എത്ര സമുന്നതം ഇന്നു പുരോഹിതാ ..

തിരുപ്പട്ട ശുശ്രൂഷയുടെ സമയത്തു പാടുന്ന ഈ ഗാനത്തിൻറെ ഈരടികൾ കേൾക്കാത്തവരുണ്ടാകില്ല. 

എത്ര സമുന്നതം ഇന്നു  പുരോഹിതാ, 

നീ ഭരമേറ്റ വിശിഷ്ടസ്ഥാനം….

മാലാഖമാർ പോലും കൊതിക്കുന്ന ഉന്നതസ്ഥാനമാണത്.  ഇതെൻറെ ശരീരമാകുന്നു, ഇതെൻറെ രക്തമാകുന്നു  എന്ന് ഒരു പുരോഹിതൻ ഉച്ചരിക്കുമ്പോൾ ഗോതമ്പപ്പവും വീഞ്ഞും തൻറെ തിരുശരീരരക്തങ്ങളാക്കി  മാറ്റിക്കൊണ്ടാണു  പൗരോഹിത്യപദവിയുടെ ഔന്നത്യം  കർത്താവ് നമുക്കു മനസിലാക്കിത്തരുന്നത്.  സാക്ഷാൽ യേശുക്രിസ്തുവല്ലാതെ മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്തതും ചെയ്യാൻ സാധ്യതയില്ലാത്തതുമായ ഈ അത്ഭുതം ഒന്നു  മാത്രം മതി പൗരോഹിത്യത്തിൻറെ ശ്രേഷ്ഠത മനസിലാക്കാൻ. 

യേശുവിനോടുകൂടെ  മൂന്നുവർഷം  ജീവിച്ചിട്ടും, പരിശുദ്ധ അമ്മയോടുകൂടെ പത്തുദിവസത്തെ  തീക്ഷ്ണമായ  പ്രാർഥനയ്ക്കു  ശേഷം മാത്രമാണ്  കർത്താവിൻറെ പ്രിയശിഷ്യന്മാർക്കു പോലും പരിശുദ്ധാത്മാവ് ഇറങ്ങിവരുന്ന അനുഭവം ഉണ്ടായത്.  എന്നാൽ  ‘കർത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ ‘ എന്ന് ഒരു പുരോഹിതൻ ഉച്ചരിക്കുമ്പോൾ പരിശുദ്ധാത്മാവ്  സത്യമായും  പരിശുദ്ധ കുർബാനയിലേക്ക് ഇറങ്ങിവരുന്നു.  അതാണു  പൗരോഹിത്യത്തിൻറെ മഹിമയും ഔന്നത്യവും. മാനുഷികമായ എല്ലാ ബലഹീനതകളും ഉള്ളപ്പോൾ തന്നെ പുരോഹിതൻ സാധാരണ മനുഷ്യനല്ല. ലോകത്തിൽ ജീവിക്കുമ്പോൾ തന്നെ ലോകത്തിൽ നിന്നും ലോകവ്യാപാരങ്ങളിൽ നിന്നും അകലം പാലിക്കാതെ ഒരാൾക്ക്  ഒരു നല്ല പുരോഹിതനാകാൻ കഴിയില്ല. കാരണം പുരോഹിതൻറെ കടമ താൻ  വഹിക്കുന്ന ഉന്നതസ്ഥാനത്തിനനുയോജ്യമായ തരത്തിൽ വ്യാപരിച്ച്  താൻ ആരെ പ്രതിനിധീകരിക്കുന്നുവോ ആ ക്രിസ്തുവിനെ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുക എന്നതാണ്.  അതാകട്ടെ ലോകത്തിൻറെ ഒഴുക്കിനു നേർ വിപരീത ദിശയിൽ നീന്തുന്ന ശ്രമകരമായ ദൗത്യവുമാണ്.

ആ ക്ലേശകരമായ ഉദ്യമത്തിൽ വിജയം വരിക്കുന്നവരാണ്  എന്നതുകൊണ്ടാണല്ലോ  പുരോഹിതരെ നാം  ബഹുമാനിക്കുന്നത്. എന്നാൽ ഇത്ര സമുന്നതരായ പുരോഹിതർ തികച്ചും ലൗകികരായ മനുഷ്യരെപ്പോലെ  പ്രവർത്തിച്ചുതുടങ്ങിയാലോ? പുരോഹിതൻ ലൗകികനാവുന്നു എന്നതിൻറെ അർഥം  സഭ ലോകവുമായി അനുരൂപപ്പെടുന്നു എന്നാണ്. അങ്ങനെയൊരു വിഷമകാലം ഉണ്ടാവുമെന്നു   പതിനേഴു നൂറ്റാണ്ടുകൾക്കു മുൻപ്  ഒരു വിശുദ്ധൻ പ്രവചിച്ചിരുന്നു എന്നതു  നാം ശ്രദ്ധിക്കണം. സഭയും ലോകവും ഒരുപോലെയാകുമ്പോൾ  അന്ത്യദിനങ്ങൾ വരും എന്നു പ്രവചിച്ചത് ഈജിപ്തിലെ വിശുദ്ധ ആൻറണിയാണ്.

ചില പുരോഹിതർക്കെങ്കിലും തങ്ങൾ വഹിക്കുന്ന വിശിഷ്ടസ്ഥാനത്തിൻറെ ശ്രേഷ്ഠതയെക്കുറിച്ച് ബോധ്യമില്ല. ഉണ്ടായിരുന്നുവെങ്കിൽ അവർ  ക്രിസ്തുവിനെ തെരുവിലേക്കു വലിച്ചിഴക്കില്ലായിരുന്നു. പ്രശ്നങ്ങളെ നേരിടുമ്പോൾ  ലോകം ചിന്തിക്കുന്നതുപോലെ ചിന്തിക്കില്ലായിരുന്നു. കുറ്റം ആരോപിക്കപ്പെടുമ്പോൾ തിരിച്ചും ആരോപണം ഉന്നയിക്കില്ലായിരുന്നു. അന്യായമായി പീഡിപ്പിക്കപ്പെടുമ്പോൾ  ആക്രോശിക്കില്ലായിരുന്നു. ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകില്ലായിരുന്നു. ലോകവുമായി ഒരു ഒത്തുതീർപ്പിനും തയാറാകില്ലായിരുന്നു. സത്യം സത്യമായിത്തന്നെ   വിളിച്ചുപറയുമായിരുന്നു. എന്തു  വില കൊടുത്തും വിശ്വാസികൾക്ക് കൂദാശകൾ  എത്തിച്ചുകൊടുക്കുമായിരുന്നു.  സുവിശേഷം  ആദായമാർഗമാക്കി മാറ്റില്ലായിരുന്നു.

മറുവശത്ത്, ദാരിദ്ര്യം വ്രതമായി വരിച്ച്, അനുസരണം ജീവിതമാർഗമാക്കി, ബ്രഹ്മചര്യത്തിൽ  നിന്നു   ശക്തി സ്വീകരിച്ച്, ലോകത്തെ തരിമ്പും കൂട്ടാക്കാതെ നടന്നുപോയ വിശുദ്ധരായ വൈദികരാണു  സഭയെ വളർത്തിയത്. ‘അവരെ  സ്വന്തമാക്കാനുള്ള യോഗ്യത’ ( ഹെബ്രാ. 11:38)  ഇന്നത്തെ ലോകത്തിനില്ലാത്തതുകൊണ്ടാണോ അവരുടെ എണ്ണം കുറഞ്ഞുവരുന്നത്!

പരിശുദ്ധ കുർബാന ഒരു ലഹരിയായി മാറിയ പാദ്രെ പിയോയാകണം  പുരോഹിതരുടെ മാതൃക. ജീവിതം കുമ്പസാരക്കൂട്ടിൽ തളച്ചിട്ട  ജോൺ മരിയ  വിയാനിയുടെ ഓർമ്മ മനസിലുണ്ടെങ്കിൽ  ആർക്കും ഒരിക്കലും കുമ്പസാരം നിഷേധിക്കപ്പെടില്ല. ഫുൾട്ടൻ ജെ ഷീനിൻറെ ഒരു ശതമാനമെങ്കിലും തീക്ഷ്ണതയുണ്ടെങ്കിൽ ഒരു വൈദികനും വിശ്വാസത്തിൽ  വിട്ടുവീഴ്ച ചെയ്യില്ല.   മാക്സ് മില്യൻ  കോൾബെയുടെ ജീവിതം  വായിച്ചെങ്കിലും അറിഞ്ഞിട്ടുള്ള  ഒരു വൈദികനും മറ്റുള്ളവർക്കു വേണ്ടി സ്വയം ബലിയാകാൻ മടിക്കില്ല. ഫാദർ ഡാമിയനോളമൊന്നുംവളർന്നില്ലെങ്കിലും പ്രതികൂലസാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാനുള്ള കഴിവ് കർത്താവ് നൽകും എന്നുറച്ചു വിശ്വസിക്കുന്നവനാകണം പുരോഹിതൻ.  ആത്മാവിൻറെ ഇരുണ്ട രാത്രികളിലൂടെ കടന്നുപോയപ്പോഴും പരാതിപ്പെടാത്ത കുരിശിൻറെ വിശുദ്ധ യോഹന്നാൻ  വൈദികരോടു  പറയുന്നു;  ഒറ്റപ്പെടലിൻറെയും കുറ്റപ്പെടുത്തലിൻറെയും  ഇരുണ്ട രാത്രികളിൽ നിങ്ങളും  പരാതിപ്പെടാതിരിക്കുക.

ഇതൊരു വല്ലാത്ത കാലമാണ്.  ഈജിപ്തിലെ വിശുദ്ധ ആൻറണി പറഞ്ഞ കാലം പോലൊന്ന്. ലോകവുമായി അനുരൂപപ്പെടാൻ വെമ്പുന്ന അനേകരുടെ നടുവിൽ,  ലോകത്തിൽ ജീവിക്കുമ്പോഴും ലോകത്തിൽ നിന്ന് വേർപെട്ടിരിക്കാൻ  കൃപ ലഭിച്ച ആയിരക്കണക്കിനു വൈദികരെ നമുക്കോർക്കാം. അന്ധകാരത്തിലാഴ്ന്ന  ഈ ലോകത്തിൻറെ ദീപവും രുചി കെട്ടുപോയ  ഈ ഭൂമിയുടെ ഉപ്പും അവരാണ്. അവരെയോർത്ത് നമുക്ക് ദൈവത്തെ സ്തുതിക്കാം.  ഒപ്പം  ലോകത്തിൻറെ പ്രലോഭനങ്ങളിൽ വീണുപോയ ചുരുക്കം ചില വൈദികസഹോദരരെ  ദൈവത്തിൻറെ കരുണയ്ക്കായി സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്യാം. കർത്താവിൻറെ അവസാനപ്പന്തലിൽ    അനേകം വിശുദ്ധരായ വൈദികർ ഉണ്ടാകണം എന്നതു  മരിയ വാൾതോർത്തയിലൂടെ  ഈശോ പ്രകടിപ്പിച്ച ആഗ്രഹമാണ്. ആ ആഗ്രഹം നിറവേറ്റിക്കൊടുക്കാൻ നമ്മുടെ വൈദികർക്കു സാധിക്കണമെകിൽ  അതിനു   നമ്മുടെ പ്രാർഥനയുടെ പിൻബലം കൂടി വേണം.

നമുക്കു  പ്രാർഥിക്കാം: നിത്യപുരോഹിതനീശോയെ, കാക്കണമങ്ങേ വൈദികരെ……