അനുദിനമെന്നോണം വൈദികർ വിമർശനവിധേയരായിക്കൊണ്ടിരിക്കുന്ന കാലമാണിത്. നിർഭാഗ്യകരമെന്നു പറയട്ടെ, വൈദികരെ വിമർശിക്കുന്നതിൽ നല്ലൊരു പങ്കും ക്രിസ്ത്യാനികളും, അതിൽ തന്നെ കൂടുതലും കത്തോലിക്കരും ആണ്. എന്നാൽ അതിനേക്കാൾ ദുഖകരം വൈദികരെ വിമർശിക്കുന്നവർ ഉപയോഗിക്കുന്ന വാക്കുകൾ പലപ്പോഴും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതാണെന്നതാണ്.
ഈ സാഹചര്യത്തിൽ Mutter Vogel എന്ന സഹോദരിയ്ക്ക് മുക്കാൽ നൂറ്റാണ്ടിനപ്പുറം കർത്താവ് നൽകിയ സന്ദേശങ്ങൾ ഓർത്തെടുക്കുന്നത് നല്ലതാണ്.
വൈദികരെ വിമർശിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ കർത്താവ് Mutter Vogelനു കൊടുത്ത വെളിപ്പെടുത്തലുകൾ.
‘ഒരു വൈദികൻ തെറ്റു ചെയ്യുമ്പോൾ പോലും ഒരിക്കലും ആ വൈദികനെ ആക്രമിക്കരുത്. പകരം ആ വൈദികനു ഞാൻ വീണ്ടും എൻറെ കൃപ നൽകുന്നതിനുവേണ്ടി പ്രാർഥിക്കുകയും അദ്ദേഹത്തിനു വേണ്ടി പരിഹാരം ചെയ്യുകയും ചെയ്യുക. എൻറെ മാതൃക അനുസരിച്ചു ജീവിക്കുന്നില്ലെങ്കിൽ പോലും അദ്ദേഹം എന്നെ പൂർണമായും പ്രതിനിധാനം ചെയ്യുന്നുണ്ട്!
ഒരു പുരോഹിതൻ വീണുപോകുമ്പോൾ അദ്ദേഹത്തെ ആക്രമിക്കുകയല്ല, മറിച്ചു പ്രാർത്ഥനയിലൂടെ അദ്ദേഹത്തെ സഹായിക്കുകയാണ് നീ ചെയ്യേണ്ടത്. പുരോഹിതനെ വിധിക്കുന്നതു ഞാനാണ്, ഞാനല്ലാതെ മറ്റാരുമല്ല!
ഒരു പുരോഹിതനെതിരെ വിധിപ്രസ്താവം നടത്തുന്നവർ എനിക്കെതിരെ തന്നെയാണ് അതു ചെയ്യുന്നത്. എൻറെ കുഞ്ഞേ, നീ ഒരിക്കലും ഒരു പുരോഹിതനെ ആക്രമിക്കാൻ വിട്ടുകൊടുക്കരുത്, പിന്നെയോ അദ്ദേഹത്തിനു പ്രതിരോധം തീർക്കുക.
കുഞ്ഞേ, ഒരിക്കലും നിൻറെ കുമ്പസാരക്കാരനെ വിധിക്കരുത്. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും വ്യാഴാഴ്ചകളിലെ പരിശുദ്ധ കുർബാന എൻറെ പരിശുദ്ധ അമ്മയുടെ കരങ്ങളിലൂടെ അദ്ദേഹത്തിനു വേണ്ടി സമർപ്പിക്കുകയും ചെയ്യുക.
ഒരിക്കലും ഒരു പുരോഹിതനെതിരെ ഉച്ചരിക്കപ്പെടുന്ന തെറ്റായതോ വഴിവിട്ടതോ ആയ വാക്കുകൾ കേൾക്കാൻ നിൽക്കരുത്. സത്യമായ കാര്യത്തെക്കുറിച്ചാണെങ്കിൽ പോലും അദ്ദേഹത്തോടു ദയാശൂന്യമായ വാക്കുകൾ പറയരുത്. ഓരോ വൈദികനും എൻറെ പകരക്കാരനാകയാൽ അത്തരം വാക്കുകൾ എൻറെ ഹൃദയത്തെ വേദനിപ്പിക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഒരു വൈദികനെതിരെ ആരെങ്കിലും സംസാരിക്കുന്നതു കേട്ടാൽ നീ ഒരു ‘നന്മ നിറഞ്ഞ മറിയമേ’ ചൊല്ലുക.
ഒരു വൈദികൻ അയോഗ്യതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്നതു കാണുകയാണെങ്കിൽ അതിനെക്കുറിച്ച് അദ്ദേഹത്തോട് ഒന്നും പറയേണ്ടതില്ല, നീ അത് എന്നോടുമാത്രം പറയുക! ബലിപീഠത്തിൽ വൈദികൻറെ ചാരത്തു നിൽക്കുന്നതു ഞാൻ തന്നെയാണല്ലോ!
എൻറെ പുരോഹിതർ എല്ലാറ്റിലും ഉപരിയായി വിശുദ്ധിയെ സ്നേഹിക്കാനും നിർമലമായ കരങ്ങളോടും വിശുദ്ധമായ ഹൃദയത്തോടും കൂടി പരിശുദ്ധ കുർബാന അർപ്പിക്കാനും വേണ്ടി തീവ്രമായി പ്രാർഥിക്കുക. തീർച്ചയായും അയോഗ്യനായ ഒരു വൈദികൻ അർപ്പിക്കുന്ന പരിശുദ്ധബലിയും മറ്റേതു ബലിയും പോലെ തന്നെയാണ്. എന്നാൽ അതിൽ പങ്കെടുക്കുന്നവരിലേക്കു പകരപ്പെടുന്ന കൃപകൾ വ്യത്യസ്തമായിരിക്കും.
[ Mutter Vogel [1872-1956] ജർമ്മനിയിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ മൂന്നാം സഭാംഗമായിരുന്നു. അവർക്കു കിട്ടിയ സന്ദേശങ്ങൾ Alfons Maria Weigl (1903-1990) എന്ന ജർമൻ വൈദികൻ Mutter Vogls weltweite Liebe (“Mother Vogls Worldwide Love”) എന്ന പേരിൽ പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത് അറുപതു വർഷം മുൻപാണ്. Mutter Vogel’s Worldwide Love, St. Grignion Publishing House, Altoting, South Germany – 29.6.1929].
[അവലംബം ” PIETA PRAYER BOOK പേജ് 70 ]
വൈദികരോട് ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹം മിശിഹായുടെ പകരക്കാരൻ ആണെന്ന ചിന്ത നമ്മുടെ ഉള്ളിൽ ഉണരട്ടെ എന്നു പ്രാർഥിക്കാം. വൈദികരെ വിധിക്കാൻ കർത്താവ് നമ്മെ അനുവദിച്ചിട്ടില്ല.വൈദികർ നമ്മുടെയല്ല, കർത്താവിൻറെ സേവകരാണ്. ‘മറ്റൊരാളുടെ സേവകനെ വിധിക്കാൻ നീ ആരാണ്? സ്വന്തം യജമാനൻറെ സന്നിധിയിലാണ് അവൻ നിൽക്കുകയോ വീഴുകയോ ചെയ്യുന്നത്. അവനെ താങ്ങിനിർത്താൻ യജമാനനു കഴിവുള്ളതുകൊണ്ട് അവൻ നിൽക്കുക തന്നെ ചെയ്യും’ [റോമാ 14:4] എന്ന വചനം നമുക്ക് ഓർക്കാം.
വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികർക്കുവേണ്ടി പ്രാർഥിക്കണ