രാജാക്കന്മാരുടെ രാജാവേ……

രാജാക്കന്മാരുടെ രാജാവേ, നിൻറെ രാജ്യം വരേണമേ. ഇതു  നമ്മുടെ എന്നത്തേയും  പ്രാർഥനയാണ്. കർത്തൃപ്രാർഥനയിൽ യേശുക്രിസ്തു പഠിപ്പിച്ചതും അങ്ങയുടെ രാജ്യം വരണമേ  എന്നു  പ്രാർഥിക്കാനായിരുന്നല്ലോ.  ഒരു രാജ്യമായാൽ അതിനൊരു രാജാവു വേണം. അങ്ങയുടെ രാജ്യം വരണമേ എന്നു  നാം പ്രാർഥിക്കുമ്പോൾ നമ്മുടെ  മനസിലുള്ളതു  ദൈവം രാജാവായി വാഴുന്ന ഒരു രാജ്യം സംസ്ഥാപിതമാകട്ടെ എന്നാണ്. അങ്ങനെയൊരു രാജ്യത്തിൽ മാത്രമേ നമുക്കു  പരിപൂർണ്ണ സമാധാനവും ആശ്വാസവും  സന്തോഷവും  സുരക്ഷിതത്വവും  ലഭിക്കുകയുള്ളൂ. അതുവരെയും നാം ഇവിടെ നെടുവീർപ്പിടുകയും സ്വർഗീയ വസതി ധരിക്കാൻ വെമ്പൽ കൊള്ളുകയുമാണു  ചെയ്യുന്നത് (2 കോറി  5:2).

ദൈവത്തിൻറെ രാജ്യം എന്നാൽ ക്രിസ്തുവിൻറെ രാജ്യമാണ്.  യേശു  രാജാവാണെന്നു  പീലാത്തോസിൻറെ  അധരങ്ങളിൽ നിന്നുതന്നെ  നാം കേട്ടു. കുരിശുമരണത്തോളം പോന്ന ഒരു ശിക്ഷ യേശുവിനു  നല്കാൻ അതു കാരണവുമായി. കർത്താവിൻറെ കുരിശിൻറെ തലക്കുറി തന്നെ  ‘നസറായനായ  യേശു, യഹൂദരുടെ രാജാവ്’ എന്നായിരുന്നുവല്ലോ.  എഴുതിയത് അല്പമൊന്നു മാറ്റിയെഴുതിക്കാൻ യഹൂദർ ആവുന്നതു ശ്രമിച്ചെങ്കിലും പീലാത്തോസ് സമ്മതിച്ചില്ല.  കാരണം പീലാത്തോസ് എഴുതിയതു  സത്യമായിരുന്നു!

എന്നാൽ യേശു  യഹൂദന്മാരുടെ മാത്രമല്ല, സകല മനുഷ്യരുടെയും രാജാവാണ് എന്നു  നമുക്കറിയാം. അതിനുള്ള തെളിവ്  അവൻറെ ജനനത്തിൽ മാലാഖമാർ കൊടുത്ത സന്ദേശത്തിലുണ്ട്. ‘ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.  ദാവീദിൻറെ പട്ടണത്തിൽ നിങ്ങൾക്കായി  ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു ( ലൂക്കാ 2:10-11). അതിനെ അനുസ്മരിച്ചുകൊണ്ടു  നാം ക്രിസ്‌മസ്‌  ആഘോഷിക്കുന്നു. സകലരുടെ മനുഷ്യരുടെയും രക്ഷയ്ക്കായി യേശുക്രിസ്തു  പീഡ  സഹിച്ച്, മരിച്ച്, ഉയിർത്തെഴുന്നേറ്റതിൻറെ ഓർമ്മ ഈസ്റ്ററിൽ ആഘോഷിക്കുന്നു.  യുഗാന്ത്യം വരെയും നമ്മോടുകൂടെ ആയിരിക്കാനായി  പരിശുദ്ധാത്മാവിനെ വർഷിച്ചതിൻറെ ഓർമ്മയ്ക്കായി പന്തക്കുസ്താ ആഘോഷിക്കുന്നു. 

എന്നാൽ ഇവിടെയൊന്നും ക്രിസ്തുവിൻറെ രാജത്വം പൂർണമായതായി നാം  കാണുന്നില്ല.  അതിനെക്കുറിച്ചു  സഭ ഇപ്രകാരം പഠിപ്പിക്കുന്നു. ‘ക്രിസ്തുവിൻറെ ഭരണം ഇപ്പോൾത്തന്നെ  സഭയിൽ സന്നിഹിതമാണെങ്കിലും  അതു  പൂർണമല്ല. ഭൂമിയിലേക്കുള്ള  രാജാവിൻറെ പ്രത്യാഗമനം വഴി “അധികാരത്തോടും  വലിയ മഹത്വത്തോടും കൂടെ” ഇനിയും അതു  പൂർണമാകേണ്ടിയിരിക്കുന്നു’ (CCC  671).

ക്രിസ്തുവിൻറെ രാജത്വം പൂർണമാകുന്ന ദിവസമാണു  നാമെല്ലാവരും കാത്തിരിക്കുന്നത്. അതു   സംഭവിക്കുന്നതാകട്ടെ യുഗാന്ത്യത്തിൽ അവിടുത്തെ മഹത്വപൂർണമായ രണ്ടാം വരവിലാണ്.  നാം ക്രിസ്തുവിൻറെ രാജത്വ തിരുനാൾ ആഘോഷിക്കുന്നത് അവിടുന്ന്   ഒരിക്കൽ  ഭൂമിയിൽ വന്നതിൻറെ ഓർമ്മ പുതുക്കാനല്ല, മറിച്ച്  തൻറെ ശത്രുക്കളെ  തൻറെ പാദപീഠമാക്കിക്കൊണ്ടുള്ള (സങ്കീ 110:1) ക്രിസ്തുവിൻറെ   രണ്ടാം വരവിൻറെ  പ്രതീക്ഷയിലാണ്.  ആ അർഥത്തിൽ ക്രിസ്ത്യാനി ആഘോഷിക്കേണ്ട ഏറ്റവും വലിയ തിരുനാൾ ക്രിസ്തുവിൻറെ രാജത്വതിരുനാൾ ആണ്.

അവസാനത്തെ ശത്രുവായ മരണവും (1 കൊറി  15:26) തോല്പിക്കപ്പെടുമ്പോൾ ആണ് അതു  സംഭവിക്കുന്നത്. അപ്പോൾ മരണത്തെ വിജയം ഗ്രസിച്ചു (ഏശയ്യാ 25:8) എന്നെഴുതപ്പെട്ടിരിക്കുന്നതു  യാഥാർഥ്യമാകും (1 കൊറി  15:54). ക്രിസ്തു രാജാവാകുന്നിടത്ത് പിന്നെ മറ്റൊരാധികാരത്തിനും സ്ഥാനമില്ല.  അപ്പസ്തോലൻ പറയുന്നു. ‘അവൻ എല്ലാ ഭരണവും അധികാരവും ശക്തിയും നിർമാർജനം ചെയ്ത്,  രാജ്യം പിതാവായ ദൈവത്തിനു സമർപ്പിക്കുമ്പോൾ എല്ലാറ്റിൻറെയും അവസാനമാകും’ (1 കൊറി  15:24). ഇതു  മാനുഷികമായ ഭാഷയിൽ നമുക്കു  വേണ്ടിയുള്ള വ്യാഖ്യാനമാണ്. സത്യത്തിൽ ക്രിസ്തു അന്നും ഇന്നും എന്നും രാജാവു  തന്നെയാണ്. കൊളോസസ് ലേഖനത്തിൽ പറയുന്നു. ‘സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനു വേണ്ടിയുമാണു   സൃഷ്ടിക്കപ്പെട്ടത്’ (കൊളോ  1:16).  എന്നാൽ മനുഷ്യരായ നമ്മെ സംബന്ധിച്ചിടത്തോളം നാം കാണുന്നതു  പിതാവിനോടൊത്തു  രാജാവായി വാണിരുന്ന ക്രിസ്തു, ദാസൻറെ രൂപം സ്വീകരിച്ച് (ഫിലി. 2:7) ഭൂമിയിൽ  ജീവിച്ച കാലം മാത്രമാണ്. അതിനു മുൻപുള്ള  കാലം നമ്മിൽ നിന്നു  മറയ്ക്കപ്പെട്ടിരിക്കുന്നു. അതിനുശേഷമുള്ള കാലമാകട്ടെ ഇപ്പോൾ നാം പരിശുദ്ധാത്മാവിൽ അറിയുകയും ഭാവിയിൽ പൂർണ്ണമായി അറിയാനിരിക്കുകയും ചെയ്യുന്നു. 

ക്രിസ്തുവിൻറെ രാജത്വത്തിൻറെ പൂർണ്ണതയും ഔന്നത്യവും അറിയണമെങ്കിൽ നാം അവിടുത്തെ നാമത്തിൻറെ  ശ്രേഷ്ഠത അറിഞ്ഞാൽ മാത്രം മതി. ‘യേശുവിൻറെ നാമത്തിനു മുൻപിൽ സ്വർഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും   മുട്ടുകൾ മടക്കുമെങ്കിൽ ‘ (ഫിലി. 2:10) ആ ആ നാമത്തിൻറെ ഉടയവനായ ക്രിസ്തു രാജാവായി വാഴുന്ന രാജ്യത്തിൻറെ മഹത്വത്തെക്കുറിച്ച് ചിന്തിച്ചുനോക്കുക. ആ രാജ്യത്തിൽ ക്രിസ്തുവിൻറെ പ്രജകളായി നിത്യകാലം ജീവിക്കാൻ വിളിക്കപ്പെട്ടവരായ നമ്മുടെ  സൗഭാഗ്യത്തെക്കുറിച്ചു  ചിന്തിക്കുക. ആ വിളി ലഭിച്ചിട്ടും  അതു നിരസിക്കുന്നവരുടെ ദൗർഭാഗ്യത്തെക്കുറിച്ചു  ചിന്തിക്കുക.  

കർത്താവിൻറെ മഹത്വത്തിൻറെ ഒരംശമെങ്കിലും നേരിൽ കാണാൻ ഭാഗ്യം  ലഭിച്ചതു   മൂന്നേ മൂന്നു ശിഷ്യന്മാർക്കാണ്.  മഹത്വത്തിൻറെ   രാജാവിനെ തേജസ്വരൂപനായി  നേരിൽ കണ്ടപ്പോൾ പത്രോസ് പറയുകയാണ്; “കർത്താവേ, നാം ഇവിടെയായിരിക്കുന്നത് നല്ലതാണ്.”   ഉത്ഥിതനായ കർത്താവിനെ നേരിൽ  കണ്ടതിനും പിന്നെയും  പതിറ്റാണ്ടുകൾക്കുശേഷവും താബോർ മലയിൽ വച്ചു  താൻ  കണ്ട കാഴ്ച പത്രോസിൻറെ  മനസിൽ ഒളിമങ്ങാതെ  നിൽക്കുന്നുണ്ടായിരുന്നു. ‘എന്തെന്നാൽ ഞങ്ങളും അവൻറെ കൂടെ വിശുദ്ധ മലയിൽ ഉണ്ടായിരുന്നു’ (2 പത്രോസ് 1:18).   ആ ഓർമ്മയിൽ നിന്നുകൊണ്ടാണ്  ‘ദൈവത്തിൻറെ ആഗമനദിവസത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിൻ’ ( 2 പത്രോസ് 3:12)  എന്ന് അപ്പസ്തോലൻ സഭയെ ആഹ്വാനം  ചെയ്യുന്നത്.  സകലത്തിൻറെയും രാജാവായ ക്രിസ്തുവിൻറെ മഹത്വത്തെക്കുറിച്ച്  അല്പമെങ്കിലും മനസിലാക്കുന്ന ഏതൊരാളും  പത്രോസിനെപ്പോലെ ക്രിസ്തുവിൻറെ  രാജ്യം വേഗം  വരണമേ  എന്നു തീക്ഷ്ണതയോടെ പ്രാർഥിക്കും. 

ആ കാലത്തെക്കുറിച്ച് പ്രവാചകൻ പറയുന്നു. ‘കർത്താവ് ഭൂമി മുഴുവൻറെയും  രാജാവായി വാഴും. അന്നു  കർത്താവ് ഒരുവൻ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; അവിടുത്തേക്ക് ഒരു നാമം മാത്രവും’ (സഖ. 14:9).

ആ കാലത്തേയ്ക്കായി ഒരുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനമാണു  നാം.   ഇതു   നമ്മുടെ ഒരുക്കത്തിൻറെ കാലവുമാണ്.   ആകയാൽ നമ്മിൽ  ‘ഭൗമികമായിട്ടുള്ളതെല്ലാം – അസാന്മാർഗികത, അശുദ്ധി, മനക്ഷോഭം, ദുർവിചാരങ്ങൾ, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിൻ…… അമർഷം,  ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വർജിക്കുവിൻ’ (കൊളോ  3:5-8).

ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ സാമ്രാജ്യങ്ങൾക്കും രാജത്വങ്ങൾക്കും  പരിമിതികളുണ്ടായിരുന്നു.    എന്നാൽ കർത്താവിൻറെ രാജത്വത്തിനു പരിധികളില്ല. കാരണം ‘എല്ലാവരുടെയും മേൽ അവനു   പിതാവ്  അധികാരം നൽകിയിട്ടുണ്ട്’ (യോഹ. 17:2). നാം ആ അധികാരം തിരിച്ചറിയുന്നില്ല എന്നു  മാത്രം.  ഈ ലോകത്തിൻറെ അധികാരിയുടെ ( യോഹ 14:30) കൺകെട്ടുവിദ്യകളിൽ വീണുപോകുന്നവരുടെ ദുരന്തമാണത്.

മാത്രവുമല്ല, താൻ സർവലോകത്തിൻറെയും രാജാവാണെന്നു   നാശത്തിൻറെ സന്താനമായ അരാജകത്വത്തിൻറെ മനുഷ്യൻ ( 2 തെസ  2:3) പ്രഖ്യാപിക്കാനിരിക്കുന്ന  നാളുകളിലേക്ക് ( വെളി 13:7) നാം അതിവേഗം പ്രവേശിക്കുകയാണ്. എന്നാൽ അവൻറെ ഭരണവും മറ്റു ലൗകികസാമ്രാജ്യങ്ങളെപ്പോലെ പരിമിതമായ കാലത്തേക്കു  മാത്രമായിരിക്കും  (വെളി 13:5). നാമാകട്ടെ കാത്തിരിക്കുന്നതു  വത്സരങ്ങൾക്ക് അറുതിയില്ലാത്തവനായ ദൈവത്തിൻറെ പുത്രനായ ക്രിസ്തുവിൻറെ രാജ്യമാണ്.  സകല പൗരത്വങ്ങളിലും വച്ച് ഏറ്റവും ശ്രേഷ്ഠമായ ക്രിസ്തുവിൻറെ രാജ്യത്തിലെ പൗരത്വമാണു   നമുക്കു  ലഭിക്കാൻ പോകുന്നത്. 

അതുകൊണ്ടു നമുക്കു പ്രത്യാശയോടെയും നിർമലമനസാക്ഷിയോടെയും  ‘കർത്താവേ അങ്ങയുടെ രാജ്യം വേഗം വരണമേ’ എന്നു പ്രാർഥിക്കാം. ക്ഷണിക്കപ്പെട്ടവരെ  കാണാൻ നമ്മുടെ രാജാവ് എഴുന്നള്ളുമ്പോൾ  നാം ധരിച്ചിരിക്കേണ്ട  വിശുദ്ധിയുടെയും കൃപയുടെയും  വസ്ത്രം  ഇപ്പോൾ തന്നെ ധരിച്ച് നമുക്ക് ഒരുങ്ങിയിരിക്കാം.

നമുക്കു പ്രാർഥിക്കാം; മാറാനാത്താ, കർത്താവേ  വരണമേ.