കഴിഞ്ഞ അധ്യായത്തിൽ നാം പറഞ്ഞുനിർത്തിയതു സുവിശേഷത്തോടൊപ്പം ലേഖനങ്ങളും ചില പഴയനിയമ ഗ്രന്ഥങ്ങളും കൂടി വായിച്ചാൽ മാത്രമേ യുഗാന്ത്യത്തെക്കുറിച്ചുള്ള ബൈബിളിൻറെ കാഴ്ചപ്പാട് മനസിലാക്കാൻ കഴിയുകയുള്ളൂ എന്നായിരുന്നല്ലോ. യുഗാന്ത്യകാഴ്ചപ്പാടിലൂടെ നോക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പഴയനിയമഗ്രന്ഥം ദാനിയേലിൻറെ പുസ്തകമാണ്. അതിനു രണ്ടു കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത്, യേശുക്രിസ്തു തന്നെ ഈ ഗ്രന്ഥത്തിൽ നിന്നുള്ള പ്രവചനങ്ങൾ ഉദ്ധരിക്കുന്നുണ്ട് എന്നതാണ്.. ”
‘ദാനിയേൽ പ്രവാചകൻ പ്രവചിച്ച വിനാശത്തിൻറെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നിൽക്കുന്നതുകാണുമ്പോൾ – വായിക്കുന്നവൻ ഗ്രഹിക്കട്ടെ’ (മത്തായി 24:15 ). രണ്ടാമത്തെ കാരണം എതിർക്രിസ്തു (അന്തിക്രിസ്തു) വിനെക്കുറിച്ചും അവൻറെ പ്രവർത്തനരീതികളെക്കുറിച്ചും പ്രവർത്തനകാലയളവിനെക്കുറിച്ചും കൃത്യമായ പ്രവചനങ്ങൾ ദാനിയേൽ നൽകിയിട്ടുണ്ട് എന്നതാണ് . (ക്രിസ്തുവിന് എതിരായി നിൽക്കുന്നവൻ എന്ന അർത്ഥം വരുന്ന Antichrist എന്ന വാക്കു തെറ്റായി ‘അന്തിക്രിസ്‍തു’ എന്നു വിവർത്തനം ചെയ്തതാണ്. ശരിയായ പ്രയോഗം എതിർക്രിസ്തു എന്നാണ്). യുഗാന്ത്യത്തെക്കുറിച്ചുള്ള പഴയനിയമപരിപ്രേക്ഷ്യം മനസിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ദാനിയേലിൻറെ പുസ്തകം ഏഴുമുതൽ പന്ത്രണ്ടുവരെയുള്ള അധ്യായങ്ങൾ മനസ്സിരുത്തി വായിക്കണം.
ഇനി എതിർക്രിസ്തുവിൻറെ പ്രവർത്തനങ്ങൾ (പതിനൊന്നാം അധ്യായത്തിൽ വിവരിച്ചിട്ടുള്ളവ) എന്തൊക്കെയാണെന്ന് നോക്കാം.
1. അവൻ മുന്നറിയിപ്പൊന്നും കൂടാതെ ചതിയിൽ രാജ്യം കരസ്ഥമാക്കും.
2. തൻറെ മുൻപിൽ നിന്നു സൈന്യങ്ങളെ, ഉടമ്പടിയുടെ പ്രഭുവിനെപ്പോലും തുടച്ചുമാറ്റും
3. സന്ധി ചെയ്യുന്ന നിമിഷം മുതൽ അവൻ വഞ്ചനയോടെ പെരുമാറും
4.അവൻറെ ഹൃദയം വിശുദ്ധ ഉടമ്പടിയ്‌ക്കെതിരെ ഉറച്ചിരിക്കും
5. അവൻ വിശുദ്ധ ഉടമ്പടി ഉപേക്ഷിച്ചവരുടെ വാക്കു ശ്രവിക്കും
6.അവൻറെ സൈന്യം ദൈവാലയവും കോട്ടയും അശുദ്ധമാക്കും
7. അവൻ നിരന്തരദഹനബലി നിരോധിക്കും
8.അവൻ വിനാശത്തിൻറെ മ്ലേച്ഛ വിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കും
9. (വിശുദ്ധ) ഉടമ്പടി ലംഘിക്കുന്നവരെ അവൻ മുഖസ്തുതി കൊണ്ടു വഴിതെറ്റിക്കും.
10. ജ്ഞാനികളിൽ ചിലർ വീഴും.
11. എതിർക്രിസ്തു സ്വേച്ഛാനുസൃതം പ്രവർത്തിക്കും
12. അവൻ തന്നെത്തന്നെ ഉയർത്തുകയും സകല ദേവന്മാർക്കും ഉപരിയായിതന്നെത്തന്നെ മഹത്വപ്പെടുത്തുകയും ചെയ്യും
13. അവൻ ദേവന്മാർക്കും ദൈവമായവനെതിരെ ഭീകരദൂഷണം പറയും.
ഒൻപതാം അധ്യായത്തിൽ ഒരാഴ്ചത്തേക്കു പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കുന്നതായും പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും നിരോധിക്കുന്നതായും ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത വരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു ( ദാനിയേൽ 9:27). എട്ടാം അധ്യായത്തിൽ ആകാശസൈന്യത്തിൻറെ അധിപനെ വെല്ലുവിളിക്കുകപോലും ചെയ്യുകയും അവിടുത്തെ നിരന്തര ദഹനബലികൾ മുടക്കുകയും വിശുദ്ധമന്ദിരത്തെ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഒരു അധികാരശക്തിയെക്കുറിച്ചുള്ള പ്രവചനവും ശ്രദ്ധിക്കുക. ജനം തങ്ങളുടെ പാപം നിമിത്തം അവൻറെ പിടിയിൽ അമർന്നുവെന്നും നിരന്തരദഹനബലി മുടങ്ങി എന്നും സത്യം നിലത്തു വലിച്ചെറിയപ്പെട്ടു എന്നും നാം തുടർന്നു വായിക്കുന്നു( ദാനിയേൽ 8:11-12).
ഏഴാം അധ്യായത്തിൽ പറയുന്നതു ശ്രദ്ധിക്കുക. ‘അവൻ അത്യുന്നതനെതിരെ ദൂഷണം പറയും. അത്യുന്നതൻറെ പരിശുദ്ധരെ അവൻ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവൻ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിൻറെ പകുതിയും വരെ അവർ അവൻറെ കൈകളിൽ ഏൽപ്പിക്കപ്പെടും ( ദാനിയേൽ 7:25).
സമയവും സമയങ്ങളും സമയത്തിൻറെ പകുതിയും എന്നതുകൊണ്ടു വിവക്ഷിക്കുന്നതു മൂന്നരവർഷക്കാലയളവാണെന്നാണു ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം. സമയം എന്നത് ഒരു വർഷവും സമയങ്ങൾ എന്നതു രണ്ടു വർഷവും സമയത്തിൻറെ പകുതി എന്നത് അരവർഷവും ആണ്. അതായത് എതിർക്രിസ്തു മൂന്നര വർഷക്കാലം ക്രിസ്തുവിശ്വാസികളെ പീഡിപ്പിക്കും. നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കാലയളവ് ( മൂന്നര വർഷം) ബൈബിളിൽ മറ്റു പലയിടങ്ങളിലും പരാമർശിക്കപ്പെടുന്നുണ്ട് എന്നതാണ്.
ഉദാഹരണങ്ങൾ ശ്രദ്ധിക്കുക: ‘നിരന്തര ദഹനബലി നിർത്തലാക്കുന്നതും വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതൽ ആയിരത്തി ഇരുനൂറ്റി തൊണ്ണൂറു ദിവസം ( അതായത് മൂന്നര വർഷം) ഉണ്ടാകും’ (ദാനിയേൽ 12:11). ഒൻപതാം അധ്യായത്തിൽ പറയുന്ന ഒരാഴ്ചക്കാലത്തേക്കുള്ള ഉടമ്പടി ( ദാനിയേൽ 9:27) എന്നത് ഒരു വർഷത്തിന് ഒരു ദിവസം എന്ന കണക്കിൽ ഏഴു വർഷങ്ങളെയാണു ണ് സൂചിപ്പിക്കുന്നത് എന്നാണു പണ്ഡിതമതം. പകുതി ആഴ്ചത്തേക്കു ബലികളും കാഴ്ചകളും നിരോധിക്കും എന്നുപറയുമ്പോൾ അതും മൂന്നരവർഷക്കാലയളവിനെയാണു സൂചിപ്പിക്കുന്നത്.
പന്ത്രണ്ടാം അധ്യായത്തിലേക്ക് വരുമ്പോൾ ദൈവദൂതൻ ദാനിയേലിനു കൊടുക്കുന്ന മുന്നറിയിപ്പു നാം വായിക്കുന്നുണ്ട്. “ദാനിയേലേ, അവസാനദിവസം വരെ വചനം രഹസ്യമായി സൂക്ഷിച്ചു ഗ്രന്ഥത്തിനു മുദ്ര വയ്ക്കുക. അനേകർ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വർധിക്കുകയും ചെയ്യും ( ദാനിയേൽ 12:4 ). അറിവു വർധിക്കുകയും ചെയ്യും എന്നതിനു പി ഒ സി ബൈബിളിൽ അടിക്കുറിപ്പായി വിശദീകരണം കൊടുത്തിരിക്കുന്നത് ‘അകൃത്യം വർധിക്കും എന്നും വിവർത്തനസാധ്യതയുണ്ട്’ എന്നാണ്.
ഈ അത്ഭുതങ്ങൾ അവസാനിക്കാൻ എത്ര കാലം വേണമെന്ന ചോദ്യത്തിൻറെ മറുപടിയായി ഒരു ദൂതൻ പറയുന്നത് അതു സമയവും സമയങ്ങളും സമയത്തിൻറെ പകുതിയും വരെ ആണെന്നും വിശുദ്ധജനത്തിൻറെ ശക്തി തകർക്കാൻ കഴിയുമ്പോൾ ഇവ നിവൃത്തിയാകും എന്നുമാണ് ( ദാനിയേൽ . 12:6-7) ഇതിൻറെയെല്ലാം പൊരുൾ എന്തെന്നറിയാൻ ജിജ്ഞാസ പ്രകടിപ്പിച്ച ദാനിയേലിനോടു ദൂതൻ പറഞ്ഞത് ഇപ്രകാരമായിരുന്നു . “ദാനിയേലേ, നീ നിൻറെ വഴിക്കുപോകുക. ഈ വചനം അവസാനദിനം വരേയ്ക്കും അടച്ചു മുദ്രവച്ചതാണ്. അനേകർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിർമലരാക്കി വെണ്മയുറ്റവരാക്കുകയും ചെയ്യും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിക്കും. അവർ ഗ്രഹിക്കുകയില്ല. ജ്ഞാനികൾ ഗ്രഹിക്കും” (ദാനിയേൽ 12:10 ).
ഇനി നമുക്ക് വെളിപാടു പുസ്തകത്തിലേക്കു വരാം. സത്യം പറഞ്ഞാൽ വെളിപാടു പുസ്തകം എന്നു പറയാൻ തന്നെ പേടിയാണ്. കാരണം പലതാണ്. ഒന്നാമതു ക്രിസ്ത്യാനികൾ (പ്രത്യേകിച്ചു കത്തോലിക്കർ) നല്ലൊരുപങ്ക് ആ പുസ്തകം വായിച്ചിട്ടുതന്നെയില്ല. വായിച്ചവരിൽ തന്നെ ഭൂരിഭാഗത്തിനും അതിലെ ആശയങ്ങൾ ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല. അത് അവരുടെ കുഴപ്പമല്ല. വെളിപാടിൻറെ ഭാഷ തന്നെ ദുർഗ്രഹമാണല്ലോ. ഇതിനിടയിലേക്കാണു തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ചു വെളിപാടിനെ വ്യാഖ്യാനിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുടെ വരവ്. സഭയിൽ നിന്നു ഭിന്നിച്ചുപോയ പല ഗ്രൂപ്പുകളുടെയും നിലനിൽപ്പുതന്നെ വെളിപാടിൻറെ ബലത്തിലാണ്.
മറുവശത്തു സഭയ്ക്കുള്ളിൽ തന്നെ വെളിപാടിനെക്കുറിച്ച് അബദ്ധധാരണകൾ പ്രചരിപ്പിക്കുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. വെളിപാടു ഗ്രന്ഥത്തിന് പ്രവചനസ്വഭാവം ഇല്ലെന്നും അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എല്ലാം സംഭവിച്ചുകഴിഞ്ഞതാണെന്നും ക്രിസ്തുവിനെതിരായ ശക്തി എന്നു വെളിപാടിൽ പരാമർശിക്കുന്നതു റോമാചക്രവർത്തി ആയ നീറോയെ ആണെന്നും എതിർക്രിസ്തുവിൻറെ സംഖ്യയായ 666 നീറോയെ പ്രതിനിധീകരിക്കുന്ന ഒന്നു മാത്രമാണെന്നും സഭകൾക്കുള്ള കത്തുകൾ ഒരു പ്രത്യേക കാലത്തേക്കും ദേശത്തേക്കും വേണ്ടി മാത്രം എഴുതിയവയാണെന്നും അതിന് ഇന്നത്തെക്കാലത്ത് പ്രസക്തിയില്ലെന്നും ഒക്കെ വാദിക്കുന്ന കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാരുടെ രചനകൾ നാം കണ്ടിട്ടുണ്ടല്ലോ.
യോഹന്നാൻറെ ദർശനത്തിലെ മഹാമാരികളും പതിമൂന്നാം അധ്യായത്തിൽ വിവരിച്ചിട്ടുള്ള
രണ്ടു മൃഗങ്ങളും ( എതിർക്രിസ്തുവും വ്യാജപ്രവാചകനും) ഒക്കെ പ്രതീകാത്മകം മാത്രമാണെന്നും പലരും വാദിക്കുന്നുണ്ട്. പതിനൊന്നാം അധ്യായത്തിലെ രണ്ടു സാക്ഷികൾ, പന്ത്രണ്ടാം അധ്യായത്തിലെ സ്ത്രീയും ഉഗ്രസർപ്പവും, പതിമൂന്നാം അധ്യായത്തിലെ കുഞ്ഞാടിൻറെ 144000 അനുയായികൾ, പതിനേഴാം അധ്യായത്തിലെ കുപ്രസിദ്ധ വേശ്യയും (മഹാബാബിലോൺ) മൃഗവും, മധ്യകാശത്തിൽ പറക്കുന്ന ദൂതൻ, ആയിരം വർഷത്തെ ഭരണം എന്നു വേണ്ട പുതിയ ആകാശവും പുതിയ ഭൂമിയും വരെ സ്വന്തം ഇഷ്ടമനുസരിച്ചു വ്യാഖ്യാനിക്കുന്ന എത്രയെങ്കിലും രചനകൾ നമുക്കു പരിചിതമാണല്ലോ.
ദാനിയേലിൻറെ പുസ്തകത്തിൽ മുദ്രിതമായി സൂക്ഷിക്കാൻ പറഞ്ഞിരിക്കുന്ന പ്രവചനങ്ങൾ അന്ത്യകാലഘട്ടമാകുമ്പോഴേക്കും വെളിപ്പെടുത്തപ്പെടേണ്ടവയാണ്. ഈ വചനങ്ങൾ ശ്രദ്ധിക്കുക. ‘വീണ്ടും അവൻ എന്നോടു പറഞ്ഞു. ഈ ഗ്രന്ഥത്തിലെ പ്രവചനങ്ങൾ നീ മുദ്രിതമായി സൂക്ഷിക്കേണ്ട. എന്തെന്നാൽ സമയം അടുത്തിരിക്കുന്നു. അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തുകൊള്ളട്ടെ. പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെതന്നെ കഴിഞ്ഞുകൊള്ളട്ടെ. നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ. വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ’ ( വെളിപാട്.22:11). വെളിപാടുപുസ്തകത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണം നടക്കുന്ന ഒരു തലമുറയിലും കാലഘട്ടത്തിലുമാണു നാം ജീവിക്കുന്നത് എന്ന ഉത്തമബോധ്യത്തോടെ വേണം സമകാലികസംഭവങ്ങളെ വെളിപാടിലെ പ്രവചനങ്ങളുമായി ചേർത്തുവായിക്കാൻ.
(തുടരും)