സ്വയം ഷണ്ഡരാകുന്നവർ

മൂന്നുതരം ഷണ്ഡന്മാരെക്കുറിച്ച് യേശുക്രിസ്തു പറയുന്നുണ്ട്. ‘ഷണ്ഡരായി  ജനിക്കുന്നവർ, മനുഷ്യരാൽ ഷണ്ഡരാക്കപ്പെടുന്നവർ, സ്വർഗരാജ്യത്തെപ്രതി  തങ്ങളെത്തന്നെ  ഷണ്ഡരാക്കുന്നവർ’ (മത്തായി 19:12). വിവാഹത്തിൻറെ പവിത്രതയെ എടുത്തുപറഞ്ഞുകൊണ്ടും വിവാഹമോചനത്തിനുള്ള വ്യവസ്ഥ പരസംഗം മാത്രമാക്കി ചുരുക്കിക്കൊണ്ടും  നൽകിയ ഉപദേശങ്ങളുടെ അവസാന ഭാഗത്താണു  നാം  ഷണ്ഡന്മാരെക്കുറിച്ചുള്ള  ഈ പരാമർശം കാണുന്നത്.

തീർച്ചയായും ഗ്രഹിക്കാൻ കുറച്ചു ബുദ്ധിമുട്ടുള്ള ഒരുപദേശമാണിത്.  കർത്താവു തന്നെ അതു  സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ഇതു  പറയുന്നതിനു  മുൻപു   കർത്താവ് ഇങ്ങനെയും പറഞ്ഞത്. ‘കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല’ (മത്തായി 19:11). അത്രമേൽ ബുദ്ധിമുട്ടേറിയ ഒരുപദേശമായതുകൊണ്ടു   കർത്താവ്  ഒരു കാര്യം കൂടി  കൂട്ടിച്ചേർത്തു. ‘ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ’ (മത്തായി 19:12).

കൃപ സമൃദ്ധമായി ലഭിച്ച ഒരു ഷണ്ഡനെക്കുറിച്ച് അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പീലിപ്പോസ് ദൈവവചനം വ്യാഖ്യാനിച്ചപ്പോൾ  അതു  ഹൃദയത്തിൽ സ്വീകരിക്കാനും അടുത്ത നിമിഷത്തിൽ തന്നെ ജ്ഞാനസ്നാനം സ്വീകരിക്കാനും തക്കവിധം തുറവി കിട്ടിയ ആ മനുഷ്യനെക്കുറിച്ചു  വിശുദ്ധഗ്രന്ഥം പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘സന്തോഷഭരിതനായി അവൻ യാത്ര തുടർന്നു’ (അപ്പ. 8:39).  എത്യോപ്യക്കാരനായ ആ മനുഷ്യൻ  ഷണ്ഡനായി ജനിച്ചതാണോ അതോ മനുഷ്യരാൽ ഷണ്ഡനാക്കപ്പെട്ടതാണോ എന്നു നമുക്കറിയില്ല. കർത്താവിനെ കണ്ടുമുട്ടിയതിനുശേഷം സന്തോഷഭരിതനായി യാത്ര തുടർന്നു എന്നു   വേറെയാരെക്കുറിച്ചെങ്കിലും വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ എന്നും അറിയില്ല.

എന്നാൽ സ്വയം വരിച്ച ബ്രഹ്മചര്യവുമായി  കർത്താവിൻറെ പിന്നാലെ സന്തോഷപൂർവം യാത്ര തുടരുന്ന  അനേകം സഹോദരിമാരെ  നമുക്കറിയാം. നമ്മൾ അവരെ കന്യാസ്ത്രീകൾ എന്നു  വിളിക്കുന്നു.  ഇന്ന്  ആർക്കും കൊട്ടാവുന്ന ചെണ്ട ഉണ്ടോ എന്നു  ചോദിച്ചാൽ അതിനു  കന്യാസ്ത്രീകളേക്കാൾ വലിയ ഉദാഹരണമില്ല. വഴിയേ പോകുന്നവനും  കന്യാസ്ത്രീകളെ  വിമർശിച്ചിട്ടേ പോവുകയുള്ളൂ. ഏഴാം നൂറ്റാണ്ടിലെ പ്രാകൃതസംസ്കാരത്തിൽ നിന്നു   ബൗദ്ധികമായോ ആത്മീയമായോ വളരാൻ സാധിക്കാത്ത  നാശത്തിൻറെ സന്താനങ്ങളും  കന്യാസ്ത്രീകളെ വിമർശിക്കുന്നതിൽ മുൻപന്തിയിലാണ്.  സ്ത്രീകളെ അടിമകളാക്കി വയ്ക്കാൻ വേണ്ടി രൂപം കൊടുത്ത പ്രാകൃതമായ വേഷവിധാനത്തെ ന്യായീകരിക്കാൻ കന്യാസ്ത്രീകളുടെ ശിരോവസ്ത്രത്തെ  ഉപയോഗിക്കാനും അവർക്കു മടിയില്ല. 

മറ്റു ചിലരുടെ വിലാപം കന്യാസ്ത്രീകൾക്കു  സ്വാതന്ത്ര്യം ഇല്ല എന്നതാണ്. ഇനിയും ചിലരുടെ  വിഷമം മഠത്തിൻറെ നാലു ചുമരുകൾക്കുള്ളിൽ വിങ്ങിപ്പൊട്ടി നിൽക്കുന്ന  കന്യാസ്ത്രീകളുടെ ജീവിതത്തെ ഓർത്താണ്.  ഏതെങ്കിലുമൊരു  കന്യാസ്ത്രീ വഴിതെറ്റിപ്പോയാൽ അതിനെപ്പറ്റി സചിത്രഫീച്ചറുകളും  പ്രൈം ടൈം  വാർത്തകളും  തയ്യാറാക്കുന്ന മാധ്യമങ്ങൾക്കും കന്യാസ്ത്രീകളുടെ കാര്യത്തിൽ  വലിയ താല്പര്യമാണ്!

എന്തുകൊണ്ടാണു  നമ്മുടെ കന്യാസ്ത്രീകൾ ഇങ്ങനെ  നിർദയമായ പരിഹാസത്തിനും കുറ്റപ്പെടുത്തലിനും വിമർശനത്തിനും  കാരണമാകുന്നത്?  ഒറ്റ മറുപടിയേയുള്ളൂ. അവരെ കുറ്റപ്പെടുത്തുന്നവർക്കാർക്കും  ഒരു കന്യാസ്ത്രീ ഏറ്റെടുത്തിരിക്കുന്ന വിളിയെക്കുറിച്ചു  ഗ്രഹിക്കാൻ കഴിഞ്ഞിട്ടില്ല, അതിനുള്ള കൃപ ലഭിച്ചിട്ടുമില്ല. ഈയൊരു കാര്യം മനസിലാക്കിയാൽ കന്യാസ്ത്രീകളെ വിമർശിക്കുന്നവരെ  സഹതാപത്തോടെയെങ്കിലും  വീക്ഷിക്കാൻ നമുക്കു  കഴിയും. അവർ തങ്ങളുടെ പരിമിതമായ ബുദ്ധി കൊണ്ടാണ്   ആത്മീയകാര്യങ്ങളെ അളക്കുന്നത്. അവർക്കു  തെറ്റു  പറ്റുക എന്നതു  സ്വാഭാവികമാണ്. കാരണം പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ട്. ‘ലൗകിക മനുഷ്യനു  ദൈവാത്മാവിൻറെ ദാനങ്ങൾ  ഭോഷത്തമാകയാൽ അവൻ അതു  സ്വീകരിക്കുന്നില്ല. ഈ ദാനങ്ങൾ ആത്മീയമായി  വിവേചിക്കപ്പെടേണ്ടവയാകയാൽ  അവ ഗ്രഹിക്കാനും അവനു  സാധിക്കുന്നില്ല’ (1 കൊറി  2:14).

ലൗകികസന്തോഷങ്ങളിൽ  അഭിരമിക്കുന്നവർക്കാർക്കും  സന്യാസത്തിൻറെ സന്തോഷം മനസിലാക്കാൻ കഴിയില്ല.  കാരണം ലോകസുഖങ്ങളും ജഡികസന്തോഷങ്ങളും  അവരെ സത്യത്തിലേക്കുള്ള പാതിവഴിയിൽ തടയുന്നു. തങ്ങളെപ്പോലെതന്നെയാണു  മറ്റുള്ളവരും എന്ന സാമാന്യവൽക്കരണം  നടത്തികൊണ്ട് അവർ സന്യാസികളെയും സന്യാസിനികളെയും തങ്ങളുടെ   അളവുചരടു  കൊണ്ടു  തന്നെ  അളക്കുന്നു.   അവർക്കു തെറ്റു  പറ്റുക തന്നെ ചെയ്യും.  ‘ആത്മാവാണു  ജീവൻ നൽകുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല’ (യോഹ.6:63) എന്ന  ആത്മീയരഹസ്യം മനസിലാക്കിയവർ  ആരും  സന്യാസത്തെ  പുച്ഛിക്കില്ല. 

വയലിൽ ഒളിച്ചുവച്ച നിധി കണ്ടുപിടിച്ചവരാണ് യഥാർത്ഥ കന്യാസ്ത്രീകൾ. അവർ തങ്ങൾക്കുള്ളതെല്ലാം പകരം കൊടുത്ത്,   അമൂല്യമായ നിധിയിരിക്കുന്ന   വയൽ വാങ്ങാൻ തീരുമാനമെടുത്തവരാണ്. കണ്ടുനിൽക്കുന്നവർക്ക് അവരുടെ പ്രവൃത്തി  ഭ്രാന്താണെന്നു തോന്നാം. ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം ഇട്ടെറിഞ്ഞ്, ഉറ്റവരെയും  ഉടയവരെയും പിന്നിൽ ഉപേക്ഷിച്ച്, സന്യാസജീവിതത്തിൻറെ പടികൾ കയറുമ്പോൾ അവരുടെ ദൃഷ്ടികൾ  ഉന്നതങ്ങളിലുള്ളവയിൽ മാത്രമായിരിക്കും. സ്വന്തം കുരിശു വഹിച്ചുകൊണ്ടുള്ള  ആ യാത്രയിൽ പീഡനങ്ങളും നിന്ദനങ്ങളും പരിഹാസവും  തങ്ങളുടെ സഹയാത്രികരായിരിക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവർ അതിന് ഇറങ്ങിപ്പുറപ്പെടുന്നത്. ഇപ്പോൾ അവരെ   ഭ്രാന്തിയെന്നു വിളിക്കുകയും പീഡിപ്പിക്കുകയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ തങ്ങൾ ആരെയാണ് ആക്രമിക്കുന്നതെന്നു  മനസിലാക്കുന്നുമില്ല.

എന്നാൽ ഒരു ദിനം വരും. അന്ന്  ‘നീതിമാൻ തന്നെ പീഡിപ്പിക്കുകയും തൻറെ പ്രവൃത്തികളെ പരിഹസിക്കുകയും ചെയ്തവരുടെ മുൻപിൽ  ആത്മവിശ്വാസത്തോടെ നിൽക്കും.’ (ജ്ഞാനം 5:1). അപ്പോൾ അവർ പശ്ചാത്താപ വിവശരായി ദീനരോദനത്തോടെ  പരസ്പരം പറയും; ‘ഭോഷന്മാരായ നമ്മൾ ഇവനെയാണു  പരിഹസിച്ചു  നിന്ദയ്ക്കു  പര്യായമാക്കിയത്. അവൻറെ ജീവിതം ഭ്രാന്താണെന്നും  അവസാനം മാനം  കെട്ടതാണെന്നും നാം ചിന്തിച്ചു. അവനെങ്ങനെ ദൈവപുത്രരോടുകൂടെ എണ്ണപ്പെട്ടു? വിശുദ്ധരുടെ ഇടയിൽ  അവനെങ്ങനെ അവകാശം  ലഭിച്ചു? അതിനാൽ സത്യത്തിൽനിന്നു  വ്യതിചലിച്ചതു നമ്മളാണ്’ ( ജ്ഞാനം 5: 3-6).  യേശുക്രിസ്തുവിനെ പരിഹസിച്ചവരുടെ അവസാനം  ഇങ്ങനെ തന്നെയായിരുന്നുവെങ്കിൽ, യേശുവിനെ അനുഗമിക്കാനായി  സ്വയം ഉപേക്ഷിച്ചു   സന്യാസം സ്വീകരിച്ചവരെ പരിഹസിക്കുന്നവരുടെ  അവസ്ഥയും മറ്റൊന്നാകില്ല.

പ്രാകൃതമായ വിശ്വാസസംഹിതകൾ ഇന്നും പിന്തുടരുന്ന ചില മതങ്ങളിലൊഴികെ  മറ്റെല്ലാ മതങ്ങളിലും സന്യാസമുണ്ട്.  എന്നാൽ ക്രിസ്തീയസന്യാസത്തോളം സംഘടിതവും   സുസ്ഥിരവുമായ ഒരു സന്യാസജീവിതരീതി  വേറെയില്ല. ഇതും വിമർശനത്തിനു  ഒരു കാരണമാകുന്നുണ്ട്. പല വിമർശകരും കരുതുന്നതുപോലെ സ്ത്രീകളുടെ സന്യാസം ക്രൈസ്തവസഭകളിൽ  ഇടക്കാലത്ത് ആരംഭിച്ച ഒരു പ്രസ്ഥാനമൊന്നുമല്ല. ആദ്യ നൂറ്റാണ്ടുകളിൽ തന്നെ  മരുഭൂമിയിലെ പിതാക്കന്മാരെ  (Desert Fathers) അനുകരിച്ച്  ഒറ്റയ്‌ക്കോ  സമൂഹമായോ സന്യാസജീവിതം  അഭ്യസിച്ചിരുന്ന ഭക്തസ്ത്രീകളും  (Desert Mothers) ഉണ്ടായിരുന്നു.  അവരെ  (കർത്താവിൻറെ) ‘ദാസി’  എന്ന അർഥത്തിൽ  ‘അമ്മ’ (Amma)  എന്നാണ് അന്നും വിളിച്ചിരുന്നത്.  നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമായി ജീവിച്ചിരുന്ന  സ്ത്രീസന്യാസികളിൽ പ്രമുഖരായിരുന്നു   അലെക്‌സാൻഡ്രിയയിലെ  Amma Syncleticaയും Theodora യും, മരുഭൂമിയിലെ Amma Sarahയും , Melaniaയും ,  St  Paulaയും.

പൗരോഹിത്യത്തെക്കുറിച്ചു  വിശുദ്ധഗ്രന്ഥം പറയുന്നു. ‘ അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല’ (ഹെബ്രാ  5:4). കന്യാസ്ത്രീകളുടെ കാര്യത്തിലും ഇതു   ശരിയാണ്. കന്യാസ്ത്രീ ആവുക എന്നത് ഒരു ദൈവവിളിയുടെ ഫലമായി മാത്രം  സംഭവിക്കുന്ന കാര്യമാണ്.  ദൈവം ചിലരെ ചില പ്രത്യേക ജീവിതാന്തസിലേക്കു  വിളിക്കുന്നു എന്ന സത്യം അംഗീകരിക്കാൻ വിസമ്മതിക്കുന്നവരാണു    സ്ത്രീസന്യാസത്തിനെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയർത്തുന്നത്. അവരിൽ നിരീശ്വരവാദികളുണ്ട്, അവിശ്വാസികളുണ്ട്, അതിനേക്കാൾ  കൂടുതലായി അല്പവിശ്വാസികളുമുണ്ട്.  ദൈവത്തെക്കുറിച്ചുള്ള അറിവിൽ തെറ്റു  പറ്റിപ്പോയവരുണ്ട്,  ‘ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്യാത്തതിനാൽ  യുക്തിവിചാരങ്ങൾ  നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടു പോവുകയും’ (റോമാ  1:21) ചെയ്തവരുണ്ട്.  ആത്മീയവിഷയങ്ങളിൽ അറിവില്ലാതിരിക്കേ സ്വയം  ‘ജ്ഞാനികളെന്ന്  അവകാശപ്പെട്ടുകൊണ്ടു  ഭോഷന്മാരായിത്തീർന്നവരും” ( റോമ 1:22)  വിമർശകരുടെ ഇടയിൽ  ഉണ്ട്.

എന്തിനുവേണ്ടിയാണ്  ഒരു പെൺകുട്ടി കന്യാസ്ത്രീ ആകാനുള്ള തീരുമാനം എടുക്കുന്നത്?  ‘എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കിൽ എന്നു  ഞാൻ ആശിക്കുന്നു’ (1 കൊറി 7:7) എന്നു പൗലോസ് ശ്ലീഹാ പറഞ്ഞത്  അവിഭക്തഹൃദയത്തോടെ കർത്തൃശുശ്രൂഷയിൽ മുഴുകുന്നവരെക്കുറിച്ചാണ്. അതിനുള്ള വലിയൊരു തടസം  ലോകവുമായുള്ള കെട്ടുപാടുകളാണ്. അതിൽ തന്നെ ഏറ്റവും പ്രധാനം  കുടുംബജീവിതത്തിൻറെ  ഉത്തരവാദിത്വങ്ങളാണ്.  വിവാഹിതരുടെ താല്പര്യങ്ങൾ ദൈവത്തിനും ജീവിതപങ്കാളിക്കുമിടയിൽ  വിഭജിക്കപ്പെട്ടിരിക്കും എന്നതിൽ തർക്കമില്ലല്ലോ.   പൗലോസ് ശ്ലീഹാ  വീണ്ടും പറയുന്നു.  ‘ അവിവാഹിതയായ സ്ത്രീയും കന്യകയും ആത്മാവിലും ശരീരത്തിലും വിശുദ്ധി പാലിക്കാനായി കർത്താവിൻറെ കാര്യങ്ങളിൽ തല്പരരാണ്. വിവാഹിതയായ സ്ത്രീയാകട്ടെ, ഭർത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാമെന്നു ചിന്തിച്ചു  ലൗകികകാര്യങ്ങളിൽ തല്പരയാകുന്നു’ (1 കൊറി  7: 34). സന്യാസത്തിൻറെ  മൂലക്കല്ല് ലോകത്തെ ഉപേക്ഷിച്ചു  ക്രിസ്തുവിനെ  തെരഞ്ഞെടുക്കാനെടുക്കുന്ന തീരുമാനമാണ്.  തങ്ങളുടെ താല്പര്യങ്ങൾ  ഒരേയൊരിടത്ത്  – കർത്താവായ യേശുക്രിസ്തുവിൽ മാത്രം –  കേന്ദ്രീകരിച്ചിരിക്കണം എന്ന നിർബന്ധ  ബുദ്ധിയാണ്  ഒരു സാധാരണ പെൺകുട്ടിയെ കന്യാസ്ത്രീയാക്കി മാറ്റുന്നത്. 

ഭക്തരായ കന്യകകളുടെ  എക്കാലത്തെയും  മാതൃക പരിശുദ്ധ കന്യകാമറിയം ആണ്.  അമ്മ ഒരുപാടു നിന്ദനങ്ങളും വേദനയും സഹിച്ചെങ്കിൽ അമ്മയുടെ മക്കളായ കന്യാസ്ത്രീകൾക്കും അതിൽ ഒരോഹരിയെങ്കിലും ലഭിക്കാതിരിക്കില്ല.    അഥവാ   ഏതെങ്കിലും കന്യാസ്ത്രീയ്ക്കു  വേദനയോ കഷ്ടപ്പാടോ നിന്ദനമോ പീഡനമോ പരിഹാസമോ  അനുഭവിക്കേണ്ടി വന്നിട്ടില്ല എങ്കിൽ  അവരുടെ സന്യാസജീവിതത്തിനു   സാരമായ എന്തോ കുറവുണ്ട് എന്നല്ലാതെ മറ്റൊരർഥവുമില്ല.

തൻറെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ പരീക്ഷണത്തിൽ നിന്ന്,   ഭർത്താവില്ലാതെ ഗർഭിണിയായവൾ  എന്ന കുറ്റാരോപണം   നേരിടേണ്ടി വരുന്ന  ദുരവസ്ഥയിൽ നിന്ന്,  മറിയത്തെ രക്ഷിച്ചതു   നീതിമാനായ അവളുടെ മണവാളൻ യൗസേപ്പ് ആയിരുന്നു.   ഇന്നും ഓരോ കന്യാസ്ത്രീയുടേയും  ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പരീക്ഷണങ്ങളിലെല്ലാം  അവൾക്കു താങ്ങും  തണലുമായി നിൽക്കുന്നത് അവളുടെ മണവാളനായ യേശുക്രിസ്തു തന്നെയാണ്.  തൻറെ മണവാളനായ ക്രിസ്തുവിൽ നിന്നല്ലാതെ മറ്റെവിടെനിന്നെങ്കിലും ആശ്വാസം തേടാൻ  ശ്രമിച്ച ഒരു കന്യാസ്ത്രീയും  തൻറെ ഓട്ടം പൂർത്തിയാക്കിയിട്ടുമില്ല.

കന്യാസ്ത്രീകളെ കർത്താവിൻറെ മണവാട്ടിമാർ എന്നു  വിളിക്കുന്നതു  വെറുതെയല്ല. എന്നാൽ ആ വിളി പോലും  പരിഹാസത്തിനുള്ള ഉപകരണമാക്കി ക്രൈസ്തവസന്യാസത്തെ ആക്രമിക്കുന്നവരുടെ മുൻപിൽ പ്രിയപ്പെട്ട കന്യാസ്ത്രീമാരേ, ധൈര്യത്തോടെ നിൽക്കുക. നിങ്ങളുടെ പ്രതിഫലം ഇവിടെയല്ല. ഈ ഭൂമിയിലെ പ്രതിഫലം ആഗ്രഹിച്ച ഒരു കന്യാസ്ത്രീയും തൻറെ സന്യാസജീവിതത്തോടും താൻ  സ്വീകരിച്ച ദൈവവിളിയോടും ആത്മാർഥത  പുലർത്തിയിട്ടുമില്ല.

നമുക്കു പ്രാർഥിക്കാം. കന്യകകളുടെ രാജ്ഞിയായ പരിശുദ്ധകന്യകാമറിയമേ, കന്യാസ്ത്രീകൾക്കുവേണ്ടി പ്രാർഥിക്കണമേ .