പാപികൾക്കുവേണ്ടി കാത്തിരിക്കുന്നതിൽ ദൈവത്തിൻ്റെ ക്ഷമ
1. നാം ദൈവത്തിനെതിരെ അനേകം പാപങ്ങൾ ചെയ്തതിനു ശേഷവും, അവിടുത്തെ സൃഷ്ടികളായ നമ്മുടെ മാനസാന്തരത്തിനായി അവിടുന്ന് ക്ഷമയോടെ കാത്തിരിക്കുന്നതുപോലെ, മറ്റൊരാളോട് അത്രമാത്രം ക്ഷമിക്കുന്നതായി ഈ ലോകത്തിൽ ആരാണുള്ളത്? ഓ! എൻ്റെ ദൈവമേ, ഞാൻ എൻ്റെ സഹോദരനെയോ പിതാവിനെയോ അപ്രകാരം വ്രണപ്പെടുത്തിയിരുന്നെങ്കിൽ, എത്രയോ മുൻപേ തന്നെ അവർ എന്നെ അവരുടെ മുൻപിൽ നിന്നു പുറത്താക്കുമായിരുന്നു! ഓ, കരുണയുടെ പിതാവേ, അങ്ങയുടെ മുമ്പിൽനിന്നു എന്നെ തള്ളിക്കളയരുതേ; എന്നോടു ദയയായിരിക്കണമേ.
2. അങ്ങു പശ്ചാത്തപിക്കുന്ന മനുഷ്യരുടെ പാപങ്ങൾ ക്ഷമിക്കുന്നവനായതുകൊണ്ടും, അങ്ങേക്ക് എല്ലാ കാര്യങ്ങളും സാധ്യമായതുകൊണ്ടും അങ്ങു കാരുണ്യവാനാണെന്നു ജ്ഞാനി പറയുന്നു. തങ്ങൾ നല്ലവരായതുകൊണ്ടോ, അല്ലെങ്കിൽ തങ്ങളെ ദ്രോഹിച്ചവരെ ശിക്ഷിക്കുന്നതിനുള്ള അധികാരം തങ്ങൾക്കില്ലെന്ന് അറിയാവുന്നതുകൊണ്ടോ , അല്ലെങ്കിൽ അവർക്ക് കഴിവില്ലാത്തതുകൊണ്ടോ, സ്വയം പ്രതികാരം ചെയ്യാനുള്ള ശക്തിയില്ലാത്തതുകൊണ്ടോ ഒക്കെയാണ് മനുഷ്യർ തങ്ങൾക്കെതിരെ മറ്റുള്ളവർ ചെയ്യുന്ന ദ്രോഹങ്ങൾ മൂടിവെയ്ക്കുന്നത്. എന്നാൽ എൻ്റെ ദൈവമേ, അങ്ങയുടെ അനന്തമഹിമക്കെതിരായി ചെയ്യുന്ന പാപങ്ങൾക്ക് പ്രതികാരം ചെയ്യേണ്ടത് അങ്ങുതന്നെയാണ്.അങ്ങേയ്ക്ക് ഇഷ്ടമുള്ളപ്പോൾ അതു ചെയ്യാൻ അങ്ങേയ്ക്ക് കഴിയുകയും ചെയ്യും. എന്നിട്ടും അങ്ങ് അങ്ങയുടെ പ്രതികാരം മറച്ചുവയ്ക്കുന്നുവല്ലോ! മനുഷ്യർ അങ്ങയെ നിന്ദിക്കുന്നു. അവർ അങ്ങേയ്ക്കു വാക്കുതരികയും അതിനുശേഷം അങ്ങയെ വഞ്ചിക്കുകയും ചെയ്യുന്നു. അങ്ങ് അവരെ കാണുന്നില്ലെന്ന് അവർ കരുതുന്നുവോ? അതോ, അങ്ങയുടെ മഹത്വത്തെക്കുറിച്ച് അങ്ങേയ്ക്കു തീരെ ശ്രദ്ധയില്ലെന്ന് അവർക്കു തോന്നുന്നുവോ? യേശുവേ, അങ്ങനെയാണല്ലോ അങ്ങ് എന്നോടു വർത്തിക്കുന്നത്? ഓ! എൻ്റെ ദൈവമേ, എൻ്റെ അനന്ത നന്മയേ, ഞാൻ ഇനി ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല, എന്നെ ശിക്ഷയ്ക്ക് അർഹനാക്കും വിധം ഇനിമേൽ ഞാൻ അങ്ങയെ പ്രകോപിപ്പിക്കുകയില്ല.
അങ്ങ് എന്നെ കൈവിടുകയും ശിക്ഷയ്ക്കായി നരകത്തിൽ തള്ളുകയും ചെയ്യുന്നതുവരെ ഞാൻ എന്തിനു വൈകിക്കണം? അങ്ങേയ്ക്കെതിരായി ചെയ്ത എല്ലാ പാപങ്ങൾക്കും ഞാൻ ആത്മാർത്ഥമായി മാപ്പ് ചോദിക്കുന്നു. അങ്ങയെ നിന്ദിക്കുന്നതിനേക്കാൾ മരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു! അങ്ങാണ് എൻ്റെ നാഥൻ. അങ്ങ് എന്നെ സൃഷ്ടിച്ചു; അങ്ങയുടെ മരണത്താൽ അങ്ങ് എന്നെ വീണ്ടെടുത്തു; അങ്ങ് മാത്രം എന്നെ സ്നേഹിച്ചു, അങ്ങ് മാത്രം എൻ്റെ സ്നേഹം അർഹിക്കുകയും ചെയ്യുന്നു. എൻ്റെ സ്നേഹത്തിൻ്റെ ഏകലക്ഷ്യം അങ്ങു മാത്രം ആയിരിക്കും.
3.എൻ്റെ ആത്മാവേ, നിനക്ക് എങ്ങനെ ഇത്ര നന്ദിഹീനനും നിൻ്റെ ദൈവത്തെ എതിർക്കുന്നവനും ആകാൻ കഴിഞ്ഞു? നീ ദൈവത്തെ നിന്ദിച്ച വേളയിൽ തന്നെ നിൻ്റെ ജീവൻ തിരിച്ചുവിളിച്ചുകൊണ്ട് നിനക്ക് നരകശിക്ഷ തരാൻ അവിടുത്തേക്ക് കഴിയുമായിരുന്നില്ലേ? എന്നിട്ടും നിന്നെ ശിക്ഷിക്കുന്നതിനുപകരം നിൻ്റെ ജീവൻ പരിപാലിച്ചുകൊണ്ടും നിനക്ക് നന്മയായവ നൽകിക്കൊണ്ടും അവിടുന്ന് നിനക്കായി കാത്തിരുന്നു. എന്നാൽ ദൈവത്തോട് നന്ദിയുള്ളവരായിരിക്കുന്നതിനും നിനക്ക് ലഭിച്ച അധിക നന്മകളെപ്രതി അവിടുത്തെ കൂടുതൽ സ്നേഹിക്കുന്നതിനും പകരം, നീ അവിടുത്തെ വ്രണപ്പെടുത്തുന്നത് തുടർന്നു! ഓ, എൻ്റെ കർത്താവേ, അങ്ങ് എന്നെ വളരെ കരുണയോടെ കാത്തിരുന്നതിനാൽ ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങയെ വേദനിപ്പിച്ചതിനെയോർത്തു ഞാൻ ഖേദിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുന്നു. മാനസാന്തരപ്പെടാനോ അങ്ങയെ സ്നേഹിക്കാനോ കഴിയാത്ത നരകത്തിൽ ഞാൻ ഈ സമയത്ത് എത്തേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കു പശ്ചാത്തപിക്കുവാൻ കഴിയുന്നതിനാൽ, അങ്ങയുടെ അനന്തമായ നന്മയെ ഞാൻ നിന്ദിച്ചതിൻ്റെ പേരിൽ പൂർണ്ണഹൃദയത്തോടെ ദുഃഖിക്കുകയും ഞാൻ എന്നെക്കാളുമുപരിയായി അങ്ങയെ സ്നേഹിക്കുകയും ചെയ്യുന്നു. എന്നോടു ക്ഷമിക്കുകയും എന്നെ ഇത്രയധികം സ്നേഹിച്ച അങ്ങയെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി മറ്റുള്ളവരെ സ്നേഹിക്കാതിരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. എനിക്കുവേണ്ടി ക്രൂശിൽ മരിച്ച എൻ്റെ രക്ഷകാ, അങ്ങേയ്ക്കു വേണ്ടി മാത്രം ഞാൻ ജീവിക്കട്ടെ! എൻ്റെ പ്രത്യാശയൊക്കെയും അങ്ങയുടെ കയ്പേറിയ പീഡാസഹനത്തിലാണ്. ഓ മറിയമേ, ദൈവമാതാവേ! അങ്ങയുടെ വിശുദ്ധ മദ്ധ്യസ്ഥതയാൽ എന്നെ സഹായിക്കണമേ