വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ധ്യാനചിന്തകൾ -1

പതിനഞ്ചു മിനുട്ടിൽ കുറഞ്ഞ സമയം കൊണ്ടു കുർബാന ‘ചൊല്ലിത്തീർക്കുന്ന’ വൈദികരെ എന്തുചെയ്യണം? വിശുദ്ധ അൽഫോൻസ് ലിഗോരി തൻ്റെ രൂപതയിലെ ഏതെങ്കിലും വൈദികൻ അങ്ങനെ ചെയ്തുവെന്നറിഞ്ഞാൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പരിശുദ്ധകുർബാനയോടും പരിശുദ്ധ അമ്മയോടും അത്രയേറെ അടുപ്പം സൂക്ഷിച്ചിരുന്ന വിശുദ്ധൻ്റെ 111 ഗ്രന്ഥങ്ങളിൽ നല്ലൊരുപങ്കും പരിശുദ്ധകുർബാനയെക്കുറിച്ചോ മാതാവിനെക്കുറിച്ചോ ഉളളതാണ്. പ്രഗത്ഭനായ അഭിഭാഷകനായി പേരെടുത്ത അദ്ദേഹം പ്രധാനപ്പെട്ട ഒരു കേസിൽ തോറ്റതോടെ വക്കീൽപ്പണി വേണ്ടെന്നുവച്ചു. “ലോകത്തെ ഉപേക്ഷിച്ച്, നിന്നെ മുഴുവനായും എനിക്കു തരിക” എന്ന കർത്താവിൻ്റെ ഉൾവിളിയ്ക്കു ചെവികൊടുത്ത അദ്ദേഹം പിന്നീടു വൈദികനും മെത്രാനും വേദപാരംഗതനും വിശുദ്ധനുമായിത്തീർന്നു. ജീവിതകാലം മുഴുവനും തന്നെ അലട്ടിയിരുന്ന ഹ്രസ്വദൃഷ്ടിയും (Myopia) ആസ്തമയും വിശുദ്ധനാകാനുള്ള അദ്ദേഹത്തിന്റെ വിളിക്കു തടസ്സമായിരുന്നില്ല.

വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ അനുദിനധ്യാനചിന്തകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്ത് , ഒരു അദ്ധ്യായം ഒരു ദിവസം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാൻ ഉദ്ദേശിക്കുന്നു. രണ്ടോ മൂന്നോ ഖണ്ഡികകളിലൊതുങ്ങുന്ന ഓരോ ധ്യാനചിന്തയും നമ്മെ ആത്മീയജീവിതസരണിയിൽ മുന്നേറാൻ സഹായിക്കുന്നവയാണ്. ക്രിസ്തീയ വിശ്വാസത്തിനെതിരെയുള്ള ആക്രമണങ്ങൾ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ അവസാനനാളുകളിൽ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് യേശുവിൻ്റെ രണ്ടാം വരവിനായി ഒരുങ്ങാൻ വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ മാധ്യസ്ഥം ഉണ്ടായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ ഈ വിവർത്തനം ദൈവമഹത്വത്തിനായി സമർപ്പിക്കുന്നു.

ധ്യാനം 1

നമ്മെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യം നിത്യരക്ഷ ലഭിക്കുമോ എന്നതാണ്. നിത്യതയിലുള്ള നമ്മുടെ ആനന്ദമോ അല്ലെങ്കിൽ ദുരിതമോ അതിനെ ആശ്രയിച്ചിരിക്കുന്നു. ഇക്കാര്യം തീരുമാനിക്കപ്പെടുന്നതു നാം നിത്യതയിലേക്കു കടക്കുന്ന നിമിഷത്തിലാണ്. അപ്പോഴാണു നാം നിത്യരക്ഷ നേടുമോ അതോ നിത്യമായി നഷ്ടപ്പെട്ടുപോകുമോ എന്നു തീരുമാനിക്കപ്പെടുന്നത്. നാം ആനന്ദപൂർണ്ണമായ നിത്യതയാണോ അതോ പീഡനങ്ങൾ നിറഞ്ഞ നിത്യതയാണോ തെരഞ്ഞെടുത്തതെന്ന് അറിയുന്ന സമയമാണത്. എന്നുമെന്നേയ്ക്കും നാം സന്തോഷത്തോടെ വസിക്കുമോ അതോ നമ്മുടെ നിത്യത ദുരിതപൂർണ്ണമായിരിക്കുമോ എന്നതു തീരുമാനിക്കപ്പെടുന്ന സമയം.

ദൈവമേ, എൻ്റെ വിധി എന്തായിരിക്കും? ഞാൻ രക്ഷിക്കപ്പെടുമോ അതോ നഷ്ടപ്പെട്ടുപോകുമോ? എന്തും സംഭവിക്കാം. അഥവാ ഞാൻ നഷ്ടപ്പെട്ടുപോകേണ്ടവനാണെങ്കിൽ, എനിക്കു നിത്യജീവൻ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഒരു ജീവിതചര്യയെ ഞാൻ എന്തുകൊണ്ട് ആശ്ലേഷിക്കാതിരിക്കണം? ഓ യേശുവേ, അങ്ങ് എന്നെ രക്ഷിക്കാനായി മരിച്ചുവല്ലോ. എന്നിട്ടും ഞാൻ നിത്യനന്മയായ അങ്ങയെ എത്രയോ തവണ ഉപേക്ഷിക്കുകയും അത്രയധികമായി എന്നെത്തന്നെ നഷ്ടപ്പെടുത്തുകയും ചെയ്തുവല്ലോ. ഇനിയൊരുനാളും അങ്ങയെ വിട്ടകലാൻ എന്നെ അനുവദിക്കരുതേ.

ഒരു വ്യവഹാരം ജയിക്കുന്നതോ ഉയർന്ന പദവി ലഭിക്കുന്നതോ സമ്പത്തു നേടുന്നതോ ഒക്കെ മനുഷ്യർ വലിയ കാര്യമായി പരിഗണിക്കുന്നു. എന്നാൽ കാലം കഴിയുമ്പോൾ അവസാനിച്ചുപോകുന്നത് ഒന്നും തന്നെ മഹത്തരമെന്ന് കരുതപ്പെടാൻ അർഹമല്ല. ഈ ലോകത്തിലുള്ളതെല്ലാം ഒരുനാൾ നമ്മെ വിട്ടുപിരിയും; അല്ലെങ്കിൽ നാം അവയെ വിട്ടുപിരിയും. അതിനാൽ നമുക്കു നിത്യരക്ഷയോ അല്ലെങ്കിൽ നിത്യശിക്ഷയോ ലഭിക്കുന്നത് ഏതൊന്നിനെ ആശ്രയിച്ചിരിക്കുന്നുവോ ആ ഒരേയൊരു കാര്യം മാത്രമേ ഗൗരവതരമായി പരിഗണിക്കാൻ പാടുളളതായുള്ളൂ.

ഓ യേശുവേ, എൻ്റെ വിമോചകാ, ഞാൻ അർഹിക്കുന്നതനുസരിച്ച് എന്നെ അങ്ങയുടെ തിരുമുഖസാന്നിധ്യത്തിൽ നിന്നു തള്ളിക്കളയരുതേ. ഞാൻ നിശ്ചയമായും ഒരു പാപിയാണ്. എങ്കിലും അങ്ങയുടെ അനന്തനന്മയെ വ്രണപ്പെടുത്തിയതോർത്ത് എൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ ഞാൻ ഇപ്പോൾ ദുഖിക്കുന്നു. ഇതുവരെ ഞാൻ അങ്ങയെ നിന്ദിച്ചു. എന്നാൽ ഇപ്പോൾ ഞാൻ മറ്റെല്ലാറ്റിനേക്കാളും ഉപരിയായി അങ്ങയെ സ്നേഹിക്കുന്നു. ഇനിമേൽ എൻ്റെ ഒരേയൊരു സ്നേഹകാരണവും എനിക്കുള്ള ഒരേയൊരു നന്മയും അങ്ങുമാത്രമായിരിക്കും. അനുതപിച്ച്, അങ്ങയെ സ്നേഹിക്കുവാനുള്ള അഭിവാഞ്ചയോടെ, അങ്ങയുടെ പാദാന്തികത്തിൽ വീണുകിടക്കുന്ന ഈ പാപിയുടെ മേൽ അലിവുതോന്നണമേ. ഒരിക്കൽ ഞാൻ അങ്ങയെ എത്രയധികം വേദനിപ്പിച്ചുവോ ഇപ്പോൾ അതേ തീക്ഷ്ണതയോടെ അങ്ങയെ സ്നേഹിക്കാൻ ഞാൻ അഭിലഷിക്കുന്നു. അങ്ങയുടെ കൃപയും അനുഗ്രഹവും നഷ്ടപ്പെട്ട ജീവിതാവസ്ഥയിൽ നിന്നും അങ്ങ് എന്നെ തിരികെ വിളിച്ചിരുന്നില്ലെങ്കിൽ എൻ്റെ അവസ്ഥ എന്താകുമായിരുന്നു! ഓ കർത്താവേ, അങ്ങ് എന്നോട് ഇത്രയധികം കാരുണ്യം കാണിച്ചിരിക്കുകയാൽ എനിക്ക് ഒരു വിശുദ്ധനാകാനുള്ള കൃപ നൽകണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.

നിത്യമായ ഒരു സ്വർഗം, അല്ലെങ്കിൽ നരകം ഉണ്ട് എന്ന ബോധ്യത്തിലേക്കു നമ്മുടെ വിശ്വാസത്തെ ഉണർത്താം. അതിൽ ഏതെങ്കിലും ഒന്നായിരിക്കും നമ്മുടെ ഭാഗധേയം. ഓ ദൈവമേ, പാപം ചെയ്യുന്നതുവഴിയായി ഞാൻ എന്നെത്തന്നെ നിത്യകാലത്തേക്കുള്ള ദണ്ഡനങ്ങൾക്ക് ഏല്പിച്ചുകൊടുക്കുകയാണ് എന്ന് അറിഞ്ഞിരിക്കേ, എങ്ങനെയാണ് ഞാൻ അടിക്കടി അങ്ങേയ്‌ക്കെതിരെ പാപം ചെയ്യുന്നതും അങ്ങയുടെ കൃപ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്! അങ്ങ് എൻ്റെ ദൈവവും രക്ഷകനും ആണെന്നറിഞ്ഞുകൊണ്ട് എങ്ങനെയാണു ഞാൻ നിസാരലാഭങ്ങൾക്കുവേണ്ടി അങ്ങയെ അവഗണിക്കുന്നത്!

ഓ ദൈവമേ, ഇത്തരത്തിൽ അങ്ങയെ നിന്ദിക്കാനിടയായ എല്ലാ പാപങ്ങളെയുമോർത്തു ഞാൻ മനസ്തപിക്കുന്നു. എല്ലാ വസ്തുക്കളെക്കാളുമുപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഇനിമേൽ അങ്ങയുടെ സ്നേഹം നഷ്ടപ്പെടുന്നതിനേക്കാൾ മറ്റെല്ലാവസ്തുക്കളെയും ഞാൻ നഷ്ടമാക്കിക്കൊള്ളാം. വിശ്വാസത്തിൽ നിലനിൽക്കുവാനുള്ള കരുത്ത് എനിക്കു നൽകണമേ. പരിശുദ്ധ കന്യകാമറിയമെ, എനിക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്നെ സഹായിക്കുകയും ചെയ്യണമേ.