ദൈവാലയത്തെക്കുറിച്ചു തന്നെ

സങ്കീർത്തകൻ പറയുന്നു; ‘കർത്താവിൻറെ ആലയത്തിലേക്കു  നമുക്കു പോകാമെന്ന്  അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു’ (സങ്കീ. 122:1). ‘അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു’ (സങ്കീ 69:9) എന്നെഴുതിയ ദാവീദ്  വീണ്ടും പറയുന്നു.  ‘ ഒരു  കാര്യം ഞാൻ  കർത്താവിനോട്  അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിൻറെ മാധുര്യം ആസ്വദിക്കാനും കർത്താവിൻറെ ആലയത്തിൽ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടുത്തെ ആലയത്തിൽ വസിക്കാൻ തന്നെ’ (സങ്കീ 27:4).

കർത്താവിൻറെ ആലയത്തിൽ പോകുന്നതുതന്നെ സന്തോഷകരമായ  അനുഭവമാണ്. അവിടെ  കൂടുതൽ സമയം ചെലവഴിക്കുന്നതോ  അതിലും മധുരതരം. നമ്മുടെ ഹൃദയത്തിൽ  കർത്താവിൻറെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത കുറഞ്ഞുപോകുന്നുണ്ടെങ്കിൽ നാം ആത്മശോധന ചെയ്യേണ്ട സമയം ആയിരിക്കുന്നു എന്നാണ് അതിനർത്ഥം.  ദൈവാലയത്തിൽ എന്തു  ചെയ്യണം എന്തു  ചെയ്യാൻ പാടില്ല എന്നൊക്കെ വിശദമായ  നിർദേശങ്ങൾ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നു. എസക്കിയേൽ പ്രവാചകൻ അവയെല്ലാം സംഗ്രഹിച്ച് ഒറ്റ വാചകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.  ‘ദൈവാലയത്തിൻറെ നിയമം ഇതാണ്: മലമുകളിൽ ദൈവാലയത്തിനു ചുറ്റുമുള്ള സ്ഥലം  മുഴുവൻ  ഏറ്റവും വിശുദ്ധമായിരിക്കും- ഇതാണു ദൈവാലയത്തിൻറെ നിയമം’ (എസക്കി. 43:12).

എസക്കിയേൽ  പ്രവാചകനും പുരോഹിതനുമായിരുന്നു. ജെറുസലേം ദൈവാലയം തകർക്കപ്പെട്ടതിനുശേഷം ബാബിലോണിൽ പ്രവാസിയായി ജീവിച്ചിരുന്ന എസക്കിയേലിനു   പ്രവാസികൾ തിരിച്ചുവന്നതിനുശേഷം നിർമിക്കാനായി ദൈവം ഒരുക്കിവച്ചിരിക്കുന്ന  പുതിയ ദൈവാലയത്തിൻറെ വിശദാംശങ്ങൾ  ദീർഘമായ ഒരു ദർശനത്തിലൂടെ (എസക്കിയേൽ 40 മുതൽ  44 വരെയുളള  അദ്ധ്യായങ്ങൾ)  വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ട്.  ഇസ്രായേൽ ജനം ബാബിലോൺ പ്രവാസത്തിലേക്കു പോകാൻ കാരണം അവരുടെ തന്നെ  പാപങ്ങളായിരുന്നു എന്നു  നമുക്കറിയാം. അനേകം  പ്രവാചകന്മാരിലൂടെ മുന്നറിയിപ്പു നൽകിയിട്ടും തങ്ങളുടെ ദുഷ്ടമാർഗങ്ങളിൽ നിന്നു  പിന്തിരിയാതിരുന്നതിനാലാണു  ദൈവം  ഇസ്രായേൽ ജനത്തിന് ഒരു പ്രവാസകാലം  അനുവദിച്ചത്. 

എഴുപതു വർഷം  നീണ്ട പ്രവാസത്തിൻറെ ഇരുപത്തഞ്ചാം വർഷമാണ്  എസക്കിയേലിനു ദർശനം ലഭിക്കുന്നത് (എസക്കി 40:1).   അവിടുന്നങ്ങോട്ടു  പിന്നെയുള്ള നാല്പത്തഞ്ചു  വർഷവും  പ്രവാസത്തിൻറെ തിക്താനുഭവങ്ങളിലൂടെ കടന്നുപോവുകയും തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുകയും   തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും  ചെയ്യുവർക്കു വേണ്ടിയാണു  പുതിയൊരു ദൈവാലയം   ഒരുക്കിവച്ചു  ദൈവം കാത്തിരുന്നത്. ഭാവിദൈവാലയത്തെക്കുറിച്ചുള്ള ഏറ്റവും സൂക്ഷ്മമായ കാര്യങ്ങൾ വരെ വെളിപ്പെടുത്തിക്കൊടുത്തതിനുശേഷം  ദൈവം എസക്കിയേലിനോടു പറഞ്ഞ വചനങ്ങൾ നാം  ആവർത്തിച്ചാവർത്തിച്ചു   വായിക്കണം.   ‘മനുഷ്യപുത്രാ, ഇസ്രായേൽ ഭവനം തങ്ങളുടെ  അകൃത്യങ്ങളെപ്പറ്റി ലജ്ജിക്കേണ്ടതിനു  ദൈവാലയവും അതിൻറെ അളവും രൂപവും  നീ അവർക്കു വിവരിച്ചുകൊടുക്കുക (എസക്കി 43:10).   ദൈവാലയത്തിൻറെ  മഹത്വവും തങ്ങളുടെ  പാപാവസ്ഥയും തമ്മിൽ താരതമ്യപ്പെടുത്തുമ്പോളെങ്കിലും  ദൈവജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു  ലജ്ജിക്കും എന്നു  ദൈവം കരുതി. 

ദൈവസാന്നിധ്യത്തെക്കുറിച്ചു  ബോധവാനാകുന്ന ഏതൊരു വ്യക്തിയും അതോടൊപ്പം തന്നെ  തങ്ങളുടെ   പാപത്തെക്കുറിച്ചും  അശുദ്ധിയെക്കുറിച്ചും നിസാരതയെക്കുറിച്ചും കൂടി ബോധവാനാകും. ദൈവസാന്നിധ്യം ദർശിച്ച ഏശയ്യാ  പ്രവാചകൻ വിലപിക്കുന്നുണ്ട്. ‘എനിക്കു ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുളളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ  വസിക്കുന്നവനുമാണ്. എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എൻറെ നയനങ്ങൾ ദർശിച്ചിരിക്കുന്നു’ (ഏശയ്യാ  6:5).

ദൈവത്തിൻറെ മഹത്വം അധിവസിക്കുന്ന ദൈവാലയത്തിൻറെ അളവും രൂപവും അറിയുന്നതുതന്നെ ഒരു മനുഷ്യനെ മാനസാന്തരപ്പെടുത്താൻ പര്യാപ്തമാണ്. അങ്ങനെ അനുതപിച്ചു  വിശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമേ  ദൈവാലയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ  വെളിപ്പെടുത്തിക്കൊടുക്കാൻ  ദൈവം ആഗ്രഹിക്കുന്നുള്ളൂ.  ഈ വചനം ശ്രദ്ധിക്കുക.  ‘തങ്ങൾ ചെയ്‌തിട്ടുള്ള സകല കാര്യങ്ങളെക്കുറിച്ചും  അവർ ലജ്ജിക്കുകയാണെങ്കിൽ,   ദൈവാലയവും  അതിൻറെ സംവിധാനവും പുറത്തേക്കും അകത്തേക്കുമുള്ള മാർഗങ്ങളും അതിൻറെ പൂർണരൂപവും  കാണിച്ചുകൊടുക്കുക; അതിൻറെ എല്ലാ നിയമങ്ങളും ചട്ടങ്ങളും അവരെ അറിയിക്കുക’ (എസക്കി  43:11). തങ്ങളുടെ  അകൃത്യങ്ങളെക്കുറിച്ചു  ലജ്ജിക്കാത്തവരെ ദൈവാലയത്തിൻറെ സൂക്ഷ്മവിവരങ്ങൾ അറിയിക്കാൻ പോലും ദൈവം ആഗ്രഹിക്കുന്നില്ല എന്നതാണു  സത്യം. 

ദൈവാലയത്തിൻറെ മഹത്വം  അറിയാതെ പോകുന്നവർ   തങ്ങളുടെ അകൃത്യങ്ങളെപ്പറ്റി ലജ്ജിക്കാൻ വിസമ്മതിക്കും. അവർ അശുദ്ധമായ അധരങ്ങളുളളവരുടെ മധ്യേ വസിച്ചുകൊണ്ടു  തങ്ങളുടെ അശുദ്ധമായ അധരങ്ങൾ വഴി  പാപം കുന്നുകൂട്ടും. ദൈവാലയവും  അവയുടെ  പരിസരങ്ങളും അശുദ്ധകാര്യങ്ങൾക്കും  പാപങ്ങൾക്കും ലജ്ജാകരമായ കൃത്യങ്ങൾക്കും ഉപയോഗിക്കുന്നവരെ ഓർത്തു  പ്രാർഥിക്കുകയും അവർക്കുവേണ്ടി പരിഹാരം അനുഷ്ഠിക്കുകയും  ചെയ്യേണ്ട  ഉത്തരവാദിത്വം നമ്മുടേതാണ്.

പ്രവാസത്തിനുശേഷം ദൈവം തൻറെ ജനത്തെ നയിച്ചത് ഒരു പുതിയ ജെറുസലേമിലേക്കും  പുതിയ ദൈവാലയത്തിലേക്കുമായിരുന്നു.  അതേ കർത്താവിൻറെ  തന്നെ വാഗ്ദാനപ്രകാരം ‘നീതി  നിവസിക്കുന്ന പുതിയ ആകാശവും പുതിയ  ഭൂമിയും  കാത്തിരിക്കുന്ന നാം’ (2  പത്രോസ്  3:13) ചെന്നെത്തുന്ന  സ്വർഗീയ ജറുസലേമിലെ   ‘ദൈവാലയമാകട്ടെ   ‘സർവശക്തനും ദൈവവുമായ കർത്താവും കുഞ്ഞാടും തന്നെയാണ്’ (വെളി 21:22). ‘അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവർത്തിക്കുന്ന ആരും,  അതിൽ  പ്രവേശിക്കുകയില്ല’ (വെളി 21:27) എന്നു  യോഹന്നാൻ അപ്പസ്തോലനു ദൈവം വെളിപ്പെടുത്തിക്കൊടുത്തു. അതുതന്നെയാണല്ലോ എസക്കിയേൽ പ്രവാചകനും പറഞ്ഞത്.  

നിത്യദൈവാലയത്തിലേക്കു  പ്രവേശിക്കാനായി  നമ്മുടെ  പാപങ്ങളെപ്പറ്റിയും അകൃത്യങ്ങളെപ്പറ്റിയും ലജ്ജിച്ച്, അനുതപിക്കാനുള്ള കൃപ പരിശുദ്ധാത്മാവ് എല്ലാവർക്കും നൽകട്ടെ എന്നു  പ്രാർഥിക്കാം.