വിശുദ്ധരുടെ തിരുനാൾ നാം ആഘോഷിക്കുന്നത് അവരുടെ മരണത്തിൻറെ ഓർമ്മദിവസമാണ്. ഭൂമിയിലെ വിശുദ്ധജീവിതത്തിനുശേഷം അവർ തങ്ങളുടെ മരണദിവസം ദൈവത്തോടൊത്തുള്ള നിത്യതയിലേക്കു പ്രവേശിച്ചു എന്നു നാം വിശ്വസിക്കുന്നു. ഭാഗ്യപ്പെട്ട മരണമാണ് ഒരു മനുഷ്യനെ അനുഗ്രഹീതനാക്കുന്നത്. അതുകൊണ്ടാണല്ലോ മരണം വരെ ആരെയും ഭാഗ്യവാൻ എന്നു വിളിക്കരുതെന്നു വിശുദ്ധഗ്രന്ഥം മുന്നറിയിപ്പു തരുന്നത്.
എന്നാൽ മറിയം വ്യത്യസ്തയായിരുന്നു. അവൾ മരണത്തിൽ മാത്രമല്ല, ജനനത്തിലും, ജീവിതത്തിലും അനുഗ്രഹീതയായിരുന്നു. ‘സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു’ (ലൂക്കാ 1:42) എന്നായിരുന്നുവല്ലോ എലിസബത്ത് ആശ്ചര്യപ്പെട്ടു പറഞ്ഞത്. താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്നതിൽ മറിയത്തിനും സംശയം ഉണ്ടായിരുന്നില്ല. ‘ഇതാ, ഇന്നുമുതൽ സർവ തലമുറകളും എന്നെ ഭാഗ്യവതി എന്നു വിളിക്കും’ (ലൂക്കാ 1:48) എന്ന് ആത്മവിശ്വാസത്തോടെ പറയണമെങ്കിൽ താൻ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടവളാണെന്നതിനെക്കുറിച്ചു വ്യക്ത്യമായ ബോധ്യം മറിയത്തിനുണ്ടായിരുന്നു എന്നു നാം മനസിലാക്കണം.
സൃഷ്ടികളിൽ വച്ച്, ദൈവത്തിൻറെ മാസ്റ്റർപീസ് ആണു മറിയം എന്നാണു വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത്. തൻറെ ‘Mystical City of God’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ അഗ്രെദായിലെ സിസ്റ്റർ മരിയ ദൈവപുത്രനു മാതാവാകാൻ വേണ്ടി മറിയത്തെ സൃഷ്ടിക്കാനുള്ള ദൈവത്തിൻറെ ആലോചനയെക്കുറിച്ചു വിവരിക്കുന്നുണ്ട്. ലോകത്തിൽ ഇതുവരെ ഒരു മനുഷ്യവ്യക്തിയ്ക്കു നല്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശ്രേഷ്ഠവും പ്രധാനപ്പെട്ടതുമായ ഒരു ദൗത്യം – ദൈവമനുഷ്യനായ യേശുവിനു ജൻമം നൽകുക എന്നത് – ആരെ ഭരമേല്പിക്കുവാൻ ദൈവം തെരഞ്ഞെടുത്തുവോ ആ മറിയത്തെ ദൈവം ഏതൊക്കെ കൃപകളാൽ അലങ്കരിച്ചു എന്നും സിസ്റ്റർ മരിയ വിശദീകരിക്കുന്നുണ്ട്.
യേശുക്രിസ്തുവിലൂടെയുള്ള മാനവരക്ഷയെക്കുറിച്ചും പ്രപഞ്ചത്തിലെ സചേതനവും അചേതനവുമായ എല്ലാ സൃഷ്ടികളും തൻറെ പുത്രൻറെ അധികാരത്തിനു കീഴിലായിരിക്കും എന്നതിനെക്കുറിച്ചും പിതാവായ ദൈവം വെളിപ്പെടുത്തിയപ്പോൾ ലൂസിഫറിനും അവൻറെ കൂട്ടാളികളായ നിപതിച്ച മാലാഖമാർക്കും, തങ്ങളുടെ അഹങ്കാരം അനുവദിച്ചില്ലെങ്കിൽ പോലും അത് അനുസരിക്കാതെ തരമില്ലായിരുന്നു. കാരണം യേശു ദൈവം തന്നെയാണല്ലോ. എന്നാൽ ദൈവപുത്രനു മാതാവായിരിക്കാൻ വേണ്ടി താൻ ഒരു സ്ത്രീയെ സൃഷ്ടിക്കാൻ പോകുന്നുവെന്നും അവൾ പാപത്തിൻറെ കറ ഏൽക്കാത്തവളായിരിക്കുമെന്നും മാലാഖമാർ പോലും അവൾക്കു വിധേയപ്പെട്ടു നിൽക്കണമെന്നതാണ് തൻറെ തീരുമാനമെന്നും അത്യുന്നതൻ കല്പിച്ചപ്പോൾ ലൂസിഫർ ആ തീരുമാനത്തെ നഖശിഖാന്തം എതിർത്തു.
എങ്ങനെയാണു മാലാഖമാരേക്കാൾ ഉന്നതയായ ഒരു മനുഷ്യസ്ത്രീയെ സൃഷ്ടിക്കാൻ ദൈവത്തിനു കഴിയുക? നിപതിച്ചവനെങ്കിലും താനും ഒരു മാലാഖയായിരുന്നുവല്ലോ. തന്നെക്കാൾ ഉയർന്ന സ്ഥാനം ഒരു മനുഷ്യസ്‌ത്രീയ്ക്കു നൽകാനുള്ള ദൈവത്തിൻറെ തീരുമാനത്തെ അംഗീകരിക്കാൻ അവൻ തയ്യാറായിരുന്നില്ല. ആ നിമിഷം മുതൽ മറിയത്തോടുള്ള തീർത്താൽ തീരാത്ത പക അവൻ മനസ്സിൽ സൂക്ഷിച്ചിരുന്നു. സ്ത്രീയും സാത്താനും തമ്മിലും സ്ത്രീയുടെ സന്തതിയും സാത്താൻറെ സന്തതിയും തമ്മിലും ഉണ്ടാകാൻ പോകുന്ന നിത്യമായ ശത്രുതയെക്കുറിച്ചു ദൈവം പ്രസ്താവിച്ചതോടെ എല്ലാ പൈശാചികശക്തികളും മറിയത്തിനെതിരെ ഒത്തുചേർന്നു പ്രവർത്തനം ആരംഭിച്ചു. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.
ദൈവം തൻറെ അനന്തജ്ഞാനത്താൽ സാത്താൻറെ എല്ലാ കെണികളിൽ നിന്നും മറിയത്തെ സംരക്ഷിച്ചു പരിപാലിച്ചു എന്നതു സത്യമാണെങ്കിലും അവളെ പരീക്ഷിക്കാനുള്ള അനുവാദം സാത്താൻ ദൈവത്തിൽ നിന്നു നേടിയെടുത്തിരുന്നു. അവനെ സംബന്ധിച്ചിടത്തോളം ലോകത്തിലെ സമസ്ത മനുഷ്യരെയും പ്രലോഭിപ്പിക്കാനുള്ള അനുവാദത്തേക്കാൾ ഏറെ വിലപ്പെട്ടതായിരുന്നു സർവശക്തൻ തൻറെ ഏകപുത്രൻറെ അമ്മയാകാൻ തിരഞ്ഞെടുത്ത മറിയത്തെ പ്രലോഭിപ്പിക്കാനുള്ള അനുവാദം! പരിശുദ്ധ ജനനിയോടുള്ള പിശാചിൻറെ വെറുപ്പിൻറെ ആഴം അത്രയധികമായിരുന്നു!
മറിയം ഒരു പ്രത്യേകസൃഷ്ടി തന്നെ ആയിരുന്നു. ജനനത്തിലും, ജീവിതത്തിലും, മരണത്തിലും അവൾ മറ്റു മനുഷ്യരിൽ നിന്നു വ്യത്യസ്തയായിരുന്നു. ദൈവം അവളെ ഏതെല്ലാം കൃപകളും പുണ്യങ്ങളും കൊണ്ട് അലങ്കരിച്ചുവോ അവയും സവിശേഷമാം വിധം വ്യത്യസ്തമായിരുന്നു. ഇതുപോലൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്നതു മനുഷ്യരായ നമുക്കു അത്ഭുതത്തോടെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ. നമ്മെ സംബന്ധിച്ചിടത്തോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള കാലഘട്ടം എന്നതു നിത്യതയിൽ വിശുദ്ധരോടും മാലാഖമാരോടുമൊപ്പം ചെലവഴിക്കാനുള്ള യോഗ്യത നേടിയെടുക്കാനുള്ള അവസരമാണ്. എന്നാൽ പാപരഹിതയായി ജനിച്ചു ജീവിച്ച മറിയത്തെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ നിത്യത തികച്ചും സ്വാഭാവികമായ ഒരു പരിണാമം മാത്രമായിരുന്നു. മാലാഖമാരുടെ രാജ്ഞി എന്നു നാം മറിയത്തെ വിളിക്കുന്നുവെങ്കിൽ അതിൻറെ അർഥം അവൾ മാലാഖമാരുടെ രാജ്ഞിയായിരിക്കാൻവേണ്ടി സൃഷ്ടിക്കപ്പെട്ടവളായിരുന്നു എന്നാണ്.
യേശുവിനു പുറമേ മറിയത്തിൻറെയും സ്നാകയോഹന്നാൻറെയും ജനനത്തിരുനാൾ നാം ആഘോഷിക്കുന്നുണ്ട്. സ്നാപകൻ അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടാൻ കാരണമായതു മറിയത്തിൻറെ സന്ദർശനമായിരുന്നുവല്ലോ. പരിശുദ്ധ അമ്മയുടെ ജനനം തൻറെ മകനിലൂടെ ലോകത്തിനു സാധിതമാകുന്ന രക്ഷയുടെ പുതിയ പ്രഭാതത്തെ വിളംബരം ചെയ്യുന്ന മഹാസംഭവമായിരുന്നു. സ്വർഗത്തിൽ ജനിച്ച്, ഭൂമിയിൽ ജീവിച്ച്, സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയ പരിശുദ്ധ കന്യകാമറിയം നിശ്ചയമായും നമുക്കുവേണ്ടി ഉദിക്കുന്ന പ്രഭാതതാരകം തന്നെ.
നമുക്കു പ്രാർഥിക്കാം: ഉഷകാല നക്ഷത്രമേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.