ആദിയിൽ വചനം ഉണ്ടായിരുന്നു. അതു സത്യവചനമായിരുന്നു. ‘തങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവൻറെ വചനം എന്നു യോഹന്നാൻ ശ്ലീഹാ എഴുതിയത് (1 യോഹ 1:1) ഈ വചനത്തെക്കുറിച്ചാണ്. ഏറെത്താമസിയാതെ മറ്റൊരു വചനവും പുറപ്പെട്ടു. അതാകട്ടെ വ്യാജവചനമായിരുന്നു. ആ വചനമാണു മനുഷ്യൻറെ പതനത്തിനു കാരണമായത്. ആ വചനം പുറപ്പെട്ടതാകട്ടെ നുണയനും നുണയുടെ പിതാവുമായ (യോഹ. 8:44) സാത്താനിൽ നിന്നായിരുന്നു.
അവൻ ഓരോ കാലത്തും ഓരോ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. തുടക്കത്തിൽ സർപ്പത്തിൻറെ രൂപത്തിൽ. പിന്നെ ഷീനാർ സമതലത്തിലെത്തിയപ്പോൾ ഒരു പട്ടണവും ആകാശം മുട്ടുന്ന ഗോപുരവും തീർത്തു പ്രശസ്തി നിലനിർത്താൻ’ ജനങ്ങളെ പ്രേരിപ്പിച്ച വ്യാജോപദേശത്തിൻറെ രൂപത്തിൽ (ഉല്പത്തി 11:4). പിന്നെ ബാലാക്കിനു ദുർബുദ്ധി ഉപദേശിച്ചുകൊടുത്ത ബാലാമിൻറെ രൂപത്തിൽ (2 പത്രോസ് 2:15). മോവാബ്യരുടെ മ്ലേച്ഛ വിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോളേക്കിനും ധൂപാർച്ചന നടത്താനും ബലി സമർപ്പിക്കാനും സോളമനെ വശീകരിച്ച സ്ത്രീകളുടെ രൂപത്തിൽ (1 രാജാ 11:1-8). ജസബൽ പോറ്റിക്കൊണ്ടിരുന്ന നാനൂറ്റൻപതും പിന്നെ നാനൂറും പ്രവാചകരുടെ രൂപത്തിൽ. ഇങ്ങനെയിങ്ങനെ വ്യാജോപദേഷ്ടാക്കൾ ചരിത്രത്തിൽ എല്ലാക്കാലത്തുമുണ്ടായിരുന്നു.
അവരെക്കുറിച്ചു പത്രോസ് ശ്ലീഹാ പറഞ്ഞത് ‘ഇസ്രായേൽജനങ്ങൾക്കിടയിൽ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ മേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കൾ നിങ്ങളുടെയിടയിലും ഉണ്ടാകും'(2 പത്രോസ് 2:1) എന്നാണ്. അവരുടെ പ്രവർത്തനരീതിയെക്കുറിച്ച് അപ്പസ്തോലൻ ഇങ്ങനെ പറയുന്നു. ‘അവർ വിനാശകരമായ അഭിപ്രായങ്ങൾ രഹസ്യത്തിൽ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തു വാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും’ (2 പത്രോസ് 2:1). ഇത്തരം വ്യാജപ്രബോധനത്തിൻറെ ഫലം എന്താണെന്നും പത്രോസ് മുന്നറിയിപ്പ് തരുന്നുണ്ട്. ‘പലരും അവരുടെ ദുഷിച്ച മാർഗത്തെ അനുഗമിക്കും. അങ്ങനെ അവർ മൂലം സത്യത്തിൻറെ മാർഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവർ ചൂഷണം ചെയ്യും’ ( 2 പത്രോസ് 2:2).
അവരുടെ സ്വഭാവത്തെക്കുറിച്ചും അപ്പസ്തോലൻ പറയുന്നു. ‘മഹിമയണിഞ്ഞവരെ ദുഷിക്കാൻ പോലും മടിക്കാത്തവരാണ് അവർ……. പട്ടാപ്പകൽ മദിരോത്സവത്തിൽ മുഴുകുന്നത് അവർ ആനന്ദപ്രദമായെണ്ണുന്നു……. അവർ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്….. വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തിൽ നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകൾ….അവർ ചഞ്ചലമനസ്കരെ വശീകരിക്കുന്നു …… അവർ അത്യാഗ്രഹത്തിൽ തഴക്കം നേടിയ ഹൃദയമുള്ളവരും ശാപത്തിൻറെ സന്തതികളുമാണ്’ (2 പത്രോസ് 2:10-15). അവരുടെ വിധി എന്തായിരിക്കുമെന്നതിനെക്കുറിച്ചും വിശുദ്ധഗ്രന്ഥം നമുക്കു മുന്നറിയിപ്പു തരുന്നുണ്ട് . ‘അവർക്കായി അന്ധകാരത്തിൻറെ അധോലോകം കരുതിവയ്ക്കപ്പെട്ടിയിരിക്കുന്നു (2 പത്രോസ് 2:17)
ഓർക്കണം; ഇത് ആദ്യത്തെ മാർപ്പാപ്പയുടെ വാക്കുകളാണ്. അന്നും ഇന്നും സഭ ഈ മുന്നറിയിപ്പിനു ചെവി കൊടുക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. എന്നാൽ എത്ര പേർ അതിനു ചെവി കൊടുക്കുന്നുണ്ട് ? ഇതു വ്യാജപ്രവാചന്മാരുടെ കാലമെന്നു മാത്രം പറഞ്ഞാൽ പോരാ, ‘തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുന്ന’ (മത്തായി 24:24) വ്യാജപ്രവാചകന്മാർ വിളയാടുന്ന കാലമാണ്.
അവരുടെ പ്രവർത്തനരീതി അന്നും ഇന്നും ഒന്നു തന്നെ. വ്യാജമായ പ്രബോധനങ്ങൾ, തെറ്റായ സുവിശേഷവ്യാഖ്യാനങ്ങൾ, ധനത്തോടുള്ള ആർത്തി, സുവിശേഷവേല ആദായമാർഗമായി കൊണ്ടുനടക്കുന്നത്, അശുദ്ധിയിൽ മുങ്ങിയ ജീവിതരീതി, ഒന്നാംപ്രമാണത്തിൻറെ ലംഘനം, ചഞ്ചലമനസ്കരെ വിശേഷിച്ചും സ്ത്രീകളെ വശീകരിക്കുന്ന പെരുമാറ്റരീതികൾ, അറിയപ്പെടുന്ന ധ്യാനകേന്ദ്രങ്ങളുടെയും ധ്യാനഗുരുക്കന്മാരുടെയും പേരിലാണെന്ന വ്യാജേന ശുശ്രൂഷകൾ സംഘടിപ്പിക്കുന്നത്, സമൃദ്ധിയുടെ സുവിശേഷം മാത്രം പ്രസംഗിക്കുന്നത്, പാപത്തെയും അതിൻറെ പരിണതഫലമായ ശിക്ഷയെയും കുറിച്ചു പരാമർശിക്കാതെ ദൈവകരുണയ്ക്ക് അമിതമായ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രബോധനം, ജനത്തിൻറെ അഭിരുചിയ്ക്കു ചേർന്നവിധം പ്രസംഗിക്കുന്നത് ( 2 തിമോ 4:3), ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളിൽ ആസക്തരാവുന്നത് (2 തിമോ 3:4), ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ടു ജനങ്ങളെ വഞ്ചിക്കുകയും അതേസമയം അതിൻറെ ആന്തരികചൈതന്യത്തെ നിഷേധിക്കുകയും ചെയ്യുന്നത് (2 തിമോ 3:5) ഇവയെല്ലാമോ ഇവയിൽ ഏതെങ്കിലുമൊന്നോ ഉണ്ടെന്നു സംശയം തോന്നിയാൽ ഒന്നേ ചെയ്യാനുള്ളൂ, എത്രയും വേഗം ആ ശുശ്രൂഷയിൽ നിന്നും ആ ശുശ്രൂഷകനിൽ നിന്നും ഓടിമാറിക്കൊള്ളുക. അവിടെ തുടരുന്ന ഓരോ നിമിഷവും നമ്മുടെ ആത്മരക്ഷ അപകടത്തിലാകും എന്നു മനസിലാക്കി വിവേകത്തോടെ പ്രവർത്തിക്കേണ്ട നാളുകളാണിത്. വ്യാജപ്രവാചകരുടെ എണ്ണം അത്രമേൽ പെരുകിയിരിക്കുന്നു.
ഭർത്താവിനോടും കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷമായി കഴിയുന്ന ഒരു ചെറുപ്പക്കാരി ഒരു വ്യാജൻറെ അടുത്തു പ്രാർഥന തേടിയെത്തി. വ്യാജൻ അവളുടെ തലയിൽ കൈവച്ചു പ്രാർഥിച്ചതേയുള്ളു. ആ ചെറുപ്പക്കാരിയ്ക്ക് ആ നിമിഷത്തിൽ തന്നെ ആ മനുഷ്യനോട് അടക്കാനാവാത്ത (ശാരീരികമായ) ഇഷ്ടം മനസ്സിൽ തോന്നിത്തുടങ്ങി! അപ്പോൾ ആ മനുഷ്യനെ നയിക്കുന്ന അരൂപി എന്തായിരിക്കും എന്നു ചിന്തിക്കുക.
വേറൊരു വ്യാജൻ ഒരു വലിയ ധ്യാനഗുരുവിൻറെ അനുവാദത്തോടെയാണു സ്വന്തം നാട്ടിൽ ശുശ്രൂഷ നടത്തുന്നതെന്നാണു നാട്ടിലെ പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ധ്യാനഗുരുവാകട്ടെ അവസരം കിട്ടുമ്പോഴെല്ലാം പറയുന്നുണ്ട്, താൻ വീട്ടിലിരുന്നു ശുശ്രൂഷ നടത്താൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല എന്ന്. വളരെ വിചിത്രമായ കാര്യം ധ്യാനഗുരു ഇത്രയ്ക്കു തെളിച്ചുപറഞ്ഞാലും അതു നൂറാവർത്തി വീണ്ടും പറഞ്ഞാലും അതൊന്നും അവരുടെ മനസിൽ കയറില്ല എന്നതാണ്. അത്രയധികം അവർ ആ വ്യാജപ്രവാചകൻറെ സ്വാധീനത്തിൽ വീണുപോയെങ്കിൽ ആ വ്യാജപ്രവാചകനെ നയിക്കുന്ന അരൂപി എന്തായിരിക്കും എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടോ? ഈ വ്യാജൻറെ ഏജൻറുമാർ കേരളത്തിൽ പലയിടത്തുമുണ്ട്. ധ്യാനകേന്ദ്രത്തിൻറെ ഇമെയിൽ ഐഡി യോടു സാമ്യമുള്ള ഇമെയിൽ ഐഡി വരെ ഉപയോഗിക്കുന്ന ഇദ്ദേഹം കേരളത്തിലെ ശുശ്രൂഷകൾ പോരാഞ്ഞിട്ട്, കേരളത്തിനു വെളിയിലും പോയി ധ്യാനം നടത്തുകയും പിശാചുബാധ ഒഴിപ്പിക്കൽ നടത്തുകയും ചെയ്യുന്നു.
വഴിയേപോകുന്ന എല്ലാവരെക്കൊണ്ടും കൈവയ്പ്പിക്കാനുള്ളതല്ല നമ്മുടെ തല. പല വ്യാജന്മാരും അവരുടെ അടുക്കൽ ചെല്ലുന്നവരുടെ തലയിൽ കൈവച്ചു പ്രാർഥിക്കാറുണ്ട്. അതിലെ അപകടം തിരിച്ചറിയാത്തവരാണ് അവിടെ പോകുന്നവരിൽ ഏറിയപങ്കും എന്നതാണു ദുഖകരം. നിങ്ങൾക്ക് അങ്ങനെയൊരു പ്രാർഥനയുടെ ആവശ്യമുണ്ടെങ്കിൽ നിങ്ങൾ ആദ്യം സമീപിക്കേണ്ടതു സ്വന്തം ഇടവകയിലെ വികാരിയച്ചനെയാണ്. പൗരോഹിത്യത്തിൻറെ അഭിഷേകവും സഭ നൽകുന്ന അധികാരവും ഉള്ള വികാരിയച്ചൻറെ കൈവയ്പ്പും പ്രാർഥനയും അല്ലേ കൂടുതൽ ഫലപ്രദം? അതു പോരെന്നുണ്ടെങ്കിൽ എല്ലാ രൂപതകളിലും തന്നെ സഭയുടെ ഔദ്യോഗികധ്യാനകേന്ദ്രങ്ങളുണ്ട്. അവിടെ പോകാം. പൈശാചികബന്ധനങ്ങളിൽ നിന്നുള്ള വിടുതലിനാണെങ്കിൽ എല്ലാ രൂപതകളിലും മെത്രാൻ അധികാരപ്പെടുത്തിയ വൈദികരുണ്ട്. അവരുടെ സേവനം തേടാവുന്നതാണ്. ഇതെല്ലാമുണ്ടായിട്ടും വ്യാജശുശ്രൂഷകരുടെ അടുക്കൽ പോയി തല കുനിച്ചുകൊടുക്കുന്നവരുണ്ട് എന്നതു കഷ്ടമാണ്.
വീട്ടിൽ വന്നു പ്രാർത്ഥിക്കാൻ വീടൊന്നിനു മൂവായിരം രൂപ കണക്കു പറഞ്ഞു വാങ്ങിക്കുന്ന ഒരു വ്യാജപ്രവാചികയ്ക്കു മധ്യകേരളത്തിൽ പലയിടത്തും ഏജൻറുമാരുണ്ട്. അറിയപ്പെടുന്ന ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ പേരു സ്വന്തം പേരിനോടു ചേർത്ത്, ജനങ്ങളെ വഞ്ചിക്കുന്ന ചില വ്യാജന്മാരുമുണ്ട്. ആഡംബരകാറുകളും വസ്തുവകകളും കണക്കില്ലാതെ വാങ്ങിക്കൂട്ടുന്ന വ്യാജപ്രവാചകർ വേറെ. രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമായി പെട്ടകം പണിത് അതിലേക്കു വിശ്വാസികളെ ക്ഷണിക്കുകയും തട്ടിപ്പു മനസിലാക്കി പെട്ടകത്തിനു പുറത്തുപോകാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യാജപ്രവാചകരുടെ സംഘം ഒരിടത്ത്. പരിശുദ്ധ അമ്മയുടെ പേരു പറഞ്ഞ് ആളെക്കൂട്ടുന്ന സംഘങ്ങളും യേശുക്രിസ്തു മനുഷ്യനായി ഇതാ ജനിച്ചിരിക്കുന്നു എന്നു പഠിപ്പിക്കുന്ന വ്യാജന്മാരും മറ്റൊരിടത്ത്!
സ്വയം കന്യകാമാതാവായി ചമയുന്നവർ, യൗസേപ്പിതാവിൻറെ പേരിൽ അബദ്ധപ്രബോധനം വിളമ്പുന്നവർ, മാലാഖമാരെന്ന പേരിൽ ഏതൊക്കെയോ അരൂപികളെ വീട്ടിൽ വിളിച്ചുവരുത്തി സൽക്കരിച്ച് അടുത്ത വീട്ടിലേക്കു പറഞ്ഞുവിടുന്നവർ, വൈദികരെയും കന്യാസ്ത്രീകളെയും വരെ തങ്ങളുടെ ഏജൻറുമാരാക്കാൻ തക്കവിധം പ്രഗത്ഭരായ സ്വയം പ്രഖ്യാപിത കൗൺസിലർമാർ, ആഭിചാരക്രിയകൾ പച്ചയ്ക്കു തന്നെ ചെയ്യുന്ന ‘ക്രിസ്തീയ’ പ്രഘോഷകർ. ആകാശത്തുനിന്നും റോസാപ്പൂക്കളും ജപമാലയും വീണുകിട്ടുന്ന ദിവ്യന്മാർ, തരാതരം പോലെ പഞ്ചക്ഷതം പ്രദർശിപ്പിക്കാൻ കഴിവുള്ളവർ, ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചുവച്ച ഓസ്തി സ്വർഗ്ഗത്തിൽ നിന്നു കിട്ടിയതാണെന്ന വ്യാജേന എടുത്തുകാണിക്കുന്ന അമ്മദൈവങ്ങൾ, ഭാവി പ്രവചിക്കാനും സന്ദേശങ്ങൾ നൽകാനും സ്പെഷ്യലൈസ് ചെയ്തവർ, വൈദികൻ ആണെന്ന വ്യാജേന സമൂഹബലിയിൽ സഹകാർമ്മികനായി പങ്കെടുക്കാൻ വരെ ധൈര്യം കാണിക്കുന്ന വ്യാജന്മാർ, സ്ത്രീകളെ വലയിൽ വീഴ്ത്തുന്നതിൽ പ്രത്യേക പ്രാഗൽഭ്യമുള്ളവർ, പിശാചുബാധ ഒഴിപ്പിക്കൽ കർമ്മമണ്ഡലമായി തിരഞ്ഞെടുത്തിരിക്കുന്ന അൽമായവ്യാജന്മാർ, ഭർത്താവുമായി പിണങ്ങിനിൽക്കുന്ന യുവതിയെ കാട്ടൊലിവിൻറെയും നാട്ടൊലിവിൻറെയും ഉപമ (റോമാ 11:24) പറഞ്ഞു കിടക്കറയിലേക്കു ക്ഷണിക്കുന്ന വ്യാജന്മാർ, വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പത്തിൻറെയും ഭിന്നതയുടെയും അരൂപി വളർത്തുന്നവർ, വിശ്വാസത്യാഗത്തോളമെത്തുന്ന പാഷാണ്ഡതകൾ പഠിപ്പിക്കുന്നവർ എന്നിങ്ങനെ വ്യാജന്മാർ ഏതു രൂപത്തിലും ഏതു ഭാവത്തിലും എപ്പോഴും പ്രത്യക്ഷപ്പെടാം.
യോഹന്നാൻ ശ്ലീഹാ മുന്നറിയിപ്പു തരുന്നു. ‘ പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ. പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു’ (1 യോഹ. 4:1). എല്ലാ പ്രവചനവും ദൈവത്തിൽ നിന്നല്ല. ബാലിൻറെ നാമത്തിൽ പ്രവചിച്ച്, തൻറെ ജനമായ ഇസ്രയേലിനെ വഴിപിഴപ്പിച്ച (ജെറമിയ 23:13) വ്യാജപ്രവാചകരെക്കുറിച്ചു ദൈവം പറയുന്നുണ്ട്. എന്നാൽ ഇന്നത്തെ വ്യാജപ്രവാചകന്മാർ ബാലിൻറെ അരൂപിയാൽ നയിക്കപ്പെടുന്നവരാണെങ്കിലും പുറമേയ്ക്ക് അവകാശപ്പെടുന്നതു കർത്താവിൻറെ പ്രവാചകർ എന്നാണ്. ‘ജെറുസലേമിലെ പ്രവാചകരിൽ നിന്നു ദേശം മുഴുവൻ അധർമം പരന്നിരിക്കുന്നു’ (ജെറ. 23:15) എന്നു വിലപിച്ച കർത്താവ് വ്യാജപ്രവാചകന്മാർ ഭരിക്കുന്ന ഇന്നത്തെ ലോകത്തിൻറെ അവസ്ഥ കാണുമ്പോൾ എന്തായിരിക്കും പറയുക? കർത്താവ് വ്യക്തമായി പറയുന്നു. ‘ആ പ്രവാചകന്മാരെ ഞാൻ അയച്ചില്ല; എന്നിട്ടും അവർ ഓടിനടന്നു; ഞാൻ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവർ പ്രവചിച്ചു’ ( ജെറ 23:21). സ്വർഗത്തിൽ നിന്നു ദർശനങ്ങൾ ലഭിച്ചു എന്നു പറയുന്ന വ്യാജന്മാരെക്കുറിച്ചു കർത്താവ് ഇങ്ങനെ പറയുന്നു. ‘ എനിക്കൊരു സ്വപ്നമുണ്ടായി, എനിക്ക് ഒരു സ്വപ്നമുണ്ടായി എന്ന് അവകാശപ്പെട്ടു പ്രവാചകന്മാർ എൻറെ നാമത്തിൽ വ്യാജം പ്രവചിക്കുന്നതു ഞാൻ കേൾക്കുന്നുണ്ട്’ (ജെറ 23:25).
എങ്ങനെയാണ് വ്യാജപ്രവാചകരെ നയിക്കുന്ന അരൂപിയെ തിരിച്ചറിയുന്നത്? അതിനുള്ള വഴി യോഹന്നാൻ ശ്ലീഹാ പറഞ്ഞുതരുന്നുണ്ട്. ‘ദൈവത്തിൻറെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം. യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തിൽ നിന്നാണ്’ (1 യോഹ. 4:2). യേശുവിനെ കർത്താവും ദൈവവുമായി അംഗീകരിക്കുക എന്നതിൻറെ അർഥം അവിടുന്ന് പഠിപ്പിച്ചതെല്ലാം അതേപടി അനുസരിക്കുക എന്നതാണ്. അതുകൊണ്ട് വ്യാജപ്രവാചകരെ തിരിച്ചറിയാനുള്ള വഴി അവരുടെ ഫലങ്ങൾ നോക്കിയാണ്. സുവിശേഷം പറയുന്നതനുസരിച്ചുള്ള ഫലങ്ങൾ അവരുടെ ശുശ്രൂഷയിലും, അവരുടെ ജീവിതത്തിലും അവരുടെ ശുശ്രൂഷ സ്വീകരിക്കുന്നവരുടെ ജീവിതത്തിലും സംഭവിക്കുന്നുണ്ടോ എന്നു വിവേചിച്ചറിയുക. ആ ശുശ്രൂഷകനിൽ പ്രത്യക്ഷപ്പെടുന്നത് പരിശുദ്ധാത്മാവിൻറെ ഫലങ്ങളാണോ എന്നു ശ്രദ്ധിക്കുക. സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ( ഗലാ 5:22) എന്നിവയ്ക്കു വിരുദ്ധമായ ഫലങ്ങൾ ഉളവാക്കുന്ന ശുശ്രൂഷകൾ തീർച്ചയായും ദൈവത്തിൽ നിന്നായിരിക്കില്ല. ഏതെങ്കിലുമൊരു മേഖലയിൽ സംശയം തോന്നിയാൽ ആ പ്രബോധകനുമായുള്ള സമ്പർക്കം പിന്നെ ഒരു നിമിഷം പോലും തുടർന്നുപോകാതിരിക്കുക എന്നതാണു വിവേകം. പ്രത്യേകിച്ചും ഒരു കാര്യം ശ്രദ്ധിക്കേണ്ടത് തെറ്റായ അരൂപിയാൽ നയിക്കപ്പെടുന്നവരുടെ മുൻപിൽ കൈവയ്പ്പിനായി തല കുനിക്കാതിരിക്കുക എന്നതാണ്.
സ്വന്തമായ പ്രവചനങ്ങൾ നടത്തുന്ന ഇസ്രായേൽ പുത്രിമാർക്കു നേരെ രോഷം കൊള്ളുന്ന കർത്താവിനെ എസക്കിയേൽ 13:17 ൽ കാണുന്നുണ്ട്. ‘ദൈവത്തിൽ നിന്നുള്ള ദർശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാർക്കു ദുരിതം’ (എസക്കിയേൽ 13:3) എന്നും ‘വ്യാജം പ്രവചിക്കുകയും വ്യർഥദർശനങ്ങൾ കാണുകയും ചെയ്യുന്ന പ്രവാചകന്മാർക്കെതിരെ തൻറെ കരം ഉയരും’ ( എസക്കിയേൽ 13:9) എന്നും പറഞ്ഞുകൊണ്ടു വ്യാജപ്രവാചകന്മാർക്കു ദൈവസന്നിധിയിൽ നിന്നു ലഭിക്കാനിരിക്കുന്നത് എന്താണെന്നതിൻറെ സൂചനയും അവിടുന്ന് നൽകുന്നുണ്ട്.
സത്യപ്രവാചകനും വ്യാജപ്രവാചകനും തമ്മിലുള്ള ഒരേറ്റുമുട്ടലിനെക്കുറിച്ചു ജെറമിയാ പ്രവചനത്തിൽ നാം വായിക്കുന്നുണ്ട്. ഇസ്രായേൽ ജനം ബാബിലോൺ പ്രവാസത്തിലേക്കു പോകും എന്ന ദൈവത്തിൻറെ മുന്നറിയിപ്പ്, ജെറമിയ പ്രവചനമായി ജനങ്ങളെ അറിയിക്കുമ്പോൾ വ്യാജപ്രവാചകനായ ഹനനിയാ അങ്ങനെയൊന്നും സംഭവിക്കില്ലെന്നും ബാബിലോൺ അടിമത്തത്തിൽ നിന്നു ജനം രക്ഷപ്പെടുമെന്നും ഉള്ള വ്യാജമായ പ്രവചനം നൽകി അവർക്ക് ഒരു വ്യാജസുരക്ഷിതത്വബോധം നൽകുകയാണു ചെയ്യുന്നത്. ജെറമിയാ ഹനനിയായോടു പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക; ‘കർത്താവ് നിന്നെ അയച്ചതല്ല. വ്യർഥമായ പ്രത്യാശ നീ ജനത്തിനു നൽകി. അതുകൊണ്ടു കർത്താവ് അരുളിച്ചെയ്യുന്നു; നിന്നെ ഞാൻ ഭൂമുഖത്തുനിന്നു നീക്കിക്കളയും. ഈ വർഷം തന്നെ നീ മരിക്കും. എന്തെന്നാൽ, നീ കർത്താവിനെ ധിക്കരിക്കാൻ പ്രേരണ നൽകി’ (ജെറ 28:16).
സത്യപ്രവാചകന്മാർ വരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ചും പാപം വർധിക്കുമ്പോൾ ലോകം അനുഭവിക്കേണ്ടി വരുന്ന ദൈവികശിക്ഷയെക്കുറിച്ചുമൊക്കെ പ്രഘോഷിച്ചുകൊണ്ട് ജനങ്ങളെ അനുതാപത്തിലേക്കു നയിക്കുമ്പോൾ വ്യാജപ്രവാചകന്മാർ എല്ലായിടത്തും ‘സമാധാനവും ഭദ്രതയും എന്നു പറഞ്ഞുകൊണ്ടിരിക്കും’ (1 തെസ 5:2). വേറെ ചില വ്യാജപ്രവാചകർ യുഗാന്ത്യത്തെയും യേശുക്രിസ്തുവിൻറെ ദ്വിതീയാഗമനത്തെയും കുറിച്ചു പലപ്പോഴും പേടിപ്പിക്കുന്നതും ചിലപ്പോൾ നിറം പിടിപ്പിച്ചതുമായ അബദ്ധവ്യാഖ്യാനങ്ങൾ നൽകി വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുകയും അവരുടെ പരിഭ്രാന്തി മുതലെടുത്തുകൊണ്ടു തങ്ങളുടെ ശിഷ്യന്മാരുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ‘ഗർഭിണിയ്ക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ പെട്ടെന്നു നാശം അവരുടെ മേൽ നിപതിക്കും’ (1 തെസ 5:3) എന്നു പൗലോസ് ശ്ലീഹാ എഴുതിയതും തങ്ങളുടെ മേൽ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കളെക്കുറിച്ചു പത്രോസ് ശ്ലീഹാ എഴുതിയതും വ്യാജപ്രവാചകർക്കു മാത്രമല്ല അവരെ അനുഗമിക്കുന്നവർക്കും ബാധകമാണ്.
നമ്മൾ വ്യാജപ്രവാചകന്മാരുടെ വലയിൽ വീഴേണ്ടവരല്ല, അവരെ കീഴ്പ്പെടുത്തേണ്ടവരാണ്. യോഹന്നാൻ ശ്ലീഹാ എഴുതുന്നു. ‘കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്. നിങ്ങൾ വ്യാജപ്രവാചകന്മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാൽ, നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്’ ( 1 യോഹ 4:4)
അതുകൊണ്ടു നമ്മുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിൻറെ സഹായത്തോടെ ജാഗ്രതയായിരിക്കുക. അതുമാത്രമേ നമുക്കു ചെയ്യാനുള്ളൂ. ഓർക്കുക. കഴിയുമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വ്യാജപ്രവാചകരുടെ കാലമാണിത്.