തനതു വിധി
1. മനുഷ്യർ ഒരിക്കൽ മരിക്കണമെന്നും അതിനുശേഷം വിധിയെന്നും നിശ്ചയിച്ചിരിക്കുന്നു. മരണശേഷം ഉടൻ തന്നെ ഈ ജീവിതത്തിലെ നമ്മുടെ പ്രവൃത്തികൾക്കനുസൃതമായി നാം വിധിക്കപ്പെടുമെന്നതാണ് നമ്മുടെ വിശ്വാസം. നമ്മുടെ നിത്യരക്ഷയും നിത്യനാശവും ഈ ന്യായവിധിയെ ആശ്രയിച്ചിരിക്കും എന്നതും വിശ്വാസാം നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾ മരണവേദനയിലാണെന്നും ഇനി ജീവിക്കാൻ കുറച്ചുമാത്രം സമയമേയുള്ളൂവെന്നും സ്വയം സങ്കൽപ്പിക്കുക. ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങൾ യേശുക്രിസ്തുവിൻറെ മുമ്പാകെ നിങ്ങളുടെ ജീവിതം മുഴുവൻറെയും കണക്കുകൊടുക്കുവാൻ ഹാജരാകേണ്ടിവരുമെന്നു കരുതുക. കഷ്ടം! അപ്പോൾ നിങ്ങളുടെ പാപങ്ങൾ നിങ്ങളുടെ മുന്നിൽ കാണുമ്പോൾ അത് എത്ര ഭയാനകമായിരിക്കും!
യേശുവേ, എൻറെ വീണ്ടെടുപ്പുകാരാ! അങ്ങ് എന്നെ വിധിക്കുന്നതിനുമുമ്പ് എന്നോട് ക്ഷമിക്കണമേ എന്നു ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. നിത്യമരണത്തിന് ശിക്ഷിക്കപ്പെടാൻ ഞാൻ ഇതിനകം പലതവണ യോഗ്യനായിരുന്നുവെന്ന് എനിക്കറിയാം. ഇല്ല, ഞാൻ കുറ്റവാളിയായല്ല, മറിച്ചു പശ്ചാത്തപിച്ചവനും മാപ്പു ലഭിച്ചവനുമായിട്ടാണ് അങ്ങയുടെ മുമ്പാകെ ഹാജരാകാൻ ആഗ്രഹിക്കുന്നത്. എൻറെ സർവനന്മയേ , അങ്ങയെ ദ്രോഹിച്ചതിൽ ഞാൻ ഖേദിക്കുന്നു.
2. ഓ ദൈവമേ! ഒരു ആത്മാവ് യേശുക്രിസ്തുവിനെ തൻ്റെ വിധിയാളനായി കാണുന്ന ആദ്യവേളയിൽ, അതും അവിടുത്തെ ഉഗ്രമായ കോപത്തിൽ കാണുമ്പോൾ, അതിൻറെ കഠിനമായ മനോവ്യസനം എന്തുമാത്രമായിരിക്കും? ആ ആത്മാവിനുവേണ്ടി അവിടുന്ന് എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അതു കാണും; അതിനുവേണ്ടി അവിടുന്ന് എത്ര വലിയ കാരുണ്യമാണ് കാണിച്ചതെന്നും, രക്ഷ നേടുന്നതിനായി അവിടുന്ന് അതിനുവേണ്ടി എത്ര ശക്തമായ മാർഗമാണു നൽകിയിരുന്നതെന്നും അതു കാണും. പിന്നെ, നിത്യവസ്തുക്കളുടെ മഹത്വവും, ആ ആത്മാവു സ്വയം നശിക്കാനിടയായ ലോകസുഖങ്ങളുടെ നികൃഷ്ടതയും അതു കാണും. ആ ആത്മാവ് അപ്പോൾ ഇതെല്ലാം കാണും, പക്ഷേ ഒരു കാര്യവുമില്ല; കാരണം അതിൻറെ മുൻകാല തെറ്റുകൾ പരിഹരിക്കാൻ അപ്പോൾ സമയം ഉണ്ടാകില്ല; മാത്രമല്ല, അതുവരെ ചെയ്ത കാര്യങ്ങൾ റദ്ദുചെയ്യാൻ സാധിക്കുകയുമില്ല.
കുലീനതയോ, അന്തസ്സോ, സമ്പത്തോ, ദൈവത്തിൻറെ ന്യായാസനത്തിനുമുമ്പിൽ പരിഗണിക്കപ്പെടുകയില്ല; നമ്മുടെ പ്രവൃത്തികൾ മാത്രമേ അവിടെ തൂക്കിനോക്കുകയുള്ളു. ഓ യേശുവേ, ഞാൻ അങ്ങയെ ആദ്യമായി കാണുമ്പോൾഎന്നിൽ സംപ്രീതനായി അങ്ങയെ കാണുവാൻ എന്നെ അനുവദിക്കണമേ; അങ്ങേയ്‌ക്കെതിരെ മുഖം തിരിച്ചുകൊണ്ട് എൻറെ പാപകരമായ ചാപല്യങ്ങളുടെ പിറകെ പോയി ഞാൻ ചെയ്ത തിന്മകളെ ഓർത്ത് ഇനിയുള്ള കാലം മുഴുവൻ കരയാനുള്ള കൃപ എനിക്കു തരണമേ. ഇല്ല, ഇനി ഒരിക്കലും അങ്ങേയ്‌ക്കെതിരായി പാപം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എന്നെന്നേക്കും അങ്ങയെ സ്നേഹിക്കുവാൻ ആഗ്രഹിക്കുന്നു.
3. തന്നെത്തന്നെ ദൈവത്തിനു സമർപ്പിക്കാനായി ലോകം വിട്ടുപേക്ഷിക്കുന്ന ക്രിസ്ത്യാനി മരണസമയത്ത് അനുഭവിക്കുന്ന സംതൃപ്തി എത്രയധികമായിരിക്കും? അധാർമ്മികമായ എല്ലാ സുഖങ്ങളെയും തൻറെ ഇന്ദ്രിയങ്ങൾക്ക് നിഷേധിച്ചവൻ; ചില അവസരങ്ങളിൽ കുറവുകളുള്ളവനായിരുന്നെങ്കിൽത്തന്നെയും അതിന് യോഗ്യമായ പരിഹാരംചെയ്യാൻ അവസാനം ബുദ്ധി കാണിച്ചവൻ! മറുവശത്ത്, പഴയ ദുഷ്പ്രവൃത്തികളിലേക്കു വീണ്ടും തിരിച്ചുപോകുകയും ഒടുവിൽ മരണത്തെ മുഖാമുഖം കാണുകയും ചെയ്യുന്ന ക്രിസ്ത്യാനി അനുഭവിക്കുന്ന വേദന എത്രയായിരിക്കും! അപ്പോൾ അവൻ നിലവിളിച്ചുപറയും: “ഇതാ! ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഞാൻ എൻറെ ന്യായാധിപനായ യേശുവിൻറെ മുമ്പാകെ ഹാജരാകണം; എന്നാൽ ഞാൻ ഇതുവരെ എൻറെ ജീവിതത്തിൽ മാറ്റം വരുത്താൻ തുടങ്ങിയിട്ടില്ല! അങ്ങനെ ചെയ്യുമെന്നു ഞാൻ പലതവണ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഞാൻ അങ്ങനെ ചെയ്തില്ല; ഇപ്പോൾ, ചുരുങ്ങിയ സമയത്തിനുള്ളിൽ, എൻ്റെ വിധി എന്തായിത്തീരും?”
ഓ, എൻറെ യേശുവും ന്യായാധിപനുമേ! അങ്ങ് ഇതുവരെ എനിക്കായി കാത്തിരുന്ന ക്ഷമയ്ക്കു ഞാൻ അങ്ങയോടു നന്ദി പറയുന്നു. എത്രയോ തവണ എൻറെ സ്വന്തം നിത്യശിക്ഷാവിധി ഞാൻ തന്നെ എഴുതി! അങ്ങ് എന്നോടു ക്ഷമിച്ചു കാത്തിരുന്നതിനാൽ ഞാൻ ഇപ്പോൾ അങ്ങയുടെ കാൽക്കൽ പ്രണമിക്കുന്നു; എന്നെ നിരസിക്കരുതേ. അങ്ങയുടെ ദാരുണമായ പീഡകളുടെ യോഗ്യതയാൽ എന്നെ അങ്ങയുടെ പ്രീതിയിൽ സ്വീകരിക്കണമേ. എൻറെ പരമനന്മയായ അങ്ങയെ നിന്ദിച്ചതിന് എന്നോട് ക്ഷമിക്കണമേ. എല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇനി ഒരിക്കലും അങ്ങയെ ഉപേക്ഷിക്കരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. ഓ മറിയമേ! അങ്ങയുടെ പുത്രനായ യേശുവിനോട് എനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ; എന്നെ ഉപേക്ഷിക്കരുതേ.