ഒരു നല്ല അപ്പൻറെ ചാവരുൾ – 10

മക്കളെ വളർത്തുന്നതിനെക്കുറിച്ച് :

ദൈവം നമ്മുടെ കൈയിൽ സൂക്ഷിക്കാനായി ഏല്പിച്ചിരിക്കുന്ന നിക്ഷേപമാണു നമ്മുടെ മക്കൾ. അവരെ കർത്താവിൻറെ തിരുരക്തം കൊണ്ട്ണ്ടു വിശുദ്ധീകരിച്ച്, വിധിദിവസത്തിൽ തിരിച്ചു ദൈവത്തിനു കൊടുക്കുക എന്നതാണു നമ്മുടെ കടമ. മാതാപിതാക്കളുടെ കുറ്റം കൊണ്ടു മക്കൾ നശിച്ചുപോയാൽ അതിൻറെ ഉത്തരവാദിത്വം ദൈവം മാതാപിതാക്കളോടു ചോദിക്കും. നമ്മുടെ മക്കളെ നേർവഴിയിലും വിശ്വാസത്തിലും വളർത്തിയില്ലെങ്കിൽ അതിനു ദൈവസന്നിധിയിൽ നാം കണക്കു കൊടുക്കേണ്ടിവരും എന്നതിൽ മാറ്റമൊന്നുമില്ല.

നിങ്ങളുടെ വാർധക്യത്തിൽ നിങ്ങളെ പരിപാലിക്കാനും സന്തോഷിപ്പിക്കാനും നിങ്ങളുടെ മക്കൾ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ചെറുപ്രായത്തിൽ അവരെ നല്ല ക്രിസ്ത്യാനികളായി വളർത്തുക. ചെറുപ്പത്തിൽ ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യാത്ത മക്കൾ പ്രായമാകുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യില്ല എന്നതു നിശ്ചയം.

ഉത്തമ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ കൂടെക്കൂടെ ഈശോയ്ക്കു കാഴ്ച വച്ച്, തിരുക്കുടുംബത്തിൻറെ മധ്യസ്ഥതയ്ക്കു സമർപ്പിക്കണം. പരിശുദ്ധ അമ്മയുടെ അപേക്ഷ ഉണ്ണീശോയുടെ അപേക്ഷ പോലെ തന്നെ ദൈവം സ്വീകരിക്കും.

തിരിച്ചറിവാകുന്ന പ്രായത്തിൽ ഈശോ, മറിയം യൗസേപ്പ് എന്നീ തിരുനാമങ്ങൾ ആവർത്തിച്ചു ചൊല്ലാൻ അവരെ പഠിപ്പിക്കണം. ദൈവാലയത്തിൽ കൊണ്ടുപോയി, തിരുസ്വരൂപങ്ങൾ കാണിച്ച്, അവയെ വണങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കണം. സംസാരിക്കാൻ പഠിക്കുന്ന പ്രായത്തിൽ സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ, ത്രികാലജപം ഇങ്ങനെയുള്ള പ്രാർത്ഥനകൾ പഠിപ്പിക്കുക. ഇവയെല്ലാം അവരുടെ ആത്മാവിൻറെ ഭക്ഷണമാകയാൽ ശരീരത്തിനു ഭക്ഷണം കൊടുക്കുന്ന അതേ താല്പര്യത്തോടെ
ഇതെല്ലം ചെയ്യേണ്ടതാകുന്നു.

കുഞ്ഞുങ്ങളെ വസ്ത്രം ധരിപ്പിക്കാതെ നടക്കാൻ അനുവദിക്കരുത്. കുഞ്ഞുങ്ങൾക്കു മനസിലാകുന്നില്ല എന്നു കരുതി അവർ കേൾക്കാൻ പാടില്ലാത്ത കാര്യങ്ങളും ക്രമമല്ലാത്ത വാക്കുകളും ദൂഷണങ്ങളും അവരുടെ മുൻപാകെ പറയരുത്.

മാതാപിതാക്കളുടെ മുറിയിൽ മക്കളെ കിടത്തരുത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരു മുറിയിൽ കിടത്താൻ പാടില്ല. സ്വഭാവത്താൽ അവർക്ക് അറിയാത്ത കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ പിശാച് ഇത്തരം അവസരങ്ങൾ ഉപയോഗിക്കും എന്ന് ഓർത്തുകൊള്ളുക.

(തുടരും)