വായിച്ചിരിക്കേണ്ട ഒരു മരണശാസനം

“നിങ്ങൾ എന്തിനു ദുഖിക്കുന്നു? ദൈവത്തിൻറെ മക്കൾ എല്ലാവരും ഒരു നാൾ മരിക്കണം. എൻറെ സമയം ഇതാ വന്നിരിക്കുന്നു. ദൈവത്തിൻറെ കൃപയാൽ  ദീർഘകാലമായി ഞാൻ എന്നെത്തന്നെ മരണത്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു.  തിരുക്കുടുംബത്തോടുള്ള ഭക്തി എൻറെ മനസ്സിൽ എന്നും ഉണ്ടായിരിക്കണമെന്ന് എൻറെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിരുന്നു.  തിരുക്കുടുംബത്തിൻറെ സംരക്ഷണം  എനിക്ക് എന്നും ഉണ്ടായിരുന്നതുകൊണ്ട്,  ജ്ഞാനസ്നാനവേളയിൽ എനിക്കു  ലഭിച്ച വരപ്രസാദം  ഞാൻ ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ എനിക്കു  കഴിയും.”

 ഇതു  ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിൻറെ അവസാന വാക്കുകൾ ആയിരുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ടു മരിക്കാൻ നമ്മിൽ എത്രപേർക്കു  കഴിയും എന്ന് ആത്മശോധന ചെയ്യണം. നല്ല മരണം ഒരു നിമിഷത്തിൽ പൊടുന്നനെ  സംഭവിക്കുന്ന ഒന്നല്ല. മറിച്ച് ഒരു നല്ല ജീവിതത്തിൻറെ സ്വാഭാവികമായ പരിസമാപ്തിയാണു  നല്ല മരണം. ഒരു മരം എങ്ങോട്ടു ചാഞ്ഞു നിൽക്കുന്നുവോ അങ്ങോട്ടു  തന്നെയേ അതു വീഴുകയുള്ളൂ എന്നു മനസിലാക്കിക്കൊള്ളുക.

നല്ല മരണം പ്രാപിക്കണമെങ്കിൽ നല്ല  ജീവിതം ഉണ്ടാകണം.   ഉത്തമമായ ക്രിസ്തീയ കുടുംബ ജീവിതം നയിക്കേണ്ടതിനു സഹായിക്കുന്ന അനേകം ആത്മീയഗ്രന്ഥങ്ങൾ  പ്രചാരത്തിലുണ്ടെങ്കിലും അവയിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി, ലളിതമായ ഭാഷയിൽ ക്രിസ്തീയ കുടുംബജീവിതത്തിൻറെ അവശ്യഘടകങ്ങളെക്കുറിച്ചു  നമ്മെ പ്രബുദ്ധരാക്കുന്ന ഒരു കൊച്ചുഗ്രന്ഥം (ഒരു നല്ല അപ്പൻറെ ചാവരുൾ) ചാവറ പിതാവ് രചിച്ചിട്ടുണ്ട്.  അതു വായിച്ചുതീർക്കാൻ  അര മണിക്കൂർ പോലും വേണ്ട.

നിർഭാഗ്യവശാൽ  കേരളക്രൈസ്തവരിൽ അനേകർ ഈ പുസ്തകത്തെക്കുറിച്ചു  കേട്ടിട്ടുതന്നെയില്ല.  1868 ൽ രചിച്ച ഈ പുസ്തകത്തിൻറെ നൂറ്റിഅൻപതാം വാർഷിക പതിപ്പ്  CMI സഭാ  ആസ്ഥാനത്തുനിന്ന്   ഏതാനും വർഷങ്ങൾക്കു  മുൻപു  പ്രസിദ്ധീകരിച്ചിരുന്നു. ഓരോ ക്രിസ്തീയ കുടുംബത്തിലും ഈ പുസ്തകത്തിൻറെ ഒരു കോപ്പി ഉണ്ടായിരിക്കണം എന്നതു   ചാവറ പിതാവിൻറെ ആഗ്രഹം ആയിരുന്നു.  അത്യുൽകൃഷ്ടമായ ഈ ആത്മീയഗ്രന്ഥം വായിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. അതിനു സാധിക്കാത്തവർക്കായി  ചാവരുളിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ അടുത്ത ഏതാനും ദിവസങ്ങളിലായി പോസ്റ്റ് ചെയ്യാം എന്നു  കരുതുന്നു.   ചാവരുളിൻറെ തുടക്കത്തിൽ   ചാവറ പിതാവ്  നടത്തിയിരിക്കുന്ന സമർപ്പണവാക്യങ്ങൾ   വായിച്ചുകൊണ്ടു തന്നെ നമുക്കു   തുടങ്ങാം. അതിൽ  പിതാവ് അഭിസംബോധന ചെയ്യുന്നതു  തൻറെ കുടുംബക്കാരെയും ഇടവകക്കാരെയുമാണ്.

‘ ഞാൻ മാംസബന്ധത്താൽ ചേന്നങ്കരിപ്പള്ളി ഇടവകയിൽ ചാവറ കുര്യാക്കോസ് എന്ന ആളിൻറെ മകനാകുന്നു. എന്നാൽ സർവേശ്വരൻ ഈ ലോകത്തിൽ എന്നെയും സൃഷ്ടിപ്പാൻ  തിരുമനസായി. ഇപ്പോൾ ഈ തറവാട്ടിലും കാരണവന്മാരിലും എന്നെ ജനിപ്പിച്ചതിനാൽ, എൻറെ മാംസബന്ധക്കാരായ നിങ്ങൾക്കു  നീതിയാലെയും സ്നേഹത്താലെയും ഉപകാരം ചെയ്യാൻ എനിക്കു  വിശേഷ കടമയുണ്ട്. ഇതിനെ പരിഗണിക്കുമ്പോൾ എല്ലാവർക്കും എന്നതുപോലെ അല്ലാതെ ഞാൻ നിങ്ങൾക്കുവേണ്ടി പ്രത്യേകമായി കൂടുതലൊന്നും ചെയ്തിട്ടില്ല.  അതുകൊണ്ട്  എല്ലാറ്റിനും വേണ്ടി എൻറെ കൈയെഴുത്താൽ  ഇതിനെ ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ മരിച്ചാലും ഈ കടലാസ് മരിക്കയില്ല. ആകയാൽ ഇത്  എൻറെ നിക്ഷേപമായി സൂക്ഷിപ്പാൻ എൻറെ മക്കളായ കൈനകരി കുരിശുപള്ളിക്കാരായ നിങ്ങളെ  ഞാൻ ഇത് ഏല്പിക്കുന്നു.

എൻറെ തറവാട്ടുകാരും  കൂടപ്പിറപ്പുകളും രണ്ടുപ്രകാരത്തിലും എൻറെ മക്കളുമായിരിക്കുന്ന നിങ്ങൾക്ക് ഇത് എൻറെ  മരണശാസനം (Testament) ആകുന്നു. ആകയാൽ നിങ്ങൾ എൻറെ അനന്തിരവർ  ആകുന്നു എന്നു  കാണിക്കുന്നതിനും ഇതു നിങ്ങൾക്ക് അടയാളമായിരിക്കട്ടെ. നിങ്ങൾക്കു ദൈവം ചെയ്തതും തുടർന്നു  ചെയ്യുന്നതുമായ എണ്ണമില്ലാത്ത നന്മകൾ  ഇപ്പോൾ ജീവിച്ചിരിക്കുന്ന നിങ്ങളുടെ പ്രവൃത്തിയുടെയെന്നല്ല, നിങ്ങളുടെ ആത്മാർത്ഥതയുള്ള, കടന്നുപോയ  കാരണവന്മാരുടെ സത്യമായ സ്നേഹത്തിൻറെയും പ്രത്യാശയുടേതുമാകുന്നു.  ഇതു  നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ സൂക്ഷിപ്പിൻ!  ഞാൻ ഈ ലോകത്തിൽ വന്നു എന്ന് ഇതിനാൽ ഓർക്കുന്നതിനുവേണ്ടി ഇതിനെ സാധിക്കുന്നവരൊക്കെയും   പകർത്തി എഴുതി വീടുകളിൽ സൂക്ഷിപ്പിൻ. ഇതിനെ കുരിശുപള്ളിയിലെ പെട്ടിയിൽ വയ്ക്കണം. മാസത്തിലെ ആദ്യശനിയാഴ്ച  എല്ലാവരും കൂടി ഇതു  വായിക്കുക. ഞാൻ മരിക്കുന്ന ദിവസം ഇതിനാൽ ഓർക്കുക. മറ്റൊരോർമ്മയും എന്നെക്കുറിച്ചു   നിങ്ങൾ ചെയ്യേണ്ട. പിന്നെയോ മാസം തോറും ഈ ദിവസം ഇതു  വായിച്ചതിനു ശേഷം , ‘കർത്താവേ! നീതിമാന്മാരുടെ ഭവനത്തിൽ നിൻറെ ഈ ശുശ്രൂഷിയുടെ ആത്മാവിനെ സ്വീകരിക്കേണമേ’ എന്നു  മാത്രം എനിക്കുവേണ്ടി അപേക്ഷിക്കുവാൻ  ഞാൻ നിങ്ങളോടപേക്ഷിക്കുന്നു.

താൻ ഓർമ്മിക്കപ്പെടണമെന്നു  ചാവറ പിതാവ് ആഗ്രഹിച്ചത്  ഈ കൊച്ചുപുസ്തകത്തിൻറെ പേരിൽ മാത്രമാണ്. അതു  തന്നെയാണ് ഈ പുസ്തകത്തിൻറെ പ്രാധാന്യവും.  അൾത്താരയിലെ വണക്കത്തേക്കാളും തിരുനാളുകളെക്കാളും തൻറെ പേരിൽ നടത്തപ്പെടുന്ന എണ്ണമറ്റ സ്ഥാപനങ്ങളെക്കാളും   ചാവറ പിതാവ് ആഗ്രഹിച്ചതു  തൻറെ മരണശാസനമായ ഈ ചാവരുൾ എല്ലാവരും വായിച്ച്  അതിൻ  പ്രകാരം ജീവിക്കണമെന്നാണ്. അതിനുള്ള കൃപ ലഭിക്കുന്നതിനായി  ചാവറ പിതാവിന്  ഏറ്റവും പ്രിയപ്പെട്ട    തിരുക്കുടുംബത്തിൻറെ  മധ്യസ്ഥതയിലൂടെ തന്നെ  നമുക്കു പ്രാർഥിക്കാം.

(തുടരും)