ഒരു നല്ല അപ്പൻറെ ചാവരുൾ -3

കുടുംബവഴക്കുകളെക്കുറിച്ച്’:

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് ക്രൈസ്തവകുടുംബങ്ങളെ ഉദ്ബോധിപ്പിക്കുന്നു:
കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ ഒരിക്കലും സർക്കാർ അധികാരികളുടെ മുൻപിൽ എത്തിക്കരുത്.  നമ്മുടെ ഭാഗത്ത് എത്ര ന്യായം ഉണ്ടെങ്കിലും അധികാരികളെ സമീപിക്കാതിരിക്കുകയാണു  നല്ലത്.  കുടുംബവഴക്കുകൾ തീർക്കാൻ ഗവണ്മെൻറിൻറെ സഹായം തേടിയ ആർക്കും ഒരിക്കലും സന്തോഷം ഉണ്ടായിട്ടില്ല.

ഞായറാഴ്ച ആചരണത്തെക്കുറിച്ച് :

അടിയന്തരങ്ങളും മറ്റ് ആഘോഷങ്ങളും ഞായറാഴ്ചകളിൽ നടത്തുന്നതു  വളരെ തിന്മകൾക്കും ആത്മനാശത്തിനും കാരണമാകും. കർത്താവിൻറെ ദിവസമായ ഞായറാഴ്ചയെ പിശാചിൻറെ  ദിവസമാക്കി മാറ്റാനായി പിശാച് കണ്ടുപിടിച്ച ഒരു സൂത്രമാണിത്.  കുടുംബത്തിൽ  ആരെങ്കിലും മരിച്ചാൽ പോലും  ആ കാരണം പറഞ്ഞു  കടമുള്ള ദിവസങ്ങളിലെ കുർബാന മുടക്കുന്നതു  ദൈവത്താലും തിരുസഭയാലും  വെറുക്കപ്പെട്ട  ദുർമര്യാദയാകുന്നു.

കടം വാങ്ങുന്നതിനെക്കുറിച്ച്:

എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ കടം വാങ്ങരുത്. കടം വാങ്ങിയിട്ടുണ്ടെങ്കിൽ  കഴിയുന്നതും വേഗം തിരിച്ചുകൊടുക്കുകയും വേണം.  ഇനി കടം കൊടുക്കുന്നുവെങ്കിലോ  അതു  പരസ്നേഹത്തെ പ്രതി മാത്രമായിരിക്കണം.  സമ്പത്തുള്ള കുടുംബം എന്നതിൻറെ അർഥം  കടമില്ലാത്ത കുടുംബം എന്നാണ്.  മാതാപിതാക്കന്മാരോ കാരണവന്മാരോ വഴിയായി വരുത്തിവച്ചിട്ടുള്ള ഏതെങ്കിലും കടങ്ങൾ , വിശിഷ്യാ കുര്ബാനക്കടങ്ങൾ, ഉണ്ടെങ്കിൽ അതു   പെട്ടെന്നു  തന്നെ   കൊടുത്തുതീർക്കണം.  കൊടുക്കാനുള്ളതു കൊടുത്തുവീട്ടാത്തതുകൊണ്ടുണ്ടാകുന്ന ഉത്തരിപ്പുകടം  ഒരു  കുടുംബത്തിലേക്കു  ദൈവത്തിൻറെ  അനുഗ്രഹം ഒഴുകുന്നതിനു  വലിയ തടസമാണ്.

എളിമയെക്കുറിച്ച്:

തനിക്കുള്ളതെല്ലാം മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കേണ്ട.  കൈയിൽ പണമുണ്ടെന്നു കരുതി  പൊങ്ങച്ചം കാണിക്കുന്നവൻ താമസിയാതെ ദരിദ്രനാകും. സ്വന്തം  കഴിവിലും അഹങ്കരിക്കരുത്.  തൻറെ  ശക്തിയിലും കഴിവിലും അഹങ്കരിച്ച്, ജനസംഖ്യയെടുക്കാൻ പുറപ്പെട്ട ദാവീദ് രാജാവിൻറെ പ്രവൃത്തി  മൂലം  ഇസ്രായേൽ രാജ്യത്തു  മഹാമാരിയുണ്ടായത് ഓർക്കുക.

പണം ചെലവഴിക്കുന്നതിനെക്കുറിച്ച് :

ആഘോഷങ്ങളും അടിയന്തരങ്ങളും അവനവൻറെ  സാമ്പത്തികസ്ഥിതി  അനുവദിക്കുന്നിടത്തോളം  മാത്രമേ ചെയ്യാവൂ. തന്നെയുമല്ല, ഇപ്പോൾ കൂടുതൽ  പണം ചെലവഴിച്ചാൽ ഭാവിയിൽ അതുപോലെ മറ്റൊരവസരത്തിൽ അതിനൊത്തു  പണം ചെലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. പെട്ടെന്ന് ആളിക്കത്തി ഏതാനും നിമിഷം മാത്രം ഉജ്ജ്വല പ്രകാശം നൽകുന്ന ഒരു വൈക്കോൽ കൂനയെക്കാൾ  നല്ലത്  അനേക കാലം നിലനിൽക്കുന്ന ഒരു ചെറിയ വിളക്ക് ഉണ്ടായിരിക്കുന്നതാണല്ലോ.   ഏറ്റവും മഹാനായ മനുഷ്യൻ ആരെന്ന ചോദ്യത്തിനു  തത്വജ്ഞാനിയായ ഡെമോക്രീറ്റസ്  കൊടുത്ത മറുപടി അത് ഏറ്റവും കുറഞ്ഞ ഭാവം കാണിക്കുന്ന മനുഷ്യനത്രെ എന്നായിരുന്നു.   ധനികനായിരിക്കെ ആർഭാടത്തിൽ ജീവിച്ച്,  പിന്നെ ദരിദ്രനായപ്പോൾ ദുഖിച്ചിരുന്ന  ഒരുവനോട് ഒരു ജ്ഞാനി ഇങ്ങനെ പറഞ്ഞു:   ‘പകൽ കത്തിക്കാതിരുന്നുവെങ്കിൽ  നിനക്കു   നിൻറെ വിളക്ക് രാത്രിയിൽ  കത്തിക്കാമായിരുന്നല്ലോ.”

(തുടരും)