എനിക്കായ് എൻറെ യേശു

‘എനിക്കായ് എൻറെ ദൈവം ഏകജാതനെ നൽകി,

എനിക്കായ്  എൻറെ യേശു  പരിഹാരബലിയായി!’

എന്തായിരുന്നു  യേശുവിൻറെ പീഡനം? ഗെത് സമെനിലെ  രക്തം വിയർത്തുള്ള പ്രാർഥനയോ, ശിഷ്യൻറെ ഒറ്റിക്കൊടുക്കലോ,  ചമ്മട്ടിയടിയോ, മുൾക്കിരീടമോ, അന്യായമായ കുറ്റാരോപണമോ,  കുരിശും ചുമന്നുള്ള യാത്രയോ, അതോ  കുരിശിൽ  കിടന്ന  മണിക്കൂറുകൾ  അവിടുന്ന് അനുഭവിച്ച അതികഠിനമായ ശാരീരികവേദനയോ  ഏതായിരിക്കും  യേശുവിനെ ഏറ്റവുമധികം വേദനിപ്പിച്ചത്? ഇവയൊക്കെയും കഠിനമായ പീഡനങ്ങൾ തന്നെയായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ കർത്താവിൻറെ പീഡനങ്ങൾ ശാരീരികമോ മാനസികമോ  ആയ തലത്തിൽ ഒതുങ്ങിനിൽക്കുന്നവയായിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ    ഇപ്രകാരമുള്ള പീഡനങ്ങളും കുരിശുമരണം തന്നെയും  ഏൽക്കേണ്ടി വന്ന  മറ്റനേകം  പേരിൽ നിന്ന് യേശുവിനെ വ്യത്യസ്തനാക്കുന്ന  ഒന്നും ഇല്ല എന്നു  പറയേണ്ടി വരും. കർത്താവിനോടുകൂടെ കുരിശിൽ തറയ്ക്കപ്പെട്ട രണ്ടു കള്ളന്മാരും കർത്താവു സഹിച്ചതുപോലെ തന്നെ  സഹിച്ചിരുന്നു. എന്നാൽ അവരുടെ കുരിശുകൾ  രക്ഷയ്ക്കുള്ള ഉപകരണമായി  മാറിയില്ല എന്നും  നാം മനസിലാക്കണം. 

കർത്താവിൻറെ യഥാർഥ  പീഡനം ഇതൊന്നുമായിരുന്നില്ല.    അവിടുന്ന് അനുഭവിച്ച പീഡനത്തിൻറെ  സ്വഭാവവും തീവ്രതയും നാം അറിഞ്ഞിരിക്കാനായി  സുവിശേഷകൻ  ഒരു വചനം രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്. ‘എലോയ്, എലോയ്, ലാമാ  സബക് ത്താനി. എൻറെ ദൈവമേ, എൻറെ ദൈവമേ, എന്തുകൊണ്ടു  നീ എന്നെ ഉപേക്ഷിച്ചു?’ (മർക്കോസ് 15:34).

യേശുവിൻറെ യഥാർഥമായ പീഡനം  കുരിശിൽ  കിടന്ന അവസാനത്തെ മൂന്നു മണിക്കൂറുകളിൽ അവിടുന്ന് അനുഭവിച്ച പരിത്യക്താവസ്ഥയായിരുന്നു.   പിതാവായ  ദൈവവുമായുള്ള ബന്ധം അനുഭവിക്കാൻ കഴിയാതെ പോയ  നരകയാതനയുടെ നിമിഷങ്ങളിലാണു   തന്നെ എന്തുകൊണ്ട് ഉപേക്ഷിച്ചു എന്നു  പുത്രൻ 

 കണ്ണീരോടെ ചോദിക്കുന്നത്.  സത്യത്തിൽ പിതാവു  പുത്രനെ ഉപേക്ഷിച്ചിരുന്നോ?   ഇല്ല എന്നാണുത്തരം. പിന്നെ എന്തുകൊണ്ടാണ് യേശുവിന് ഇങ്ങനെ പറയേണ്ടിവന്നത്?

ഈ ചോദ്യത്തിൻറെ ഉത്തരം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്.  കാരണം  അതു നമ്മുടെ രക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട ആ മൂന്നു മണിക്കൂറിൽ യേശു എന്തു ചെയ്യുകയായിരുന്നു? അവിടുന്നു  ലോകത്തിൻറെ പാപങ്ങൾ മുഴുവൻ വഹിക്കുകയായിരുന്നു എന്ന് ഒറ്റ വാക്കിൽ പറയാം.  പാപത്തിൽ ആയിരിക്കുന്ന  ഒരു മനുഷ്യനു  ദൈവസാമീപ്യം അനുഭവിക്കാൻ ഒരിക്കലും സാധിക്കില്ലല്ലോ.  ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും   ആദം മുതൽ   അവസാനത്തെ മനുഷ്യൻ വരെയുള്ള എല്ലാ മനുഷ്യരും ചെയ്തതും ചെയ്യാനിരിക്കുന്നതുമായ എല്ലാ  പാപങ്ങളുടെയും   ഭാരം യേശുവിൻറെ  മേൽ ആരോപിക്കപ്പെട്ട ആ മണിക്കൂറുകളിൽ  അവിടുന്ന്   അനുഭവിച്ചതു പാപത്തിൽ മരിക്കുന്ന ഒരാത്മാവ്  നിത്യതയിൽ അനുഭവിക്കുന്ന നരകയാതന തന്നെയായിരുന്നു.  നരകത്തിലെ   ഏറ്റവും വലിയ പീഡ ദൈവവുമായുള്ള ബന്ധം എന്നെന്നേയ്ക്കുമായി   ഇല്ലാതായി എന്നു  തിരിച്ചറിയുന്നതാണല്ലോ. 

പാപികളായ നമ്മെ വീണ്ടെടുക്കാനായി യേശു നിത്യതയിൽ നമുക്കു  കിട്ടേണ്ടിയിരുന്ന നരകശിക്ഷ കുരിശിൽ  അനുഭവിച്ചുതീർത്തു.   പൗലോസ് അപ്പസ്തോലൻറെ വാക്കുകൾ ശ്രദ്ധിക്കുക.  ‘അവനിൽ നാമെല്ലാവരും ദൈവത്തിൻറെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ  ദൈവം നമുക്കുവേണ്ടി പാപമാക്കി’ (2 കൊറി  5:21). ഒരുവൻ എല്ലാവർക്കും  വേണ്ടി മരിച്ചുവെന്നും അതിനാൽ എല്ലാവരും മരിച്ചുവെന്നുമുള്ള   (2 കൊറി 5:14)  ഈ വിശ്വാസത്തിലാണു നാം രക്ഷ പ്രാപിക്കുന്നത്.

ഒരുവൻ മറ്റൊരുവനു  വേണ്ടി പകരക്കാരനായി ശിക്ഷ അനുഭവിക്കുക എന്നതു   പഴയനിയമപശ്ചാത്തലത്തിൽ നമുക്ക് എളുപ്പത്തിൽ മനസിലാവുന്ന കാര്യമാണ്.  ബലിയർപ്പിക്കപ്പെടാനുള്ള കുഞ്ഞാടിൻറെ തലയിൽ  തൻറെ കൈകൾ  വയ്ക്കുമ്പോൾ പുരോഹിതൻ ചെയ്തിരുന്നത്  ആ സമൂഹത്തിൻറെ മുഴുവൻ പാപവും  കുഞ്ഞാടിൻറെ മേൽ ആരോപിക്കുകയായിരുന്നുവല്ലോ.   അതുപോലെ  നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു കൊല്ലപ്പെട്ടതു  നമ്മുടെ എല്ലാവരുടെയും എല്ലാ പാപങ്ങൾക്കുമുള്ള പരിഹാരമായിട്ടാണ്. ഏശയ്യാ പ്രവാചകൻറെ പുസ്തകം അൻപത്തിമൂന്നാം അധ്യായം മുഴുവനും നമുക്കുവേണ്ടി  പീഡ സഹിക്കുന്ന ക്രിസ്തുവിൻറെ ചിത്രമാണല്ലോ. 

ക്രിസ്തുവിൻറെ പീഡനത്തെ ശാരീരികമോ മാനസികമോ ആയ തലത്തിലേക്കു  മാത്രം  ഒതുക്കി അവതരിപ്പിക്കുന്ന ഏതു   പ്രബോധനത്തെയും സൂക്ഷിക്കണം. നമുക്കു  രക്ഷ കൊണ്ടുവന്നുതന്നതു  ക്രിസ്തുവിൻറെ ആത്മീയസഹനമാണ്. അതാകട്ടെ  നിത്യതയിൽ പിതാവിനോടു  ചേർന്നിരുന്നപ്പോളും  ഭൂമിയിൽ മനുഷ്യനായി ജീവിച്ചപ്പോഴും   അവിടുന്ന് അനുഭവിച്ച   ദൈവസാന്നിധ്യത്തിൻറെ നിഷേധമായിരുന്നു.  അതിനേക്കാൾ വലിയൊരു പീഡയോ സഹനമോ ഒരു മനുഷ്യനും  ഒരിക്കലും അനുഭവിക്കാനില്ല. അതുകൊണ്ടാണ് യേശുക്രിസ്തുവിൻറെ  പീഡാസഹനവും കുരിശുമരണവും  നമ്മുടെ രക്ഷയ്ക്കു കാരണമാകുന്നത്. 

ഈ സത്യം മനസിലാക്കിക്കൊണ്ടു  നമുക്കു പ്രാർത്ഥിക്കാം. യേശുവിൻറെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി, പിതാവേ, ഞങ്ങളുടെയും ലോകം മുഴുവൻറെയും മേൽ കരുണയായിരിക്കണമേ.