പരിശുദ്ധ ദൈവമാതാവിൻറെ സ്വർഗാരോപണം കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒരു വിശ്വാസസത്യമാണ്. മറിയത്തിൻറെ സ്വർഗ്ഗാരോപണത്തെക്കുറിച്ചുള്ള വിശ്വാസം സഭയിൽ ആദിമനൂറ്റാണ്ടുകൾ മുതൽ തന്നെ നിലവിലിരുന്ന ഒന്നാണെന്നു നാം അറിഞ്ഞിരിക്കണം. 1950 ൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പാ അതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു എന്നു മാത്രം. AD 451 ലെ കാൽസിഡോണിയൻ കൗൺസിലിൽ ദൈവമാതാവിൻറെ മരണത്തെയും മൃതശരീരത്തെയും കബറടക്കത്തെയും കുറിച്ചൊക്കെ അന്വേഷിച്ച ചക്രവർത്തിയോടു ജറുസലേമിലെ അന്നത്തെ മെത്രാൻ ഇപ്രകാരം പറഞ്ഞു എന്നു വിശുദ്ധനായ John Damascene (AD 675-749) രേഖപ്പെടുത്തിയിരിക്കുന്നു. ‘മറിയം മരിച്ചത് അപ്പസ്തോലന്മാർ സന്നിഹിതരായിരിക്കേ തന്നെയാണ്. എന്നാൽ തോമാശ്ലീഹായുടെ ആവശ്യപ്രകാരം കല്ലറ വീണ്ടും ഒരിക്കൽ കൂടി തുറന്നപ്പോൾ അതു ശൂന്യമായിരിക്കുന്നതായി കാണപ്പെട്ടു. ഈ സംഭവത്തോടെ മറിയത്തിൻറെ ശരീരം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന നിഗമനത്തിൽ അപ്പസ്തോലന്മാർ എത്തി’.
1500 വർഷങ്ങൾക്കുശേഷം സഭ അതു വീണ്ടും പ്രഖ്യാപിച്ചു എന്നു പറയുമ്പോൾ അതല്ലാതെ മറ്റൊരു നിഗമനത്തിലെത്താൻ സഭയ്ക്കു സാധ്യമായിരുന്നില്ല എന്നതാണു സത്യം. മറിയത്തിൻറെ സ്വർഗാരോപണത്തെ സംബന്ധിച്ച് കത്തോലിക്കാ, ഓർത്തഡോക്സ് സഭകളിലും ഒരു പരിധി വരെ
പ്രൊട്ടസ്റ്റൻറ് സഭകളിലും അംഗീകരിക്കപ്പെട്ടുപോന്ന ദൈവശാസ്ത്ര വ്യാഖ്യാനങ്ങളും ആദ്യനൂറ്റാണ്ടുകൾ മുതൽ തന്നെ ക്രിസ്ത്യാനികൾ സംശയലേശമെന്യേ വിശ്വസിച്ചുപോന്ന പാരമ്പര്യവും മറിച്ചൊരു തീരുമാനമെടുക്കാൻ സഭയെ അനുവദിക്കുമായിരുന്നില്ല. വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിന് എത്രയോ മുൻപു തന്നെ വിശ്വാസികളുടെ ഹൃദയത്തിൽ മറിയത്തിൻറെ സ്വർഗാരോപണം ഉറപ്പുള്ള സത്യമായിരുന്നു.
മറിയത്തിൻറെ ജീവിതം സ്വർഗത്തിലെ ഉന്നതകിരീടത്തിൽ കുറഞ്ഞൊന്നും അർഹിച്ചിരുന്നില്ല. അതും മറിയത്തിൻറെ ഇഹലോകജീവിതത്തിൻറെ നാളുകൾ പൂർത്തിയായാൽ ഉടനെ തന്നെ നല്കപ്പെടുക എന്നതും തികച്ചും ഉചിതമായിരുന്നു. പരിശുദ്ധ അമ്മ ജനനത്തിൽ അമലോത്ഭവയായിരുന്നു. ജീവിതത്തിലും മരണത്തിലും പരിശുദ്ധയായിരുന്നു. അങ്ങനെയൊരാളുടെ ആത്മാവ് അതിൻറെ അന്തിമലക്ഷ്യത്തിലെത്താൻ മരണത്തിനു ശേഷം പിന്നെയുമെന്തിനു കാത്തിരിക്കണം? അങ്ങനെയൊരാളുടെ ശരീരം എന്തിനു സ്വാഭാവികമായ ജീർണ്ണതയിലൂടെ കടന്നുപോകണം?
എന്നാലും ചില സംശയങ്ങൾ അവശേഷിക്കുന്നുവെന്ന് ചിലർ പറഞ്ഞേക്കാം. സ്വർഗ്ഗാരോപണം എന്ന വസ്തുതയ്ക്കെതിരെ ആരോപണം ഉയർത്തുകയാണവർ ചെയ്യുന്നത്. പ്രകൃതിനിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മനുഷ്യൻ സ്വർഗ്ഗത്തിലേക്കുയർത്തപ്പെട്ടു എന്നു വിശ്വസിക്കാൻ എങ്ങനെയാണു കഴിയുക എന്നതാണ് അവരുടെ സംശയം. സത്യപ്രവാചകനായ ഏലിയാ അവർക്കു മറുപടി നൽകട്ടെ. ‘അവർ (ഏലിയായും എലീഷായും) സംസാരിച്ചുകൊണ്ടുപോകുമ്പോൾ അതാ, ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേർപെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് ഉയർന്നു’ (2 രാജാ. 2:11). ഇത് ഇന്നു സംഭവിച്ചാൽ ഏലീഷാ കണ്ടതായി അവകാശപ്പെട്ട ‘മായക്കാഴ്ചയെ’ വിശദീകരിക്കാനുതകുന്ന ശാസ്ത്രീയസിദ്ധാന്തങ്ങൾ കണ്ടുപിടിക്കാനായി നാം ഓടും.
എന്നാൽ ആ നാളുകളിൽ മനുഷ്യർ നമ്മെക്കാൾ സരളചിത്തരായിരുന്നു. അത്ഭുതങ്ങൾ സംഭവ്യമാണെന്നു വിശ്വസിക്കാൻ അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ഏലിയായുടെ കൂടെ നടക്കുന്ന ഏലീഷായോടു ബെഥേലിലെ പ്രവാചകഗണം ചോദിച്ചത് എന്തായിരുന്നു എന്നോർമ്മയില്ലേ? ‘കർത്താവ് നിൻറെ യജമാനനെ ഇന്നു നിന്നിൽ നിന്ന് എടുക്കുമെന്നു നിനക്കറിയാമോ?’ ( 2 രാജാ 2:3). ഏലീഷായ്ക്കു സംശയമുണ്ടായിരുന്നില്ല. ‘ അവൻ പറഞ്ഞു; “ഉവ്വ്, എനിക്കറിയാം. നിശ്ശബ്ദരായിരിക്കുവിൻ” (2 രാജാ 2:3). ഇതേ ചോദ്യം തന്നെ ജെറീക്കോവിലും ആവർത്തിക്കപ്പെട്ടു. എലീഷായുടെ മറുപടിയ്ക്കു മാറ്റമുണ്ടായതുമില്ല. ബെഥേലിലെയും ജെറിക്കോവിലെയും പ്രവാചകർക്കോ എലീഷായ്ക്കോ, ദൈവം ഒരു മനുഷ്യനെ സ്വർഗത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നതു സാധ്യമാണ് എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കാരണം ഇതിനു മുൻപും ദൈവത്തോടൊപ്പം നടന്ന മനുഷ്യരെ ദൈവം സ്വർഗത്തിലേക്കു സംവഹിച്ചുകൊണ്ടു പോയതിനെക്കുറിച്ച് അവർക്കറിയാമായിരുന്നു. ‘ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല. ദൈവം അവനെ എടുത്തു’ ( ഉൽപ. 5:24)
ഏലിയായെയും ഹെനോക്കിനെയും പോലെയുള്ള സാധാരണമനുഷ്യർക്ക് ഇത്രയും അസൂയാവഹവും ഭാഗ്യപ്പെട്ടതുമായ ഒരു ജീവിതാന്ത്യം ഉണ്ടായെങ്കിൽ അമലോത്ഭവയും പരിശുദ്ധയും ആയ മറിയം സ്വർഗത്തിലേക്ക് എടുക്കപ്പെടാൻ എത്രയോ കൂടുതൽ യോഗ്യയായിരിക്കും! സംശയാലുക്കളോട് എനിക്കു പറയാനുള്ളത്, മറിയത്തിൻറെ സ്വർഗാരോപണം വെറുമൊരു അനുമാനം മാത്രമല്ല, മറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ തന്നെ ഇതിനു സമാനമായ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. സംശയമനസ്കരുടെ ആരോപണങ്ങൾക്കുമപ്പുറം മറിയത്തിൻറെ സ്വർഗ്ഗാരോപണം ഒരു സത്യമായി നിലകൊള്ളുന്നു.
ഇത്രയും പറഞ്ഞതു സംശയാലുക്കളുടെ കാര്യം. മറിയത്തിൻറെ മക്കളായ നമ്മെ സംബന്ധിച്ചിടത്തോളമാണെങ്കിൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോപണത്തിൽ വിശ്വസിക്കാൻ നമുക്കു ശാസ്ത്രീയതെളിവുകൾ ഒന്നും ആവശ്യമില്ല. അമ്മ നമുക്കു വാഗ്ദാനപേടകമാണ്. സ്വർഗത്തിൽ ദൈവത്തിൻറെ ആലയത്തിൽ സ്ഥാപിച്ചിരിക്കുന്ന വാഗ്ദാനപേടകം! ‘അപ്പോൾ സ്വർഗത്തിൽ ദൈവത്തിൻറെ ആലയം തുറക്കപ്പെട്ടു. അതിൽ അവിടുത്തെ വാഗ്ദാനപേടകം കാണായി. മിന്നൽ പിണരുകളും ഘോഷങ്ങളും ഇടിമുഴക്കങ്ങളും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി’ (വെളി. 11:9). സൂര്യനെ ഉടയാടയും ചന്ദ്രനെ പാദപീഠവും നക്ഷത്രങ്ങളെ കിരീടവും ( വെളി 12;1) ആക്കുക എന്നതു സ്വർഗത്തിൽ വസിക്കുന്നവർക്കു മാത്രം സാധിക്കുന്ന കാര്യം!
നമ്മുടെ അമ്മ ആത്മശരീരങ്ങളോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു വിശ്വസിക്കാൻ നമുക്കു സുദീർഘമായ ദൈവശാസ്ത്ര വിശദീകരണങ്ങൾ ഒന്നും വേണ്ട. നാം അതു വിശ്വസിക്കുന്നു. സഭയും അതു വിശ്വസിക്കുന്നു. അത്ര തന്നെ. പത്തൊൻപതു നൂറ്റാണ്ടുകളായി ക്രിസ്ത്യാനികൾ വിശ്വസിച്ചുപോന്ന ഒരു വസ്തുതയുടെ ഔദ്യോഗികമായ പ്രഖ്യാപനം മാത്രമായിരുന്നു 1950 ൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പ പുറപ്പെടുവിച്ച ‘Munificentissimus Deus’, എന്ന അപ്പസ്തോലിക കോൺസ്റ്റിട്യൂഷൻ.t
‘ആത്മശരീരങ്ങളോടെ പറുദീസയുടെ മഹത്വത്തിലേക്ക് ആരോപിതയായിരിക്കുന്ന നിങ്ങളുടെ സ്വർഗീയ അമ്മയിലേക്കു നിങ്ങളുടെ ദൃഷ്ടികൾ തിരിയട്ടെ. വാനവവൃന്ദങ്ങളുടെയും വിശുദ്ധന്മാരുടെയും ശുദ്ധീകരാത്മാക്കളുടെയും ആനന്ദത്തിൽ നിങ്ങളും പങ്കുചേരുക.
ഉറപ്പാർന്ന പ്രത്യാശയുടെയും സാന്ത്വനത്തിൻറെയും അടയാളമായി കരുതി എന്നെക്കുറിച്ചു പരിചിന്തനം ചെയ്യുന്ന തീർത്ഥാടകസഭയുടെ ആഹ്ളാദത്തിലും നിങ്ങൾ പങ്കാളികളാവുക (സന്ദേശം 549 – നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു)
ഉറപ്പാർന്ന ഈ പ്രത്യാശയുടെ അടയാളത്തെ നോക്കിക്കൊണ്ടും, എങ്ങനെയാണു പരിശുദ്ധ അമ്മ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടത് എന്നതിനെക്കുറിച്ചു ധ്യാനിച്ചുകൊണ്ടും നമുക്കു നമ്മുടെ സ്വർഗ്ഗപ്രാപ്തിയുടെ പ്രത്യാശയിൽ ആഹ്ളാദിക്കാം. പരിശുദ്ധ അമ്മ തന്നെത്തന്നെ അലങ്കരിച്ച പുണ്യങ്ങൾ അനുകരിക്കാൻ നമുക്കു ശ്രമിക്കുകയും ചെയ്യാം.