വിശുദ്ധിയിലേക്കുള്ള ദൂരം

ആകയാൽ സഹോദരരേ, ദൈവത്തിൻറെ കാരുണ്യം  അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ  വിശുദ്ധവും  ദൈവത്തിനു പ്രീതികരവുമായ  സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ  യഥാർഥമായ ആരാധന (റോമാ 12:1). ശരീരത്തിൻറെ വിശുദ്ധിയ്ക്കു  ദൈവം വലിയ വില കൊടുക്കുന്നുണ്ടെന്നാണ് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നത്. എന്തുകൊണ്ടാണ്  ഒരു വിശ്വാസി തൻറെ ശരീരം വിശുദ്ധമായി സൂക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു എന്നു  പറയുന്നത്?  അന്ത്യദിനത്തിൽ ഉയിർപ്പിക്കപ്പെടാനുള്ളതാണു   നമ്മുടെ ശരീരം എന്നതുതന്നെയാണ് അതിൻറെ കാരണം.

 അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണു   ദൈവം നമ്മെ വിളിച്ചിരിക്കുന്നത്  (1 തെസ  4:7) എന്നെഴുതിയ  പൗലോസ് ശ്ലീഹാ  വീണ്ടും പറയുന്നു; ‘  നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നത്. അസാന്മാർഗികതയിൽ നിന്നു നിങ്ങൾ ഒഴിഞ്ഞു മാറണം. നിങ്ങൾ ഓരോരുത്തരും സ്വന്തം ശരീരത്തെ  വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം’ (1 തെസ  4:3-4).

 ലോകവുമായി നാം  ബന്ധപ്പെടുന്നത് നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ലോകത്തിൻറെ അശുദ്ധി നമ്മുടെ ഉള്ളിലേക്കു പ്രവേശിക്കുന്നതും  പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്.  ‘വലതുകണ്ണു  നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത്  എറിഞ്ഞുകളയുക. ശരീരമാകെ നരകത്തിലേക്ക്  എറിയപ്പെടുന്നതിനേക്കാൾ നല്ലത് അവയവങ്ങളിലൊന്നു  നഷ്ടപ്പെടുകയാണ്’ (മത്തായി 5:29) എന്ന   വിഷമമേറിയ പ്രതിവിധി ഉപദേശിക്കുന്നതിനു മുൻപു  കർത്താവ് സംസാരിച്ചതു   കണ്ണുകൊണ്ടുള്ള വ്യഭിചാരത്തെക്കുറിച്ചാണ്.  ‘എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ  ഹൃദയത്തിൽ  അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു’ (മത്തായി 5:28). മാധ്യമങ്ങളും മൊബൈൽ ഫോണും ഇൻ്റർനെറ്റും  സിനിമയും ഒക്കെ ആസക്തിയുടെ വലകൾ നമ്മുടെ മുൻപിൽ നിരന്തരം വച്ചുനീട്ടുമ്പോൾ   കണ്ണടക്കം പാലിക്കുക എന്നതല്ലാതെ നമുക്കു  വേറെ വഴിയില്ല.

 ഒരുപക്ഷേ, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും  പല വൈദികരും (പ്രത്യേകിച്ചു  സന്യാസവൈദികരും പ്രായമായ വൈദികരും)  നിലത്തുനോക്കി മാത്രം നടക്കുന്നത്. അവർ തങ്ങളുടെ കണ്ണുകളെ അലസമായി അലയാൻ വിടാറില്ല. നടക്കുമ്പോൾ  പത്തടിയിൽ കൂടുതൽ ദൂരെയുള്ള ഒന്നിലേക്കും  കണ്ണെത്താതിരിക്കാനുള്ള പരിശീലനം അവർ നേടിയിട്ടുണ്ട്.  പല സന്യാസസഭകളുടെയും Typicon ൽ  (ഓരോ സന്യാസസമൂഹത്തിൻറെയും ആത്മീയജീവിതനിയമങ്ങൾ  പ്രതിപാദിക്കുന്ന പുസ്തകം)  പത്തടിയിൽ കൂടുതൽ ദൂരത്തു കാണാൻ സാധിക്കുന്ന   വിധത്തിൽ തല ഉയർത്തിപ്പിടിച്ചു  നടക്കരുത് എന്നു  നിഷ്കർഷിച്ചിരുന്നു എന്നതു  നമ്മുടെ ഈ തലമുറയ്ക്ക് അത്ഭുതമായിരിക്കും. ‘കണ്ണാണു  ശരീരത്തിൻറെ വിളക്ക്. കണ്ണു  കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും’  (മത്തായി 6:22) എന്ന ഗുരുവചനത്തിൻറെ ആഴം മനസിലാക്കിയവർക്കു   വിശുദ്ധിയുടെ  അതിർവരമ്പു   പത്തടിയിൽ ഒതുക്കിനിർത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.  

‘എൻറെ ഹൃദയത്തിനിങ്ങിയ ഒരു മനുഷ്യനെ  ഞാൻ ജെസ്സെയുടെ പുത്രനിൽ കണ്ടെത്തി’ (അപ്പ. 13:22) എന്നു  ദൈവം ആരെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയോ  ആ ദാവീദിൻറെ പതനകാരണം കണ്ണുകളെ അലസമായി മേയാൻ വിട്ടതായിരുന്നു. എന്നാൽ നീതിമാനായ ജോബ് തൻറെ കണ്ണുകളെ നിയന്ത്രിച്ചത്  ഒരു ഉടമ്പടിയിലൂടെയാണ്.  ‘ഞാൻ എൻറെ കണ്ണുകളുമായി ഒരുടമ്പടി ചെയ്തിട്ടുണ്ട്.  അപ്പോൾ ഞാൻ എങ്ങനെ ഒരു കന്യകയെ നോക്കും?’ (ജോബ് 31:1). നമ്മുടെ ദൃഷ്ടികളെ നേർവഴിയിൽ സൂക്ഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതായി സുഭാഷിതങ്ങളുടെ പുസ്തകത്തിലും നാം വായിക്കുന്നുണ്ടല്ലോ.  ‘നിൻറെ ദൃഷ്ടി  അവക്രമായിരിക്കട്ടെ. നിൻറെ നോട്ടം മുൻപോട്ടു മാത്രമായിരിക്കട്ടെ’ (സുഭാ 4:25 ).  യുഗാന്ത്യത്തോളം നീളുന്ന ദർശനങ്ങൾ കാണാൻ ഉൾക്കാഴ്ച കിട്ടിയ യോഹന്നാൻ അപ്പസ്തോലൻ പിതാവിൽ നിന്നല്ലാത്ത കാര്യങ്ങളെക്കുറിച്ചു  പറയുമ്പോൾ  എടുത്തുപറയുന്ന ഒന്നു  കണ്ണുകളുടെ ദുരാശ (1 യോഹ. 2:16) ആണ്‌.  ദൈവത്തിൽ കണ്ണുകൾ ഉറപ്പിച്ചുനിർത്തുന്നവർ  ഭാഗ്യവാന്മാർ ‘ ദൈവം അവരുടെ കണ്ണുകളിൽ നിന്നു  കണ്ണീർ തുടച്ചുനീക്കും ( വെളി 7:17).

 നമുക്കു പ്രാർഥിക്കാം:  സ്വർഗസ്ഥനായ  ഞങ്ങളുടെ പിതാവേ, അങ്ങയുടെ കണ്ണുകൾ പതിനായിരം  സൂര്യനെക്കാൾ  പ്രകാശമേറിയതാണല്ലോ. അങ്ങയുടെ പരിശുദ്ധാത്മാവു  നിവസിക്കുന്ന ഞങ്ങളുടെ  ശരീരത്തിൻറെ വിളക്കായ   ഞങ്ങളുടെ കണ്ണുകൾ അശുദ്ധമായ ഒന്നിലും  പതിയാതിരിക്കട്ടെ.  ഞങ്ങളുടെ കണ്ണുകളെ വിശുദ്ധമായി കാത്തുസൂക്ഷിക്കാനുള്ള കൃപ  ഞങ്ങൾക്കു നൽകുകയും ചെയ്യണമേ.  ആമേൻ.