അവൻ വീണ്ടും വരുമോ? ഈ ചോദ്യം പുതിയതൊന്നുമല്ല. പത്രോസ് ശ്ലീഹാ തൻറെ രണ്ടാമത്തെ ലേഖനം എഴുതിയ കാലത്തുതന്നെ ഇങ്ങനെയൊരു ചോദ്യം അവസാനനാളുകളിൽ ഉയരുമെന്നു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യത്തെ മാർപാപ്പ ഇങ്ങനെ എഴുതിവെച്ചത്. ‘ ആദ്യം തന്നെ നിങ്ങൾ ഇതു മനസിലാക്കണം. അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകർ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളിൽ പ്രത്യക്ഷപ്പെടും. അവർ പറയും: അവൻറെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാൽ പിതാക്കന്മാർ നിദ്ര പ്രാപിച്ച നാൾ മുതൽ സകല കാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുന്നല്ലോ’ (2 പത്രോസ് 3:3-4).
കർത്താവു മഹത്വത്തോടെ വീണ്ടും വരുമെന്ന വിശ്വാസസത്യത്തെ സംശയത്തോടെ വീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഒരു തലമുറയിൽ ആണു നാം ജീവിക്കുന്നത്. കർത്താവിൻറെ ദ്വിതീയാഗമനത്തിൽ വിശ്വസിക്കുന്നവരിൽ തന്നെ പലരും അത് ഉടനെയൊന്നും സംഭവിക്കാനിരിക്കുന്ന ഒരു കാര്യമല്ല എന്ന അലസചിന്തയിൽ കാലം കഴിക്കുകയും ചെയ്യുന്നു. ഇതിനിടയിൽപ്പെട്ടു യഥാർത്ഥ വിശ്വാസികൾ ഞെരുങ്ങുകയാണ്. അവരുടെയിടയിലുള്ള ആശയക്കുഴപ്പം മുതലെടുത്തുകൊണ്ട് വിശുദ്ധഗ്രന്ഥത്തിനു സ്വന്തം വ്യാഖ്യാനങ്ങളുമായി ഇറങ്ങിയിരിക്കുന്ന അന്ത്യകാല സെക്ടുകൾ പലരെയും വഴിതെറ്റിച്ചുകൊണ്ടുപോകുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ തിരുവചനത്തിൻറെയും കത്തോലിക്കാ സഭാപഠനങ്ങളുടെയും വിശുദ്ധരുടെ പ്രവചനങ്ങളുടെയും അടിസ്ഥാനത്തിൽ സമകാലിക സംഭവങ്ങളെ വിലയിരുത്തി യേശുക്രിസ്തുവിൻറെ ദ്വിതീയാഗമനം എന്ന വിഷയത്തെക്കുറിച്ചു ചില കാര്യങ്ങൾ പങ്കുവയ്ക്കാം എന്നു ചിന്തിക്കുകയാണ്.
യേശുക്രിസ്തുവിൻറെ മഹത്വപൂർണ്ണമായ പുനരാഗമനം സമീപസ്ഥമാണെന്നും അതിൻറെ അടയാളങ്ങൾ നമുക്കുചുറ്റും എത്രയെങ്കിലും കാണാൻ കഴിയുമെന്നും വിശ്വസിക്കുന്ന വ്യക്തികളും സമൂഹങ്ങളും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ആ മഹാദിവസത്തിനായി വിശുദ്ധിയോടെ ഒരുങ്ങി കാത്തിരിക്കുന്ന അത്തരം വ്യക്തികളെ മനസിൽ കണ്ടുകൊണ്ടാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്.
വിശദമായി തന്നെ പ്രതിപാദിക്കേണ്ട പല കാര്യങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരു ദിവസം ഒരു അധ്യായം എന്ന രീതിയിൽ കുറച്ചുദിവസങ്ങൾ കൊണ്ടു ചെറിയ ചെറിയ ഭാഗങ്ങളായി ഇതു പോസ്റ്റു ചെയ്യാമെന്നാണു കരുതുന്നത്.
എപ്പോഴാണ് യേശുക്രിസ്തുവിൻറെ രണ്ടാം വരവു സംഭവിക്കുക? ഇതു നമ്മുടെ മാത്രം സംശയമല്ല. യേശുവിൻറെ ശിഷ്യന്മാർക്കും ഇതേ സംശയം ഉണ്ടായിരുന്നു. ” അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു. ഇതെല്ലാം എപ്പോൾ സംഭവിക്കുമെന്നും നിൻറെ ആഗമനത്തിൻറെയും യുഗാന്തത്തിൻറെയും അടയാളമെന്താണെന്നും ഞങ്ങൾക്കു പറഞ്ഞുതരണമേ!” (മത്തായി 24:3). യേശു അതിനു കൊടുക്കുന്ന മറുപടി 4 മുതൽ 44 വരെയുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നു. യേശു നേരിട്ട് ഒരു ഉത്തരം കൊടുക്കുന്നതായി നാം കാണുന്നില്ല. അതിനു കാരണം അവിടുന്ന് തന്നെ പറഞ്ഞിട്ടുള്ളതുപോലെ പിതാവു തൻറെ സ്വന്തം അധികാരത്തിൽ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്ന കാലമോ സമയമോ നാം അറിയേണ്ടതില്ല എന്നതാണ് ( അപ്പ. പ്രവൃത്തികൾ 1:7). ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗ്ഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ ( മത്തായി 24:36) എന്നാണ് യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ പറഞ്ഞിരിക്കുന്നത്.. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നതും ഞങ്ങൾ വിശ്വസിക്കുന്നതും അതുതന്നെയാണ്. അതുകൊണ്ട് അതിനു വിരുദ്ധമായ ഒരു പ്രസ്താവനയും ഈ ലേഖനത്തിൽ നിന്നു പ്രതീക്ഷിക്കേണ്ടതില്ല.
പത്രോസ് ശ്ലീഹായുടെ വാക്കുകൾ അനുസരിച്ചു കർത്താവിൻറെ രണ്ടാം വരവിനെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു തലമുറ യുഗാന്ത്യത്തിനു തൊട്ടുമുൻപ്, അതായത് അവസാനനാളുകളിൽ, പ്രത്യക്ഷപ്പെടും. യുക്തിപരമായി ചിന്തിക്കുകയാണെങ്കിൽ അവരുടെ ചോദ്യം ന്യായമാണ്. ലോകത്തിലെ എല്ലാകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽ തന്നെ തുടരുകയാണല്ലോ. പഴയതുപോലെ തന്നെ സൂര്യൻ ഉദിക്കുന്നു, അസ്തമിക്കുന്നു. മഴ പെയ്യുന്നു, കാറ്റു വീശുന്നു. മനുഷ്യൻ ജനിക്കുന്നു, മരിക്കുന്നു. ഋതുഭേദങ്ങൾ മുറതെറ്റാതെ നടക്കുന്നു. ജീവജാലങ്ങൾ പ്രകൃതിനിയമമനുസരിച്ചുതന്നെ മുന്നോട്ടുപോകുന്നു. ഊർജ്ജതന്ത്രത്തിലെയോ രസതന്ത്രത്തിലെയോ സമവാക്യങ്ങൾ ഒന്നും മാറുന്നില്ല. രണ്ടും രണ്ടും കൂട്ടിയാൽ അന്നും ഇന്നും നാലുതന്നെ. വിതയും കൊയ്ത്തും വീടുപണിയും വിവാഹവും ജോലിയും വിനോദങ്ങളും ഒക്കെയായി മനുഷ്യർ പഴയതുപോലെ തന്നെ ജീവിക്കുന്നു. പിന്നെ എങ്ങനെയാണ് ‘ഇതാ, യേശുക്രിസ്തു രണ്ടാമതു വരാൻ പോകുന്നു’ എന്ന് ആരെങ്കിലും പറഞ്ഞാൽ അതു വിശ്വസിക്കാൻ കഴിയുക?
പത്രോസ് ശ്ലീഹാ പറഞ്ഞ ഒരു കാര്യം നാം ശ്രദ്ധിക്കാതെ പോകരുത്. സ്വന്തം അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകർക്കാണ് ഇത്തരം സംശയങ്ങൾ ഉണ്ടാകുന്നത്! അവർക്ക് യുക്തിയുടെ മാനദണ്ഡം വച്ചേ ദൈവത്തെപ്പോലും അളക്കാൻ കഴിയുകയുള്ളൂ. വിശ്വാസത്തിൽ ഉറച്ചുനിന്നു തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർക്ക് ഇക്കാര്യത്തിലൊന്നും സംശയമുണ്ടാകേണ്ട കാര്യമില്ലല്ലോ.
ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ട് നാം വിഷയത്തിലേക്കു കടക്കുകയാണ്. അതീവപ്രാധാന്യമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഈ ലേഖനം വേണ്ടവിധത്തിൽ ഗ്രഹിക്കാൻ പരിശുദ്ധാത്മാവിൻറെ അനുഗ്രഹം യാചിച്ചുകൊണ്ട് തുടർന്നു വായിക്കാൻ അപേക്ഷിക്കുന്നു. ഒപ്പം തന്നെ ഡിവൈൻ മേഴ്സി ചാനലിനെയും അതിൻറെ അണിയറപ്രവർത്തകരെയും നിങ്ങളുടെ പ്രാർത്ഥനകളിൽ അനുസ്മരിക്കണമേ എന്നും അപേക്ഷിക്കുന്നു.