അന്ത്യകാല അപ്പസ്തോലർ എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും ചിന്തിച്ചേക്കാം, ഇത് ഏതെങ്കിലുമൊരു വിഘടിതഗ്രൂപ്പിൻറെയോ തീവ്രക്രൈസ്തവസംഘടനയുടെയോ പേരാണെന്ന്. ഒരിക്കലുമല്ല. അന്ത്യകാലത്തു വിശ്വാസതീക്ഷ്ണതയാൽ നിറഞ്ഞ്, സുവിശേഷത്തിന് ഉത്തമസാക്ഷ്യം വഹിക്കുന്ന ക്രിസ്ത്യാനികളെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.
അന്ത്യകാല അപ്പസ്തോലർ എന്ന പ്രയോഗം ഒരുപക്ഷേ ഏറ്റവും കൂടുതൽ കാണുന്നതു വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് മുന്നൂറു വർഷങ്ങൾക്കു മുൻപെഴുതിയ ‘യഥാർത്ഥ മരിയ ഭക്തി’ എന്ന പ്രശസ്തഗ്രന്ഥത്തിലായിരിക്കാം. എങ്ങനെയാണു പരിശുദ്ധ അമ്മ തൻറെ പുത്രൻറെ രണ്ടാം വരവിനു ലോകത്തെ ഒരുക്കാനായി അന്ത്യകാല അപ്പസ്തോലന്മാരെ സജ്ജമാക്കുന്നത് എന്നു വിശുദ്ധൻ വിശദീകരിക്കുന്നുണ്ട്. അവർ തീക്ഷ്ണമതികളായ സുവിശേഷകരും വിശുദ്ധരും ആയിരിക്കും. അവരുടെ സഹനവും ത്യാഗവും ക്രിസ്തീയസാക്ഷ്യവും സമാനതകളില്ലാത്തവിധം അത്ര വലുതായിരിക്കും. അതുകൊണ്ടാണ് അന്ത്യനാളുകളിലെ വിശുദ്ധരെ ഓർത്തു ഞാൻ അസൂയപ്പെടുന്നു എന്നു വിശുദ്ധ കൊച്ചുത്രേസ്യ പറഞ്ഞത്.
അന്ത്യകാല അപ്പസ്തോലരെ വിശേഷിപ്പിക്കാൻ ലൂയിസ് ഡി മോൺഫോർട്ട് ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക.
അവർ എരിയുന്ന അഗ്നികുണ്ഡമായി ലോകമാസകലം ദിവ്യസ്നേഹാഗ്നി ജ്വലിപ്പിക്കുന്ന ദൈവകാര്യസ്ഥന്മാരായിരിക്കും. മറിയത്തിൻറെ ബലിഷ്ഠകരങ്ങളിൽ ശത്രുക്കളെ പിളർക്കുന്ന മൂർച്ചയേറിയ ആയുധങ്ങളായിരിക്കും അവർ. ക്ലേശാഗ്നിയിൽ ശുദ്ധീകരിക്കപ്പെട്ട്, ദൈവത്തോടു ചേർന്നു നിൽക്കുന്ന അവർ സ്നേഹഹമാകുന്ന കനകം ഹൃദയത്തിലും, പ്രാർഥനയാകുന്ന കുന്തിരിക്കം ആത്മാവിലും, ആശാനിഗ്രഹമാകുന്ന മീറാ ശരീരത്തിലും വഹിച്ചുകൊണ്ട്, ക്രിസ്തുവിനോടു പൂർണ്ണമായി ഐക്യപ്പെടും. പരിശുദ്ധാത്മശക്തിയാൽ ലോകത്തോടുള്ള നിസംഗതയും ഒന്നിനെക്കുറിച്ചും അസ്വസ്ഥമാകാതിരിക്കാനുള്ള കൃപയും ലഭിച്ചവർ. സ്വർണ്ണവും വെള്ളിയും ഇല്ലെങ്കിലും സുഖമായി ഉറങ്ങുന്നവർ. അത്ഭുതങ്ങൾ പ്രവർത്തിക്കാൻ വരം ലഭിച്ചവർ.
പരിശുദ്ധാത്മാവ് വിളിക്കുന്നിടത്തേക്കു ദൈവശുശ്രൂഷയ്ക്കായി പറന്നെത്താൻ വേണ്ട വെള്ളിച്ചിറകുകൾ നൽകപ്പെട്ടവർ. ദാരിദ്ര്യത്തിലും എളിമയിലും ഉപവിയിലും ലോകത്തോടുള്ള വേർപാടിലും യേശുവിനെ പൂർണ്ണമായി അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവർ. ദൈവത്തിലേക്കുള്ള ഇടുങ്ങിയ വഴി മനുഷ്യർക്ക് കാണിച്ചുകൊടുക്കുന്നവർ. ദൈവവചനമാകുന്ന ഇരുതലവാൾ അധരങ്ങളിലും രക്തമുദ്രിതമായ കുരിശ് ആലേഖനം ചെയ്തിട്ടുള്ള ജയക്കൊടി തോളിലും വഹിക്കുന്നവർ. വലതുകരത്തിൽ കുരിശുരൂപവും ഇടതുകരത്തിൽ ജപമാലയും ധരിച്ച് മുന്നേറുന്നവർ. അന്ത്യകാലവിശുദ്ധരെ വർണ്ണിക്കാൻ അദ്ദേഹത്തിനു വാക്കുകൾ തികയുന്നില്ല.
അറുനൂറു വർഷങ്ങൾ മുൻപു ജീവിച്ചിരുന്ന വിശുദ്ധ വിൻസെൻറ് ഫെറർ അവരുടെ ഗുണങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. ‘ലാളിത്യമാർന്ന നിഷ്കളങ്കത, സമൃദ്ധമായ കരുണ, ഇളക്കമില്ലാത്ത ക്ഷമ, സത്യമായ അനുസരണം, യോഗ്യമായ പരിഹാരപ്രവൃത്തികൾ എന്നിവയായിരിക്കും അവരുടെ മുഖമുദ്ര.’ അന്ത്യനാളുകളെക്കുറിച്ച്, വിശേഷിച്ച് എതിർക്രിസ്തുവിൻറെ ആഗമനം, ലോകത്തിനുമേൽ വന്നു ഭവിക്കാനിരിക്കുന്ന ശിക്ഷകൾ, അന്ത്യവിധി എന്നിവയെക്കുറിച്ചെല്ലാം വിശുദ്ധഗ്രന്ഥാനുസൃതമായ പ്രസംഗങ്ങളിലൂടെ അനേകായിരങ്ങളെ – അവരിൽ യഹൂദരും മുസ്ലിങ്ങളും പെടും- മാനസാന്തരപ്പെടുത്തുകയും ചെയ്ത വിശുദ്ധനാണദ്ദേഹം.
വെളിപാടിൻറെ മാലാഖ എന്നാണു മാർപ്പാപ്പ അദ്ദേഹത്തെ വിളിച്ചിരുന്നത്. ഒരുപക്ഷേ ഏറ്റവുമധികം മരിച്ചവരെ ഉയിർപ്പിച്ച വിശുദ്ധൻ കൂടിയാണ് അദ്ദേഹം. ഇരുപത്തിയെട്ടു പേരെങ്കിലും അദ്ദേഹത്തിൻറെ പ്രാർഥനയാൽ മരണത്തിൽ നിന്നു ജീവനിലേക്കു തിരിച്ചുവന്നിട്ടുണ്ട്. നിങ്ങൾക്ക് ഒരു മകൻ ജനിക്കുമെന്നും അവൻ മാർപ്പാപ്പയാകുമെന്നും അദ്ദേഹം തന്നെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നും ഒരു സ്ത്രീയുടെ മുഖത്തുനോക്കി വിൻസെൻറ് ഫെറർ നടത്തിയ പ്രവചനം അതേപടി നിറവേറി എന്നും അറിഞ്ഞിരിക്കുക. അതുകൊണ്ട് അന്ത്യകാലവിശുദ്ധരെക്കുറിച്ച് വിൻസെൻറ് ഫെറർ ഇങ്ങനെ പറഞ്ഞെങ്കിൽ അത് അങ്ങനെത്തന്നെ ആയിരിക്കും
വിശുദ്ധർക്കു തെറ്റു പറ്റിയിട്ടില്ല. അന്ത്യകാല വിശുദ്ധർ ക്രിസ്തുവിൻറെ ജീവിക്കുന്ന പ്രതിരൂപങ്ങളായിരിക്കും. തങ്ങളുടെ പ്രസംഗം കൊണ്ടു മാത്രമല്ല, വീരോചിതമായ ക്രൈസ്തവസാക്ഷ്യത്തിൻറെ പ്രവൃത്തികൾ കൊണ്ടും അവർ അനേകായിരങ്ങളെ സത്യദൈവത്തിലേക്ക് അടുപ്പിക്കും.
ആറു നൂറ്റാണ്ടു മുൻപ് വിൻസെൻറ് ഫെററും മൂന്നു നൂറ്റാണ്ടു മുൻപ് ലൂയിസ് ഡി മോൺഫോർട്ടും ഒന്നേകാൽ നൂറ്റാണ്ടു മുൻപ് കൊച്ചുത്രേസ്യയും പറഞ്ഞത് ഒരേ കാര്യം തന്നെയാണ്. അതാകട്ടെ നമുക്കുള്ള ഉണർത്തുപാട്ടുമാണ്. ലോകത്തിലേക്കു തുറന്നുവച്ച കണ്ണുകൾ അടയ്ക്കാനും നമ്മുടെ സർവശക്തിയോടെയും ക്രിസ്തുവിനു സാക്ഷ്യം നൽകാനും ഇറങ്ങിത്തിരിക്കേണ്ട കാലം ആഗതമായിരിക്കുന്നു. അതേ, സ്വർഗം അന്ത്യകാല അപ്പസ്തോലന്മാരെ വാർത്തെടുക്കുന്ന സമയമാണിത്. അന്ത്യകാല അപ്പസ്തോലരുടെ ഗണത്തിൽ നമ്മളും ഉൾപ്പെടാനായി പരിശുദ്ധ അമ്മയോടു പ്രാർഥിക്കാം.
അമ്മയും അന്ത്യകാല അപ്പസ്തോലന്മാരുടെ പ്രത്യേകതകൾ പറഞ്ഞുവച്ചിട്ടുണ്ട്. ‘ കത്തോലിക്കാ വിശ്വാസത്തിൻറെ മുഴുവൻ സത്യങ്ങളും ധൈര്യത്തോടെ പ്രഘോഷിക്കുന്നവരും ദൈവമക്കളെ തന്ത്രപൂർവം വഴിതെറ്റിക്കാനായി സാത്താൻ ഒരുക്കിക്കൊടുക്കുന്ന പാഷാണ്ഡതകളെ മറനീക്കി കാണിച്ചുകൊടുക്കുന്നവരും ആയിരിക്കും അവർ. അബദ്ധവ്യാഖ്യാനങ്ങൾ കൊണ്ടു ക്രിസ്തുവിൻറെ സുവിശേഷത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന അഹങ്കാരികളായ പണ്ഡിതന്മാരെ അവർ തോൽപിക്കും. ലോകത്തെയോ തങ്ങളെത്തന്നെയോ സ്നേഹിക്കാതെ, എളിമയോടും പ്രാർഥനയോടും കൂടെ ദാരിദ്ര്യത്തിൻറെയും നിശ്ശബ്ദതയുടെയും പരിത്യാഗത്തിൻറെയും പരസ്നേഹത്തിൻറെയും വഴികളിൽ കൂടി അവർ ദൈവവുമായി കൂടുതൽ ആഴമുള്ള ബന്ധം സ്ഥാപിക്കുന്നു. ക്രിസ്തുവിൻറെ പ്രകാശം കൊണ്ട് അവർ ലോകത്തെ പ്രകാശിപ്പിക്കും. ലോകസുഖങ്ങളിലേക്കു പ്രലോഭിപ്പിക്കപ്പെട്ടിരിക്കുന്ന സഭയെ വീണ്ടും സുവിശേഷവൽക്കരിക്കുന്നത് അന്ത്യകാല അപ്പസ്തോലന്മാരുടെ കടമയായിരിക്കും. തെറ്റായ തത്വശാസ്ത്രങ്ങളിൽ കുടുങ്ങിയും സുഖം, അധികാരം, സമ്പത്ത്, അഹങ്കാരം എന്നിവയാൽ നയിക്കപ്പെട്ടു വഴിതെറ്റിക്കപ്പെട്ടവരെയും അവർ വീണ്ടും സുവിശേഷവൽക്കരിക്കണം.
1991 ലെ വിമലഹൃദയത്തിരുനാൾ ദിവസം ഫാ. സ്റ്റെഫാനോ ഗോബിയ്ക്ക് ഈ സന്ദേശം നൽകി അവസാനിപ്പിക്കുന്നതിനു മുൻപ് പരിശുദ്ധ കന്യക ഇങ്ങനെയും പറഞ്ഞു. ‘നിങ്ങളുടെ സമയം സമാഗതമായിരിക്കുന്നു. ഇപ്പോൾ സ്വന്തം രക്തം ചിന്തിപ്പോലും യേശുക്രിസ്തുവിൻറെ വിശ്വസ്ത ശിഷ്യന്മാരെന്നു ശക്തമായി സാക്ഷ്യം നൽകത്തക്കവണ്ണം ഈ വർഷങ്ങളിൽ ഞാൻ നിങ്ങളെ നയിക്കുകയായിരുന്നു’ (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു; സന്ദേശം 451).
അമ്മ ഇതു പറഞ്ഞിട്ടും മൂന്നു പതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. സ്വർഗം ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു അന്ത്യകാല അപ്പസ്തോലഗണം ലോകത്തിലെങ്ങും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. പ്രസക്തമായ കാര്യം നാം അതിൽ അംഗങ്ങളാണോ എന്നതാണ്. അല്ലെങ്കിൽ അത് ഇനിയും നീട്ടിവയ്ക്കേണ്ട കാര്യമല്ല, എന്തെന്നാൽ ‘യുഗങ്ങളുടെ അവസാനം നമ്മിലാണല്ലോ വന്നെത്തിയിരിക്കുന്നത്.’