മരണത്തോടെ എല്ലാം നഷ്ടപ്പെടുന്നു
നാശത്തിൻ്റെ ദിവസം അടുത്തിരിക്കുന്നു. മനുഷ്യൻ സമ്പാദിച്ച ബഹുമതികൾ, സുഹൃത്തുക്കൾ, സമ്പത്ത്, സ്വത്ത്, അധികാരമണ്ഡലങ്ങൾ എന്നിവയെല്ലാം നഷ്ടപ്പെടുന്ന ദിവസമായ മരണദിവസത്തെ നാശത്തിൻ്റെ ദിനം എന്നു വിളിക്കുന്നു. മരണത്തിൽ നമുക്ക് എല്ലാം നഷ്ടപ്പെടുമെങ്കിൽ ലോകം മുഴുവൻ നേടിയാലും നമുക്ക് എന്താണ് പ്രയോജനം? മനുഷ്യൻ്റെ മരണശയ്യയിൽ എല്ലാം അവസാനിക്കുന്നു. ഫ്രാൻസിസ് സേവ്യറിനെ ദൈവത്തിങ്കലേക്ക് അടുപ്പിയ്ക്കാനാഗ്രഹിച്ചുകൊണ്ട് വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം ചോദിച്ചു: “തൻ്റെ അധികാരത്തിൻ്റെ അടയാളമായി ഒരു ധൂമ്രവർണ്ണച്ചരടെങ്കിലും പരലോകത്തിലേക്കു കൂടെകൊണ്ടുപോയ ഏതെങ്കിലും രാജാവ് ഉണ്ടെന്ന് നീ ചിന്തിക്കുന്നുവോ? ഏതെങ്കിലും ധനികൻ ഒരു നാണയമോ അല്ലെങ്കിൽ തന്നെ സഹായിക്കാൻ ഒരു ദാസനെയോ അവൻ്റെ കൂടെ കൊണ്ടുപോയിട്ടുണ്ടോ? മരണത്തിൽ എല്ലാം പുറംതള്ളപ്പെടുന്നു. ആത്മാവ് ഒറ്റയ്ക്ക്, മറ്റൊന്നും കൂടാതെ അതിൻ്റെ പ്രവൃത്തികളൊടൊപ്പം നിത്യതയിലേക്കു പ്രവേശിക്കുന്നു”. എനിക്കു കഷ്ടം! അനുഗൃഹീതമായ നിത്യതയിലേക്ക് എന്നോടൊപ്പം വരേണ്ട എൻ്റെ പ്രവൃത്തികൾ എവിടെ? എന്നെ നിത്യശിക്ഷക്ക് അർഹനാക്കുന്നവയല്ലാതെ മറ്റൊന്നും എനിക്കു കണ്ടെത്താൻ കഴിയുന്നില്ല .
ഓരോ മനുഷ്യരും ലോകത്തിലേക്കു വരുന്നതു വ്യത്യസ്തമായ അവസ്ഥയിലാണ്; ഒരാൾ ധനികനായി ജനിക്കുന്നു, മറ്റൊരാൾ ദരിദ്രൻ; ഒരാൾ കുലീനൻ, മറ്റൊരാൾ സാധാരണക്കാരൻ; എന്നാൽ എല്ലാവരും തുല്യരായി തിരിച്ചുപോകുന്നു. മരിച്ചവരുടെ ശവക്കുഴികൾ നോക്കുക: അവിടെ ഇടകലർന്നു കിടക്കുന്ന ശവശരീരങ്ങൾക്കിടയിൽ യജമാനൻ, ദാസൻ, രാജാവ്, ഭിക്ഷക്കാരൻ എന്നിങ്ങനെ തിരിച്ചറിയാൻ നിങ്ങൾക്കു കഴിയുമോ എന്നു നോക്കുക. ദൈവമേ! മറ്റുള്ളവർ ഈ ലോകത്തിൻ്റെ ഭാഗ്യം സമ്പാദിക്കുമ്പോൾ, എൻ്റെ ഏക ഭാഗ്യം അങ്ങയുടെ പരിശുദ്ധ കൃപയായിരിക്കട്ടെ. ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും അങ്ങു മാത്രമാണ് എൻ്റെ ഏക നന്മ.
ഒറ്റവാക്കിൽ പറഞ്ഞാൽ, ഭൂമിയിലുള്ള എല്ലാം ഒരു അന്ത്യത്തിലെത്തും. എല്ലാ മഹത്വവും അവസാനിക്കും, എല്ലാ ദുരിതങ്ങളും അവസാനിക്കും, ബഹുമതികൾ അവസാനിക്കും, അപമാനങ്ങൾ അവസാനിക്കും, ആനന്ദങ്ങൾ അവസാനിക്കും, കഷ്ടപ്പാടുകൾ അവസാനിക്കും. അതിനാൽ, ക്ഷമയോടെ ദാരിദ്ര്യവും, അപമാനവും, കഷ്ടപ്പാടുകളും സഹിച്ചുനിന്നവൻ ആണു മരണത്തിൽ അനുഗ്രഹീതൻ; അല്ലാതെ സമ്പത്തിലോ, ബഹുമതികളിലോ, ആനന്ദങ്ങളിലോ സമൃദ്ധി നേടിയവനല്ല. താൽക്കാലികമായി മാത്രം കൈവശം വയ്ക്കാവുന്ന വസ്തുക്കൾ മരണസമയത്ത് ഒരു ആശ്വാസവും നൽകുന്നില്ല; എന്നാൽ ദൈവത്തിനുവേണ്ടി ചെയ്തതോ അനുഭവിച്ചതോ ആയവമാത്രം നമ്മെ ആശ്വസിപ്പിക്കുന്നു. ഓ, യേശുവേ! മരണം ഈ ലോകത്തിൽ നിന്ന് എന്നെ പൂർണ്ണമായി എടുക്കുന്നതിനുമുമ്പ് എൻ്റെ ഹൃദയത്തെ അങ്ങ് ഈ ലോകത്തിൽ നിന്ന് വേർപെടുത്തണമേ. എൻ്റെ ബലഹീനത എത്ര വലുതാണെന്ന് അങ്ങു സത്യമായും അറിയുന്നുവല്ലോ; അങ്ങയുടെ കൃപയാൽ എന്നെ സഹായിക്കണമേ. ഞാൻ ഇതുവരെ അങ്ങയോട് അവിശ്വസ്തനായിരുന്നതുപോലെ, ഇനിയും അവിശ്വസ്തനായിരിക്കാൻ എന്നെ അനുവദിക്കരുതേ. ഓ, കർത്താവേ, ഞാൻ പലപ്പോഴും അങ്ങയെ നിന്ദിച്ചതിന് എന്നോടു ക്ഷമിക്കണമേ. ഇപ്പോൾ എല്ലാ നന്മകൾക്കുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കും; ആയിരം പ്രാവശ്യം മരിക്കുന്നതാണ് അങ്ങയുടെ കൃപ നഷ്ടപ്പെടുത്തുന്നതിനേക്കാൾ ഭേദം. എന്നാൽ നരകം എന്നെ പരീക്ഷിക്കുന്നത് നിർത്തുന്നില്ല; അങ്ങയുടെ കരുണയാൽ എന്നെ ഉപേക്ഷിക്കരുതേ, എന്നെ ഒറ്റയ്ക്കാക്കരുതേ, മേലിൽ എന്നെ അങ്ങയുടെ സ്നേഹത്തിൽ നിന്നു വേർപെടുത്താൻ അനുവദിക്കരുതേ. ഓ, മറിയമേ, എൻ്റെ പ്രത്യാശയേ! സ്ഥിരോത്സാഹത്തിൻ്റെ കൃപ എനിക്കു വാങ്ങിത്തരണമേ.
————————————————————————————————————–