ഒരു നല്ല അപ്പൻറെ ചാവരുൾ – 2

ഒരു നല്ല ക്രൈസ്തവ കുടുംബം സ്വർഗ്ഗത്തിൻറെ സാദൃശ്യമാണ്. മാതാപിതാക്കളോട് ആദരവും അനുസരണവും ഉണ്ടായിരിക്കുകയും, ദൈവത്തോടും മനുഷ്യരോടും സമാധാനത്തിൽ വർത്തിക്കുകയും, ഓരോരുത്തരുടേയും ജീവിതാന്തസിനു ചേർന്ന വിധം നിത്യരക്ഷയ്ക്കായി പ്രയത്നിച്ചുകൊണ്ട് ഒരുമിച്ചു ജീവിക്കുകയുമാണു ക്രൈസ്തവകുടുംബങ്ങൾ ചെയ്യേണ്ടത്. ലോകത്തിൽ ഏറ്റവും സന്തോഷകരമായ കാര്യം ഒരു നല്ല കുടുബത്തിൽ ജീവിക്കുക എന്നതാണ്. അതുപോലെ തന്നെ ഏറ്റവും വലിയ സങ്കടമോ, ക്രമവും സമാധാനവും ഇല്ലാത്തതും ദൈവശുശ്രൂഷയിലും നിത്യരക്ഷയിലും ശ്രദ്ധ ഇല്ലാത്തതുമായ ഒരു കുടുംബത്തിൽ ജീവിക്കുന്നതത്രേ.

ക്രമമില്ലാത്ത കുടുംബങ്ങളിൽ വന്നു ഭവിക്കുന്ന പാപങ്ങളും വഴക്കുകളും നാശങ്ങളും തിന്മകളും കണ്ടു വേദനിച്ച ഞാൻ (വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്) അപ്രകാരം ഇനിയും സംഭവിക്കാതിരിക്കാനുള്ള ആഗ്രഹത്തെ ദൈവസന്നിധിയിൽ സമർപ്പിച്ച്, ദൈവികപ്രകാശവും ആവശ്യമായ ഉറപ്പും അപേക്ഷിച്ചുകൊണ്ട് ഈ കുടുംബക്രമം അഥവാ ചട്ടം എഴുതിയുണ്ടാക്കി. ഇതിനെ നിങ്ങളുടെ പിതാക്കന്മാരിൽ നിന്നു പൈതൃകമായി ലഭിച്ച ഉപദേശം പോലെ സ്വീകരിച്ച്, സൂക്ഷ്മമായി അനുസരിക്കുകയും മറ്റുള്ളവരെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യണമെന്നു ഞാൻ അപേക്ഷിക്കുന്നു.

കുടുംബചട്ടം

സ്നേഹത്തെക്കുറിച്ച് :

നിങ്ങൾ പരസ്പരം സ്നേഹത്തിൽ വർത്തിക്കുക. മറ്റുളളവരുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കുക. അങ്ങനെ ഈ ലോകത്തിൽ സമാധാനവും പരലോകത്തിൽ നിത്യഭാഗ്യവും ആസ്വദിക്കാൻ നിങ്ങൾക്കു കഴിയും. കുടുംബത്തിൽ ഒരു കാരണവശാലും ഭിന്നത ഉണ്ടാവാൻ പാടില്ല. ഭിന്നിച്ചുനിൽക്കുന്ന രാജ്യം നശിച്ചുപോകുമെന്നു കർത്താവ് പറയുന്നു. അതുപോലെ വഴക്കുള്ള കുടുംബങ്ങൾ പെട്ടെന്നു തന്നെ നശിച്ചുപോകും.

നിങ്ങൾ പരസ്പരം ക്ഷമിക്കാൻ തയ്യാറല്ലെങ്കിൽ പുറമെയുള്ളവർ എങ്ങനെയാണു നിങ്ങളോടു ക്ഷമിക്കുക? നാളെ നിങ്ങളുടെ കുറ്റം മറ്റുള്ളവർ ക്ഷമിക്കേണ്ടതിനായി ഇന്ന് അവരുടെ കുറ്റം നിങ്ങളും ക്ഷമിക്കുക. നിന്നോട് ഒരുപദ്രവവും ചെയ്യാത്തവരെ മാത്രം നീ സ്നേഹിച്ചാൽ അതിൽ എന്തു മേന്മയാണുള്ളത്? മനുഷ്യനു വേണ്ടത്ര പീഡകളും സങ്കടങ്ങളും ആദമെന്ന ആദ്യപിതാവ് വഴിയായി കിട്ടിക്കഴിഞ്ഞു. ഇനിയും കൂടുതൽ സങ്കടങ്ങൾ എന്തിന് ഉണ്ടാക്കണം? ഇങ്ങനെ കലഹങ്ങൾക്കു കാരണമാകുന്നവർക്കു ദുരിതം!

കുടുംബത്തിൽ വഴക്കുണ്ടാക്കാൻ കാരണങ്ങൾ സൃഷ്ടിക്കുന്നവരെ പിശാച് ഏറെ ഇഷ്ടപ്പെടുന്നു. അവർക്കു വേണ്ടതെല്ലാം അവൻ ചെയ്തുകൊടുക്കുന്നു. അവസാനം ‘നീ ഇങ്ങനെയൊക്കെ ചെയ്തതിനാൽ നരകത്തിൽ എൻറെ ഉപദേശകനായിരിക്കാൻ നീ യോഗ്യനാണ്’ എന്നു പറഞ്ഞുകൊണ്ടു മരണനേരത്തു നരകത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു.

ഒരു കുടുംബത്തിൻറെ ഏറ്റവും വലിയ ഭാഗ്യം ആരോടും വഴക്കോ ശത്രുതയോ ഇല്ലാതെ എല്ലാവരോടും സമാധാനമായിരിക്കുന്നതാണ്. പകരം വീട്ടുക എന്നതു മൃഗങ്ങൾക്കു പോലും സാധിക്കുന്ന കാര്യമാണ്. എന്നാൽ ഉപദ്രവം ക്ഷമിക്കുന്നതു മഹാശക്തിയും വിവേകവും യോഗ്യതയുമുള്ളവവർക്കു മാത്രം സാധിക്കുന്ന കാര്യമാണ്. ഒരിക്കൽ ഒരു രാജാവ് പരിവാരങ്ങളോടു കൂടെ പോകുമ്പോൾ ഒരുവൻ വന്ന് അദ്ദേഹത്തെ ആക്രമിച്ചു. അംഗരക്ഷകർ ഉടനെ തന്നെ അവനെ പിടികൂടി. അവനെ കൊല്ലാനായി രാജാവിനെ ഉപദേശിച്ചപ്പോൾ അദ്ദേഹം പറഞ്ഞതു അതു തൻറെ ഏറ്റവും ചെറിയ ഒരു സേവകനു പോലും ചെയ്യാൻ സാധിക്കുന്ന കാര്യമാണെന്നും രാജാവായ താൻ അതുതന്നെ ചെയ്യുന്നതിൽ മേന്മയൊന്നും ഇല്ലെന്നും എന്നാൽ താൻ ശക്തനായതുകൊണ്ടു തൻറെ ശക്തിയുടെ അടയാളമായി ആ മനുഷ്യനോടു ക്ഷമിക്കാൻ ആഗ്രഹിക്കുന്നു എന്നുമായിരുന്നു.

(തുടരും)