 5:5). അതിനുമുൻപ് ദൈവവും മനുഷ്യനും   ഒരുമിച്ച് വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൻറെ  കാലയളവ് നമുക്കറിയില്ല എന്നതാണു  സത്യം.

Q. നോഹയുടെ കാലത്ത് സകല മനുഷ്യരെയും  പ്രളയത്തിൽ നശിപ്പിച്ച ദൈവം ക്രൂരനല്ലേ?

A. ദൈവം ക്രൂരനായതുകൊണ്ടല്ല,  ഭൂമി ദുഷിച്ചുപോയത് കൊണ്ടും മനുഷ്യരെല്ലാം ദുർമാർഗികൾ  ആയതുകൊണ്ടും  (ഉൽ 6:12)  ദൈവം അനുവദിച്ച ശിക്ഷ ആണത്. മനുഷ്യൻറെ  തിന്മയുടെ സ്വാഭാവിക പ്രത്യാഘാതവും  ആണ് അത്. പ്രകൃതിയുടെ മേലുള്ള ചൂഷണം പ്രകൃതിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ആഗോളതാപനം  സംഭവിക്കുന്നില്ലേ? അത് ആരും പറഞ്ഞിട്ടില്ലല്ലോ.

ജനസംഖ്യ കൂടുമ്പോൾ അതിനെ നിയന്ത്രിക്കാനായി  പ്രകൃതി ഇടപെടുന്നതിൻറെ  ഫലമായാണ്  യുദ്ധങ്ങളും പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളും ഉണ്ടാകുന്നത്  എന്ന മാൽത്തൂസിൻറെ  സിദ്ധാന്തം  വിശ്വസിക്കുന്നതിനേക്കാൾ എത്രയോ യുക്തിപരമാണ് നോഹയുടെ കാലത്തെ വെള്ളപ്പൊക്കത്തെ മനസിലാക്കുന്നത്!

അർഹതയുള്ളവയുടെ അതിജീവനം എന്ന ഡാർവിൻറെ  സിദ്ധാന്തം വിശ്വസിക്കാൻ നമുക്കു  മടിയില്ല. എന്നാൽ തിന്മ നിറഞ്ഞ ലോകത്തിൽ അതിജീവിക്കാനുള്ള ശക്തി നോഹയ്ക്ക് ഉണ്ടായിരുന്നു  എന്നതു  വിശ്വസിക്കാൻ നമുക്ക് മടിയാണ്. തൻറെ ആത്മീയശക്തി കൊണ്ടാണ്  അയാൾ പ്രളയം മുന്നിൽ കണ്ടതും  പെട്ടകം നിർമിച്ചതും. അങ്ങനെ ആ തലമുറയിൽ അതിജീവനത്തിന് അർഹതയുള്ളത് തനിക്കാണെന്ന് നോഹ തെളിയിച്ചു.

പിന്നെ ദൈവം ക്രൂരനാണെങ്കിൽ  ഇതേ കാര്യം ചെയ്യുന്ന പ്രകൃതിയും  ക്രൂരയല്ലേ? കാരണം  പല ജീവജാലങ്ങളുടെയും പൂർണമായ  വംശനാശം പ്രകൃതി അനുവദിച്ചിട്ടുണ്ടല്ലോ.  എന്നാൽ നോഹയുടെ കാര്യത്തിലാണെങ്കിൽ   അതിജീവനത്തിന് അർഹതയുള്ള  ഒരു കുടുംബത്തെ ദൈവം അവശേഷിപ്പിച്ചിരുന്നു.

Q. നോഹയുടെ പെട്ടകത്തിൽ എല്ലാ ജീവജാലങ്ങളുടെയും  ഈരണ്ടെണ്ണം  വച്ച് ഉൾക്കൊണ്ടു എന്നു പറയുന്നത് യുക്തിയ്ക്ക് നിരക്കുന്നതല്ലല്ലോ.

A. മനുഷ്യൻറെയും  മൃഗങ്ങളുടെയും പ്രത്യുല്പാദനത്തിന് ആവശ്യമായ അണ്ഡത്തിൻറെയും ബീജത്തിൻറെയും  വലുപ്പം സാധാരണ മൈക്രോസ്കോപ്പിൽ കൂടി  കാണാൻ കഴിയാത്ത വിധം അത്രയ്ക്കു  ചെറുതാണ്. അവ നൂറ്റാണ്ടുകളോളം  ഒരു കേടും കൂടാതെ സൂക്ഷിച്ചു വയ്ക്കാനുള്ള സാങ്കേതിക വിദ്യ ഇന്നുണ്ട്. ലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വംശം നിലനിർത്താനാവശ്യമായ    കോശങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ  ഒരു പെട്ടകത്തിൻറെ ആയിരത്തിൽ  ഒരംശം പോലും ആവശ്യമില്ല. എന്നിട്ടും നമുക്ക് അതു വിശ്വസിക്കാൻ മടിയാണ്!

Q. ഇസ്രായേൽക്കാരെ മാത്രം സ്നേഹിക്കുന്ന ദൈവം  പക്ഷപാതം  കാണിക്കുകയല്ലേ?

ദൈവം  ഇസ്രായേൽക്കാരെ  മാത്രമേ സ്നേഹിക്കുന്നുള്ളൂ എന്ന് എവിടെയാണു  പറഞ്ഞിരിക്കുന്നത്? ഇസ്രായേൽക്കാർ ദൈവ കൽപ്പനകൾ പാലിച്ചപ്പോൾ ദൈവം അവരെ സംരക്ഷിച്ചു. കൽപ്പനകൾ ധിക്കരിച്ചപ്പോൾ അവരെ ശിക്ഷിക്കുകയും ചെയ്തു. അതുപോലെ തന്നെ തങ്ങളുടേതായ രീതിയിൽ വെളിപ്പെട്ടുകിട്ടിയ ധാർമികമൂല്യങ്ങളോട് വിശ്വസ്തത  പുലർത്തിയ ഇതര ജനതകളെയും ദൈവം സംരക്ഷിച്ചിരുന്നു.

Q. എന്തൊക്ക പറഞ്ഞാലും ബൈബിളിലെ ദൈവം ഇസ്രായേലിനോട് കൂടുതൽ ഔദാര്യം കാണിക്കുന്നില്ലേ?

A. ഇസ്രായേൽക്കാരെ  അതിഭീകരമായ അടിമത്തത്തിലേക്കും  പ്രവാസത്തിലേക്കും അയച്ചതും ഒന്നാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടു വരെ സ്വന്തമായി ഒരു ദേശമില്ലാതെ അലയാൻ വിട്ടതും ഇതേ ദൈവമാണ്. ഈ കാലത്തൊക്ക അവരുടെ എതിരാളികളെ ദൈവം അനുകൂലിച്ചു എന്നുപറയാൻ കഴിയുമെങ്കിൽ കുറച്ചുകാലം ഇസ്രായേലിനെ അനുകൂലിച്ചു എന്നും  പറയാം. എന്നാൽ ദൈവത്തിന് ഒരിക്കലും പക്ഷപാതം  ഉണ്ടായിരുന്നില്ല.

Q. കീഴടക്കിയ ജനതകളെ  കുഞ്ഞുങ്ങളും വൃദ്ധരുമടക്കം നിശേഷം  നശിപ്പിക്കാൻ കൽപ്പിച്ച ദൈവം ക്രൂരനല്ലേ?

A. അവരെ നിശേഷം നശിപ്പിച്ചത്  അവർ പിന്തുടർന്ന തിന്മയുടെ ഒരംശം പോലും ബാക്കിയുണ്ടാകരുത് എന്ന ഭൂമിയോടുള്ള കരുതലിൻറെ  ഭാഗമായി കാണാമല്ലോ? നാം കാര്യങ്ങളെ വ്യക്തിപരമായി കാണുന്നു. ദൈവത്തിന്  അതു സാധ്യമല്ല. കാരണം ദൈവത്തിനു  താൻ  സൃഷ്ടിച്ച എല്ലാത്തിൻറെയും  താല്പര്യം പ്രധാനമാണ്. അവ തമ്മിലുള്ള ഒരു balancing  act ആണ് ഈ ശിക്ഷകളിലൂടെ ദൈവം  ഉദ്ദേശിക്കുന്നത് എന്നു ചിന്തിച്ചുകൂടേ?

അതിനേക്കാൾ പ്രധാനം ദൈവത്തിൻറെ  നീതി  നമുക്ക് അവസാന നിമിഷം വരെ അഗ്രാഹ്യമാണ് എന്നതാണ്.  ഒരുപക്ഷെ  ദൈവസന്നിധിയിൽ വിശുദ്ധീകരിക്കപ്പെടാനും തങ്ങൾ ചെയ്ത പാപങ്ങൾക്ക് പരിഹാരം ചെയ്യാനും ഉള്ള അവസരം സ്വയം കണ്ടെത്താൻ ആ ജനതകൾ തയ്യാറാകാത്തതിനാൽ    ദൈവം അവർക്ക്  ഈ ദുരന്തത്തിലൂടെ അങ്ങനെയൊരവസരം  കൊടുത്തതായിക്കൂടെ? അന്ത്യവിധിയിൽ മാത്രം വെളിപ്പെടുന്ന ഇക്കാര്യത്തേക്കുറിച്ച് നാം ആകുലപ്പെടണമോ?

Q. മറ്റുള്ളവരെ കൊല്ലാനും ശിക്ഷിക്കാനും കല്പിക്കുന്ന ദൈവം എങ്ങനെ  നീതിമാനാകും?

അങ്ങനെയൊരു ദൈവം ഇല്ല എന്നതാണ് സത്യം. ഇസ്രായേൽക്കാർ  ദൈവത്തെ അങ്ങനെ മനസിലാക്കി എന്നതാണ് പ്രശ്നം. ഇതു  മനസിലാക്കണമെങ്കിൽ ആദ്യമേ  ബൈബിളിൻറെ  ഘടന മനസിലാക്കണം.

ബൈബിളിൻറെ  നല്ലൊരു ഭാഗം ചരിത്രമാണ്. അവിടെ സംഭവിച്ച കാര്യങ്ങൾ അതേപടി രേഖപ്പെടുത്തിയിരിക്കുന്നു.  ചരിത്രത്തെ തമസ്കരിക്കാൻ  ഒരു ശ്രമവും നടത്താത്ത  ഒരേയൊരു പുസ്തകം ഒരുപക്ഷെ ബൈബിളായിരിക്കും. തങ്ങളുടെ ഇഷ്ടരാജാവായിരുന്ന ദാവീദ്  ഒരു വ്യഭിചാരിയും  കൊലപാതകിയും സ്വന്തം തെറ്റുകൾ മറച്ചുവയ്ക്കുന്നതിൽ വിരുതനുമായിരുന്നു  എന്ന കാര്യം അതേപടി  ബൈബിളിൽ ഉണ്ട്‌. ആ ദാവീദിൻറെ   വംശപരമ്പരയിലാണു  ദൈവപുത്രനായ യേശു ജനിച്ചത് എന്നു പറയാനും ബൈബിളിനു  മടിയില്ല. അത്ര നല്ല സ്വഭാവം ഇല്ലാത്ത സ്ത്രീകളും  പുരുഷന്മാരും യേശുവിൻറെ  പൂർവികരിൽ ഉണ്ടായിരുന്നു എന്ന കാര്യം ബൈബിൾ മറച്ചുവയ്ക്കുന്നില്ല.

അതുപോലെ തന്നെ തങ്ങൾക്കു മനസിലായ ദൈവം ശിക്ഷിക്കുന്ന ദൈവം ആയിരുന്നു എന്ന കാര്യം ഇസ്രായേൽക്കാർ തുറന്നുസമ്മതിക്കുന്നുണ്ട്. ഇതു  സാമാന്യ ജനത്തിൻറെ  കാര്യം. എന്നാൽ അന്നും അവരിലെ ജ്ഞാനികൾ ദൈവത്തിൻറെ  യഥാർത്ഥ സ്വഭാവം മനസിലാക്കുകയും അതു  ജനങ്ങൾക്കു  പലപ്പോഴായിപറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. സങ്കീർത്തനങ്ങളിലും  ഏശയ്യാ, ജെറമിയ, എസക്കിയേൽ  തുടങ്ങി എല്ലാ പ്രവാചകരുടെയും ഗ്രന്ഥങ്ങളിലും ദൈവത്തിൻറെ   കരുണയും സ്നേഹവും  അതോടൊപ്പം തന്നെ  അവിടുത്തെ നീതിയും അനേകതവണ വിശദീകരിക്കുന്നുണ്ട്. എന്നാൽ ജനം അതു മനസിലാക്കിയില്ല. അങ്ങനെയുള്ള ഒരു ജനം അവരുടെ ദൈവാനുഭവത്തെ  അതേപടി രേഖപ്പെടുത്തി വച്ചതിനെ  ഇന്നും ചിലർ എടുത്തുകാട്ടുമ്പോൾ അവർ ഇരുവരും  ഒരേ അജ്ഞതയുടെ ചങ്ങലയിലെ  രണ്ടു കണ്ണികൾ  മാത്രം.

മറ്റൊരു കാര്യം  യേശുവിൻറെ  പ്രബോധനമാണ്. അവിടെ  പഴയ നിയമത്തിലെ  അവ്യക്തതകളും സംശയങ്ങളും  ഒക്കെ  യേശു clarify ചെയ്യുന്നുണ്ട്.  യേശു പറഞ്ഞതാണു  സത്യം. അതിനപ്പുറത്തേക്കു   സത്യമില്ല. ദൈവം സ്നേഹമാണെന്നു  യേശു പറഞ്ഞു. ശത്രുക്കളെ സ്നേഹിക്കണമെന്നും അവർക്കു  നന്മ ചെയ്യണമെന്നും  യേശു പറഞ്ഞു.  ദ്രോഹിക്കുന്നവരോടു   ക്ഷമിക്കണമെന്നു  പറഞ്ഞു.  ആവശ്യത്തിലധികം  സ്വത്ത്‌ സമ്പാദിക്കരുതെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും പാപികളെ മാനസാന്തരത്തിലേക്കു നയിക്കണമെന്നും   അവിടുന്ന് പറഞ്ഞു. യോഹന്നാൻറെ  സുവിശേഷവും ലേഖനങ്ങളും മാത്രം മതി ഉദാഹരണം.

ഇനിപ്പറയുന്നതു  പ്രത്യേകം ശ്രദ്ധിക്കണം.

ദൈവം മനുഷ്യർക്കു  പല കാലങ്ങളിൽ പല വിധത്തിൽ തന്നെത്തന്നെ  വെളിപ്പെടുത്തി. എന്നാൽ ജനങ്ങൾക്ക് അതു മനസിലായില്ല. അവസാനം  പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമായി ഭൂമിയിൽ അവതരിച്ച  യേശു ദൈവത്തേക്കുറിച്ചുള്ള പൂർണമായ അറിവ് മനുഷ്യർക്കു  പകർന്നുകൊടുത്തു.  ദൈവിക വെളിപാടിൻറെ  പൂർണത യേശുവിൽ സംഭവിച്ചു കഴിഞ്ഞു. ഇനി ദൈവത്തെക്കുറിച്ച്   മനുഷ്യൻ  അറിയേണ്ടതായി യാതൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ട് ഇനിയൊരു വെളിപാട് വരാനും ഇല്ല. ഇക്കാരണത്താലാണ്  എല്ലാവരും തന്നിൽ വിശ്വസിക്കണം എന്നു യേശു ആവശ്യപ്പെട്ടത്.

ചരിത്രപരമായി തെറ്റായി മനസിലാക്കപ്പെട്ട  ദൈവത്തെ യേശു ശരിയായി അവതരിപ്പിച്ചു.  അതുകൊണ്ട് ഇനിയും പഴയനിയമത്തിലെ ദൈവസങ്കല്പത്തിന്  പ്രസക്തിയില്ല. ചുരുക്കിപ്പറഞ്ഞാൽ ദൈവം ക്രൂരനല്ല എന്നുമാത്രമല്ല ദൈവത്തിൻറെ  സ്വഭാവം തന്നെ സ്നേഹമാണ്.

Q. എങ്കിലും ദൈവം നീതിമാനാണെന്ന്  എങ്ങനെ പറയാൻ കഴിയും? പാപം ചെയ്യുന്നവരെ  നരകത്തിൽ ഇടുന്ന ഒരു ദൈവത്തെ എങ്ങനെ അംഗീകരിക്കും?

ഏതൊരു പ്രവൃത്തിയ്ക്കും തുല്യവും എതിർദിശയിലുള്ളതുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമെന്ന ന്യൂട്ടൻറെ നിയമം അംഗീകരിക്കാൻ നമുക്കു  മടിയില്ല.  ആത്മീയതലത്തിൽ പറയുമ്പോൾ പാപത്തിൻറെ  സ്വഭാവികമായ പ്രതിപ്രവർത്തനമാണു  നരകം അഥവാ ദൈവത്തിൽ നിന്നുള്ള നിത്യമായ വേർപാട്.  അത് ഓരോ മനുഷ്യനും തൻറെ സ്വന്തം ഇച്ഛയനുസരിച്ചു  സ്വയം തെരഞ്ഞെടുക്കുന്നതാണ്. അക്കാര്യത്തിൽ മാത്രം ദൈവം നിസഹായനാണ്.

Q. ദൈവം സർവശക്തനാണെന്നു  പറയുന്നു. അപ്പോൾ ദൈവം എങ്ങനെയാണ്  നിസഹായകനാകുന്നത്?

അതിൻറെ  ഉത്തരം ദൈവം സർവശക്തൻ ആണെന്നതുതന്നെയാണ്. സർവശക്തനും സർവസ്വതന്ത്രനും ആയ  ദൈവം തൻറെ സ്വന്തം ഛായയിലും  സാദൃശ്യത്തിലും  ആണ് മനുഷ്യനെ സൃഷ്ടിച്ചത്. ദൈവം അവനു  പൂർണസ്വാതന്ത്ര്യം നൽകി. ആ പൂർണസ്വാതന്ത്ര്യത്തിൽ എടുക്കുന്ന തീരുമാനത്തിൽ ദൈവം ഇടപെടില്ല.

Q. ദൈവമാണു  മനുഷ്യനെ സൃഷ്ടിച്ചതെങ്കിൽ മനുഷ്യൻ പാപം ചെയ്യുന്നതിൻറെ  ഉത്തരവാദിത്തം ദൈവത്തിനല്ലേ?

ദൈവത്തിൻറെ  ഛായയിലും സാദൃശ്യത്തിലും  സൃഷ്ടിക്കപ്പെട്ട മനുഷ്യനു  പാപത്തെയും പുണ്യത്തെയും ദൈവം കാണുന്നതുപോലെ തന്നെ കാണാനുള്ള കഴിവുണ്ട്. അതുകൊണ്ട് അവൻറെ  പാപത്തിന് അവൻ തന്നെയാണ് ഉത്തരവാദി. സാമൂഹ്യ നിയമങ്ങളിൽ  പോലും    പൂർണമായ അറിവോടും സമ്മതത്തോടും   കൂടി ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ശിക്ഷാർഹമാകുന്നുള്ളൂ എന്നു  നമുക്കറിയാം. അതേ യുക്തി  ദൈവികകാര്യങ്ങളിലും  ബാധകമാണല്ലോ.

Q.  യേശു മരിച്ചതിനുശേഷം ഉയിർത്തെഴുന്നേറ്റു എന്നതു  ക്രിസ്ത്യാനികൾ പറഞ്ഞുപരത്തിയ കള്ളമല്ലേ?  

A. അല്ല. അതു  സത്യമായി സംഭവിച്ച കാര്യമാണ്.  ഉത്ഥിതനായ യേശുവിനെ നേരിട്ടുകണ്ടത് ഒന്നോ രണ്ടോ പേരല്ല. വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലായി അഞ്ഞൂറിലധികം വ്യക്തികൾ  ഉത്ഥിതനായ യേശുവിനെ നേരിട്ടു  കണ്ടു. അവർ അതു  രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  അവരുടെ സാക്ഷ്യങ്ങൾ  ലിഖിതരൂപത്തിൽ തന്നെ ക്രിസ്തുവർഷം 60  മുതൽ ലഭ്യമാണ്.

ഇനി ക്രിസ്ത്യാനികൾ യേശുവിൻറെ ഉത്ഥാനം എന്ന കള്ളക്കഥ പ്രചരിപ്പിച്ചു എന്നു ചിന്തിച്ചാൽ അതിന് എന്തെങ്കിലും ഒരു കാരണം വേണമല്ലോ. അന്ന് ക്രിസ്ത്യാനിയാകുന്ന ഏതൊരുവനെയും സിനഗോഗിൽ നിന്നു   ബഹിഷ്കരിക്കുകയും   പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം  ഏറ്റുപറയുന്നവർ സമൂഹത്തിലുള്ള  സ്ഥാനനഷ്ടത്തിനും  സാമ്പത്തിക നഷ്ടത്തിനും   വിധേയനായിരുന്നു.  AD  325  വരെ റോമാ സാമ്രാജ്യം  ക്രിസ്ത്യാനികളെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ  ക്രിസ്തു ഉയിർത്തു എന്നു പറയുന്ന നഷ്ടക്കച്ചവടത്തിനായി  സുബോധമുള്ള ആരെങ്കിലും കള്ളം പറയുമോ?

Q. ഇതെല്ലം  ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നു  കരുതി ഞാൻ എന്തിനു വിശ്വസിക്കണം?

A.  നാം  വിശ്വസിക്കേണ്ടതു  സത്യത്തെയാണല്ലോ. ബൈബിൾ സത്യമാണ്. അതുകൊണ്ടു  വിശ്വസിക്കണം.

Q.  ബൈബിൾ സത്യമാണെന്നു പറയുന്നതിനു പിറകിലെ യുക്തി എന്താണ്?

ആയിരത്തി അഞ്ഞൂറ് വർഷമെടുത്ത്  അൻപതോളം വ്യക്തികൾ വ്യത്യസ്ത ദേശങ്ങളിലും സംസ്കാരങ്ങളിലും  കാലങ്ങളിലും ഇരുന്ന് എഴുതിയ ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകങ്ങളിൽ  ഒരിടത്തും  വൈരുധ്യങ്ങളില്ല. അങ്ങനെയൊരു പുസ്തകം ലോകചരിത്രത്തിൽ വേറെയില്ല.  സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ  നൂറ്റാണ്ടുകൾ മുൻപേ കൃത്യമായി  യാതൊരു സംശയത്തിനും ഇടനൽകാത്ത വിധത്തിൽ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ആ പ്രവചനങ്ങൾ അക്ഷരാർത്ഥത്തിൽ നിറവേറിയിട്ടുമുണ്ട്. ഇപ്പോഴും   പല പ്രവചനങ്ങളും നിറവേറിക്കൊണ്ടിരിക്കുന്നുമുണ്ട്. അവയുടെ ഏറ്റവും  സൂക്ഷ്മമായ വിശദാംശങ്ങളിൽ പോലും മാറ്റമില്ല.  ഉദാ. യേശുക്രിസ്തുവിൻറെ പീഡാസഹനവും മരണവും  എങ്ങനെ സംഭവിക്കുമെന്നും യേശു  അതിനുശേഷം ഉയിർത്തെഴുന്നേൽക്കുമെന്നും   യേശുവിന് എഴുനൂറു വർഷങ്ങൾക്കു മുൻപ് ഏശയ്യാ പ്രവാചകനും ആയിരം വർഷങ്ങൾക്കു മുൻപ് ദാവീദും  പ്രവചിച്ചിരുന്നു.  യഹൂദർ ഇസ്രായേലിലേക്ക് തിരിച്ചുവന്ന് സ്വന്തം രാജ്യം സ്ഥാപിക്കുന്നതും ഡമാസ്കസ് നശിപ്പിക്കപ്പെടുന്നതും  ഗാസ നിർജ്ജനമായിത്തീരുന്നതും ലെബനോൻ അഗ്നിക്കിരയാകുന്നതും   ഒക്കെ പ്രവചിക്കപ്പെട്ടതു  ക്രിസ്തുവിനും  നൂറ്റാണ്ടുകൾക്കു  മുൻപാണ് എന്നോർക്കണം.  ബൈബിളിൽ പറയുനനതെല്ലാം സംഭവിക്കുന്നു എന്നതുതന്നെയാണ് ബൈബിൾ സത്യമാണെന്നതിൻറെ  തെളിവ്.

Q. പ്രപഞ്ചത്തിന് അവസാനമുണ്ടെന്നു പറയുന്നത് തെറ്റല്ലേ? ലോകാവസാനം എന്നൊക്കെ പറഞ്ഞ് ക്രിസ്ത്യാനികൾ ജനങ്ങളെ  പറ്റിക്കുകയല്ലേ?

A.പ്രപഞ്ചത്തിന് അവസാനമുണ്ടെന്നു  ശാസ്ത്രം സമ്മതിക്കുന്ന കാര്യമാണ്.   ഭൗതികവസ്തുക്കൾക്ക് അവയുടെ സ്വഭാവം കൊണ്ടുതന്നെ നിത്യമായി  നിലനിൽക്കാൻ  സാധ്യമല്ല. അവയെല്ലാം  കാലമനുസരിച്ച്  മാറ്റം സംഭവിക്കുന്നവയാണ്. ഉദാഹരണം സൂര്യനിലെ ‘ഇന്ധനം’ ഒരിക്കൽ അവസാനിക്കും. സൂര്യൻ  ഇല്ലെങ്കിൽ ഭൂമിയ്ക്ക് നിലനിൽപ്പില്ല. ഇതുതന്നെയാണ്   പ്രപഞ്ചത്തിൻറെ  ആകെ സ്ഥിതിയും.

എന്നാൽ  പഞ്ചഭൂതങ്ങളിൽ അധിഷ്ഠിതമല്ലാത്ത ആത്മാവിനു  നിത്യകാലം നിലനിൽക്കാൻ കഴിയും. ദൈവം ആത്മാവായതുകൊണ്ട് ദൈവം നിത്യം നിലനിൽക്കുന്നു. ദൈവത്തോട് ചേർന്നുനിൽക്കുന്നവർ അവിടുത്തെ ആത്മാവിൽ പങ്കുകാരാകുന്നതിനാൽ നിത്യം ജീവിക്കും.  ദൈവത്തിൻറെ  ആത്മാവിൽ പങ്കുകാരാകുന്നവരും   അല്ലാത്തവരും തമ്മിലുള്ള ഒരു വേർതിരിവ് യുഗാന്ത്യത്തിൽ ഉണ്ടാവുക എന്നത്  സ്വാഭാവികമായ പ്രക്രിയയാണ്.

Q . ആത്മാവ് എന്നൊന്നുണ്ടോ? അത് വെറും സങ്കല്പമല്ലേ?

A. ആത്മാവാണ് സത്യം.  ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. കാരണം ആത്മാവ് എന്നും നിലനിൽക്കുന്നു. ശരീരം അഴിഞ്ഞുപോകുന്നു.  മരണസമയത്ത് ആത്മാവ് അതിൻറെ ദാതാവായ ദൈവത്തിൻറെ സന്നിധിയിലേക്ക് തിരിച്ചുപോകുന്നു.  മരണസമയത്ത്  ഭൗതികനിയമങ്ങൾക്കു വിശദീകരിക്കാനാകാത്ത വിധത്തിലുള്ള ഒരു പ്രത്യേക ഊർജ്ജം  ആ വ്യക്തിയുടെ  ശരീരത്തിൽ നിന്നു പുറത്തേക്കു പോകുന്നു എന്ന്  അനേകം ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. ശാസ്ത്രത്തിനു  മനസിലാകാത്ത ആ ഊർജ്ജമാണ്  ആത്മാവ്.

Q. സ്വർഗം, നരകം എന്നിവയെല്ലാം വെറും സങ്കൽപ്പങ്ങൾ മാത്രമല്ലേ?

A . അങ്ങനെയെങ്കിൽ Aliens ഉം (അന്യഗ്രഹജീവികൾ) വെറും സങ്കല്പമല്ലേ? മറ്റു ഗ്രഹങ്ങളിൽ ഒരുപക്ഷേ മനുഷ്യനേക്കാൾ  ബുദ്ധിയുള്ള ജീവികൾ ഉണ്ടാകാം എന്നു പറയുന്നതു  ശാസ്ത്രം തന്നെയല്ലേ?  ഇതുവരെയും ഒരു തെളിവും കിട്ടാത്ത അക്കാര്യം വിശ്വസിക്കാൻ മടിയില്ലാത്ത യുക്തിവാദികൾക്ക്  സ്വർഗവും നരകവും ഉണ്ടെന്നു വിശ്വസിക്കാൻ എന്താണു മടി?

Q. ക്രിസ്ത്യാനികളെ  മാത്രം സ്വീകരിക്കുകയും മറ്റുള്ളവരെ തിരസ്കരിക്കുകയും ചെയ്യുന്ന ദൈവം എങ്ങനെ നീതിമാനാകും?

ക്രിസ്ത്യാനികളെ മാത്രം സ്വീകരിക്കുന്ന  ഒരു ദൈവത്തെക്കുറിച്ച് ഒരു സൂചനയും ബൈബിളിൽ എവിടെയും ഇല്ല.  നീതി പ്രവർത്തിക്കുന്ന എല്ലാവരും ദൈവത്തിനു സ്വീകാര്യരാണ് എന്നു  ബൈബിളിൽ പലതവണ പറയുന്നുമുണ്ട്.  മാത്രവുമല്ല, തെരഞ്ഞെടുക്കപ്പെട്ട ജനത്തെക്കാൾ കൂടുതൽ ദൈവാനുഗ്രഹം   മറ്റുള്ളവർക്കു  കിട്ടാനാണു സാധ്യത എന്ന സൂചന പലപ്പോഴും  ബൈബിളിൽ കാണുകയും ചെയ്യാം.

Q. കുർബാന എന്നതു  തട്ടിപ്പല്ലേ? വെറുമൊരു  അപ്പവും  കുറച്ചു വീഞ്ഞും  യേശുവിൻറെ ശരീരവും രക്തവും ആയി മാറുന്നു  എന്നു പറഞ്ഞ് നിങ്ങൾ  ജനങ്ങളെ പറ്റിക്കുകയല്ലേ?

A. അല്ല. കുർബാനയിൽ സത്യമായും അപ്പവും വീഞ്ഞും  ഉത്ഥിതനായ യേശുവിൻറെ ശരീരവും രക്തവുമായി  മാറുന്നു.  സംശയാലുക്കൾക്കായി അത്   അനേകം തവണ ദൈവം  തെളിയിച്ചുകൊടുത്തിട്ടുണ്ട്.    അത്തരം ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എണ്ണം നൂറുകണക്കിനാണ്. കത്തോലിക്കാ സഭ എല്ലാ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷം സ്ഥിരീകരിച്ചിട്ടുള്ള സംഭവങ്ങൾ തന്നെ നൂറിലധികം വരും. ആയിരത്തിലധികം വർഷം  മുൻപ് ഇറ്റലിയിലെ Lanciano എന്ന സ്ഥലത്ത്   കുർബാനസമയത്ത് അപ്പം യേശുവിൻറെ മാംസമായി മാറിയത് ഇന്നും സൂക്‌ഷിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട്.   അതുപോലെ അനേകം  ഇടങ്ങളിൽ  സംഭവിച്ചിട്ടുണ്ട്.  യുക്തിവാദികൾ മനസിലാക്കേണ്ട കാര്യം   ഇതിൽ പലയിടത്തും ശാസ്ത്രീയപരീക്ഷണങ്ങൾ നടത്തിയത് നിരീശ്വരവാദികളായ ശാസ്ത്രജ്ഞന്മാർ ആയിരുന്നു എന്നതാണ്. അവർക്കുപോലും കുർബാനയിൽ കൂദാശ ചെയ്യപ്പെട്ട അപ്പത്തിൽ ഒരു  മനുഷ്യൻറെ ജീവനുള്ള ഹൃദയകോശങ്ങളുടെ സാന്നിധ്യം  അനേകകാലം പിന്നിട്ടിട്ടും സജീവമായി നിലനിൽക്കുന്നു എന്ന സത്യം അംഗീകരിക്കേണ്ടിവന്നു.  ലോകത്ത് വിവിധയിടങ്ങളിൽ  നൂറ്റാണ്ടുകളുടെ ഇടവേളകളിൽ സംഭവിച്ച ഈ അത്ഭുതങ്ങളിൽ എല്ലാം ശ്രദ്ധിക്കേണ്ട കാര്യം ശാസ്ത്രീയപരീക്ഷണങ്ങളിൽ  മനസിലായത് അതെല്ലാം ഒരേ മനുഷ്യൻറെ  ശരീരകോശങ്ങൾ ആണെന്നതാണ്. രക്തഗ്രൂപ്പും ഒന്നുതന്നെ. യേശു സത്യമായും കുർബാനയിൽ ജീവനോടെ സന്നിഹിതനാണ്.

Q. കുർബാന സ്വീകരിച്ചാൽ നിത്യജീവൻ കിട്ടും എന്ന് പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

A. ഉണ്ടല്ലോ. നിത്യം ജീവിക്കുന്ന ക്രിസ്തുവിൻറെ ശരീരവും  രക്തവും ആണ് കുർബാനയിൽ  നല്കപ്പെടുന്നത്. അതിനു  വർഷങ്ങളല്ല, നൂറ്റാണ്ടുകൾ  കഴിഞ്ഞാലും മാറ്റം സംഭവിക്കുന്നില്ല എന്നു  ശാസ്ത്രീയപരീക്ഷണങ്ങളിൽ കൂടി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ  ആ  ശരീരവും രക്തവും  ഉൾക്കൊള്ളുന്നവർക്കും  ക്രിസ്തുവിൻറെ നിത്യതയിൽ പങ്കു കിട്ടുക എന്നതു  സ്വാഭാവികമാണല്ലോ. നാം കഴിക്കുന്ന ആഹാരത്തിനനുസരിച്ചാണല്ലോ നമ്മുടെ ശരീരത്തിൻറെ വളർച്ച. അതുപോലെ തന്നെ   നമ്മുടെ ഭക്ഷണമായി നിത്യനായ ക്രിസ്തുവിൻറെ ശരീരവും രക്തവും  സ്വീകരിക്കുമ്പോൾ അതിനനുസരിച്ച് നമ്മുടെ  സത്തയും  ക്രിസ്തുവിനോട് അനുരൂപപ്പെടുന്നു എന്നു  വിശ്വസിക്കാൻ സാമാന്യശാസ്ത്രബോധം മാത്രം  മതി.

Q. ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടിൽ  ദൈവം ഉണ്ടെന്നു തെളിയിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. എന്തു പറയുന്നു?

A. സൂര്യൻ ഉണ്ട് എന്ന് തെളിയിക്കേണ്ടത്  കാഴ്ചയുള്ളവൻറെ  കടമയാണ്. എന്നാൽ അതു തെളിയിക്കാൻ സാധിക്കുന്നത്   ഒരു കാഴ്ചയുള്ളവൻറെ മുൻപിൽ മാത്രമാണ് എന്ന കാര്യം  മറന്നുപോകരുത്. ഒരു നിരീശ്വരവാദിയ്ക്കു മുൻപിൽ ദൈവത്തിൻറെ അസ്തിത്വത്തിൻറെ  എല്ലാ തെളിവുകളും  എത്ര തവണ ആവർത്തിച്ചാലും  അവന് അതു ബോധ്യപ്പെടണമെന്നില്ല. ദൈവം ഉണ്ടെന്നു  തെളിയിക്കാൻ വിശ്വാസിയ്ക്ക്  നിശ്ചയമായും സാധിക്കും. എന്നാൽ അതു വിശ്വസിക്കാൻ  നിരീശ്വരവാദിയ്ക്കു  സാധിക്കുന്നില്ല  എന്നതാണു   പ്രശ്നം.

Q. അങ്ങനെ പറയുന്നത് ഒരു തരം ഒളിച്ചോട്ടമല്ലേ?

A. അല്ല. അതാണു സത്യം. വിശ്വാസി ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ വേണ്ടി കൊണ്ടുവരുന്ന എല്ലാ തെളിവുകളും അവിശ്വാസി ഭോഷത്തമായേ കാണുകയുള്ളു.  കാരണം അവൻറെ ബുദ്ധി ലോകത്തിലും  ലൗകികകാര്യങ്ങളിലും മാത്രമായി  കെട്ടപ്പെട്ടുകിടക്കുന്നു. ദൈവം ഉണ്ടെന്നത് ആത്മീയമായ സത്യമാണ്. അതു  കാണാൻ ആത്മീയമായ കണ്ണുകൾ വേണം.    സൂക്ഷ്മവസ്തുക്കൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയില്ല എന്നത് എല്ലാവര്ക്കും അറിയാവുന്ന  ശാസ്ത്രസത്യമാണല്ലോ.

Q. നാം ഒരിക്കലും കാണാത്തതിനെ എങ്ങനെ വിശ്വസിക്കും?

A.  വൈദ്യുതിയെ നാം കാണുന്നുണ്ടോ? ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെ കാണുന്നുണ്ടോ? XRAY കാണുന്നുണ്ടോ? എന്തിന്, ബ്ലാക്ക് ഹോളിനെ ( തമോഗർത്തം) കാണാൻ കഴിയുമോ? ഇല്ല. എന്നിട്ടും നാം ഇവയെല്ലാം ഉണ്ടെന്നു  വിശ്വസിക്കുന്നു.   അപ്പോൾ ദൈവത്തെ മാത്രം കണ്ടാലേ വിശ്വസിക്കൂ എന്നു പറയുന്നതു ബാലിശമായ വാദമല്ലേ?

Q. ഈ ഭൗതികപ്രതിഭാസങ്ങൾ എല്ലാം അവയുടെ പ്രവർത്തനത്തിലൂടെ അസ്തിത്വം തെളിയിക്കപ്പെട്ടവയാണ്.  അതുകൊണ്ട് വിശ്വസിക്കാം.

A  അതേ ന്യായം മതിയല്ലോ ദൈവത്തിൻറെ പ്രവൃത്തികൾ മൂലം ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ.  

Q.  ദൈവത്തിൻറെ പ്രവർത്തിയാണ് പ്രപഞ്ചം എന്നതിന് യുക്തിസഹമായ എന്തു വിശദീകരണമാണ്  നല്കാൻ കഴിയുക?

പ്രപഞ്ചത്തിൻറെ intelligent  design തന്നെയാണ് അതിൻറെ തെളിവ്.   ശൂന്യതയിൽ നിന്നു സ്വയം  പൊട്ടിമുളച്ച  ഒരു പ്രപഞ്ചത്തിൽ  എല്ലാക്കാര്യങ്ങളും കൃത്യമായ ഭൗതികനിയമങ്ങളുടെ  അടിസ്ഥാനത്തിൽ സ്വയം ക്രമപ്പെടുത്തിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ്   അതിൻറെ പിറകിൽ ഒരു mastermind   പ്രവർത്തിച്ചിരുന്നു എന്നത്. ആ സത്തയെ വിശ്വാസി ദൈവം എന്ന് വിളിക്കുന്നു. അവിശ്വാസി  അതിനെ നിഷേധിക്കുന്നു. അത്രമാത്രം.  

 പ്രപഞ്ചം  ഒന്നുമില്ലായ്മയിൽ നിന്നുമാണ്  ഉണ്ടായത് എന്നതിൽ വിശ്വാസിക്കും അവിശ്വാസിക്കും യോജിപ്പാണ്.  ഒന്നുമില്ലായ്മയിൽ നിന്ന്   ഒരു വസ്തു രൂപപ്പെടുക എന്നതു  ശാസ്ത്രത്തിന് ഇതുവരെയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്വയംക്രമീകൃതമായ  ഒരു പ്രപഞ്ചം ശൂന്യതയിൽ നിന്നു  രൂപപ്പെട്ട് വ്യക്തവും മാറ്റമില്ലാത്തതുമായ നിയമങ്ങളുടെ അടിസ്ഥാനത്തിൽ നിലകൊള്ളുന്നു എന്നു  വിശ്വസിക്കുന്നതാണോ, അതോ   അതേ ന്യായപ്രകാരം തന്നെ  സ്വയം സൃഷ്ടിക്കപ്പെട്ട  ഒരു ദൈവം  ഇക്കാര്യങ്ങളെല്ലാം ക്രമപ്പെടുത്തിക്കൊണ്ട്  ഒരു പ്രപഞ്ചം സൃഷ്ടിച്ചു എന്നു വിശ്വസിക്കുന്നതാണോ കൂടുതൽ യുക്തിഭദ്രം എന്നു നിരീശ്വരവാദികൾ ചിന്തിക്കട്ടെ.

Q. ഒരു സൂപ്പർ കംപ്യൂട്ടറിന് അല്ലെങ്കിൽ AIയ്ക്ക് ഇതുപോലെയുള്ള intelligent  design പരിമിതമായ തോതിലാണെങ്കിലും സാധ്യമാണല്ലോ.

A. അതേ. പക്ഷേ അതിനു പിറകിൽ പ്രവർത്തിച്ചതും മനുഷ്യബുദ്ധി ആണെന്ന കാര്യം മറക്കരുത്. ഓരോ കാര്യത്തിനും ഒരു കാരണമുണ്ടാകും എന്നതു  തത്വചിന്തയുടെയും ലോജിക്കിൻറെയും അടിസ്ഥാന പ്രമാണമാണല്ലോ. ഒരു കാരണവുമില്ലാതെ   ഉരുവാകുന്ന ഒന്നിനെക്കുറിച്ചു നാം കേട്ടിട്ടില്ല.  അത് അനാദിയായ ദൈവം മാത്രമാണ്.

Q. ദൈവം എന്തുകൊണ്ട്  തിന്മ അനുവദിക്കുന്നു?

A . കാലങ്ങളായി ഇതു  ദൈവത്തിൻറെ അസ്തിത്വത്തിനെതിരെ  നിരീശ്വരവാദികൾ ഉയർത്തുന്ന  വാദമാണ്.  സത്യത്തിൽ   ഇതുപോലെ പൊള്ളയായ മറ്റൊരു വാദമില്ല. കാരണം  തിന്മ സംഭവിക്കാൻ അനുവദിക്കുന്നു എന്നത് ഒരിക്കലും ഒരു വ്യക്തിയുടെ അസ്തിത്വത്തിനെതിരെ യുള്ള വാദമല്ല, മറിച്ച് ആ വ്യക്തിയുടെ അസ്തിത്വത്തെ തെളിയിക്കുന്ന ഒന്നാണ്. കാരണം  അസ്തിത്വമില്ലാത്ത ഒരാൾക്കു  തിന്മയോ നന്മയോ ആയ  ഒരു പ്രവൃത്തിയും ചെയ്യാൻ സാധിക്കില്ലല്ലോ.

ദൈവം തിന്മ അനുവദിക്കുന്നുവെങ്കിൽ  (സത്യം അങ്ങനെയല്ല കേട്ടോ) അങ്ങേയറ്റം പറയാവുന്നതു  ദൈവം നീതിമാനല്ല എന്നു  മാത്രമാണ്. അതിനുള്ള മറുപടി നാം നേരത്തെ കൊടുത്തുകഴിഞ്ഞു.

Q. ദൈവം എന്തിനു  തിന്മ അനുവദിക്കുന്നു എന്നതിനു മറുപടി ആയില്ല.

വ്യക്തമായ നിയമങ്ങളോടെ ദൈവം രൂപപ്പെടുത്തിയ  പ്രപഞ്ചത്തിൽ ഓരോ പ്രവർത്തിയ്ക്കും ആനുപാതികമായ പ്രതിപ്രവർത്തനം ഉണ്ടാകും. ഐസക്ക് ന്യൂട്ടൻ അതു  കണ്ടുപിടിച്ചിട്ട് കുറച്ചുകാലമേ ആയുള്ളൂ എന്നുമാത്രം.  ദൈവത്തിൻറെ മഹാപദ്ധതിയിൽ  എല്ലാം ഉൾക്കൊള്ളുന്നു. നാം ഇപ്പോൾ തിന്മ എന്നു  മനസിലാക്കുന്നത് യഥാർത്ഥത്തിൽ വലിയൊരു നന്മ ആയിരിക്കാം. നമുക്ക് അതു  മനസ്സിലാകണമെങ്കിൽ ദൈവം  ചിന്തിക്കുന്ന തരത്തിൽ നാമും ചിന്തിക്കണം. നിർഭാഗ്യവശാൽ നമുക്ക് ആ കഴിവ് നഷ്ടപ്പെട്ടുപോയി. അതുകൊണ്ടാണ്  ദൈവം തിന്മ അനുവദിക്കുന്നു എന്നൊക്കെ   തോന്നുന്നത്.

ഒരു ചെറിയ ഉദാഹരണം കൊണ്ട്  വ്യക്തമാക്കാം എന്നു  കരുതുന്നു.  ഒരു വ്യക്തിയെ പുറംലോകവുമായി  യാതൊരു ബന്ധവും അനുവദിക്കാതെ  ഒരു മുറിയിൽ ഏറെനാൾ അടച്ചിടുന്നതു  ക്രൂരതയാണ് അഥവാ തിന്മയാണ് എന്നതിൽ സംശയമില്ല.   ഒരു മകനെ  അവൻറെ പിതാവ്   ഒരു മുറിയിൽ അടച്ചിടുന്നു എന്നറിയുമ്പോൾ ആ പിതാവ് എത്ര ക്രൂരനാണ്  എന്നു  മറ്റുള്ളവർ ചിന്തിക്കും. എന്നാൽ  ആ മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി    വഴിപിഴച്ച ജീവിതം നയിക്കുന്നതുകണ്ടു വേദനിച്ച പിതാവ്  അവനെ ആ തിന്മകളിൽ നിന്നെല്ലാം മോചിപ്പിക്കാനായി  യുക്തമായ ചികിത്സയും കൗൺസലിംഗും കൊടുക്കാൻ വേണ്ടിയാണ്  അവനെ മുറിയിൽ അടച്ചിട്ടിരിക്കുന്നത് എന്നറിയുന്നതു ചുരുക്കം ചിലർക്കു  മാത്രമായിരിക്കും. അവർ ആ പിതാവ് ചെയ്തതു  നന്മയാണെന്ന് സമ്മതിക്കും. ഈ  മകൻ  ഏതാനും മാസങ്ങൾക്കുശേഷം  എല്ലാ ദുശീലങ്ങളും  ഉപേക്ഷിച്ച്  സാധാരണജീവിതത്തിലേക്കു തിരിച്ചുവരുമ്പോൾ മാത്രമാണ് ആ പിതാവിൻറെ ഉദ്ദേശശുദ്ധി എല്ലാവർക്കും  മനസിലാകുന്നത്.  ദൈവത്തിൻറെ കാര്യവും ഇങ്ങനെ തന്നെയാണ്.    ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു. എന്നാൽ മനുഷ്യന് അതു  മനസിലാകുന്നത് അവസാനനിമിഷമായിരിക്കും. അതുവരെ അവൻ ദൈവം തിന്മ ചെയ്യുന്നു, തിന്മ അനുവദിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും.

Q. തിന്മയ്ക്കു കാരണം എന്നു നിങ്ങൾ പറയുന്ന പിശാചിനെ സൃഷ്ടിച്ചതും ദൈവമല്ലേ?

A. അല്ല. ദൈവം എന്തിനെയൊക്കെ സൃഷ്ടിച്ചു എന്ന് ബൈബിൾ കൃത്യമായി പറയുന്നുണ്ട്.  അതിൽ എവിടെയും പിശാചിൻറെ പേരില്ല.   നല്ലവനായി സൃഷ്ടിക്കപ്പെട്ട മാലാഖമാരിൽ ചിലർ  അവർക്കു ലഭിച്ച  സ്വാതന്ത്ര്യവും  ശക്തിയും  ദൈവത്തിനെതിരെ ദുരുപയോഗിച്ചപ്പോൾ സ്വാഭാവികമായി അവർ പിശാചുക്കൾ ആവുകയാണ് ചെയ്തത്. എസക്കിയേൽ  പ്രവചനം ഇരുപത്തിയെട്ടാം അധ്യായത്തിൽ പറയുന്നത് ഇപ്രകാരമാണ്.  ‘നിന്നെ സൃഷ്ടിച്ച നാൾ  മുതൽ  അധർമം നിന്നിൽ പ്രത്യക്ഷപ്പെട്ടതുവരെ നീ നിഷ്കളങ്കനായിരുന്നു’. നല്ലവനായി സൃഷ്ടിക്കപ്പെട്ട അവൻ തിന്മ പ്രവർത്തിച്ചതാണു  പ്രശ്നമായത്. അല്ലാതെ ദൈവം തിന്മയെ സൃഷ്ടിച്ചതല്ല. താൻ  സൃഷ്ടിച്ചതെല്ലാം നല്ലതാണെന്നു  ദൈവം കണ്ടു എന്ന് ഉല്പത്തി പുസ്തകത്തിൽ  പറയുന്നുണ്ടല്ലോ.

Q. ദൈവം ഇല്ല എന്നു  കരുതുന്നതല്ലേ മനുഷ്യൻറെ പുരോഗതിയ്ക്കു നല്ലത്? എല്ലാക്കാര്യത്തിലും ഇടപെടുന്ന ഒരു ദൈവത്തെ സഹിക്കാനാവുമോ?

പിശാചായി മാറിയ  മാലാഖമാരുടെ  ചിന്ത തന്നെയാണ് ഇതും! അവർ ചിന്തിച്ചത് ദൈവത്തെക്കൂടാതെ ഒരു സ്വർഗം പണിയാം എന്നാണ്. ഏശയ്യാ പ്രവചനം പതിനാലാം അധ്യായത്തിൽ   സ്വർഗത്തിലേക്കു  കയറി ഉന്നതങ്ങളിൽ ദൈവത്തിൻറെ നക്ഷത്രങ്ങൾക്കുപരി  തൻറെ സിംഹാസനങ്ങൾ സ്ഥാപിച്ചുകൊണ്ട്  അത്യുന്നതനെപ്പോലെ ആകാൻ  ശ്രമിക്കുന്ന ഒരുവനെക്കുറിച്ചു  പറയുന്നുണ്ട്. അവൻ തന്നെയാണ് പിശാചായത്.  ദൈവത്തെക്കൂടാതെയുള്ള പുരോഗതി നാശത്തിൽ എത്തിക്കും. ദൈവത്തിൻറെ കൂടെയുള്ള പുരോഗതി    ഐശ്വര്യത്തിലേക്കും.  

Q. ദൈവം എന്തിനു മനുഷ്യൻറെ കാര്യത്തിൽ ഇടപെടുന്നു? അവനെ സ്വതന്ത്രനായി വിടേണ്ടതല്ലേ?  

A . ആദ്യത്തെ ചോദ്യം ഒരു പിശാചുബാധിതൻ്റെതാണ് (മർക്കോസ് 5:7).  പിശാചിൻറെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ ഈ ചോദ്യം ചോദിച്ച അവൻ  പിശാചുബാധയിൽ നിന്നു  വിടുതൽ കിട്ടി പുറത്തുവന്നപ്പോൾ ആദ്യം ചോദിച്ചത്   യേശുവിനെ അനുഗമിക്കാനുള്ള അനുവാദമാണ്. ദൈവം നമ്മുടെ കാര്യത്തിൽ ഇടപെടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതു  നമ്മൾ തന്നെയാണ്.   നമ്മുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ദൈവം ഒരിക്കലും  ആഗ്രഹിക്കുന്നില്ല. ലോകത്തിൽ കോടിക്കണക്കിനു മനുഷ്യർ പാപത്തിൽ മുഴുകി ജീവിക്കുന്നുണ്ട്. അവരുടെ ജീവിതത്തിൽ പ്രത്യക്ഷമായി ദൈവം ഇടപെടുന്നില്ല.  അതിൻറെയർത്ഥം  ദൈവം നിഷ്ക്രിയനാണെന്നതല്ല, അവരുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം അവരുടെ ശരീരത്തിലും സമ്പത്തിലും    അവർക്കുള്ള വസ്തുക്കളിലും  ചൊരിയപ്പെടാൻ തക്കവിധം ഒരു ക്രമം ദൈവം പ്രപഞ്ചത്തിൽ സംവിധാനം ചെയ്തിട്ടുണ്ട്. ആത്മീയജ്ഞാനം ലഭിച്ചിട്ടില്ലാത്തവർ അതിനെ ശിക്ഷയായി കാണുന്നു എന്നു  മാത്രം.

Q.  തിന്മ ചെയ്യുന്നവനു  മോശം പ്രതിഫലം ലഭിക്കുമെന്നു  പറയുന്ന നിങ്ങൾ  തിന്മ ചെയ്തിട്ട് അനുതപിക്കുന്നവന് നല്ല പ്രതിഫലം കിട്ടുമെന്നു  പറയുന്നു.  ഒരേ പ്രവൃത്തി ചെയ്യുന്ന രണ്ടുപേർക്കു  രണ്ടു പ്രതിഫലം എന്നതു   ദൈവത്തിൻറെ ഇരട്ടത്താപ്പല്ലേ?

A.  അല്ല. ഇതിനിടയിൽ സംഭവിച്ച പശ്ചാത്താപം എന്ന കാര്യം നിങ്ങൾ മറക്കുന്നു.  പശ്ചാത്തപിക്കുന്നവനു  ദൈവം പാപം ക്ഷമിച്ചുകൊടുക്കുന്നു എന്നതായിരുന്നു യേശുവിൻറെ സുവിശേഷത്തിൻറെ സാരം.  പാപം ചെയ്തിട്ട് അനുതപിക്കാതെ  അതിൽ തന്നെ തുടർന്നുകൊണ്ട്  അതിൻറെ സ്വാഭാവികപ്രതിഫലമായ നാശം ഏറ്റുവാങ്ങാനോ  അല്ലെങ്കിൽ  അനുതപിച്ച് അതിൻറെ പരിണതഫലത്തിൽ നിന്നു രക്ഷപ്പെടാനോ ഉള്ള   രണ്ടു വഴികൾ മനുഷ്യൻറെ മുൻപിൽ എപ്പോഴും തുറന്നുവച്ചിട്ടുണ്ട്.  ജീവനും  മരണവും അനുഗ്രഹവും ശാപവും  ഞാൻ നിൻറെ മുൻപിൽ വച്ചിരിക്കുന്നു. നിനക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം  (നിയമാ  30:15-20 )എന്നു  പറഞ്ഞുകൊണ്ടു മനുഷ്യൻറെ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം  വിലമതിക്കുന്നവനാണു  താനെന്നു  ദൈവം തെളിയിച്ചിട്ടുമുണ്ട്.

Q. ഒരു തെറ്റുമാത്രം ചെയ്ത ആദത്തിനും ഹവ്വയ്ക്കും  പറുദീസയിൽ നിന്നു  ബഹിഷ്കരിക്കപ്പെടുക  എന്ന  വലിയ ശിക്ഷ നൽകിയ ദൈവം നീതിമാനാണോ? ഇന്നു  വലിയ തെറ്റുകൾ ചെയ്യുന്നവരെയും ദൈവം നേരിട്ടു ശിക്ഷിക്കുന്നില്ലല്ലോ.

രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കണം. അവർ ഒരു തെറ്റേ ചെയ്തുള്ളൂവെങ്കിലും അതിൻറെ ഗൗരവം  വലുതായിരുന്നു. ദൈവത്തിൻറെ കൂടെ  നടന്നിരുന്ന അവർക്ക്, ഇന്നു  നമുക്കറിയാവുന്നതിനെക്കാൾ എത്രയോ ഇരട്ടി ദൈവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അവർ ദൈവത്തിൻറെ സാമീപ്യവും സ്നേഹവും കരുതലും നമ്മെക്കാൾ എത്രയോ ഇരട്ടി അനുഭവിച്ചവരായിരുന്നു!  കൂടുതൽ ലഭിച്ചവനിൽ നിന്നു  കൂടുതൽ  ചോദിക്കും എന്ന ലോകനിയമം അനുസരിച്ച് ഇത്രമേൽ ദൈവാനുഭവം ഉണ്ടായ  അവരിൽ നിന്ന്  തിരിച്ച് അത്രയധികമായി  ദൈവാരാധന  പ്രതീക്ഷിക്കുന്നതു  ന്യായമല്ലേ?  നാം ഇന്നു ചെയ്യുന്ന ഒരു പാപം  ആദവും  ഹവ്വയും അന്നു  ചെയ്തുവെങ്കിൽ അതിൻറെ ഗൗരവം ഇന്നത്തേക്കാൾ കൂടുതലാണ്.  പിന്നെ ഇന്നു നാം ഉടനടി ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ   അതു ദൈവത്തിൻറെ  കരുണ മാത്രമാണ്.  ആ കരുണ നാം ഏറ്റവുമധികം  അനുഭവിക്കുന്നത് യേശുക്രിസ്തുവിൻറെ കുരിശുമരണത്തിലാണ്.

രണ്ടാമത്തെ കാര്യമാണു കൂടുതൽ പ്രധാനം.  ഏദൻ തോട്ടത്തിൽ നിന്നു  പുറത്താക്കപ്പെട്ടത്   ആദത്തിനും ഹവ്വയ്ക്കുമുള്ള ശിക്ഷയായിരുന്നു എന്ന് ആരാണു പറഞ്ഞത്? ബൈബിൾ അങ്ങനെ പഠിപ്പിക്കുന്നില്ല.  ഉല്പത്തി   പുസ്തകം  മൂന്നാം അധ്യായം  14  മുതൽ  24  വരെയുള്ള വാക്യങ്ങൾ ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകുന്ന കാര്യം പാപത്തിൻറെ ഫലമായി ശാപമേൽക്കേണ്ടിവന്നതു    സർപ്പത്തിനും പിന്നെ ഭൂമിയ്ക്കുമാണ് എന്നാണ്.  തോലുകൊണ്ടുള്ള  ഉടയാട നൽകി ആദത്തെയും ഹവ്വയേയും   സത്യത്തിൽ സംരക്ഷിക്കുകയാണ്  ദൈവം ചെയ്തത്.  അവരെ തോട്ടത്തിൽ നിന്നു  പുറത്താക്കിയത് അവർ  പാപാവസ്ഥയിൽ ജീവൻറെ വൃക്ഷത്തിൽ നിന്നുകൂടി ഫലം ഭക്ഷിച്ച്  അമർത്യരാകാതിരിക്കാൻ വേണ്ടി, അതായത് നിത്യനരകത്തിൽ വീഴാതിരിക്കാൻ വേണ്ടി ആയിരുന്നു.  അതു ദൈവത്തിൻറെ  വലിയൊരു കരുണയായിരുന്നു. അപ്രകാരം  തോട്ടത്തിൽ നിന്നു പുറത്താക്കപ്പെടുന്നതിനു മുൻപു തന്നെ  അവർക്കായി ഒരു രക്ഷകനെ അയയ്ക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരുന്നു.

Q. ഇതൊന്നും വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല.

A. അതു തികച്ചും  സ്വാഭാവികമാണ്. കാരണം  ലൗകികമനുഷ്യനു  ദൈവാത്മാവിൻറെ ദാനങ്ങൾ ഭോഷത്തമാകയാൽ അവൻ അതു  സ്വീകരിക്കുന്നില്ല   എന്നും ആ ദാനങ്ങൾ   ആത്മീയമായി വിവേചിക്കപ്പെടേണ്ടവയാകയാൽ അവ ഗ്രഹിക്കാൻ അവനു  സാധിക്കുന്നില്ല എന്നും   ബൈബിൾ പ്രസ്താവിക്കുന്നു (1 കൊറി  2:14).

Q. അതിൻറെയർത്ഥം ദൈവത്തിൽ വിശ്വസിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ലേ എന്നല്ലേ? അത് ദൈവം (നിങ്ങൾ പറയുന്നതുപോലെ ദൈവം ഉണ്ടെങ്കിൽ)  എന്നോടു  കാണിക്കുന്ന അനീതിയല്ലേ?

A.  ഒരിക്കലുമല്ല.  ദൈവത്തിൽ വിശ്വസിക്കാതിരുന്ന അനേകം പേർ പിൽക്കാലത്ത് തീക്ഷ്ണതയുള്ള ദൈവവിശ്വാസികളായി മാറിയ ചരിത്രം നമ്മുടെ മുൻപിലുണ്ട്.  അതിനു വേണ്ടത്  ബുദ്ധിയിലെ അന്ധകാരം നീക്കിക്കളയാൻ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുകയാണ്. ബുദ്ധിയിൽ നിറഞ്ഞിരിക്കുന്ന അന്ധകാരം  ദൈവത്തിൻറെ പ്രകാശത്തെ  കടത്തിവിടാതെ  തടയുന്നതുകൊണ്ടാണ് ദൈവം ഇല്ല എന്നൊക്കെയുള്ള  അബദ്ധധാരണകൾ മനസ്സിൽ ഉദിക്കുന്നത്. അതിനു പരിഹാരമായി എളിമപ്പെടുക. സത്യം മനസിലാക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുക.  ഏതൊരു നിരീശ്വരവാദിക്കും അതിനുള്ള കൃപ നല്കാൻ  ദൈവം  സദാ സന്നദ്ധനാണ് എന്ന കാര്യം ഇപ്പോൾ മനസിലായില്ലെങ്കിലും ഒരുദിവസം  നിങ്ങൾ അതു  മനസിലാക്കുമെന്ന പ്രത്യാശ ഞങ്ങൾക്കുണ്ട്. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.