‘ജഡികരായി ജീവിക്കുന്നെങ്കിൽ നിങ്ങൾ തീർച്ചയായും മരിക്കും. എന്നാൽ ശരീരത്തിൻറെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും’ ( റോമാ 8:13).
ശരീരത്തിൻറെ പ്രവണതകളെ ആത്മാവിൻറെ ശക്തിയാൽ കീഴടക്കിയവരെയാണു നാം വിശുദ്ധർ എന്നു വിളിക്കുന്നത്. പ്രാർത്ഥനയും ഉപവാസവും അവരുടെ പൊതുനിയമമായിരുന്നു. വിശുദ്ധ പാദ്രേ പിയോയെപ്പോലുള്ളവർ സ്വന്തം ശരീരത്തിൽ ചാട്ടവാറു കൊണ്ട് അടിയേൽപ്പിക്കുന്നതും മുള്ളരഞ്ഞാണം ധരിക്കുന്നതും പതിവാക്കിയിരുന്നു.
ലൗകികസന്തോഷങ്ങളെക്കുറിച്ച് വിശുദ്ധർ എന്തു കരുതിയിരുന്നു എന്നറിയണമെങ്കിൽ വിൻസെൻറ് കറാഫയുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മതി. ‘ഈ ലോക ജീവിതത്തിൽ സന്തോഷങ്ങളും ആനന്ദങ്ങളും നമുക്കു നല്കപ്പെട്ടിരിക്കുന്നതിൻറെ ഉദ്ദേശം നാം അവ ആസ്വദിക്കുന്നതിനുവേണ്ടി മാത്രമല്ല. പിന്നെയോ ഈശോയോടുള്ള സ്നേഹത്തെ പ്രതി അവയെ പരിത്യജിക്കാനും അങ്ങനെ സ്വർഗം നേടാനും വേണ്ടിക്കൂടിയാണ്.’
ഇന്ദ്രിയനിഗ്രഹം വിഡ്ഢിത്തമാണെന്നു കരുതുന്നവരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്. സ്വയംപീഡനം എന്നൊക്കെപ്പറയുമ്പോൾ അവർക്ക് അതിൻറെ അർഥം മനസിലാകില്ല. ശരീരത്തിനു ലഭിക്കേണ്ട സന്തോഷങ്ങൾ വേണ്ടെന്നുവയ്ക്കുന്നതു ലോകദൃഷ്ടിയിൽ ശരീരത്തോടു കാണിക്കുന്ന അനീതിയും ക്രൂരതയുമാണ്. അതേക്കുറിച്ച് വിശുദ്ധ ബർണാർഡ് പറയുന്നു. ‘പ്രായശ്ചിത്തപ്രവൃത്തികൾ കൊണ്ടു ശരീരത്തെ പീഡിപ്പിക്കുമ്പോൾ ഞങ്ങൾ ശരീരത്തോടു ക്രൂരരാണ്. എന്നാൽ നിങ്ങളുടെ ഇന്ദ്രിയങ്ങളുടെ തൃഷ്ണകളെ തൃപ്തിപ്പെടുത്തുമ്പോൾ നിങ്ങൾ നിങ്ങളോടു തന്നെ ക്രൂരത കാണിക്കുകയാണു ചെയ്യുന്നത്. എന്തെന്നാൽ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ നിങ്ങളുടെ ശരീരത്തെ മാത്രമല്ല ആത്മാവിനെയും നിത്യമായ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയാണു ചെയ്യുന്നത്.’
ശരീരത്തെയും ആത്മാവിനെയും ഒരുമിച്ചു പ്രീതിപ്പെടുത്താൻ കഴിയില്ല എന്ന സുവർണനിയമം മനസിലാക്കാൻ വൈകുന്നതനുസരിച്ച് വിശുദ്ധിയിലേക്കുള്ള യാത്രയുടെ ദൈർഘ്യവും കൂടും എന്നറിഞ്ഞിരിക്കുക.