ദൈവാലയത്തിൻറെ നിയമം

എന്താണ് ദൈവാലയത്തിൻറെ നിയമം? അഥവാ ദൈവാലയത്തിനു  പ്രത്യേകിച്ചൊരു നിയമമുണ്ടോ? ഉണ്ടെന്നാണ് വിശുദ്ധഗ്രന്ഥം പറയുന്നത്.  ആ നിയമം മനസിൽ വച്ചുകൊണ്ടാണ് കർത്താവീശോമിശിഹാ ഇങ്ങനെ പറഞ്ഞത്. ‘എൻറെ ആലയം  പ്രാർത്ഥനാലയം  എന്ന്   എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ  കവർച്ചക്കാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു’ [ ലൂക്കാ 19:46].

അപ്പോൾ എന്താണ് ദൈവാലയത്തിൻറെ നിയമം? അത് എല്ലാവർക്കും വെളിപ്പെട്ടു കിട്ടുന്ന രഹസ്യമല്ല എന്നാണ് വിശുദ്ധ ഗ്രന്ഥം  പറയുന്നത്. ദൈവാലയത്തിൻറെ നിയമം അറിയണമെങ്കിൽ  അതിനുള്ള യോഗ്യത വേണം. അങ്ങനെയെങ്കിൽ എന്താണ് അത് അറിയാനുള്ള യോഗ്യത?   വിചിത്രമെന്നു തോന്നാം,  ആരാധിക്കാൻ ഒരു ദൈവാലയമില്ലാതെ,  പ്രവാസികളായി ബാബിലോണിൽ കഴിയുന്ന ഇസ്രായേൽക്കാരോട്  അതു വിശദീകരിച്ചുകൊടുക്കാനാണ് കർത്താവ് എസക്കിയേലിനോടു പറയുന്നത്. പ്രവാചകനും പുരോഹിതനുമായിരുന്ന  എസക്കിയേൽ  പ്രവാസാനന്തരം  തങ്ങൾ ജെറുസലെമിൽ  തിരിച്ചെത്തുമ്പോൾ നിർമിക്കാൻ പോകുന്ന ദൈവാലയത്തെക്കുറിച്ചുള്ള കർത്താവിൻറെ അരുളപ്പാടാണ് ജനത്തോടു പറയുന്നത്.

 ‘മനുഷ്യപുത്രാ, ഇസ്രായേൽ ഭവനം  തങ്ങളുടെ അകൃത്യങ്ങളെപ്പറ്റി ലജ്ജിക്കേണ്ടതിന് ദൈവാലയവും  അതിൻറെ അളവും രൂപവും  നീ അവർക്കു വിവരിച്ചുകൊടുക്കുക’ [എസക്കി  43:10].  ദൈവാലയത്തിൻറെ അളവും രൂപവും  വിവരിച്ചുകൊടുക്കുന്നതിൻറെ ഉദ്ദേശം  ജനത്തിന് അനുതാപം ഉണ്ടാകാൻ വേണ്ടിയാണ്.   തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച്  അനുതപിക്കാത്തവർ  അത്രമേൽ വിശുദ്ധമായ ഒരു സ്ഥലത്തേക്ക് പ്രവേശിക്കാനെന്നല്ല അതിനെക്കുറിച്ച് അറിയാൻ പോലും ദൈവം ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.  അതായതു  ദൈവാലയത്തിലേക്കു കടന്നുവരാനുള്ള   പ്രഥമവും പ്രധാനവുമായ യോഗ്യത  നമ്മുടെ തെറ്റുകൾ ഏറ്റുപറഞ്ഞു   ദൈവത്തിലേക്കു തിരിയുക എന്നതാണ്.

കർത്താവ് തുടർന്നു  പറയുന്നു; ‘തങ്ങൾ ചെയ്‌തിട്ടുള്ള  സകല കാര്യങ്ങളെപ്പറ്റിയും അവർ ലജ്ജിക്കുകയാണെങ്കിൽ, ദൈവാലയവും അതിൻറെ സംവിധാനവും  പുറത്തേക്കും അകത്തേക്കുമുള്ള മാർഗങ്ങളും   അതിൻറെ പൂർണരൂപവും  കാണിച്ചുകൊടുക്കുക. അതിൻറെ എല്ലാ നിയമങ്ങളും ചട്ടങ്ങളും  അവരെ അറിയിക്കുക’ [ എസക്കി  43:11].

അതായത് ദൈവാലയം എന്താണെന്നും, അവിടെ പരികർമം ചെയ്യപ്പെടുന്ന ബലിയുടെ ശ്രേഷ്ഠതയും മഹത്വവും എന്തെന്നും മനസിലാക്കാനുള്ള കൃപ ദൈവം കൊടുക്കുന്നത് തങ്ങളുടെ പാപങ്ങളെപ്പറ്റി അനുതപിക്കുന്നവർക്കാണ്.  അനുതപിക്കാൻ തയാറല്ലാത്തവർക്ക് ഈ രഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടില്ല. ഇവിടെ ദൈവം ഒരു  തെരഞ്ഞെടുപ്പ് നടത്തുകയാണ്. ‘എല്ലാ ജനതകൾക്കുമുള്ള  പ്രാർഥനാലയം’ [മർക്കോസ് 11:17] എന്നു കർത്താവ് തന്നെ  വിളിക്കുന്ന ദൈവാലയത്തിൽ പ്രവേശിക്കാൻ ദൈവം തൻറെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനു മുൻപിൽ ഒരു നിബന്ധന വയ്ക്കുകയാണ്.  ആ നിബന്ധന അനുസരിക്കാൻ വിസമ്മതിക്കുകയും എന്നാൽ അതേസമയം ദൈവാലയത്തിൽ ശാഠ്യപൂർവം  പ്രവേശിക്കാൻ  ശ്രമിക്കുകയും ചെയ്യുന്നവർ  തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് ഒരിക്കൽ കൂടി സ്വയം പരിശോധിക്കട്ടെ.

ഇന്നു നമ്മുടെ ദൈവാലയങ്ങളിൽ  അനേകർ അനാദരവോടെ പെരുമാറുന്നുണ്ടെങ്കിൽ അതിൻറെ ഒരു കാരണം   ദൈവാലയത്തിൻറെ രഹസ്യം അവർക്കു വെളിപ്പെട്ടുകിട്ടാത്തതുകൊണ്ടാണ്. അതുകൊണ്ട് അവർ അയോഗ്യതയോടെ ദൈവാലയത്തിൽ പ്രവേശിക്കുന്നു. തങ്ങളാണ് ദൈവാലയത്തിൻറെ ഉടമസ്ഥർ എന്നു ഭാവിക്കുന്നു.  അവിടെ പരികർമം ചെയ്യപ്പെടുന്ന പരിശുദ്ധമായ കൂദാശകളെ വെറും  വഴിപാടായി കാണുന്നു.  ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട്   അതിൻറെ ചൈതന്യത്തെ നിഷേധിക്കുകയും ചെയ്യുന്നു’ [2 തിമോ 3;5].

ദൈവാലയം പോലെ തന്നെ പരിശുദ്ധമാണ്  ദൈവാലയപരിസരങ്ങളും  എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. ‘ദൈവാലയത്തിൻറെ നിയമം ഇതാണ്. മലമുകളിൽ ദൈവാലയത്തിനു ചുറ്റുമുള്ള സ്ഥലം  മുഴുവൻ ഏറ്റവും വിശുദ്ധമായിരിക്കും- ഇതാണു  ദൈവാലയത്തിൻറെ നിയമം’ [എസക്കി. 43:12]. ദൈവാലയത്തെ വിശുദ്ധമായി കാണാൻ സാധിക്കാത്തവർക്ക് ദൈവാലയപരിസരം വിശുദ്ധമായി കാണാൻ ഒരിക്കലും സാധിക്കില്ല.  അതുകൊണ്ട് അവർ ദൈവാലയമുറ്റത്ത് ചന്തസ്ഥലത്തെന്നതുപോലെ  പെരുമാറുന്നു. സത്യദൈവാരാധനയ്ക്കു ചേരാത്ത  മ്ലേച്ഛതകൾ ദൈവാലയത്തിലേക്കു കൊണ്ടുവരുന്നു. വിശുദ്ധവും അശുദ്ധവും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയാനുള്ള കൃപ കിട്ടാത്തവർ  സ്വയം  വിശുദ്ധരെന്നു കരുതുന്ന കാലം  നാം കണ്ടുകൊണ്ടിരിക്കുകയാണ്.

ഓർക്കണം,  ദൈവത്തെ തേടുന്ന  സകല ജനതകളും സത്യദൈവത്തിൻറെ ആലയത്തിലേക്ക്   വന്നുകൊണ്ടിരിക്കുന്ന കാലമാണിത്.  അവർ പ്രതീക്ഷിക്കുന്നത് അവർക്കു കൂടി  അവകാശമുള്ള പരിശുദ്ധമായ ഒരു  പ്രാർത്ഥനാലയമാണ്. അതു  നമ്മുടെ ഔദാര്യമല്ല. കർത്താവിൻറെ അനുഗ്രഹമാണ്.  എന്നാൽ അവർ കാണുന്നതോ, ദൈവാലയത്തിൻറെ നിയമം അറിയാൻ  കൃപ കിട്ടാഞ്ഞിട്ടും ദൈവത്തിൻറെ ജനം എന്നു മേനിപറയുന്നവർ അശുദ്ധമാക്കുന്ന  ഒരു  ദൈവാലയവും! ‘നിങ്ങൾ നിമിത്തം ദൈവത്തിൻറെ നാമം വിജാതീയരുടെയിടയിൽ   ദുഷിക്കപ്പെടുന്നു’  [റോമാ 2:24] എന്നത് അന്നെന്നതുപോലെ ഇന്നും കർത്താവിൻറെ  വിലാപമാണ്.

നമുക്ക് ആ വിലാപസ്വരത്തിനു  ചെവി കൊടുക്കാം. കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയവും വെടിപ്പാക്കപ്പെട്ട മനസാക്ഷിയുമായി കർത്താവിൻറെ ആലയത്തിലേക്കു വരാം. അപ്പോൾ അവിടുന്ന് തൻറെ നിയമങ്ങൾ  നമ്മെ പഠിപ്പിക്കുകയും അവ നമ്മുടെ ഹൃദയത്തിൽ ആലേഖനം ചെയ്യുകയും ചെയ്യും.