വിശുദ്ധിയിലേക്കുള്ള വഴിയിൽ നമുക്ക് ഏറ്റവും വലിയ പ്രതിബന്ധം സൃഷ്ടിക്കുന്നത് ഒരു പക്ഷേ ഭയമായിരിക്കാം. മറ്റുള്ളവർ എന്തു ചിന്തിക്കും, എങ്ങനെ പ്രതികരിക്കും എന്ന ഭയം. അല്ലെങ്കിൽ സ്ഥാനമാനങ്ങളോ സമ്പത്തോ സുഖഭോഗങ്ങളോ നഷ്ടപ്പെടുമെന്ന ഭയം. തെരഞ്ഞെടുത്ത വഴി തെറ്റിപ്പോയോ എന്ന ഭയം.അതുമല്ലെങ്കിൽ കൂടുതൽ പ്രലോഭനങ്ങളെ നേരിടേണ്ടിവരുമോ എന്ന ഭയം.
ഭയത്തെ സാത്താൻ വളരെ വിദഗ്ദ്ധമായി നമുക്കെതിരെ ഉപയോഗിക്കും എന്നതിൽ സംശയമില്ല. പുണ്യപൂർണത ആഗ്രഹിക്കുന്ന ഒരാത്മാവിനെ പ്രലോഭനങ്ങൾ കൊണ്ടു വശംകെടുത്തുമ്പോൾ സാത്താൻ പറയുന്നത് ഇങ്ങനെയാണ്. ‘ഞാൻ നിന്നെ ഈ പ്രലോഭനത്തിൽ വീഴിച്ചു നിന്നെ എൻറെ സ്വന്തമാക്കും.’ ആത്മരക്ഷയെക്കുറിച്ചുള്ള ഈ ഭയം പല വിശുദ്ധരും അനുഭവിച്ചതാണ്.
സർവഭയത്തെയും അതിജീവിച്ചവരാണ് വിശുദ്ധരായിത്തീരുന്നത്. നഗ്നനായി മറ്റുള്ളവരുടെ മുൻപിൽ നിൽക്കുക എന്നതു നമുക്കൊക്കെ പേടിസ്വപ്നമാണ്. അസീസിയിലെ ഫ്രാൻസിസ് ഭയം കൂടാതെ തൻറെ വസ്ത്രങ്ങൾ അഴിച്ചു പിതാവിനു കൊടുത്തുവെങ്കിൽ ഭയം എന്ന വികാരത്തെ അദ്ദേഹം അതിനുമുൻപേ തോല്പിച്ചിരുന്നു എന്നർത്ഥം. കുറ്റാരോപണങ്ങളെ ഭയപ്പെട്ടിരുന്നുവെങ്കിൽ അൽഫോൻസാ വിശുദ്ധയാവുകയില്ലായിരുന്നു. പൈശാചികപ്രലോഭനങ്ങളെ ഭയപ്പെട്ടിരുന്നുവെങ്കിൽ എവുപ്രാസ്യാമ്മയുംവിശുദ്ധയാകില്ലായിരുന്നു. ഫാത്തിമയിലെ കുഞ്ഞുങ്ങൾ – ലൂസി, ജസീന്ത, ഫ്രാൻസിസ് – കുടുംബത്തിൽ നിന്നും വികാരിയച്ചനിൽ നിന്നും ഭരണാധികാരികളിൽ നിന്നും ഉള്ള പീഡനങ്ങളിൽ ഭയപ്പെട്ടു പിന്മാറിയില്ല. ലൂർദിലെ അനുഭവവും മറിച്ചായിരുന്നില്ല.
സാത്താൻ ആവസിച്ചിരിക്കുന്നവൾ ആണെന്ന് ആരോപിച്ചുകൊണ്ടു സഹസന്യാസിനിമാർ മാർഗരറ്റ് മേരി അലക്കോക്കിനെ കാണുമ്പോഴൊക്കെ ഹന്നാൻ വെള്ളം തളിച്ചിരുന്നു. മാനസികരോഗിയാണെന്ന ആരോപണത്തെയും അവൾ സധൈര്യം നേരിട്ടു. ഇഗ്നേഷ്യസ് ലയോള വിശ്വാസത്തെ പ്രതി ജയിലിലടയ്ക്കപ്പെട്ടത് ഒരു തവണയൊന്നുമല്ല. കാരാഗൃഹവാസം അദ്ദേഹത്തെ തെല്ലും ഭയപ്പെടുത്തിയില്ല. ആത്മാവിൻറെ ഇരുണ്ട രാത്രികളിലൂടെ കടന്നുപോയപ്പോഴും കുരിശിൻറെ വിശുദ്ധ യോഹന്നാൻ ഭയപ്പെട്ടില്ല.
വിശുദ്ധർ ഭയപ്പെട്ടതു ദൈവത്തെ മാത്രമാണ്. നീതിവിധിയാളനായ ദൈവത്തിൻറെ മുൻപിൽ നിൽക്കാനുള്ള ധൈര്യം കിട്ടണമെങ്കിൽ ഈ ഭൂമിയിൽ ആരെയും ഭയപ്പെടരുതെന്നും ദൈവത്തെ മാത്രമേ ഭയപ്പെടാൻ പാടുള്ളൂ എന്നും അവർ അറിഞ്ഞിരുന്നു. അവരുടെ ഓരോ പ്രവൃത്തികളെയും നിയന്ത്രിച്ചത് ഈ ദൈവഭയമായിരുന്നു. ‘ഞങ്ങൾക്ക് എല്ലായ്പ്പോഴും നല്ല ധൈര്യമുണ്ട് ‘ (2 കൊറി 5:6) എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന പൗലോസ് ശ്ലീഹാ വീണ്ടും പറയുന്നു; ‘കർത്താവിനെ ഭയമുള്ളതുകൊണ്ടു തന്നെയാണു ഞങ്ങൾ ജനങ്ങളെ പ്രേരിപ്പിക്കുന്നത്’ (2 കൊറി 5:11). കർത്താവിനെ ഭയപ്പെടുന്നവർ മറ്റൊന്നിനെയും ഭയപ്പെടില്ല. അതുകൊണ്ടാണു കാരാഗൃഹത്തിലായിരിക്കുമ്പോഴും പ്രഹരമേറ്റപ്പോഴും മരണവക്ത്രത്തിൽ അകപ്പെട്ടപ്പോഴും അഞ്ചു തവണ ഒന്നുകുറയെ നാൽപത് അടി കൊണ്ടപ്പോഴും കല്ലെറിയപ്പെട്ടപ്പോഴും മൂന്നു പ്രാവശ്യം കപ്പലപകടത്തത്തിൽ പെട്ടപ്പോഴും ഒരു രാത്രിയും ഒരു പകലും കടലിൽ ഒഴുകി നടന്നപ്പോഴും കൊള്ളക്കാരിൽ നിന്നും സ്വന്തക്കാരിൽ നിന്നും വിജാതീയരിൽ നിന്നും സ്വന്തക്കാരിൽ നിന്നും അപകടങ്ങൾ ഉണ്ടായപ്പോഴും കഠിനാധ്വാനത്താലും ജാഗരണത്താലും വിശപ്പുകൊണ്ടും ദാഹം കൊണ്ടും വലഞ്ഞപ്പോഴും ഉപവാസത്താൽ ക്ഷീണിച്ചപ്പോഴും നഗ്നതയിലും തണുപ്പിലും കൂടെ കടന്നുപോയപ്പോഴും (2 കൊറി 11;23-27) അപ്പസ്തോലൻറെ ആത്മധൈര്യം നശിക്കാതിരുന്നത്. അതേ ആത്മധൈര്യം തന്നെയാണ് ഓരോ വിശുദ്ധനെയും നയിക്കുന്നതും.
ക്രിസ്തുവിനെ അനുഗമിക്കുന്നവർ ലോകത്തെയോ ലോകത്തിൻറെ അധികാരിയെയോ ഭയപ്പെട്ടു മാറിനിൽക്കേണ്ടവരല്ല. ‘ഭയപ്പെടേണ്ട’ എന്ന ആശ്വാസ വചനം ഒന്നോ രണ്ടോ തവണയല്ല 366 തവണയാണു വിശുദ്ധഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്നത്. വർഷത്തിലെ ഓരോ ദിവസവും തിരുവചനം ഭക്ഷിച്ചുകൊണ്ടാണ് വിശുദ്ധർ ഭയത്തെ കീഴടക്കിയത്. ഭീരുക്കൾ എത്തിച്ചേരുമെന്നു വിശുദ്ധഗ്രന്ഥം മുന്നറിയിപ്പു നൽകിയിട്ടുള്ള ആ സ്ഥലത്ത് (വെളി 21:8) എത്തിപ്പെടാതിരിക്കാൻ അശ്രാന്തപരിശ്രമം ചെയ്യുന്നവരെയാണല്ലോ നാം വിശുദ്ധർ എന്നു വിളിക്കുന്നതും.