ഒരു വ്യക്തിയുടെ വസ്ത്രധാരണരീതി അയാളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. നമ്മുടെ മുൻ തലമുറകളിലെ അമ്മച്ചിമാർ ചട്ടയും മുണ്ടും ധരിച്ചിരുന്നത് അത് എളുപ്പമായതുകൊണ്ടല്ല, മറിച്ച് സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അവർ അറിഞ്ഞിരുന്നതുകൊണ്ടാണ് (1 തെസ 4:4). ചുറ്റുമുള്ള ജനങ്ങൾ ഇറുകിയ വസ്ത്രങ്ങൾ ധരിച്ചിരുന്നപ്പോഴും പിറകിൽ ഞൊറിവുകളുള്ള മുണ്ടും അയഞ്ഞ ചട്ടയും അതിനു മുകളിൽ ഒരു മേൽമുണ്ടും ധരിച്ചിരുന്ന ക്രിസ്ത്യൻ സഹോദരിമാർ തങ്ങളുടെ ശരീരങ്ങൾ ആരുടേയും കണ്ണുകൾക്കു വിരുന്നാവരുതെന്ന് ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ ആ ജ്ഞാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയിലാണു നാം ജീവിക്കുന്നത്.
സ്വന്തം നഗ്നത പുറത്തു കാണിക്കാത്തതും മറ്റുള്ളവർക്ക് ഇടർച്ചയ്ക്കു കാരണമാകാത്തതുമായ ഏതു വേഷവും ക്രിസ്ത്യാനിയ്ക്ക് അനുവദനീയമാണ്. എന്നാൽ ഈയിടെയായി നമ്മുടെ ദൈവാലയങ്ങൾ ശരീരപ്രദർശനത്തിനുള്ള വേദിയായി മാറുന്നു എന്നു പറയാതിരിക്കാൻ വയ്യ. ശരീരം തുറന്നുകാണിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചുകൊണ്ടു ദൈവാലയത്തിൽ വരാൻ നമ്മുടെ സഹോദരിമാരിൽ പലർക്കും ഒരു ലജ്ജയുമില്ല. ചുരിദാർ ഉപയോഗിക്കുമ്പോൾ ദൈവാലയത്തിലെങ്കിലും അതിൻറെ കൂടെ ഒരു ഷാൾ ധരിക്കണം എന്നു നമ്മുടെ പെൺകുട്ടികളെ ഇനിയും പറഞ്ഞുപഠിപ്പിക്കേണ്ടിയിരിക്കുന്നു. തീരെ ചെറിയ കുഞ്ഞുങ്ങളൊഴികെ മറ്റാരും മുട്ടിനു മുകളിൽ കിടക്കുന്ന വസ്ത്രം ധരിക്കരുത് എന്ന കാര്യവും പലരും മറന്നുപോകുന്നു. കുനിഞ്ഞുനിൽക്കുമ്പോഴും കൈ ഉയർത്തുമ്പോഴും അടിവസ്ത്രം പുറത്തുകാണുന്ന തരത്തിലുള്ള വേഷം അഭിമാനമായി കരുതുന്നവരും കൂടിയാകുമ്പോൾ ദൈവാലയങ്ങൾ കൃത്യമായും ശരീരപ്രദർശനവേദികളായി മാറുന്നു.
വിവാഹവും ആദ്യകുർബാനയും ജ്ഞാനസ്നാനവും എന്തിനു മൃതസംസ്കാരം പോലും സ്വന്തം ആടയാഭരണങ്ങളും വേഷവിധാനങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരമായി പലരും ഉപയോഗിക്കുന്നു. അൾത്താരയിൽ നിന്നു കൂദാശകൾ പരികർമ്മം ചെയ്യുന്ന പുരോഹിതനു പോലും ഇടർച്ചയ്ക്കു കാരണമാകുന്ന തരത്തിൽ സ്വന്തം ശരീരം തുറന്നുകാണിക്കാൻ ആരാണു നിങ്ങൾക്ക് അധികാരം തന്നത്? ഇതിനൊക്കെ വലിയ വില കൊടുക്കേണ്ടിവരും എന്നു മാത്രം ഓർമിപ്പിക്കുന്നു.
വിവാഹത്തിനു വധുവിൻറെ തോഴിയായി വന്ന ചെറുപ്പക്കാരിയുടെ മോശം വസ്ത്രധാരണം കണ്ടപ്പോൾ അവരോടു ദൈവാലയത്തിനു പുറത്തേക്കു പോകാൻ കേരളസഭയിലെ ഒരു മെത്രാനു പരസ്യമായി പറയേണ്ടിവന്നു എന്നതു നമുക്ക് അഭിമാനമാണോ? മാന്യമായി വേഷം ധരിച്ചുവന്നില്ലെങ്കിൽ വിവാഹത്തിനു കാർമികനാകാൻ തന്നെക്കിട്ടില്ല എന്നു പറഞ്ഞ്, മൊബൈൽ ഫോണും ഓഫ് ചെയ്തു പള്ളിമുറിയിൽ കയറി കതകടച്ചിരുന്ന ഒരു വൈദികനും നമ്മുടെ സഭയിലുണ്ട്. തിടുക്കത്തിൽ പോയി വാങ്ങിക്കൊണ്ടുവന്ന ഏതോ വിലകുറഞ്ഞ തുണി കൊണ്ടു ശരീരം മറച്ചതിനു ശേഷമാണ് ആ വൈദികൻ വിവാഹം പരികർമം ചെയ്യാൻ തയാറായത്. നമ്മുടെ വൈദികരെക്കൊണ്ട് ഇത്രയ്ക്കും കടുത്ത നടപടികൾ എടുപ്പിക്കണോ എന്നു നമ്മുടെ സഹോദരിമാർ ചിന്തിക്കണം.
ശിരസു മൂടാതെ പ്രാർഥിക്കുന്ന ഏതൊരു സ്ത്രീയും തൻറെ ശിരസിനെ അവമാനിക്കുന്നു എന്നും അത് അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ് എന്നും (1 കൊറി 10:5) വിശുദ്ധഗ്രന്ഥം പറയുന്നു. എന്നിട്ടും കുർബാനയ്ക്കിടയിൽ ലേഖനം വായിക്കുന്ന സഹോദരിമാർ പോലും പലപ്പോഴും ശിരോവസ്ത്രത്തിൻറെ കാര്യം മറന്നുപോകുന്നു എന്നതു കഷ്ടമാണ്. കഴുത്തോ ശിരസോ മുടിയോ മറയ്ക്കാൻ ഉപകരിക്കാത്ത ഒരു തുണിക്കഷണമാണ് ശിരോവസ്ത്രം എന്ന പേരിൽ ഇന്നു പല മണവാട്ടിമാരും ധരിക്കുന്നത്. ക്രിസ്തീയദൈവാലയങ്ങളിലെ ഡ്രസ്സ് കോഡ് തീരുമാനിക്കുന്നതു സഭയല്ല, ബ്യൂട്ടീഷനാണ് എന്ന കാര്യം സഭയ്ക്കു ഭൂഷണമല്ല.
ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വേഷം ധരിക്കുന്നത് ഒരു തരം മാനസികരോഗമാണ് (Exhibitionism). മക്കൾ അതിന് അടിപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതു മാതാപിതാക്കളാണ്. എന്നാൽ ഇപ്പോൾ മാനസികരോഗത്തിൻറെ തലവും കടന്ന് ഈ മ്ലേച്ഛത വളർന്നിരിക്കുന്നു. സ്വന്തം ശരീരത്തെ പ്രദർശനവസ്തുവാക്കുകയും അതുവഴി മറ്റുള്ളവർക്കു പാപകാരണവും ദുർമാതൃകയും ആകുകയും ചെയ്യുന്നവർക്കു ദുരിതം, ദുരിതം, ദുരിതം!
വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവനു കൂടുതൽ നല്ലത്, ഒരു വലിയ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ് (മർക്കോസ് 9:42) എന്നു പറഞ്ഞ കർത്താവീശോമിശിഹായുടെ തിരുസന്നിധിയിൽ തന്നെയാണ് ഈ ശരീരപ്രദർശനം അരങ്ങേറുന്നത് എന്നതാണ് ഏറെ വേദനാകരം. സ്വന്തം നഗ്നതയെക്കുറിച്ചു ബോധ്യം വന്നപ്പോൾ ദൈവസന്നിധിയിൽ നിന്നു മാറിനിൽക്കാനുള്ള ജ്ഞാനമെങ്കിലും ആദത്തിനും ഹവ്വയ്ക്കും ഉണ്ടായിരുന്നു! മോശയിലൂടെ കർത്താവ് കൽപിച്ചത് നാം ഓർക്കണം. ‘ എൻറെ ബലിപീഠത്തിൻ മേൽ നിൻറെ നഗ്നത കാണപ്പെടാതിരിക്കാൻ നീ അതിൻമേൽ ചവിട്ടുപടികളിലൂടെ കയറരുത്’ [പുറ. 20:26]. ദൈവാലയത്തിൻറെ വിശുദ്ധി അറിയാത്തതുകൊണ്ടാണോ നമ്മുടെ തലമുറ ബലിപീഠത്തിനു മുൻപിൽ പോലും നിർലജ്ജം തങ്ങളുടെ നഗ്നത പ്രദർശിപ്പിക്കുന്നത്!
ഇനിയിപ്പോൾ മോശം വസ്ത്രം ധരിച്ചുവരുന്നവരെ കഴുത്തിൽ തിരികല്ലു കെട്ടി കടലിലെറിയാമെന്നുവച്ചാൽ ഒരുപക്ഷേ അറബിക്കടലിലെ ജലനിരപ്പ് ഉയർന്നു കേരളത്തെ വിഴുങ്ങിക്കളഞ്ഞെന്നുമിരിക്കും. അത്രമാത്രം ഈ തിന്മ നമ്മുടെ സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.
സ്വന്തം വസ്ത്രധാരണം കൊണ്ടു മറ്റുളളവർക്ക് ഇടർച്ച നൽകുന്നവരെ ഓർത്തുകൊണ്ടും അവർ പരിപാവനമായ ദൈവാലയങ്ങളെ ശരീരപ്രദർശനത്തിനുള്ള വേദിയാക്കി നിന്ദിക്കുന്നതിനെ ഓർത്തുകൊണ്ടും അവർക്കു വേണ്ടി പരിഹാരം ചെയ്തു പ്രാർഥിക്കുക എന്നതല്ലാതെ മറ്റൊരു വഴിയും അവശേഷിച്ചിട്ടില്ല. ‘നിൻറെ നഗ്നത മറ്റുളളവർ കണ്ട് നീ ലജ്ജിതനാകാതിരിക്കുവാൻ ശുഭ്രവസ്ത്രങ്ങൾ എന്നോടു വാങ്ങുക’ [വെളി. 3:18] എന്നുപദേശിക്കുകയും നമ്മുടെ പാപങ്ങൾക്കു വേണ്ടി വിവസ്ത്രനാക്കപ്പെടുകയും ചെയ്ത യേശുക്രിസ്തു അവർക്കും നമുക്കും കൃപയുടെ പുതുവസ്ത്രം നൽകി അനുഗ്രഹിക്കട്ടെ എന്നും പ്രാർഥിക്കാം.