വിശുദ്ധിയുടെ പടവുകൾ 20

ജിജ്ഞാസ  മനുഷ്യനു  സഹജമാണ്.  നമുക്ക് ചുറ്റും എന്തു നടക്കുന്നു   എന്നറിയാതെ  നമ്മിൽ പലർക്കും ഉറക്കം വരില്ല.  എന്നാൽ ക്രിസ്ത്യാനി എല്ലാം അറിയേണ്ടവനല്ല. അറിയേണ്ടതു മാത്രം അറിയുകയും ആവശ്യമില്ലാത്തത് അറിയാതിരിക്കുയും  ചെയ്യുക എന്നതു  ക്രിസ്തീയവിശുദ്ധിയുടെ പൂർണ്ണതയ്ക്ക് അവശ്യം  വേണ്ട കാര്യമാണ്.


ഈ കാരണത്താലാണു  വിശുദ്ധർ ലോകവുമായി  എപ്പോഴും സുരക്ഷിതമായ ഒരകലം പാലിച്ചിരുന്നത്.  മനുഷ്യനെ ലോകവ്യാപാരങ്ങളിലേക്കു വലിച്ചുകൊണ്ടുപോകുന്നത് അവൻറെ കണ്ണുകളാണെന്ന പ്രാഥമികപാഠം മനസിലാക്കിയിരുന്ന വിശുദ്ധർ തങ്ങളുടെ കണ്ണുകളെ  കർശനമായി നിയന്ത്രിച്ചിരുന്നു.  ആവശ്യമില്ലാത്തതൊന്നും  കാണാതിരിക്കാൻ വേണ്ടി  വിശുദ്ധ അലോഷ്യസ് ഗോൺസാഗ  താഴേയ്ക്കു  നോക്കിയാണു നടന്നിരുന്നത്. പല സന്യാസസഭകളുടെയും നിയമാവലികളിൽ പത്തടിയിൽ കൂടുതൽ ദൂരം കാണുന്ന വിധത്തിൽ  തല നിവർത്തിപ്പിടിച്ചു നടക്കരുത് എന്ന കർശനനിർദേശം ഉണ്ടായിരുന്നു എന്നത് ഈ തലമുറയിൽ വിചിത്രമായി തോന്നാം. പക്ഷേ  ആ നിയമാവലികൾ എഴുതി അംഗീകരിച്ച അധികാരികൾക്ക്, ഓരോ സന്യാസിയും ഓരോ വൈദികനും ഓരോ സമർപ്പിതയും വിശുദ്ധനോ  വിശുദ്ധയോ ആകാൻ വിളിക്കപ്പെട്ടവരാണ് എന്ന ബോധ്യം ഉണ്ടായിരുന്നു.


ലോകകാര്യങ്ങളിൽ എല്ലാം തലയിടുന്ന ഒരാൾക്ക് ഒരിക്കലും ഒരു വിശുദ്ധനാകാൻ സാധിക്കില്ല എന്നതു  നിസ്തർക്കമാണ്. വിശുദ്ധ അൽഫോൻസയാകുന്നതിനു മുൻപു  തന്നെ അന്നക്കുട്ടി  എന്ന കൊച്ചു പെൺകുട്ടി   കാൽചുവട്ടിലേക്കുമാത്രം നോക്കിക്കൊണ്ടാണു  സ്‌കൂളിലേക്കു  പോയിരുന്നത്.  അപ്പോഴെല്ലാം അവൾ ജപമാലയോ മറ്റു പ്രാർഥനകളോ ചൊല്ലിയിരുന്നു.  പല വിശുദ്ധരും ലോകാരൂപിയുടെ പ്രലോഭനം ഭയന്നു  ബന്ധുഗൃഹങ്ങളിൽ പോകാറില്ലായിരുന്നു.  വിശുദ്ധ ചാൾസ് ബൊറേമിയോ പറയുന്നതു  ബന്ധുക്കളെ സന്ദർശിച്ചു  മടങ്ങിവരുമ്പോഴെല്ലാം  തനിക്കു ദൈവമഹത്വത്തിനായുള്ള തീക്ഷ്ണത കുറഞ്ഞതായി അനുഭവപ്പെട്ടിരുന്നു എന്നാണ്.


ആശ്രമം വീടിന് അടുത്തായതിനാൽ മാതാപിതാക്കളും  ബന്ധുക്കളും കൂടെക്കൂടെ തന്നെ കാണാൻ വരുന്നു. അവർ ലോകകാര്യങ്ങൾ തന്നോടു  സംസാരിക്കുന്നു. താൻ   ഉപേക്ഷിച്ചുപോന്ന കുടുംബസ്വത്തും പ്രതാപവും തനിക്കു ലഭിക്കാനിരിക്കുന്ന വലിയ  സ്ഥാനമാനങ്ങളും  തൻറെ മനസിലേക്കു വീണ്ടും വീണ്ടും കയറിവരാൻ ഈ സന്ദർശനങ്ങൾ കാരണമാകുന്നു. അതുകൊണ്ട്,    ഏഴുദിവസത്തെ ദുർഘടമായ യാത്ര കൊണ്ടു  മാത്രം എത്തിപ്പെടാൻ കഴിയുന്ന ഒരിടത്തെ ആശ്രമത്തിലേക്കു  തന്നെ സ്ഥലം മാറ്റണം എന്ന് ആശ്രമാധിപനോട് അപേക്ഷിച്ചതു  വിശുദ്ധ അന്തോണീസായിരുന്നു. 


ലോകവുമായുള്ള അകലം വർധിക്കുന്നതനുസരിച്ച്   വിശുദ്ധിയിൽ നാം വളരുകയും സ്ഥിരപ്പെടുകയും ചെയ്യും.