കുരിശിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറ്റിക്കുറിച്ച യേശുവിനെപ്പോലെ തന്നെ
കുരിശും അന്നു മുതൽ ഇന്നുവരെയും ഇടർച്ചയുടെ ചിഹ്നമായി തുടരുന്നു. അവൻ ‘വിവാദവിഷയമായ അടയാളമായിരിക്കാൻ’ (ലൂക്കാ 2:34) വേണ്ടി യുഗങ്ങൾക്കു മുൻപേ നിയോഗിക്കപ്പെട്ടവനായിരുന്നുവല്ലോ.
‘നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിൻറെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിൻറെ ശക്തിയത്രേ (1 കൊറി 1:18). സത്യത്തിൽ യേശുക്രിസ്തു നമുക്കായി ഒരേയൊരു വചനം മാത്രമേ നൽകിയിട്ടുള്ളൂ. അതാകട്ടെ കുരിശിൻറെ വചനമാണ്. ആ വചനത്തിനു നേരെ നാം കൃത്യമായ ഒരു നിലപാട് എടുക്കുക തന്നെ വേണം. ഒന്നുകിൽ കുരിശിനെ സ്വീകരിക്കുക അല്ലെങ്കിൽ തള്ളിക്കളയുക.
കുരിശിൻറെ വചനം സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം അതു പരമമായ സത്യമായിരുന്നു. നിത്യജീവനിലേക്കു നയിക്കുന്ന ഗോവണിയായ കുരിശിനെ അവർ ആശ്ലേഷിച്ചു. കുരിശിൻറെ വചനം പ്രഘോഷിക്കുന്നതിൽ അവർ ലജ്ജിച്ചില്ല. ‘യഹൂദർ അടയാളങ്ങൾ ആവശ്യപ്പെടുകയും ഗ്രീക്കുകാർ വിജ്ഞാനം അന്വേഷിക്കുകയും ചെയ്തപ്പോൾ (1 കൊറി 1:22) അവർ തെരഞ്ഞെടുത്തതു മറ്റൊരു വഴിയായിരുന്നു. സ്വന്തം ജനത്തിന് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവും (1 കൊറി 1:23) ആകുമെന്നറിഞ്ഞുകൊണ്ടുതന്നെ അവർ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു (1 കൊറി 1:23).
കുരിശിൽ വെളിപ്പെട്ട പരമമായ സത്യത്തെ തിരിച്ചറിഞ്ഞതോടെ അവർ തങ്ങളുടെ ബാഹ്യനേത്രങ്ങൾ പുറംലോകത്തിനു നേരെ അടച്ചുവച്ചു. അപ്പസ്തോലനായ പൗലോസ് പറയുന്നു; ‘ നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു’ (1 കൊറി 2:2). ക്രൂശിതനായ ക്രിസ്തുവിനോട് അത്രമേൽ താദാത്മ്യം പ്രാപിച്ച ഒരാൾക്ക് മറ്റെന്താണു പറയാൻ കഴിയുക! ‘ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു’ (ഗലാ. 2 :20) എന്നൊക്കെ ഹൃദയത്തിൽ തട്ടി പറയണമെങ്കിൽ ‘ഇനിമേൽ താനല്ല ജീവിക്കുന്നത് എന്നും ക്രിസ്തുവാണു തന്നിൽ ജീവിക്കുന്നത്’ എന്നുമുള്ള (ഗലാ 2:20) ഇളകാത്ത ബോധ്യം ആത്മാവിലുണ്ടാകണം.
തന്നെക്കുറിച്ചുതന്നെ പ്രശംസിക്കാൻ പൗലോസിന് അനേകം ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അപ്പസ്തോലൻ തെരഞ്ഞെടുത്തത് അതൊന്നുമായിരുന്നില്ല; കർത്താവായ യേശുക്രിസ്തുവിൻറെ കുരിശു മാത്രമായിരുന്നു! മറ്റൊന്നിലും അഭിമാനിക്കാതിരിക്കാൻ ഒരിക്കലും തനിക്കിടയാകരുതേ എന്നതായിരുന്നു പൗലോസിൻറെ എന്നത്തേയും പ്രാർഥന. ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെ പ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ (ഗലാ 6:14).
കുരിശിനെതിരെ നിൽക്കുന്ന ലോകവും കുരിശിൻറെ തണലിൽ ലോകത്തെ വെല്ലിവിളിച്ചുകൊണ്ടു നിൽക്കുന്ന കുറെ മനുഷ്യരും! പിന്നീടെപ്പോഴും ചരിത്രം അങ്ങനെയായിരുന്നു. കുരിശുകൊണ്ടു ലോകത്തെ വെല്ലുവിളിച്ചവരെ ‘ലോകത്തെ കീഴ്മേൽ മറിച്ച മനുഷ്യർ’ (അപ്പ. 17:6) എന്ന് അവരുടെ ശത്രുക്കൾക്കുപോലും വിളിക്കേണ്ടിവന്നു. അതേ, അന്നും ഇന്നും ലോകത്തെ കീഴ്മേൽ മറിക്കാൻ കഴിവുള്ളതു യേശുക്രിസ്തുവിൻറെ കുരിശിനു മാത്രമാണ്. ആ കുരിശിനോടുള്ള സ്നേഹവും അടുപ്പവും ഉറക്കെ പ്രഘോഷിക്കാൻ നാമെന്തിനു ലജ്ജിക്കണം? കുരിശിനെക്കുറിച്ചു ലജ്ജിക്കുന്നവനു തന്നെക്കുറിച്ചുതന്നെ ലജ്ജിക്കേണ്ട ഒരു ദിവസം വരും എന്ന മുന്നറിയിപ്പു നാം കാണാതെ പോകരുത്.
‘എന്നാൽ പലരും ക്രിസ്തുവിൻറെ കുരിശിൻറെ ശത്രുക്കളായി ജീവിക്കുന്നു എന്നു പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോൾ കണ്ണീരോടെ ആവർത്തിക്കുന്നു. നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതിൽ അവർ അഭിമാനം കൊള്ളുന്നു. ഭൗമികമായതു മാത്രം അവർ ചിന്തിക്കുന്നു’ (ഫിലി. 3:18-20).
തൻറെ മഹത്വത്തോടെയുള്ള രണ്ടാം വരവിനെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈശോ ശിഷ്യന്മാരോടു പറഞ്ഞത്, ആ മഹാസംഭവത്തിനു മുൻപായി മനുഷ്യപുത്രൻറെ അടയാളം ആകാശത്തിൽ പ്രത്യക്ഷപ്പെടും എന്നാണ്. ‘അപ്പോൾ ആകാശത്തിൽ മനുഷ്യപുത്രൻറെ അടയാളം പ്രത്യക്ഷപ്പെടും; ഭൂമിയിലെ സർവ ഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രൻ വാനമേഘങ്ങളിൽ ശക്തിയോടും മഹത്വത്തോടും കൂടെ വരുന്നതു കാണുകയുംചെയ്യും ‘ (മത്തായി 24:30). ഇവിടെ പരാമർശിക്കുന്ന മനുഷ്യപുത്രൻറെ അടയാളം എന്നതു കുരിശ് ആണെന്നാണു ദൈവശാസ്ത്രജ്ഞന്മാരുടെയും ബൈബിൾ പണ്ഡിതരുടെയും അഭിപ്രായം. എന്തുകൊണ്ടായിരിക്കണം ആകാശത്തിൽ കുരിശടയാളം കാണുമ്പോൾ ഭൂമിയിലെ ഗോത്രങ്ങൾ വിലപിക്കുന്നത്? അവർ ആ നിമിഷം വരെയും കുരിശിനെ വെറുത്തിരുന്നു എന്നതുതന്നെയാണ് അതിനു കാരണം.
ക്രിസ്തുവിൻറെ ബലി സകലമനുഷ്യർക്കും വേണ്ടിയുള്ളതാകയാൽ ക്രിസ്തുവിൻറെ കുരിശിനെ ഇപ്പോൾ നിന്ദിക്കുന്നവർക്കു വേണ്ടിക്കൂടി പ്രാർഥിക്കുക എന്നതും നമ്മുടെ കടമയാണ്. കുരിശിൽ നിന്നു പ്രസരിക്കുന്ന പ്രകാശം കാണാൻ അവരുടെ കണ്ണുകളും തുറക്കപ്പെടട്ടെ എന്നും ക്രൂശിതനായ കർത്താവിനെ ആശ്ലേഷിക്കാനുള്ള കൃപ അവർക്കും ലഭിക്കട്ടെ എന്നും നാം പ്രാർഥിക്കണം. സകല മനുഷ്യരും കർത്താവിൻറെ കുരിശിൻറെ മുൻപിൽ ഒന്നിച്ചുകൂടുന്ന ആ ദിവസത്തിനുവേണ്ടിയാണു നാം പ്രാർഥിക്കേണ്ടത്.
തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന വിശിഷ്ടാവകാശമാണ് കർത്താവിൻറെ കുരിശിനോടു ചേർന്നു നിൽക്കുക എന്നത് (യോഹ. 19:25). എന്നാൽ സ്വന്തം കുരിശു വഹിക്കാനുള്ള ക്ഷണമാകട്ടെ സാർവത്രികമാണ്. സ്വന്തം കുരിശിനപ്പുറം മറ്റൊരാളുടെ കുരിശു ചുമന്ന കിറേനക്കാരനായ ശിമയോനെ അനുകരിക്കാൻ നമുക്കു സാധിച്ചില്ലെങ്കിലും സ്വന്തം കുരിശെങ്കിലും ക്ഷമയോടെ സഹിക്കാം. കാരണം സ്വന്തം കുരിശു വഹിക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്നു കർത്താവ് ആരെയും ഒഴിവാക്കിയിട്ടില്ല. ‘ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച്, തൻറെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ’ (മത്തായി 16:24) എന്നാണു തൻറെ കുരിശിലേക്കുള്ള യാത്രാമധ്യേ കർത്താവ് ശിഷ്യന്മാരോടു പറഞ്ഞത് .
ഇവിടെയാണ് കുരിശു നമുക്കൊരു വെല്ലുവിളിയാകുന്നത്. കുരിശു സ്വീകരിക്കണമോ വേണ്ടയോ എന്ന ചോദ്യത്തിനു നാം കൊടുക്കുന്ന മറുപടിയാണു നമ്മടെ നിത്യഭാഗധേയം തീരുമാനിക്കുന്നത് എന്നതും ഓർത്തുവയ്ക്കുക.
പരാതി കൂടാതെ സ്വന്തം കുരിശു വഹിക്കാനുള്ള കൃപയ്ക്കു വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം തന്നെ ഇപ്പോൾ കുരിശിനെ നിന്ദിക്കുന്നവർക്ക് ഒരിക്കൽ കുരിശിൻറെ തണലിൽ അഭയം തേടാനുള്ള കൃപ ലഭിക്കട്ടെ എന്നും നമുക്കു പ്രാർഥിക്കാം.