താബോർ മലയിൽ വച്ചു രൂപാന്തരപ്പെട്ട യേശുവിൻറെ കൂടെ ഉണ്ടായിരുന്നത് ഏലിയായും മോശയും ആയിരുന്നുവെന്നു സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ‘അവൻ അവരുടെ മുൻപിൽ വച്ച് രൂപാന്തരപ്പെട്ടു. അവൻറെ വസ്ത്രങ്ങൾ ഭൂമിയിലെ ഏതൊരു അലക്കുകാരനും വെളുപ്പിക്കാൻ കഴിക്കുന്നതിനേക്കാൾ വെണ്മയും തിളക്കവുമുള്ളവയായി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ചുകൊണ്ടിരുന്നു’ (മർക്കോസ് 9:2-4). സമാനമായ വിവരണം തന്നെയാണു മത്തായിയുടെ സുവിശേഷം പതിനേഴാം അധ്യായത്തിലും നാം കാണുന്നത്. അവരുടെ സംഭാഷണവിഷയം എന്തായിരുന്നു എന്നതിനെക്കുറിച്ച് ലൂക്കാ സുവിശേഷകൻ ഇങ്ങനെ പറയുന്നു. ‘ അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറുസലേമിൽ പൂർത്തിയാകേണ്ട അവൻറെ കടന്നുപോകലിനെക്കുറിച്ചാണ് അവർ സംസാരിച്ചത്’ (ലൂക്കാ 9:31).
ജറുസലേമിൽ പൂർത്തിയായ യേശുവിൻറെ കടന്നുപോകലിൻറെ ഫലമായി നമുക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് പരിശുദ്ധകുർബാന. സ്വർഗത്തിൽ നിന്നുള്ള ഈ അപ്പം – ജീവൻറെ അപ്പം – എന്നത് യേശുവിൻറെ ശരീരവും രക്തവും തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കർത്താവു സൂചിപ്പിച്ചിട്ടുണ്ട്. യോഹന്നാൻറെ സുവിശേഷം ആറാം അധ്യായത്തിൽ പരിശുദ്ധകുർബാനയെക്കുറിച്ച് പഠിപ്പിക്കുന്നതിനു മുൻപായി യേശു പ്രവർത്തിച്ച രണ്ട് അത്ഭുതങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ ഒന്നാമത്തേതു തിബേരിയാസ് കടൽത്തീരത്തുവച്ച് അപ്പം വർധിപ്പിക്കുന്നതാണ്. രണ്ടാമത്തേതു വെള്ളത്തിനുമീതെ നടക്കുന്നതും. ഇവ രണ്ടും പ്രകൃതിനിയമങ്ങൾ കൊണ്ട് വിശദീകരിക്കാനാകാത്ത അത്ഭുതങ്ങളാണല്ലോ. കാനായിലെ കല്യാണവീട്ടിൽ വച്ചു ശാസ്ത്രനിയമങ്ങൾക്കു വിശദീകരിക്കാനാകാത്ത ഒരത്ഭുതം പ്രവർത്തിച്ചുകൊണ്ടു തൻറെ മഹത്വത്തിൻറെ പ്രവർത്തികൾ ആരംഭിച്ച യേശു താൻ പ്രകൃതിയ്ക്കും ശാസ്ത്രത്തിനും മാനുഷികജ്ഞാനത്തിനും അതീതനാണെന്നു പറഞ്ഞുതരികയായിരുന്നു.
അങ്ങനെയൊരാൾ തൻറെ ശരീരവും രക്തവും നമുക്കു ഭക്ഷണപാനീയങ്ങളായി തരുന്നു എന്നു പറയുമ്പോൾ അതിനെ സംശയിക്കുന്നത് യേശുവിൻറെ ദൈവത്വത്തെ തന്നെ സംശയിക്കുന്നതിനു തുല്യമാണ്. കാൽവരിബലിയുടെ മുൻപുള്ള നാളുകളിൽ, അതായത് സ്വർഗത്തിൽ നിന്നുള്ള അപ്പം എന്ന സംജ്ഞ ആർക്കും മനസിലാകാതിരുന്ന ഒരു കാലത്ത്, അതെന്തെന്നു ശരിക്കും അനുഭവിച്ചറിഞ്ഞ രണ്ടുപേരെയാണു താബോർ മലയിൽ വച്ചു തൻറെ പുത്രനുമായി സംസാരിക്കാൻ പിതാവായ ദൈവം അയച്ചത്. മരുഭൂമിയിൽ വച്ച് മോശ ഇസ്രായേൽ ജനത്തിനെ സ്വർഗത്തിൽ നിന്നുള്ള അപ്പം കൊണ്ട് ഊട്ടിയതു നാല്പതുവർഷമാണ്. അതിൻറെ അവസാനമാണ് അവർ വാഗ്ദത്തദേശത്ത് എത്തിച്ചേർന്നത്. സ്വർഗത്തിൽ നിന്നുള്ള ഒരപ്പത്തിൻറെ ശക്തിയിൽ ഏലിയാ മരുഭൂമിയിലൂടെ കർത്താവിൻറെ മലയായ ഹോറെബിലേക്ക് നടന്നതു നാല്പതുദിവസമാണ് ( 1 രാജാ. 19:7-8).
കർത്താവിൻറെ കൂടാരത്തിൽ വസിക്കാനും അവിടുത്തെ വിശുദ്ധഗിരിയിൽ വാസമുറപ്പിക്കാനും ( സങ്കീ 15:1) വേണ്ടിയുള്ള യാത്രയിൽ നമ്മുടെ പാഥേയവും സ്വർഗത്തിൽ നിന്നുള്ള അപ്പമാണ്. അതിനെ നേരാം വണ്ണം മനസിലാക്കാൻ കഴിയാതെ പോകുക എന്നതിലപ്പുറം മറ്റൊരു ദുരന്തമില്ല. വരണ്ട അസ്ഥികളിൽ ഞരമ്പുകൾ വച്ചുപിടിപ്പിക്കുകയും മാംസം വളർത്തുകയും ചർമം പൊതിയുകയും അവയിലേക്കു പ്രാണൻ നിവേശിപ്പിക്കുകയും (എസക്കി. 37:5-6) ചെയ്യാൻ സാധിക്കുന്ന ദൈവത്തിനു തൻറെ പുത്രൻറെ ശരീരത്തെ ഗോതമ്പപ്പമായും രക്തത്തെ ദ്രാക്ഷാരസമായും രൂപാന്തരപ്പെടുത്താൻ കഴിയുമെന്നതിൽ എന്തിനു സംശയിക്കണം?
ഭൂമിയിലെ ഒരു അലക്കുകാരനും വെളുപ്പിക്കാൻ കഴിയുന്നതിനേക്കാൾ വെണ്മയും തിളക്കവുമുള്ള വസ്ത്രങ്ങൾ താബോർ മലയിൽ വച്ചു ധരിച്ച യേശു തൻറെ തിരുശരീരത്തെ ഭൂമിയിൽ ആർക്കും മനസിലാക്കാൻ സാധിക്കാത്ത തരത്തിൽ വെണ്മയാർന്നതും പരിശുദ്ധവുമായ ഒരപ്പത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു എന്നതിനേക്കാൾ വലിയ അത്ഭുതം ഒന്നു മാത്രമേയുള്ളൂ. നിത്യജീവൻ ലഭിക്കാൻ വേണ്ടി തന്നിൽ വിശ്വസിക്കുന്നവർ എന്തു ഭക്ഷിക്കണമെന്നാണോ യേശു പറഞ്ഞത്, ആ പരിശുദ്ധകുർബാനയെ വെറുമൊരു അപ്പക്കഷണമായി മാത്രം കാണുന്ന ക്രിസ്ത്യാനിയാണു ലോകത്തിലെ ഒന്നാമത്തെ അത്ഭുതം!
‘മെൽക്കിസെദേക്കിൻറെ ക്രമമനുസരിച്ചു നീ എന്നേയ്ക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല’ (സങ്കീ. 110:4) എന്ന പ്രവചനത്തിൻറെ പൂർത്തീകരണമാണ് ക്രിസ്തു തൻറെ കുരിശിലെ ബലി വഴി നേടിയെടുത്ത മഹാപുരോഹിതസ്ഥാനം എന്നു ഹെബ്രായലേഖനത്തിൽ വായിക്കുമ്പോൾ ( ഹെബ്രാ. 7:11-17) നാം ഓർക്കേണ്ട കാര്യം അബ്രഹാമിനെ എതിരേൽക്കാൻ എങ്ങുനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെടുന്ന മെൽക്കിസെദേക്ക് കാഴ്ചയായി കൊണ്ടുവന്നത് അപ്പവും വീഞ്ഞുമായിരുന്നു എന്നതാണ്( ഉൽപ 14:18). തീർന്നില്ല, അവൻ ഒരേസമയം രാജാവും പുരോഹിതനുമായിരുന്നു എന്നുകൂടി വായിക്കുമ്പോൾ അതുപോലൊരാൾ കാലത്തിൻറെ പൂർണ്ണതയിൽ അവതരിച്ച്, സ്വന്തം ശരീരവും രക്തവും അപ്പത്തിൻറെയും വീഞ്ഞിൻറെയും സാദൃശ്യത്തിലേക്കു പകർത്തി അബ്രാഹത്തിൻറെ മക്കൾക്കു ഭക്ഷണപാനീയങ്ങളായി നൽകിയെന്നും അവൻ ഒരേ സമയം രാജാവും പുരോഹിതനുമായിരിക്കുന്നു എന്നും യേശുക്രിസ്തുവിൽ നാം മനസിലാക്കുന്നു.
പരിശുദ്ധകുർബാന എന്തെന്നു മനസിലാക്കാനുള്ള കൃപയ്ക്കുവേണ്ടി നമുക്കു ദിവ്യകാരുണ്യനാഥനോടു തന്നെ പ്രാർഥിക്കാം. ആ കൃപ കിട്ടാത്തിടത്തോളം കാലം തിരുവോസ്തി വെറുമൊരു അപ്പക്കഷണമായിട്ടേ നമുക്കു തോന്നുകയുള്ളൂ. അപ്രകാരം പരിശുദ്ധകുർബാന സ്വീകരിച്ച ഒരാൾ അതു സ്വീകരിച്ചുകഴിഞ്ഞപ്പോൾ സാത്താൻ അവനിൽ പ്രവേശിച്ചു ((യോഹ.13:27)എന്നും അവൻ ഇരുട്ടിലേക്കാണ് ഇറങ്ങിപ്പോയതെന്നും (യോഹ.13:30) കൂടി നാം ഓർക്കണം. പരിശുദ്ധ കുർബാനയെ നിന്ദിക്കുന്ന യൂദാസുമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ നമുക്കു പരിശുദ്ധ കുർബാനയോടു കൂടുതൽ കൂടുതൽ ചേർന്നുനിൽക്കാം. മോശയും ഏലിയായും കണ്ടതിനേക്കാൾ വെണ്മയും തിളക്കവുമുള്ള മിശിഹായെ തിരുവോസ്തിയിൽ ദർശിക്കുവാനുള്ള കൃപയ്ക്കായും നമുക്കു പ്രാർഥിക്കാം.
‘ഓ ദിവ്യകാരുണ്യ ഈശോയേ, പരിശുദ്ധ കുർബാനയോടുള്ള സ്നേഹം ഒരു വരമായി എനിക്കു നൽകണമേ.’