മനുഷ്യപുത്രൻറെ മുൻപിൽ ഏതുനിമിഷവും പ്രത്യക്ഷപ്പെടാൻ (ലൂക്കാ 21:34) നിങ്ങൾ തയാറാണോ? ഒരുപക്ഷേ ഇതായിരിക്കും ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ പ്രസക്തമായ ഒരേയൊരു ചോദ്യം. നമ്മൾ തയാറാണെങ്കിൽ കർത്താവിൻറെ വിരുന്നുമേശയിൽ ഒരിടം നമുക്കും ഉറപ്പിക്കാം. നമ്മൾ തയാറല്ലെങ്കിൽ മറ്റാരെങ്കിലുമായിരിക്കും നമുക്കായി ഒരുക്കിവച്ചിരിക്കുന്നിടത്ത് ഇരിക്കാൻ പോകുന്നത്. കർത്താവ് തന്നെ പറയുന്നുണ്ടല്ലോ; ‘ക്ഷണിക്കപ്പെട്ടവരിൽ ഒരുവനും എൻറെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു’ ( ലൂക്കാ 14:24).
എപ്പോഴും ഒരുങ്ങിയിരിക്കുക എന്നത് യേശുവിൻറെ പ്രബോധനങ്ങളിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്ന ഒരു കാര്യമാണ്. ‘യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ’ (ലൂക്കാ 12:43). തൻറെ യജമാനൻ രാത്രിയുടെ രണ്ടാം യാമത്തിലോ മൂന്നാം യാമത്തിലോ വന്നാലും (ലൂക്കാ 12:38) അവനു വാതിൽ തുറന്നുകൊടുക്കാൻ തയാറായിരിക്കത്തക്ക വിധത്തിൽ ജാഗ്രത പാലിക്കുന്ന ഭൃത്യനു യജമാനൻ തക്ക പ്രതിഫലം കൊടുക്കാതിരിക്കുമോ? യേശു നമ്മുടെ വാതിലിൽ മുട്ടുക മാത്രമേ ചെയ്യുകയുള്ളൂ. വാതിൽ തുറന്നുകൊടുക്കുക എന്നതു നമ്മുടെ കടമയാണ്. ‘ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എൻറെ സ്വരം കേട്ടു വാതിൽ തുറന്നുതന്നാൽ ഞാൻ അവൻറെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും’ ( വെളി 3:20).
കർത്താവിൻറെ കൂടെ ഒരേ മേശയിലിരുന്നു ഭക്ഷണം കഴിക്കുന്നതു തീർച്ചയായും സന്തോഷകരം തന്നെ. എന്നാൽ പ്രായോഗികമായ ഒരു ബുദ്ധിമുട്ട് എന്താണെന്നുവച്ചാൽ കർത്താവ് മടങ്ങിവരുന്നതെപ്പോഴാണെന്നു നമുക്കറിയില്ല എന്നതാണ്. അല്ലായിരുന്നെങ്കിൽ നമുക്ക് അവസാനനിമിഷമെങ്കിലും കുറച്ച് ഒരുക്കങ്ങൾ നടത്താമായിരുന്നു. അതു സാധ്യമല്ലാത്തതിനാൽ പ്രായോഗികവും സാധ്യവുമായ ഒരേയൊരു പോംവഴി ഓരോ നിമിഷവും ഒരുങ്ങിയിരിക്കുക എന്നതാണ്. അർധരാത്രിയിലോ പ്രഭാതത്തിലോ എപ്പോൾ വേണമെങ്കിലും യജമാനൻ വന്നുകൊള്ളട്ടെ. തയാറായിരിക്കുന്ന ഭൃത്യന് യാതൊരു ആകുലതയും ഉണ്ടാകില്ല.
യജമാനൻറെ വരവിനായി എപ്പോഴും തയാറായിരിക്കാൻ നമ്മെ സഹായിക്കുന്നതു കൃപ ഒന്നു മാത്രമാണ്. ഒരുക്കമുള്ളവരായിരിക്കുക എന്നതിൻറെ അർഥം എല്ലായ്പ്പോഴും കൃപയിൽ ആയിരിക്കുക എന്നതാണ്. കൃപ ദൈവത്തിൻറെ സൗജന്യദാനമാണ്. തന്നോട് ആവശ്യപ്പെടുന്നവർക്ക് ഉദാരമായി കൃപ നൽകുന്നവനുമാണ് അവിടുന്ന്. നമ്മുടെ യാത്രയുടെ തുടക്കത്തിൽ ജ്ഞാനസ്നാനവേളയിൽ ദൈവം നമുക്കു കൃപകൾ നൽകി. ജീവിതകാലത്ത് നാം സ്വീകരിച്ച ഓരോ കൂദാശകളും, വിശിഷ്യാ പരിശുദ്ധകുർബാനയും കുമ്പസാരവും, നമ്മെ കൃപയിൽ വളർത്തി. ജീവിതയാത്രയുടെ അന്ത്യത്തിൽ രോഗീലേപനത്തിലൂടെ കർത്താവ് വീണ്ടും നമ്മുടെ മേൽ കൃപ ചൊരിയുന്നു. നിത്യാനന്ദത്തിൻറെ തുറമുഖത്ത് എത്തിച്ചേരുവോളം നമുക്കാവശ്യമുള്ള പാഥേയം നൽകിയിട്ടാണ് അവിടുന്ന് നമ്മെ ഈ ലോകത്തിൽ നിന്നു തിരിച്ചുവിളിക്കുന്നത്. നമ്മുടെ ജോലി വളരെ ലളിതമാണ്. ദൈവം സൗജന്യമായി നൽകുന്ന കൃപയോടു സഹകരിക്കുക. അതുമാത്രം മതി. ‘നിനക്ക് എൻറെ കൃപ മതി’ ( 2 കൊറി 12:9).
യേശു നമ്മോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രം. രാത്രിയിൽ കെട്ടുപോകാതിരിക്കാൻ വേണ്ടത്രയും എണ്ണ നമ്മുടെ വിളക്കുകളിൽ എടുത്തുകൊള്ളുക. മണവാളൻ രാത്രിയിലാണു വരികയെന്നു പത്തുകന്യകമാർക്കും അറിയാമായിരുന്നു. അവരിൽ അഞ്ചുപേർ എണ്ണ എടുക്കാൻ മറന്നുപോയി. ‘ആർക്കും ജോലി ചെയ്യാൻ കഴിയാത്ത ഒരു രാത്രിയിലേക്കാണ് ‘ (യോഹ 9:4) തങ്ങൾ പ്രവേശിക്കുന്നതെന്ന് അവർ അറിഞ്ഞിരുന്നില്ല. എണ്ണ ഒരിക്കലും ദുർലഭമായിരുന്നില്ല, എന്നാൽ വിൽപനക്കാരൻ ദൂരെയായിരുന്നു. പുറത്തുപോയി വില്പനക്കാരൻറെ അടുത്തുനിന്ന് എണ്ണ വാങ്ങിക്കൊണ്ടുവരാൻ പറ്റിയ സമയം അല്ലല്ലോ രാത്രി!
അതുകൊണ്ടു വീണ്ടും പ്രായോഗികമായ ഒരേയൊരു പോംവഴി എല്ലായ്പ്പോഴും ഉണർന്നിരിക്കുക എന്നതാണ്. എന്തെന്നാൽ ‘ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല’ (മത്തായി 25:13). ‘ആത്മാവിൻറെ ഇരുണ്ട രാത്രികളിൽ’ പോലും ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതു കൃപയാണ്. അത് ഒരിക്കലും മറന്നുപോകാൻ പാടില്ല. താൻ കൃപയിലാണ് ജീവിക്കുന്നത് എന്ന സത്യം മറന്നപ്പോഴാണു ഹവ്വ സർപ്പവുമായി സംഭാഷണത്തിലേർപ്പെടാൻ തുടങ്ങിയത്. താൻ ‘കൃപാവരത്തിൻറെ സിംഹാസനത്തിൻറെ’ ( ഹെബ്രാ. 4:16) തൊട്ടടുത്തതാണ് ഇരിക്കുന്നതെന്നു മറന്നുപോയപ്പോഴാണു യൂദാസ് പുറത്തേക്കു പോയത്. ‘അപ്പോൾ രാത്രിയായിരുന്നു’ (യോഹ. 13:30) എന്ന് യോഹന്നാൻ ശ്ലീഹാ പ്രത്യേകം എഴുതിവെച്ചിട്ടുണ്ട്. കൃപയുടെ വെളിച്ചം കെട്ടുപോയ ഒരാത്മാവുമായി പുറത്തേക്കുപോയ യൂദാസ് പിന്നെ ഒരിക്കലും തിരിച്ചുവന്നില്ല. ‘ദൈവപുത്രനെ പുച്ഛിച്ചു തള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്യുന്ന’ (ഹെബ്രാ 10:29) ഏതൊരുവൻറെയും ദുരന്തമാണിത്.
സർവപ്രപഞ്ചത്തിലും വച്ച് ഏറ്റവും അമൂല്യമായതെന്തോ അതാണു ദൈവകൃപ. കൃപ ഒളിച്ചുവച്ചിരിരിക്കുന്ന വയൽ കണ്ടെത്തുന്നവൻ ‘സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുന്നു’ ( മത്തായി 13:44). എന്നാൽ കൃപ കണ്ടെത്താൻ സാധിക്കാതെ പോകുന്നവരോ തങ്ങളുടെ ‘പഴയ ജീവിതരീതികളിൽ നിന്നു രൂപം കൊണ്ട വഞ്ചന നിറഞ്ഞ ആസക്തികളാൽ കലുഷിതനായി’ (എഫേ 4:22) തന്നെ തുടരും. അവൻ പറയും ‘ എൻറെ യജമാനൻ വരാൻ വൈകും’ (ലൂക്കാ 12:45). എന്നാൽ യജമാനൻ ഒരുനാൾ വരികതന്നെ ചെയ്യും. അതാകട്ടെ അവൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും ആയിരിക്കും’ (ലൂക്കാ 12:46). യജമാനൻറെ ഹിതം അറിഞ്ഞിട്ടും അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടുക’ (ലൂക്കാ 12:46) തന്നെ ചെയ്യും.
കൃപയോടെ ജീവിച്ച്, കൃപയിൽ വളർന്ന്, കർത്താവിൻറെ വിരുന്നിലേക്കു പ്രവേശിക്കുക. അല്ലെങ്കിൽ കൃപയെ നിരസിച്ച്, പാപത്തിൽ ജീവിച്ച്, ദൈവത്തിൻറെ സന്നിധിയിൽ നിന്നു പുറന്തള്ളപ്പെടാൻ കാത്തിരിക്കുക. തീരുമാനം നമ്മുടേതാണ്. അർധരാത്രിയിലോ വെളുപ്പാൻ കാലത്തോ എപ്പോഴായാലും കർത്താവ് മുട്ടിവിളിക്കുമ്പോൾ വാതിൽ തുറന്നുകൊടുക്കാൻ പാകത്തിൽ ജാഗ്രതയുളളവരായിരിക്കാൻ വേണ്ട കൃപ എല്ലാവർക്കും ലഭിക്കട്ടെ എന്നു നമുക്കു പ്രാർഥിക്കാം. ഈ രാത്രിയും കടന്ന്, നമുക്കായി ഉദിക്കാനിരിക്കുന്ന നീതി സൂര്യൻറെ പ്രഭാതത്തിലേക്കു (മലാക്കി 4:2) പ്രവേശിക്കുവോളം നമ്മുടെ വിളക്കിലെ കൃപയുടെ എണ്ണ വറ്റിപ്പോകാതിരിക്കട്ടെ എന്നും പ്രാർഥിക്കാം.