ഒൻപതാം മാസം ഇരുപത്തിനാലാം ദിവസം

9/ 11   എന്നു പറഞ്ഞാൽ നമുക്കു പെട്ടെന്നു കാര്യം പിടികിട്ടും. ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപൊരു സെപ്തംബർ  പതിനൊന്നിനായിരുന്നു ലോകത്തിൻറെ ഭാവിയെ   അടിമുടി മാറ്റിമറിച്ച  ന്യൂയോർക്കിലെ World Trade Center  സ്ഫോടനം ഉണ്ടായത്. 

 അതു 9/11 ൻറെ കാര്യം.  എന്നാൽ 9/24  എന്ന് ആരെങ്കിലുംപറഞ്ഞാലോ?  നമുക്ക് ഒന്നും മനസിലാകില്ല. എന്നാൽ ഇന്ന് ഇൻറ്റർനെറ്റിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെടുന്ന ഒന്നാണ് 9/24  അഥവാ സെപ്റ്റംബർ 24 . ജർമ്മനിയിലെ ഒരു  പാർലമെൻറ് അംഗമാണ്  2022 സെപ്റ്റംബർ 24 ന്  അതിപ്രധാനമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുവെന്ന സൂചന   നൽകിയത്. ലോകാവസാനം, മഹാമാരികൾ, പ്രകൃതിക്ഷോഭം, മൂന്നാം ലോകമഹായുദ്ധം എന്നിങ്ങനെ തങ്ങൾക്കിഷ്ടപ്പെട്ട  വ്യാഖ്യാനങ്ങൾ ഇതിനു കൊടുത്തുകൊണ്ടു  സോഷ്യൽ മീഡിയ ഉപഭോക്താക്കൾ  അരങ്ങു കൊഴുപ്പിക്കുന്നുണ്ട്.

അത് അവരുടെ കാര്യം. ഒൻപതാം മാസം ഇരുപത്തിനാലാം ദിവസത്തിനു  നമ്മെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രാധാന്യമുണ്ടോ എന്നാണു   നാം ചിന്തിക്കേണ്ടത്. ബൈബിളിൽ ഒൻപതാം മാസം ഇരുപത്തിനാലാം ദിവസത്തെക്കുറിച്ചു  പ്രത്യേകമായി സൂചിപ്പിക്കുന്നതു  ഹഗ്ഗായി പ്രവാചകൻറെ പുസ്തകത്തിലാണ്.  ‘ദാരിയൂസിൻറെ  ഭരണവർഷം ഒൻപതാം മാസം  ഇരുപത്തിനാലാം ദിവസം പ്രവാചകനായ ഹഗ്ഗായിയ്ക്കു  കർത്താവിൻറെ  അരുളപ്പാടുണ്ടായി’ (ഹഗ്ഗായി 2:10) എന്നു നാം വായിക്കുന്നു. ഹഗ്ഗായി പ്രവാചകനു ലഭിച്ച ദർശനത്തിൽ അന്നത്തെ ദിവസത്തിൻറെ പ്രാധാന്യത്തെ വീണ്ടും എടുത്തുപറയുന്നതായും നമുക്കു കാണാം.  

ഹഗ്ഗായി പ്രവചനത്തിൻറെ   സന്ദർഭം ഇതാണ്.  ദൈവത്തിൻറെ ആലയം തകർന്നുകിടക്കുമ്പോൾ അതിനെക്കുറിച്ച് ആകുലപ്പെടാതെ ഓരോരുത്തരും സ്വന്തം   സുഖസൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചിരുന്ന ഒരു കാലമായിരുന്നു അത്.  ‘ഈ ആലയം  തകർന്നുകിടക്കുന്ന സമയം നിങ്ങൾക്കു   മച്ചിട്ട ഭവനങ്ങളിൽ  വസിക്കാനുള്ളതാണോ?’ (ഹഗ്ഗായി 1:3) എന്നാണു കർത്താവ് ഇസ്രായേൽക്കാരോടു ചോദിച്ചത്. തുടർന്നുള്ള വചനങ്ങളിലൂടെ കർത്താവു പറയുന്നത്  ദൈവത്തിൻറെ തകർന്നുകിടക്കുന്ന ആലയത്തെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത   ജനത്തിൻറെ ഭൗതികസമൃദ്ധിയ്ക്കായുള്ള പ്രാർഥന ദൈവം കേൾക്കില്ല എന്നാണ്. അതിൻറെ ഫലമായി പ്രതികൂല കാലാവസ്ഥയും  കൃഷിനാശവും  ക്ഷാമവും പട്ടിണിയും ദേശത്തെ വേട്ടയാടി. തങ്ങളുടെ  ദുരിതത്തിൻറെ യഥാർഥ കാരണം മനസിലാക്കിയ അവർ  ദൈവാലയത്തിൻറെ നിർമാണം ആരംഭിച്ചപ്പോൾ ദൈവം അവർക്കു കൊടുക്കുന്ന  വാഗ്ദാനമാണു   രണ്ടാം  അധ്യായം പതിനെട്ടാം  വചനം മുതൽ നാം വായിക്കുന്നത്. ‘ആകയാൽ ഇന്നു  മുതൽ, ഒൻപതാം മാസം ഇരുപത്തിനാലാം ദിവസം മുതൽ, കർത്താവിൻറെ  ആലയത്തിനു കല്ലിട്ട അന്നു   മുതൽ,  എങ്ങനെ ആയിരിക്കുമെന്നു  ശ്രദ്ധിക്കുവിൻ’ ( ഹഗ്ഗായി 2:18). തുടർന്നുവരുന്നതെല്ലാം  വലിയ അനുഗ്രഹത്തിൻറെ  വചനങ്ങളാണ്.

ദൈവത്തിൻറെ   ആലയത്തെക്കുറിച്ചു   ശ്രദ്ധയുള്ളവർക്കു  ദൈവത്തിൻറെ  അനുഗ്രഹം പ്രതിഫലമായി ലഭിക്കുമെന്നും   ദൈവത്തിൻറെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും എന്നും നാം അറിഞ്ഞിരിക്കണം.   എന്താണു  ദൈവത്തിൻറെ ആലയം എന്നു വിശുദ്ധ ഗ്രന്ഥം നമുക്കു പറഞ്ഞുതരുന്നുണ്ട്.  ‘എന്തെന്നാൽ ദൈവത്തിൻറെ ആലയം  പരിശുദ്ധമാണ്. ആ ആലയം  നിങ്ങൾ തന്നെ’ (1  കൊറി 3:17). ദിവ്യകാരുണ്യ ഈശോയും പരിശുദ്ധാത്മാവും വസിക്കുന്ന നമ്മുടെ ശരീരമാണു  യഥാർത്ഥ ദൈവാലയം.   അതുകൊണ്ടാണ് നിങ്ങൾ ആത്മാവിലും സത്യത്തിലുമാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നു  തിരുവചനം പഠിപ്പിക്കുന്നത്.  നമ്മുടെ ശരീരം ദൈവാലയമെന്നതുപോലെ തന്നെ ദൈവത്തിനുള്ള ബലിയുമാണ്. ‘നിങ്ങളുടെ ശരീരങ്ങളെ  വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി  സമർപ്പിക്കുവിൻ.  ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥ ആരാധന’ ( റോമാ  12:1) എന്ന് പൗലോസ് ശ്ലീഹ പറയുന്നത് അതുകൊണ്ടാണ്. പരിശുദ്ധാത്മാവിൽ ദൈവത്തിൻറെ വാസസ്ഥലമായി  നിങ്ങളും അവനിൽ (ക്രിസ്തുവിൽ ) പണിയപ്പെട്ടുകൊണ്ടിരിക്കുന്നു’ (എഫേ  2:22) എന്നും അപ്പസ്തോലൻ  പറയുന്നു.

തകർന്നുകിടക്കുന്ന പഴയ ദൈവാലയത്തെ നോക്കി  നെടുവീർപ്പിടാതെ പുതിയ  ദൈവാലയത്തിനു തറക്കല്ലിടാനുള്ള ദിവസമായി ഇസ്രായേൽ ജനം തെരഞ്ഞെടുത്തത് ഒൻപതാം മാസം ഇരുപത്തിനാലാം ദിവസമാണ്. നമുക്കും  ഭൂതകാലത്തെ തകർച്ചകൾ മറന്ന്,   ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാകാനുള്ള ആഹ്വാനമാണ് ഈ വചനഭാഗം നൽകുന്നത്.  നമ്മളാകുന്ന ദൈവാലയം പരിശുദ്ധാത്മാവിൽ  പുനർനിർമിക്കപ്പെടുമ്പോൾ ദൈവം സ്വർഗത്തിൻറെ  കിളിവാതിലുകൾ തുറന്ന് നമുക്കായി അനുഗ്രഹങ്ങൾ വർഷിക്കും എന്നുറപ്പാണ്.