ദിനചര്യകളെക്കുറിച്ച് :
രാത്രി ഉറങ്ങാനും രാവിലെ എഴുന്നേല്‍ക്കാനും കൃത്യ സമയം പാലിക്കണം. ആറുമണിയ്ക്കെങ്കിലും ഉണരണം. പ്രഭാത പ്രാര്‍ഥന ചൊല്ലി സാധിക്കുന്നവരെല്ലാം പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണം കഴിക്കുക. പന്ത്രണ്ടു മണിയ്ക്ക് ഉച്ചഭക്ഷണം. വൈകിട്ട് ത്രികാലജപം ചൊല്ലി തുടര്‍ന്നു കുടുംബപ്രാര്‍ഥനയും നടത്തുക. അതിനു ശേഷം ഏതെങ്കിലും നല്ല പുസ്തകം വായിച്ച് അരമണിക്കൂര്‍ ധ്യാനിക്കാം.
പ്രാര്‍ഥനയുടെ സമയത്ത് വീട്ടില്‍ എത്ര വലിയ പ്രമാണിമാരോ അധികാരികളോ ശ്രേഷ്ടന്മാരോ വന്നാലും അതൊന്നും പ്രാര്‍ഥനയെ ബാധിക്കാന്‍ പാടില്ല. അവര്‍ നിന്നെ അവരുടെ പക്കലേക്കും ദൈവം നിന്നെ അവിടുത്തെ പക്കലേക്കും വിളിക്കുന്ന സമയമാണത്. ആരുടെ കൂടെ പോകണം എന്നു നീ തീരുമാനിക്കുക. ഒരു കാരണവശാലും, ആരെപ്രതിയും കുടുംബ പ്രാര്‍ഥനയുടെ ചിട്ട തെറ്റിക്കാതിരുന്നാല്‍ ദൈവം നിന്നെ അനുഗ്രഹിക്കും. നീ മറ്റുള്ളവര്‍ക്കു മാതൃകയും ആയിരിക്കും. പ്രാര്‍ഥന യിലുള്ള നിന്റെ നിഷ്ഠ കണ്ട് ആരെങ്കിലും നിന്നെ പരിഹസിച്ചാല്‍ അതു നിനക്കു ഭാഗ്യമായിത്തീരുകയും ചെയ്യും.
എട്ടുമണിയ്ക്ക് അത്താഴം കഴിച്ച് ആത്മശോധനയും ഉറങ്ങുന്നതിനു മുന്‍പുള്ള പ്രാര്‍ഥനകളും ചൊല്ലി ഉറങ്ങാന്‍ പോവുക. ഈ ക്രമം പാലിക്കുന്നതില്‍ മുന്‍കൈ എടുക്കേണ്ടതു കുടുംബനാഥന് ആണ്. എല്ലാ മാസവും ഒന്നാം തിയതിയും, കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഈ കുടുംബക്രമം വീട്ടില്‍ വായിക്കുകയും ചെയ്യണം.
(തുടരും)