നമ്മുടെ പ്രാർഥനകളിലെ മുഖ്യ വിഷയം പലപ്പോഴും നമ്മുടെ ആവശ്യങ്ങൾ തന്നെയായിരിക്കും. ഭൗതിക നേട്ടങ്ങൾക്കുവേണ്ടിയോ രോഗസൗഖ്യത്തിനുവേണ്ടിയോ ഒക്കെയുള്ള പ്രാർഥനകൾ നമുക്കു സുപരിചിതമാണല്ലോ. മറ്റുളളവർക്കുവേണ്ടിയുള്ള പ്രാർഥന നാം നടത്തുന്നില്ലെന്നല്ല. പക്ഷേ അതു പലപ്പോഴും നമ്മുടെ പട്ടികയിലെ ഏറ്റവും അവസാനത്തെ ഇനമായിത്തീരുന്നു എന്നതിൽ നിന്നു തന്നെ നമുക്കു മറ്റുള്ളവരുടെ കാര്യത്തിലുള്ള നിസംഗത വ്യക്തമാകും.
ഇനി മറ്റുള്ളവർക്കു വേണ്ടി പ്രാർഥിക്കുന്നവരിൽ തന്നെ എത്ര പേർ അവരുടെ ആത്മീയനന്മയെ ലക്ഷ്യം വച്ചു പ്രാർഥിക്കുന്നുണ്ട് എന്നുകൂടി ചിന്തിക്കുക.
എന്നാൽ പ്രാർഥനയുടെ ഒരേയൊരു ലക്ഷ്യം മറ്റുള്ളവരുടെ ക്ഷേമം, അതും അവരുടെ ആത്മീയ നന്മ, ആണെങ്കിലോ? അതു സ്വർഗത്തിന് എത്രയോ ഇഷ്ടപ്പെട്ട പ്രാർഥനയായിരിക്കും! തനിക്കുവേണ്ടി പ്രാർഥിക്കുമ്പോഴും അതിൻറെ ലക്ഷ്യം അപരൻറെ നന്മയാണെങ്കിലോ! അതിനേക്കാൾ മനോഹരമായ പ്രാർഥന മറ്റെന്തുണ്ട്?
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പത്തുപേരെ അല്പവസ്ത്രധാരികളായി, ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ഇരുമ്പഴികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നു. നിരാശയും ദുഖവും വേദനയും ശാപവാക്കുകളും മാത്രമേ അത്തരമൊരു തടവറയിൽ നിന്നു പ്രതീക്ഷക്കാൻ കഴിയുകയുള്ളൂ എന്നു കരുതുന്നുവെങ്കിൽ തെറ്റി. ആ തടവറയിൽ നിന്നുയർന്നതു ജപമാലകളും പ്രാർത്ഥനകളും സ്ത്രോത്രഗീതങ്ങളുമായിരുന്നു. കൂടെയുള്ള ഒൻപതു പേർക്കും അതിനുള്ള പ്രചോദനമായതു മാക്സിമില്യൻ കോൾബെ എന്ന പുരോഹിതനായിരുന്നു.
മാക്സിമില്യൻ കോൾബെയുടെ പ്രാർഥന തികച്ചും ലളിതമായിരുന്നു. ഈ പത്തു പേരിൽ ഏറ്റവും അവസാനം മരിക്കുന്നതു താനായിരിക്കണമേ എന്നതായിരുന്നു അത്. അത്രയും കാലം കൂടി ജീവിച്ചിരിക്കാനുള്ള കൊതി കൊണ്ടായിരുന്നില്ല അത്. മറിച്ച് മറ്റ് ഒൻപതു പേരെയും മരണത്തിനൊരുക്കി യാത്രയയയ്ക്കാൻ ഒരു പുരോഹിതൻ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് കോൾബെയെ അറിഞ്ഞിരുന്നു.
അങ്ങനെ ഒരേയൊരഗ്രഹം മാത്രം സർപ്പിച്ച കോൾബെയുടെ പ്രാർഥന ദൈവം കേൾക്കാതിരിക്കുമോ? സഹതടവുകാരെയെല്ലാം പ്രാർഥനയിലൂടെയും കുമ്പസാരത്തിലൂടെയും വേണ്ടവിധത്തിൽ ഒരുക്കി അവരെ യാത്രയാക്കിയതിനു ശേഷം 1941 ഓഗസ്റ്റ് 14ന് മാക്സിമില്യൻ കോൾബെയും ഈ ലോകത്തോടു വിട പറഞ്ഞു. ആത്മാക്കളെക്കുറിച്ചു തങ്ങൾക്കുള്ള തീക്ഷ്ണത കുറയ്ക്കാൻ ഈ ലോകത്തിലുള്ള ഒന്നിനെയും വിശുദ്ധർ അനുവദിച്ചിരുന്നില്ല.
നമുക്കു പ്രാർത്ഥിക്കാം; ഓ ഈശോയേ, മറ്റുള്ളവർക്കുവേണ്ടി, വിശിഷ്യാ മരണാസന്നർക്കു വേണ്ടി പ്രാർഥിക്കാനും അവർക്ക് ആവശ്യമായ ആത്മീയ ശുശ്രൂഷകൾ എത്തിച്ചുകൊടുക്കാനും ഉള്ള കൃപ ഞങ്ങൾക്കു തരണമേ. ഞങ്ങളെക്കാൾ മുൻപ് അവർ സ്വർഗത്തിൽ എത്തണമെന്ന അങ്ങയുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാനായി ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കണമേ. ആമേൻ.