‘ആകയാൽ നിങ്ങൾ അവരെ വിട്ട് ഇറങ്ങിവരികയും അവരിൽ നിന്നു വേർപിരിയുകയും ചെയ്യുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങൾ തൊടുകയുമരുത്; അപ്പോൾ ഞാൻ നിങ്ങളെ സ്വീകരിക്കും; ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു’ (2 കൊറി 6:17-18). ദൈവം നമ്മെ തൻറെ പുത്രന്മാരും പുത്രിമാരുമായി സ്വീകരിക്കാനുള്ള നിബന്ധനയാണു പൗലോസ് ശ്ലീഹാ പറയുന്നത്. ലോകത്തിൽ നിന്നു മാറി നിൽക്കുക, അവരിൽ നിന്നു വേർപിരിയുക, അശുദ്ധമായതൊന്നും സ്പർശിക്കാതെയുമിരിക്കുക. തീർച്ചയായും ദൈവമക്കൾ എന്ന അതിശ്രേഷ്ഠസ്ഥാനത്തിന് അർഹരാകണമെങ്കിൽ അതികർക്കശമായ പരിശോധനകളിലൂടെതന്നെ നാം കടന്നുപോകണം.
അതു വളരെ പ്രയാസമേറിയ ഒന്നാണെന്നു സമ്മതിക്കാതെ തരമില്ല. ഓരോ നിമിഷവും നമ്മുടെ ഉള്ളിൽ ദൈവികകാര്യങ്ങളും ലൗകികകാര്യങ്ങങ്ങളും തമ്മിൽ ഒരു വടംവലി നടക്കുന്നുണ്ട്. ദൈവം നമ്മെ വിശുദ്ധിയിലേക്കും സ്നേഹത്തിലേക്കും സമാധാനത്തിലേക്കുമാണു വിളിച്ചിരിക്കുന്നത്. എന്നാൽ ലോകം നമ്മെ പ്രലോഭിപ്പിക്കുന്നത് അതിൻറെ ആഡംബരങ്ങളിലേക്കും കഴമ്പില്ലാത്ത നൈമിഷികസന്തോഷങ്ങളിലേക്കുമാണ്. നമ്മെ ലോകത്തിൻറെ കെണിയിൽ വീഴ്ത്താനായി ‘ഈ ലോകത്തിൻറെ അധികാരി’ (യോഹ. 14:30) ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം വർത്തമാനപ്പത്രങ്ങളും ടെലിവിഷനും സോഷ്യൽ മീഡിയയും അടങ്ങുന്ന പ്രചാരണമാധ്യമങ്ങളാണ്.
ഒരിക്കൽ നാം അന്ധമായി വിശ്വസിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ നിരീശ്വര, ക്രൈസ്തവവിരുദ്ധ, സന്മാർഗവിരുദ്ധ തത്വശാസ്ത്രങ്ങളുടെ ജിഹ്വകളായി മാറിയിരിക്കുന്നു. ദൈവനിഷേധത്തിൻറെ ആ തത്വശാസ്ത്രം ലോകത്തെ ഒരു മഹാപ്രളയത്തിലെന്ന പോലെ മുക്കിത്താഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇതു യാദൃച്ഛികമൊന്നുമല്ല. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവുമല്ല. എത്രയോ കാലം മുൻപു തന്നെ നമുക്കു മുന്നറിയിപ്പു നൽകപ്പെട്ടതാണ്!
അര നൂറ്റാണ്ടു മുൻപ്, കൃത്യമായി പറഞ്ഞാൽ 1973 ജൂലൈ 8 ന് പരിശുദ്ധ അമ്മ ഫാ. സ്റ്റെഫാനോ ഗോബിയോട് പറഞ്ഞു. ‘വർത്തമാനപ്പത്രങ്ങങ്ങളിലോ ടെലിവിഷനുകളിലോ നോക്കരുത്. സദാസമയവും പ്രാർഥനയിൽ എൻറെ ഹൃദയത്തിനു സമീപം നിലകൊള്ളുക. എൻറെ കൂടെയും എനിക്കു വേണ്ടിയും ജീവിക്കുന്നതൊഴിച്ച് മറ്റൊന്നിലും നീ താല്പര്യപ്പെടുകയോ, മറ്റൊന്നിനെയും പ്രധാനമായി കരുതുകയോ ചെയ്യരുത്’ ( സന്ദേശം 2 – നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു).
ഒരുപക്ഷേ, നാം ചിന്തിച്ചേക്കാം, എന്തുകൊണ്ടാണു പത്രമാധ്യമങ്ങൾ പൂർണമായും ഒഴിവാക്കണമെന്നു പരിശുദ്ധ അമ്മ പറഞ്ഞതെന്ന്. പലരും ചിന്തിക്കുന്നത് അല്പം വിവേകത്തോടെ ഉപയോഗിക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്താൽ മാധ്യമങ്ങൾ കൊണ്ടു ദോഷം ഒന്നുമില്ല എന്നാണ്. എന്നാൽ അത് അങ്ങനെയല്ല. കൂടുതലാണെങ്കിലും അല്ലെങ്കിലും വിഷം വിഷം തന്നെയാണ്. നല്ല വിഷം എന്നൊന്നില്ല.
എങ്കിലും അര നൂറ്റാണ്ടു മുൻപ്, പത്രങ്ങളും ടെലിവിഷനും എല്ലാം നമ്മുടെ പുരോഗതിയ്ക്കു സഹായിക്കും എന്നു നാം ആത്മാർത്ഥമായും വിശ്വസിച്ചിരുന്ന ഒരു കാലത്താണ് അമ്മ ഇങ്ങനെ പറഞ്ഞതെന്നോർക്കണം. ലോകത്തിൽ മാധ്യമങ്ങൾ ചെലുത്തുന്ന ദുസ്വാധീനം എത്രയെന്ന് ഇന്നു നാം തിരിച്ചറിയുന്നു. അപ്പോൾ നാം മനസിലാക്കുന്നു, അമ്മ അന്നു നൽകിയ മുന്നറിയിപ്പു ശരിയായിരുന്നുവെന്ന്.
പൗലോസ് ശ്ലീഹാ ഓർമ്മിപ്പിക്കുന്നതുപോലെ അവരെ വിട്ട് ഇറങ്ങിവരണമെങ്കിൽ നാം ആദ്യം ചെയ്യേണ്ടതു വ്യാജം സത്യമാണെന്നും തിന്മ നന്മയാണെന്നും നമ്മെ പറഞ്ഞുവിശ്വസിപ്പിക്കുന്ന മാധ്യമങ്ങളുടെ അടിമത്തത്തിൽ നിന്നു പുറത്തുവരിക എന്നതാണ്. ലോകത്തിലെ വരേണ്യവർഗം എല്ലാ മാധ്യമസ്ഥാപനങ്ങളെയും തങ്ങളുടെ കൈപ്പിടിയിലാക്കിക്കഴിഞ്ഞു. ദൈവം പറയുന്നതു നാം തിന്മയുടെ കൂടാരങ്ങൾ വിട്ടു പുറത്തുവരണമെന്നാണ്. അവർ പറയുന്നതല്ല നാം കേൾക്കേണ്ടത്. നമ്മുടെ ചെവികൾ എപ്പോഴും ദൈവത്തിൻറെ വാക്കുകൾക്കായി തുറന്നുവയ്‌ക്കേണ്ടവയാണ്. ദൈവവുമായുള്ള ഈ കമ്മ്യൂണിക്കേഷൻ ബന്ധം അറ്റുപോകുമ്പോഴാണു നാം ലോകത്തിൻറെ കെണികളിൽ വീഴുന്നത്. ദൈവചനം ശ്രവിച്ചാൽ നമുക്കു ജ്ഞാനം ലഭിക്കും. ലോകം പറയുന്നതു കേട്ടാൽ നമ്മുടെ അറിവു വർധിക്കും. ഇതാണു വ്യത്യാസം. അറിവു നമ്മെ ഉദ്ദേശിച്ചയിടത്തു കൊണ്ടെത്തിക്കില്ല എന്നതു നിശ്ച്ചയം.
വീണ്ടും കർത്താവ് പറയുന്നു. അശുദ്ധമായതൊന്നും നിങ്ങൾ സ്പർശിക്കുകയുമരുത്. ഇക്കാലത്തു പത്രമാധ്യമങ്ങളിൽ നിന്ന് അശുദ്ധമല്ലാത്തത് എന്തെങ്കിലും കണ്ടെടുക്കുക എന്നതു തന്നെ ദുഷ്കരമാണ്. അവർ നല്ല കാര്യങ്ങൾപോലും മോശമായ രീതിയിൽ ചിത്രീകരിക്കുകയും അതുവഴി പരമമായ സത്യം എന്നതു വെറുമൊരു മരീചിക മാത്രമാണെന്ന തെറ്റിദ്ധാരണ മനുഷ്യരിൽ ജനിപ്പിക്കുകയും ചെയ്യുന്നു. നമ്മെ സ്രഷ്ടാവിൽ നിന്ന് അകറ്റുന്നതിനായി അശുദ്ധമായതു സ്പർശിക്കാനും കാണാനും കേൾക്കാനും പറയാനും അവർ നമ്മെ നിർബന്ധിക്കുന്നു. പലപ്പോഴും ഈ നിർബന്ധം പരോക്ഷഹമായതിനാൽ നാം അത് അറിയുന്നില്ലെന്നേയുള്ളൂ.
എന്നാൽ ദൈവം നമ്മോടാവശ്യപ്പെടുന്നതു തിന്മയുടെ സാഹചര്യങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഒഴിഞ്ഞുമാറാനാണ്. ലോകത്തിൽ ജീവിക്കുമ്പോൾ തന്നെ ലോകവുമായി അകലം പാലിക്കുക എന്നതു തീർച്ചയായും അത്ര എളുപ്പമല്ല. അശുദ്ധിയിൽ അടിമുടി മുങ്ങിയ ഒരു ലോകത്തിൽ നമ്മുടെ കൈകൾ ശുദ്ധമായി സൂക്ഷിക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നാം അതു പരിശീലിക്കുക തന്നെ വേണം. കാരണം ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്ന അവസാന കണക്കെടുപ്പിൻറെ നാളിൽ നാം ദൈവത്തിൻറെ മക്കളുടെ കൂടെ എണ്ണപ്പെടാനുള്ളവരാണ്,
സാത്താനു ദാസ്യവേല ചെയ്യുന്ന മാധ്യമങ്ങൾ പരത്തുന്ന അശുദ്ധിയുടെ മഹാപ്രളയത്തിൽ നിന്ന് ഓടിമാറാനുള്ള ഉറച്ച തീരുമാനം എടുക്കേണ്ട സമയമാണിത്. ‘ദുഷ്ടനിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ’ എന്നു പിതാവായ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടു നമുക്കു മുന്നോട്ടുപോകാം.