പാപം ചെയ്യാതിരിക്കുക എന്നതാണല്ലോ പുണ്യത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആദ്യം ചെയ്യേണ്ടത്. എന്നാൽ പാപം ചെയ്യാതെ ജീവിച്ചിട്ടും തങ്ങൾക്കു പുണ്യപൂർണത പ്രാപിക്കാൻ സാധിക്കുന്നില്ല എന്നു വിലപിക്കുന്ന അനേകരുണ്ട്. അവരുടെ പരാതി ന്യായവുമാണ്.
എന്തുകൊണ്ടാണു പാപം ചെയ്യാതെ ജീവിച്ചിട്ടും തങ്ങൾ ആഗ്രഹിക്കുന്ന ജീവിതവിശുദ്ധിയുടെ നിലവാരത്തിലേക്ക് എത്തിച്ചേരാൻ അവർക്കു കഴിയാത്തത്? വിശുദ്ധനായ ഫ്രാൻസിസ് സാലസ് അതിനു മറുപടി പറയുന്നത് ഒരു ഉദാഹരണത്തിലൂടെയാണ്. ഒരു ഡോക്ടർ തൻറെ രോഗിയോട് ഒരു പ്രത്യേക ഭക്ഷണം ഒഴിവാക്കണം എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ അയാളുടെ രോഗം ഗുരുതരമാകും എന്നും നിർദേശിച്ചുവെന്നിരിക്കട്ടെ. ആ രോഗി ഡോക്ടറുടെ ഉപദേശത്തെ മാനിച്ച് ഒഴിവാക്കാൻ പറഞ്ഞ ഭക്ഷണത്തെ ഒഴിവാക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നതു ഡോക്ടർ പറഞ്ഞതുകൊണ്ടുമാത്രമാണ്. തനിക്കിഷ്ടമുള്ള ആ ഭക്ഷണം വേണ്ടെന്നുവയ്ക്കുന്നതു മനസില്ലാമനസോടെയും മറ്റു യാതൊരു പോംവഴിയും ഇല്ലാത്തുകൊണ്ടുമാണ്.
സാധിക്കുമായിരുന്നെങ്കിൽ ആ ഭക്ഷണം കഴിക്കുവാൻ അയാൾ അതിയായി ആഗ്രഹിക്കുന്നുണ്ട്. തൻറെ അടുക്കൽ രോഗവിവരം അന്വേഷിച്ചു വരുന്നവരോടെല്ലാം അയാൾക്കു പറയാനുള്ളതു തനിക്ക് ഏറെ പ്രിയപ്പെട്ട ആ ഭക്ഷണം ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ചും അതു മൂലം തനിക്കുണ്ടാകുന്ന ദുഖത്തെക്കുറിച്ചുമാണ്. ഇനി തിന്നാൻ സാധിച്ചില്ലെങ്കിൽ പോലും തനിക്കു നിഷിദ്ധമായ ഭക്ഷണസാധനങ്ങൾ കാണാനും സ്പർശിക്കാനും അതിൻറെ ഗന്ധം ആസ്വദിക്കാനും അയാൾ ആഗ്രഹിക്കുന്നു. തനിക്കു ഭക്ഷിക്കാൻ അനുവാദമില്ലാത്ത ആ ഭക്ഷണം ആസ്വദിക്കുന്ന മറ്റു വ്യക്തികൾ തന്നെക്കാൾ ഭാഗ്യവാന്മാരാണെന്നു കരുതി അവരോട് ഉള്ളിൽ അസൂയ തോന്നുന്നു. തനിക്കു രോഗം ഇല്ലായിരുന്നില്ലെങ്കിൽ ആ ഭക്ഷണം തൻറെ ഇഷ്ടമനുസരിച്ച് കഴിക്കാമായിരുന്നല്ലോ എന്ന് അയാൾ പരിതപിക്കുന്നു. എന്നുമാത്രമല്ല, രോഗം അല്പം കുറഞ്ഞതായി തോന്നുമ്പോൾ അയാൾ ആദ്യം ചെയ്യുന്നതു താൻ ഉപേക്ഷിച്ച ഭക്ഷണം വീണ്ടും കഴിക്കുക എന്നതാണ്.
ഇതു നിത്യജീവിതത്തിൽ നാം കാണുന്ന കാര്യം. ആത്മീയജീവിതത്തിൽ ഭക്ഷണത്തിൻറെ സ്ഥാനത്ത് പാപം ആണെന്ന് മാത്രം. നാം പാപം ഉപേക്ഷിക്കുന്നു. എന്നാൽ അതു പൂർണ്ണമനസോടെയല്ല, മറിച്ച് ശിക്ഷയെക്കുറിച്ചുള്ള ഭീതി കൊണ്ടാണ്. ഉപേക്ഷിച്ച പാപത്തെക്കുറിച്ച് എപ്പോഴും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ആ പാപത്തിൽ ആയിരുന്നപ്പോൾ തനിക്കു കിട്ടിയ ജഡിക സന്തോഷത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓർക്കുന്നു. ആ പാപം ചെയ്യുന്നവരോട് അസൂയ തോന്നുന്നു. ദൈവശിക്ഷയെക്കുറിച്ചുള്ള ഭയം ഇല്ലായിരുന്നെങ്കിൽ തനിക്കും പാപം ചെയ്യാമായിരുന്നല്ലോ എന്നു കരുതുന്നു. അത്തരം ആത്മാക്കൾക്കു വിശുദ്ധി എന്നതു കിട്ടാക്കനിയായിരിക്കും എന്നാണു ഫ്രാൻസിസ് സാലസ് നമ്മെ പഠിപ്പിക്കുന്നത്.
നമുക്കു പ്രാർഥിക്കാം; ഈശോയേ, ശിക്ഷയെക്കുറിച്ചുള്ള ഭയം കൊണ്ടല്ല, അങ്ങയോടുള്ള സ്നേഹത്തെ പ്രതി പാപം ഉപേക്ഷിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ഒരിക്കൽ ഉപേക്ഷിച്ച പാപത്തെക്കുറിച്ചുള്ള ചിന്ത ഞങ്ങളുടെ മനസ്സിൽ വീണ്ടും ഉണരാതിരിക്കട്ടെ. അങ്ങനെ ഞങ്ങൾ വിശുദ്ധിയുടെ വഴിയിൽ മുന്നേറുവാനുള്ള കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ. ആമേൻ.