കർത്താവീശോമിശിഹായുടെ കുറെ ശിഷ്യന്മാർ അവിടുത്തെ വിട്ടുപോകുന്ന ഒരു ഭാഗം ബൈബിളിൽ നാം വായിക്കുന്നുണ്ട്. ‘ ഇതിനുശേഷം അവൻറെ ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടുപോയി. അവർ പിന്നീടൊരിക്കലും അവൻറെ കൂടെ നടന്നില്ല’ (യോഹ. 6:66). അവർ ഇറങ്ങിപ്പോയത് എങ്ങോട്ടേയ്ക്കായിരുന്നു എന്നു ചിന്തിച്ചിട്ടുണ്ടോ? സുവിശേഷത്തിൽ അതിനെക്കുറിച്ചു പ്രത്യേകിച്ചൊന്നും പറയുന്നില്ല. എങ്കിലും നമുക്കു മനസിലാക്കാവുന്നതേയുള്ളൂ. പ്രകാശം തന്നെയായ യേശുക്രിസ്തുവിനെ ഉപേക്ഷിച്ചുപോകുന്നവർ ചെന്നെത്തുന്നത് അന്ധകാരത്തിലായിരിക്കും എന്നതിൽ സംശയമില്ലല്ലോ. അങ്ങനെ ഇറങ്ങിപ്പോയ ഒരാളെക്കുറിച്ചു വിശുദ്ധഗ്രന്ഥം ഇങ്ങനെ പറയുന്നു. ‘ആ അപ്പക്കഷണം സ്വീകരിച്ച ഉടനെ അവൻ (യൂദാസ് സ്കറിയോത്താ ) പുറത്തു പോയി. അപ്പോൾ രാത്രിയായിരുന്നു’ (യോഹ 13:30).
എപ്പോഴാണ് യൂദാസ് കർത്താവിൻറെ പകൽവെളിച്ചത്തിൽ നിന്നു സാത്താൻറെ രാത്രിയിലേക്ക് ഇറങ്ങിപ്പോയത്? ഒരു അപ്പക്കഷണം സ്വീകരിച്ചു കഴിഞ്ഞപ്പോൾ! ആ അപ്പക്കഷണം നിത്യജീവനിലേക്കു നയിക്കുന്ന യേശുക്രിസ്തുവിൻറെ തിരുശരീരമാണെന്ന സത്യം തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള അന്ധകാരം അതിനു മുൻപു തന്നെ അവനെ ബാധിച്ചിരുന്നു.
എപ്പോഴാണു കർത്താവിൻറെ കുറെ ശിഷ്യന്മാർ അവിടുത്തെ വിട്ടുപോയത്? പരിശുദ്ധ കുർബാനയെക്കുറിച്ചുള്ള പ്രബോധനം നൽകിയപ്പോൾ! പരിശുദ്ധ കുർബാനയെ മനസിലാക്കാൻ കഴിയാതെ പോകുന്നവർ കർത്താവിനെ വിട്ടുപോകുന്നതിൽ അത്ഭുതമില്ല. പിന്നീടൊരിക്കലൂം തിരിച്ചുവരാത്ത വിധം യേശുക്രിസ്തുവിനെ വിട്ടുപോയവരെക്കുറിച്ചു പറയുന്ന വചനഭാഗത്തിന് 6:66 എന്ന നമ്പർ തന്നെ വരാൻ കാരണമെന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ? വിശുദ്ധഗ്രന്ഥത്തിൽ ഒരിക്കൽ മാത്രമേ 666 എന്ന സംഖ്യ യെക്കുറിച്ചു പരാമർശിക്കുന്നുള്ളൂ. അതാകട്ടെ എതിർക്രിസ്തുവിൻറെ നാമസംഖ്യയാണു താനും (വെളി 13:18).
പരിശുദ്ധ കുർബാനയെ ഉപേക്ഷിക്കുന്നവർ എതിർക്രിസ്തുവിൻറെ പാളയത്തിലേ എത്തുകയുള്ളൂ. എതിർക്രിസ്തുവിനെയും അവൻറെ അനുയായികളെയും കുറിച്ച് യോഹന്നാൻ ശ്ലീഹാ ഇങ്ങനെയും എഴുതിയിട്ടുണ്ട്. ‘അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണു പുറത്തുപോയത്. അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നുവെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു’ (1 യോഹ. 2:19). അവർക്കു പരിശുദ്ധ കുർബാന വെറുമൊരു അപ്പക്കഷണമാണ്. ആ വിലയേ അവർ കർത്താവിൻറെ തിരുശരീരത്തിനു നൽകുന്നുള്ളൂ.
ഏതാനും ചില അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ. കേരളത്തിലെ പ്രസിദ്ധമായ ഒരു തീർത്ഥാടനദൈവാലയത്തിൽ ദിവ്യകാരുണ്യം നൽകിക്കൊണ്ടിരിക്കുമ്പോൾ അതു സ്വീകരിക്കുന്ന സഹോദരി തികച്ചും അലക്ഷ്യമായും അശ്രദ്ധയോടെയും ആണു നിൽക്കുന്നത്. അവരുടെ കൈയിൽ നിന്നു തിരുവോസ്തി താഴെ വീഴുന്നു. അത് ആരും ശ്രദ്ധിക്കുന്നില്ല. പിറകെ വന്ന ഒരു സഹോദരി അതിനെ ചവിട്ടി കടന്നുപോകുന്നു. ഇതു കണ്ട മറ്റൊരാൾ ഓടിവന്ന് ആ തിരുവോസ്തി എടുത്തു തിരികെക്കൊടുക്കുന്നു! ഓർക്കണം, കർത്താവിൻറെ തിരുശരീരമാണത്! കർത്താവിൻറെ ശരീരത്തിൽ തങ്ങളുടെ കാൽ കൊണ്ടു ചവിട്ടുക എന്നതു കർത്താവിനെ പീഡിപ്പിച്ചവരും കുരിശിൽ തറച്ചവരും പോലും ചെയ്യാൻ മടിച്ച കാര്യമാണ്.
മിഠായി വാങ്ങുന്ന ലാഘവത്തോടെ കുർബാന കൈയിൽ വാങ്ങി, പോകുന്ന പോക്കിൽ അതു വായിലേക്കിട്ട്, കുർബാന വാങ്ങിയ കൈ ഉടുപ്പിൽ തുടച്ചു തിരിച്ചുപോകുന്ന വിശ്വാസികൾ സാധാരണ കാഴ്ചയാണ്. ഇന്നലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ കുർബാന നടക്കുമ്പോൾ എൻറെ വലതുവശത്തിരുന്ന ആൾ വാട്ട്സാപ്പിൽ വരുന്ന സന്ദേശങ്ങൾ വായിക്കുന്നു. മറുപടി അയയ്ക്കുന്നു. അതു കാണേണ്ട എന്നു കരുതി ഞാൻ ഇടത്തേക്കു തിരിഞ്ഞു. അവിടെയിരിക്കുന്ന സഹോദരന് അപ്പോൾ ഒരു ഫോൺ വന്നു. അദ്ദേഹം ഫോൺ എടുത്തുകൊണ്ടു പുറത്തേക്കുപോയി! ‘പിന്നീടൊരിക്കലും അവർ തിരിച്ചുവന്നില്ല’ എന്ന തിരുവചനം പോലെ സംഭവിക്കരുതേ എന്നു ഞാൻ ആഗ്രഹിച്ചു. എന്നാൽ കുർബാനയ്ക്കിടയിൽ നിന്നു പുറത്തേക്കിറങ്ങിപ്പോയ സഹോദരൻ കുർബാന കഴിയുന്നതുവരെയും തിരിച്ചുവന്നില്ല.
കുർബാന നാവിൽ കിട്ടാത്തതിൻറെ വിഷമത്തിൽ പ്രാർഥിച്ച ഒരു വ്യക്തിയ്ക്ക് ഈശോ വെളിപ്പെടുത്തിക്കൊടുത്തതു ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാനായിരുന്നു. കുർബാന കൈയിൽ കൊടുക്കാൻ അനുവാദം നൽകിയ സഭാധികാരികൾക്കു വേണ്ടിയായിരുന്നു ആ പ്രാർഥന. ഇങ്ങനെ പ്രാർഥിച്ചതിൻറെ പിറ്റേന്നു തന്നെ, കുർബാന കൈയിൽ മാത്രമേ കൊടുക്കുകയുള്ളൂ എന്ന് അതുവരെ വാശി പിടിച്ചിരുന്ന വികാരിയച്ചൻ കുർബാന നാവിൽ കൊടുക്കാൻ ആരംഭിച്ചു എന്ന് ആ വ്യക്തി സാക്ഷ്യപ്പെടുത്തുന്നു.
ഒരു ധ്യാനകേന്ദ്രത്തിലെ വൈദികൻറെ അടുക്കൽ അക്രൈസ്തവരായ അഞ്ചു ചെറുപ്പക്കാർ വന്നു പറയുന്നു, അവർ കഴിഞ്ഞ കുറെ മാസങ്ങളായി പരിശുദ്ധ കുർബാന കൈയിൽ വാങ്ങിക്കൊണ്ടുപോയി സാത്താൻ ആരാധകർക്കു കൊടുത്തിരുന്നു എന്ന്. ഒരു കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയ്ക്ക് അവർക്കു കിട്ടിയിരുന്നത് ഇരുപതിനായിരം രൂപയാണത്രേ. എന്നാൽ അഞ്ചുപേരുടെയും കുടുംബത്തിൽ ഒന്നിനുപിറകെ ഒന്നായി അനർത്ഥങ്ങൾ വന്നപ്പോളാണ് അവർ തെറ്റു മനസിലാക്കിയത്. ആ അഞ്ചു ചെറുപ്പക്കാരും ദിവ്യകാരുണ്യ ഈശോയുടെ മുൻപിൽ സാഷ്ടാംഗം വീണുകിടന്നു കരഞ്ഞുകൊണ്ട് ഈശോയോടു മാപ്പുചോദിച്ചു എന്നാണ് ആ വൈദികൻ പറഞ്ഞത്.
ഒരു ദൈവാലയത്തിൽ പോയപ്പോൾ തൻറെ കത്തോലിക്കനായ സുഹൃത്ത് പ്രേരിപ്പിച്ചതുകൊണ്ടു ദിവ്യകാരുണ്യം സ്വീകരിച്ചു എന്നു ഏറ്റുപറഞ്ഞ അക്രൈസ്തവനായ ചെറുപ്പക്കാരൻറെ വേദന അവനെ അതിനു പ്രേരിപ്പിച്ച കത്തോലിക്കൻറെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ല.
ദിവ്യകാരുണ്യത്തിൻറെ വില അറിയാത്തതുകൊണ്ടാണു നാം അതിനെ നിന്ദിക്കുന്നത്. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികൾ വിലയ്ക്കു വാങ്ങാൻ തയ്യാറുള്ള സാത്താൻറെ സന്തതികൾ ദൈവാലയത്തിനു പുറത്തു കാത്തുനിൽക്കുന്നുണ്ടെന്നും കൈകളിൽ ദിവ്യകാരുണ്യം നൽകുന്നത് അവർക്കു സന്തോഷമാകുമെന്നും അറിഞ്ഞിരുന്നിട്ടും നാം ആ പതിവു തുടരുന്നു. പരിശുദ്ധ കുർബാനയുടെ വില നാം അറിയുമ്പോഴേക്കും ‘നിരന്തരദഹനബലി നിർത്തലാക്കപ്പെടുകയും ദൈവാലയത്തിൻറെ ചിറകിന്മേൽ വിനാശകരമായ മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും’ (ദാനി. 8:11-12, 9:27, 11:31, 12:11, മത്തായി 24:15) ചെയ്യുന്ന കാലം വരുമെന്നു ഭയപ്പെടണം.
ഇതിനിടയിൽ പരിശുദ്ധ കുർബാനയുടെ വില തിരിച്ചറിയുന്നവരുമുണ്ട്. ദിവ്യകാരുണ്യ പ്രദക്ഷിണം കടന്നുപോകുമ്പോൾ നിലത്തു വിരിച്ചിരുന്ന തുണിക്കഷണങ്ങളുടെ ഇടയിൽ വിടവ് കണ്ടപ്പോൾ ഉടുത്തിരുന്ന ഡബിൾ മുണ്ട് ആരുമറിയാതെ വലിച്ചുകീറി അവിടെ വിരിച്ച ചെറുപ്പക്കാരൻ ജീവിക്കുന്നതു കുർബാനയെച്ചൊല്ലി വാദപ്രതിവാദങ്ങൾ നടക്കുന്ന ഇന്നത്തെ കേരളത്തിൽ തന്നെയാണ്. ദിവ്യകാരുണ്യപ്രദക്ഷിണം കടന്നുപോയപ്പോൾ ആ തുണിക്കഷണം എടുത്തു പൂജ്യമായി സൂക്ഷിച്ചുവച്ച അദ്ദേഹത്തിൻറെ മകന് അതു സ്പർശിച്ചപ്പോൾ രോഗശാന്തി ഉണ്ടായി എന്നത് അധികമാരോടും പറയാത്ത രഹസ്യം!
വർഷം 2018. ഒരു ധ്യാനത്തിൽ വച്ച് ഏഴു നിയോഗങ്ങൾ എഴുതി സമർപ്പിക്കാൻ പറഞ്ഞപ്പോൾ നിന്ദിതനും പീഡിതനും എല്ലാവരാലും തിരസ്കൃതനും നിർദ്ധനനും അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്നു കിട്ടുമെന്ന് ഉറപ്പില്ലാത്തവനുമായ ഒരു മനുഷ്യൻ എഴുതിയ ഏഴു നിയോഗങ്ങളും എല്ലാ ദിവസവും പരിശുദ്ധ കുർബാന ലഭിക്കണം എന്നായിരുന്നു. കോവിഡ് കാലത്ത് അദ്ദേഹത്തിന് ഒരു ദിവസം പോലും പരിശുദ്ധ കുർബാന മുടങ്ങിയില്ല! ഇതു സംഭവിച്ചതും കുർബാന എങ്ങോട്ടു തിരിഞ്ഞുനിന്നു ചൊല്ലണം എന്ന തർക്കം ആളിക്കത്തുന്ന കേരളത്തിൽ തന്നെയാണ്.
ദിവ്യ കാരുണ്യത്തെ ആദരിച്ചാൽ, കർത്താവ് നമ്മെയും ആദരിക്കും. ദിവ്യകാരുണ്യത്തെ സ്നേഹിച്ചാൽ കർത്താവ് നമ്മെയും സ്നേഹിക്കും. അപ്പോൾ ദിവ്യകാരുണ്യത്തെ നിന്ദിച്ചാലോ?.
ഇനിയൊരു പരിശുദ്ധ കുർബാന അർപ്പിക്കാൻ പോകുന്നതിനു മുൻപായി ചിന്തിക്കുക. ഞാൻ പോകുന്നതു കർത്താവിൻറെ തിരുശരീരത്തെയും തിരുരക്തത്തെയും അവഹേളിക്കാനാണോ? നമ്മുടെ ഏതെങ്കിലും പ്രവൃത്തികൾ ദിവ്യകാരുണ്യത്തോടു മറ്റുള്ളവർക്കുള്ള മതിപ്പു കുറയ്ക്കാൻ കാരണമാകുന്നുണ്ടോ? കൂദാശ ചെയ്യപ്പെട്ട തിരുവോസ്തികൾ അനർഹമായ കൈകളിൽ എത്തിപ്പെടാൻ നമ്മുടെ അശ്രദ്ധയോ അലസതയോ തെറ്റായ പരിശുദ്ധ കുർബാനസ്വീകരണരീതികളോ കാരണമാകുന്നുണ്ടോ?
കർത്താവിൻറെ സാബത്തിൽ ദൈവാലയത്തിലേക്കു പോകുമ്പോൾ എവിടേക്കാണു പോകുന്നതെന്ന് ഒരിക്കൽ കൂടി ചിന്തിക്കുക. അല്ലെങ്കിൽ കുർബാന കഴിഞ്ഞിറങ്ങുമ്പോൾ പ്രകാശത്തിലേക്കല്ല, അന്ധകാരത്തിലേക്കായിരിക്കും നാം ഇറങ്ങുന്നത്. അങ്ങനെയൊരു ദുരന്തത്തെക്കുറിച്ച് ആമോസ് പ്രവാചകൻ പ്രവചിച്ചിട്ടുണ്ട്. ‘കർത്താവിൻറെ ദിനത്തിനായി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ദുരിതം! എന്തിനാണു നിങ്ങൾക്കു കർത്താവിൻറെ ദിനം? അത് അന്ധകാരമാണ്, പ്രകാശമല്ല……….കർത്താവിൻറെ ദിനം പ്രകാശമല്ല, അന്ധകാരമാണ്; പ്രകാശലേശമില്ലാത്ത തമസ്സാണ്’ (ആമോസ് 5:18-20).
നമുക്കു പ്രാർഥിക്കാം ; ഓ ദിവ്യകാരുണ്യ ഈശോയേ, പരിശുദ്ധ കുർബാനയെ സ്നേഹിക്കാനുള്ള വരം ഞങ്ങൾക്കു നൽകണമേ. ദിവ്യകാരുണ്യത്തിൽ സജീവനായി സന്നിഹിതനായിരിക്കുന്ന അങ്ങയെ ചിന്ത കൊണ്ടോ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപേക്ഷ കൊണ്ടോ ഒരിക്കൽ പോലും വേദനിപ്പിക്കാൻ ഞങ്ങൾക്ക് ഇടവരുത്തരുതേ. അയോഗ്യമായ കൈകളിൽ പരിശുദ്ധ കുർബാന എത്തിപ്പെടാൻ ഞങ്ങൾ ഒരിക്കലും കാരണമാകാതിരിക്കട്ടെ. ആമേൻ.