നീതിബോധത്തെക്കുറിച്ച്:
മോഷ്ടിച്ച വസ്തു ഒരു നിമിഷം പോലും നിൻറെ വീട്ടിൽ വയ്ക്കാൻ ഇടവരരുത്. അങ്ങനെ വയ്ക്കുന്ന വീടുകൾ തീർച്ചയായും നശിച്ചുപോകും. മറ്റൊരുവൻറെ വസ്തു മോഷ്ടിക്കുന്നവനോടു നീ സമ്പർക്കം വയ്ക്കുകയുമരുത്. നീ അവൻറെ പാപത്തിൽ പങ്കുകാരനായി ഗണിക്കപ്പെടും. മാത്രവുമല്ല നാളെ അവൻ നിൻറെ വസ്തുവും മോഷ്ടിക്കും എന്നത് ഉറപ്പാണ്.
അന്യൻറെ വസ്തുക്കൾ അന്യായമായി അപഹരിച്ചു ധനികരായിത്തീരുന്നവർ ഉണ്ട്. തങ്ങളുടെ ആത്മാക്കളെ പിശാചിനു തീറെഴുതിക്കൊടുത്തുകൊണ്ടാണു തങ്ങൾ ധനം സമ്പാദിക്കുന്നതെന്ന് അവർ തിരിച്ചറിയുന്നത് അവരുടെ മരണവേളയിലായിരിക്കും. അപ്രകാരം ശാപഗ്രസ്തമായ സമ്പത്ത് ആസ്വദിക്കുന്ന അവൻറെ സന്തതിപരമ്പരകൾക്കും ദുരിതം.
വേലക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ച്:
വേലക്കാർക്കു ന്യായമായ കൂലി കൊടുക്കാത്തതും കൂലി കൊടുക്കാൻ മനപൂർവം താമസിപ്പിക്കുന്നതും ദൈവസന്നിധിയിൽ നിലവിളിക്കുന്ന പാപങ്ങളാണ്. അങ്ങനെ നിലവിളിക്കുന്ന വേലക്കാരുടെ കണ്ണുനീർ ദൈവം കാണുകയും അതിനനുസരിച്ച് അവിടുന്ന് നിന്നോടു പ്രവർത്തിക്കുകയും ചെയ്യും. അനാഥരെയും ദരിദ്രയും വിധവകളെയും ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതു ശീലമാക്കിയവർ അതിൻറെ പ്രതിഫലം ഇഹത്തിലും പരത്തിലും സ്വീകരിക്കേണ്ടിവരും.
ദൈവഭയത്തെക്കുറിച്ച്:
ഒരു കുടുംബത്തിൻറെ സമ്പത്തിൽ ഏറ്റവും പ്രധാനം അവരുടെ ദൈവഭയവും ദൈവഭക്തിയുമത്രേ. ദൈവഭയമുള്ളവൻറെ മേൽ ദൈവാനുഗ്രഹം രണ്ടു ലോകങ്ങളിലും ഉണ്ടാകും. ദൂഷണവും അശുദ്ധവർത്തമാനവും കുടുംബത്തിൻറെ പ്രകാശത്തെ മറച്ചുകളയുകയും കുടുംബത്തെ ഇരുട്ടിലേക്ക് തള്ളിയിടുകയും ചെയ്യും.
അടക്കം എന്ന പുണ്യത്തെക്കുറിച്ച്:
നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും – ഇരിപ്പിലും നടപ്പിലും കിടപ്പിലും കളിയിലും എല്ലാം- വിരക്തി എന്ന പുണ്യം സൂക്ഷിക്കാൻ ശ്രദ്ധിച്ചുകൊള്ളുക. അടക്കമില്ലായ്മ ദൈവസന്നിധിയിലും ലോകസമക്ഷവും വലിയ തിന്മയാണ്. ആൺകുട്ടികളും പെൺകുട്ടികളും വേണ്ടവിധം മാന്യമായി വസ്ത്രം ധരിക്കാതെ പരസ്പരം സ്പർശിക്കാൻ അവസരം നൽകുന്ന മാതാപിതാക്കളുടെ ദോഷം കൊണ്ട് എത്ര ആത്മാക്കൾ നരകത്തിൽ വീഴുന്നുണ്ടെന്നു വിധിദിവസത്തിൽ അറിയാം.
(തുടരും)