എന്തായിരുന്നു പുറപ്പാട്? ഇസ്രായേൽ ജനം ദൈവത്തിൻറെ പ്രത്യേക സഹായത്തോടെ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തിൽ നിന്നു രക്ഷപ്പെട്ട ഒരു സംഭവം മാത്രമായിരുന്നോ അത്? അതോ നാം കാണുന്നതിന് അപ്പുറമൊരു മാനം ആ സംഭവത്തിനുണ്ടായിരുന്നോ? ഒരു മഹാമാരി കൊണ്ടുതന്നെ ഫറവോയുടെ മനസുമാറ്റാൻ ദൈവത്തിനു കഴിയുമായിരുന്നിട്ടും എന്തുകൊണ്ടാണ് അവിടുന്ന് പത്തു മഹാമാരികൾ കൊണ്ട് ഈജിപ്തിനെ പ്രഹരിച്ചത്? ഈയിടെ കാണാനിടയായ ഒരു വീഡിയോ പുറപ്പാട് സംഭവത്തെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ചകൾ നൽകി. അതിൻറെ തുടർച്ചയാണ് ഈ ലേഖനം.
അക്കാലത്തെ ഈജിപ്തിൽ നിലനിന്നിരുന്ന രണ്ടു വ്യത്യസ്ത ദൈവാരാധനാരീതികൾ തമ്മിലുള്ള സംഘർഷത്തിൻറെ ചരിത്രം അവതരിപ്പിക്കാനുള്ള ഒരു പശ്ചാത്തലമായിവേണം യാക്കോബിൻറെ സന്തതികളുടെ ഭൗതികമായ അടിമത്തത്തെ കാണാൻ. ആദ്യത്തെ ദൈവാരാധനാരീതി, നമുക്കറിയാവുന്നതുപോലെ തന്നെ ‘അബ്രാഹത്തിൻറെയും ഇസഹാക്കിൻറെയും യാക്കോബിൻറെയും ദൈവം’ (പുറ 3:6) എന്നു സ്വയം പരിചയപ്പെടുത്തിയ ഏകദൈവത്തോടുള്ള ഇസ്രായേൽക്കാരുടെ ആരാധനയും രണ്ടാമത്തേത് എണ്ണിയാലൊടുങ്ങാത്ത വിജാതീയദേവന്മാരുടെ വിഗ്രഹങ്ങളെ കേന്ദ്രീകരിച്ചുള്ള (പുറ 12:12) ഈജിപ്തുകാരുടെ ആരാധനയും ആയിരുന്നു.
മനുഷ്യൻറെ മനസ് എപ്പോഴും തിന്മയിലേക്കു ചാഞ്ഞിരിക്കുന്നതുകൊണ്ടും കണ്ണിന് ഇമ്പമുള്ളവ അവനെ ആകർഷിക്കുന്നതുകൊണ്ടും ആ വിഗ്രഹങ്ങളാൽ സ്വയം അശുദ്ധരാകാൻ ഇസ്രായേൽ മക്കൾ തങ്ങളെത്തന്നെ വിട്ടുകൊടുത്തു. തൻറെ മക്കൾ തൻറെ മഹത്വത്തെ വിഗ്രഹങ്ങൾക്കു പകരമായി കൈമാറി ( റോമാ 1:23) എന്നതു ദൈവത്തിൻറെ എന്നത്തേയും വിലാപമായിരുന്നു. ‘ഈജിപ്തിലെ വിഗ്രഹങ്ങൾ വഴി നിങ്ങളിലാരും അശുദ്ധരാകരുത്’ (എസ. 20:7) എന്ന മുന്നറിയിപ്പിൻറെ അനുരണനങ്ങൾ വിശുദ്ധഗ്രന്ഥത്തിൽ പലയിടത്തും നമുക്കു കാണാം.
ഈജിപ്തിലെ വ്യാജദൈവങ്ങളുടെ സൈന്യത്തെ പരാജയപ്പെടുത്തുന്ന സത്യദൈവം തൻറെ ജനത്തെ അവയുടെ ആത്മീയ അടിമത്തതിൽ നിന്നു മോചിപ്പിക്കുന്നതിൻറെ ചരിത്രമാണ് പുറപ്പാട്. ഇക്കാര്യം മനസിലോർത്തുകൊണ്ടു പുറപ്പാടിനു മുൻപുള്ള ദിവസങ്ങളിൽ ഒന്നിനു പിറകെ ഒന്നായി സംഭവിച്ച ആ കാര്യങ്ങളിലേക്ക് ഒരിക്കൽ കൂടി നമുക്കു കണ്ണോടിക്കാം.
ഈജിപ്തുകാർ നൈൽ നദിയെ ജീവദായകൻ എന്ന നിലയിൽ ദൈവമായി ആരാധിച്ചിരുന്നു. നൈലിലെ വെള്ളത്തെ രക്തമാക്കിയതിലൂടെ (പുറ 7:20) ദൈവം അതിനെ ജീവൻറെയല്ല, മരണത്തിൻറെ നദിയാക്കി മാറ്റി. രാജ്യം തവളകളെക്കൊണ്ടു നിറയുകയും അവ ഫറവോയുടെ കൊട്ടാരത്തിലും കിടപ്പറയിലും കിടക്കയിലും വരെ കയറിപ്പറ്റുകയും ചെയ്തപ്പോൾ (പുറ 8:3) തവളയുടെ മുഖമുള്ള Hequet എന്ന ഈജിപ്ഷ്യൻ ദൈവം ലജ്ജിതനായി. ഭൂമിയിലെ പൂഴിയിൽ നിന്ന് ഉയർന്നുവന്ന പേൻ മനുഷ്യരെയും മൃഗങ്ങളെയും ബാധിച്ചപ്പോൾ (പുറ 81:7) ഈജിപ്തുകാരുടെ Gab എന്ന ഭൂമിദൈവം നിസഹായനായിരുന്നു.
ഈച്ചകളുടെ കൂട്ടം ഫറവോയുടെയും സേവകരുടെയും ഭവനങ്ങൾ മാത്രമല്ല, രാജ്യം മുഴുവനിലും നിറഞ്ഞപ്പോൾ (പുറ 8:24) അവയുടെ മേൽ അധികാരമുണ്ടെന്ന് അവർ കരുതിയിരുന്ന Uatchit എന്ന ഈച്ച ദൈവം നിശബ്ദനായിരുന്നു. ഈജിപ്തുകാരുടെ മൃഗങ്ങൾ എല്ലാം ചത്തൊടുങ്ങുകയും എന്നാൽ ഇസ്രായേൽക്കാരുടെ മൃഗങ്ങളിൽ ഒന്നുപോലും നഷ്ടപ്പെടാതിരിക്കുകയും ചെയ്തപ്പോൾ ഈജിപ്തുകാരുടെ Hathor എന്ന പശുദൈവത്തിനോ Apis എന്ന കാളദൈവത്തിനോ അതു തടയാൻ കഴിഞ്ഞില്ല.
സൗഖ്യത്തിൻറെ ദേവനായിരുന്നു Imhotep. എന്നാൽ ഈജിപ്തിലെ മുഴുവൻ ജനത്തിൻറെയും മേൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ വന്നു നിറഞ്ഞപ്പോൾ (പുറ 9:10) അവരെ സുഖപ്പെടുത്താൻ Imhotepനും കഴിഞ്ഞില്ല. ആകാശം കന്മഴയും മിന്നൽപ്പിണരുകളും വർഷിച്ചപ്പോൾ (പുറ 9:23) ആകാശദേവനായ Nut നിശബ്ദനായി അതു നോക്കിനിന്നു. പിന്നെ വന്നതു വെട്ടുക്കിളികളുടെ കൂട്ടമായിരുന്നു. അവ നാട്ടിലെ കൃഷിയെല്ലാം നശിപ്പിച്ചപ്പോൾ (പുറ 10:14) വിളവിൻറെയും ഉർവരതയുടെയും ദൈവമായ Osiris തൻറെ ഭക്തരെ രക്ഷിക്കാനായി വന്നില്ല. Ra എന്ന സൂര്യദേവൻ ഈജിപ്ഷ്യൻ ദൈവങ്ങളിൽ പ്രമുഖനും അതിശക്തനുമായി കരുതപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസത്തെ ഘോരാന്ധകാരത്തിൽ (പുറ 10:22) Ra ശ്രദ്ധിക്കപ്പെട്ടതു തൻറെ അസാന്നിധ്യം കൊണ്ടു മാത്രമായിരുന്നു.
ഈജിപ്തുകാർക്കു പരീക്ഷിക്കാനായി ഇനിയും ഒരു ദൈവം കൂടി അവശേഷിക്കുന്നുണ്ടായിരുന്നു. അതു മറ്റാരുമായിരുന്നില്ല; രാജാവായ ഫറവോ തന്നെയായിരുന്നു. ജനം ഫറവോയെ ദൈവമായി കരുതിയിരുന്നതിനാൽ അവർ തന്നെ ആരാധിക്കണം എന്നു ഫറവോയും ആഗ്രഹിച്ചിരുന്നു. എന്നാൽ വിഗ്രഹാരാധനയിൽ മുഴുകിയ ആ ദേശത്തിനു മേൽ സത്യദൈവത്തിൻറെ ശക്തമായ കരം പതിച്ചപ്പോൾ ഫറവോയുടെ ആദ്യജാതനും അതിൽ നിന്ന് ഒഴിവാക്കപ്പെട്ടില്ല (പുറ 12:29). എന്നുമാത്രമല്ല, ഫറവോയുടെ ആദ്യജാതനും അവനോടൊപ്പം അന്നു വധിക്കപ്പെട്ട ഈജിപ്തിലെ മറ്റു മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരും തമ്മിൽ ദൈവം ഒരു ഭേദവും കല്പിച്ചില്ല. ദൈവസമാനം ഉയർത്തപ്പെടാൻ ആഗ്രഹിച്ച ഫറവോയുടെ അഹങ്കാരത്തിനു ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു അത്.
സത്യമായും അതൊരു വെറും പുറപ്പാട് മാത്രമായിരുന്നില്ല. വിഗ്രഹാരാധനയ്‌ക്കെതിരെയുള്ള ഒരു വിശുദ്ധയുദ്ധമായിരുന്നു അത്. ഈജിപ്തുകാർ ആരാധിച്ചിരുന്ന വ്യാജദൈവങ്ങളെ തെരഞ്ഞുപിടിച്ചുള്ള ഒരു സർജിക്കൽ സ്ട്രൈക്ക്! മോശയെയും അഹറോനെയും മുന്നിൽ നിർത്തി സ്വർഗം നയിച്ച ആ യുദ്ധം ഈജിപ്തിനെയും അവിടുത്തെ രാജാവായ ഫറവോയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കാരണം ആ ആക്രമണം ഭൗതികമെന്നതിനെക്കാൾ ആത്മീയമായിരുന്നു. പുറപ്പാട് വെറുമൊരു വിമോചനം മാത്രമല്ല, പിന്നെയോ ഒരു വെളിപാടു കൂടിയായിരുന്നു. ഒരു വ്യാജദൈവത്തിനും സത്യദൈവത്തിൻറെ മുൻപിൽ പിടിച്ചുനിൽക്കാനാകില്ല എന്ന വെളിപാട്. അവയൊക്കെയും വിലകെട്ട മനുഷ്യനിർമ്മിത വിഗ്രഹങ്ങൾ മാത്രമാണെന്ന വെളിപാട്. വിഗ്രഹങ്ങൾ തകരുന്നിടത്താണ് യഥാർത്ഥ സ്വാതന്ത്ര്യം ആരംഭിക്കുന്നത് എന്ന വലിയ വെളിപാട്!
നമുക്കുള്ള പാഠവും ഇവിടെയാണ്. നാം ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങൾ – അഹങ്കാരം, ധനം, അധികാരം, പ്രശസ്തി, സൗന്ദര്യം, നേട്ടങ്ങൾ, ലോകസുഖങ്ങൾ- എല്ലാം യാഥാർത്ഥവിമോചനത്തിനുള്ള തടസങ്ങളാണ്. അവയെ സ്വയം തകർക്കുക. അല്ലെങ്കിൽ ദൈവം അവയെ നിശ്ചയമായും തകർത്തിരിക്കും. കാരണം തൻറെ മക്കൾ പിശാചിൻറെ അടിമത്തവും പേറി ഈ പ്രവാസദേശത്തുനിന്നു പുറപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല.