മുഖംമൂടി അഥവാ മാസ്ക് ഇന്നൊരു സാധാരണ കാഴ്ചയാണ്. എല്ലാവരും പറയുന്നത് മാസ്ക് വയ്ക്കൂ, കോവിഡിൽ നിന്നു സംരക്ഷണം നേടൂ എന്നാണ്. കൃത്യമായി മാസ്ക് വച്ചു നടക്കുന്നവരാണു രോഗബാധിതരിൽ കൂടുതലും എന്ന വസ്തുത ആരും പറയുന്നുമില്ല.
മനുഷ്യർക്കു മുഖംമൂടി ഇഷ്ടമാണ്. എന്നാൽ ദൈവം ഏറ്റവുമധികം വെറുക്കുന്ന ഒന്നാണു മുഖംമൂടി എന്നു വിശുദ്ധഗ്രന്ഥം പറയുന്നു. കർത്താവീശോമിശിഹാ ഏറ്റവും രൂക്ഷമായ ഭാഷയിൽ ശാസിച്ചിട്ടുള്ളതു കപടനാട്യക്കാരെ, അതായതു മുഖംമൂടിയണിഞ്ഞു പെരുമാറുന്നവരെയാണ്. മത്തായിയുടെ സുവിശേഷം ഇരുപത്തിമൂന്നാം അധ്യായം 13 മുതൽ 29 വരെയുള്ള ഭാഗത്ത് ആറു തവണയാണു കപടനാട്യക്കാർക്കു ദുരിതം എന്ന് ഈശോ മുന്നറിയിപ്പു കൊടുക്കുന്നത്. വെള്ളയടിച്ച കുഴിമാടമെന്ന് ഈശോ വിളിച്ചതും കപടനാട്യക്കാരെയാണ്. അവർ ദശാംശം കൊടുക്കുന്നതിൽ കണിശക്കാരായിരിക്കുമെങ്കിലും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവയെ അവഗണിക്കുന്നു ( മത്തായി 23:23) എന്നതായിരുന്നു കർത്താവിൻറെ പരാതി.
ഉള്ള് കവർച്ചയും ആർത്തിയും കൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും (മത്തായി 23:25) പുറം വെടിപ്പായി സൂക്ഷിക്കുന്ന കപടപാത്രങ്ങളെയാണു കർത്താവ് ഏറ്റവുമധികം വിമർശിക്കുന്നത്. ദൈവത്തെ കബളിപ്പിക്കാമെന്ന് ആർക്കും വ്യാമോഹം വേണ്ട (ഗലാ 6:7). ദൈവത്തെ കബളിപ്പിക്കാമെന്നു വ്യാമോഹിച്ചുപോയ കപടനാട്യക്കാരായ ഒരു ദമ്പതികളുടെ അനുഭവം അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട് ( അപ്പ. 5:1-10). അനനിയാസും സഫീറയും കരുതിയത് തങ്ങളുടെ കാപട്യം ആരും തിരിച്ചറിയില്ല എന്നായിരുന്നു. കർത്താവിൻറെ കണ്ണുകൾ സൂര്യനെക്കാൾ പതിനായിരം മടങ്ങു തീക്ഷ്ണതയുള്ളതാണെന്ന് ഒരു നിമിഷം അവർ മറന്നുപോയി. കാപട്യക്കാരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും (വെളി 21:8) എന്ന തിരുവചനം നമുക്കു പറഞ്ഞുതരുന്നതു കാപട്യത്തെ ദൈവം എത്രമാത്രം വെറുക്കുന്നു എന്നാണ്.
ഒരു ചുംബനത്തിലൂടെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ തീരുമാനിച്ചു കഴിഞ്ഞിട്ടും അതു മറ്റാരും അറിയാതെ അവസാനനിമിഷം വരെ ഒളിച്ചുവയ്ക്കാൻ മാത്രം കാപട്യം യൂദാസിൻറെ ഹൃദയത്തിലുണ്ടായിരുന്നു. നാശത്തിൻറെ പുത്രൻ ( യോഹ. 17:12) എന്നു കർത്താവ് വിളിച്ചതും അവനെയായിരുന്നല്ലോ. അത്തരക്കാരെക്കുറിച്ചു സങ്കീർത്തകൻ എഴുതുന്നു; ‘അവൻറെ സംസാരം വെണ്ണയെക്കാൾ മൃദുലമായിരുന്നു, പക്ഷേ, അവൻറെ ഹൃദയത്തിലോ പടയൊരുക്കം. അവൻറെ വാക്കുകൾ എണ്ണയേക്കാൾ മയമുള്ളവ, എന്നാൽ അവ ഉറയൂരിയ വാളുകൾ ആയിരുന്നു’ ( സങ്കീ 55:21).
ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുമ്പോഴും ഈശോ പറഞ്ഞതു കപടനാട്യക്കാരെപ്പോലെ പ്രാർഥിക്കരുതെന്നാണ്. ‘നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്’ ( മത്തായി 6:5). ഉപവസിക്കാൻ പഠിപ്പിക്കുമ്പോഴും ഗുരു ശിഷ്യരെ പഠിപ്പിച്ചത് കപടനാട്യക്കാരെപ്പോലെ ആകരുതെന്നാണ്. ‘ ‘നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്’ (മത്തായി 6:16).
സ്വന്തം കണ്ണിലെ തടിക്കഷണം കാണാതെ സഹോദരൻറെ കണ്ണിലെ കരടെടുത്തുകളയാൻ നടക്കുന്നവരെ അവിടുന്നു വിശേഷിപ്പിച്ചതും കപടനാട്യക്കാർ എന്നായിരുന്നു (മത്തായി 7:5). അധരം കൊണ്ടു ദൈവത്തെ ബഹുമാനിക്കുമെങ്കിലും ഹൃദയം ദൈവത്തിൽ നിന്നു വളരെ അകലെയായിരിക്കുന്ന മനുഷ്യരെ ഏശയ്യാ പ്രവാചകൻറെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈശോ വിളിക്കുന്നതും കപടനാട്യക്കാർ എന്നുതന്നെയാണ് (മത്തായി 15:7-8). ദൈവത്തെ പരീക്ഷിക്കാൻ പുറപ്പെടുന്നവരെയും അവിടുന്നു വിളിച്ചതു കപടനാട്യക്കാരെന്നു തന്നെയായിരുന്നു (മത്തായി 22:18). ദുഷ്ടനായ ഭൃത്യനെ ശിക്ഷിക്കുന്ന യജമാനൻ അവനെ കപടനാട്യക്കാരുടെ കൂട്ടത്തിൽ തള്ളും( മത്തായി 24:51) എന്ന് ഈശോ പറഞ്ഞതു വെറും ഒരു ഉപമ മാത്രമല്ല, അന്ത്യവിധിയിൽ സംഭവിക്കാനിരിക്കുന്ന കാര്യവുമാണ് എന്ന ഓർമ്മ നമുക്കുണ്ടാകണം.
ഇതെല്ലാമറിയാമെങ്കിലും എപ്പോഴും ഒരു മുഖംമൂടി വച്ചു നടക്കാനാണു നമുക്കിഷ്ടം. വീട്ടിൽ ഒരു മുഖം , നാട്ടിൽ വേറൊരു മുഖം, ദൈവാലയത്തിൽ മറ്റൊരു മുഖം. ദീർഘമായി പ്രാർത്ഥിക്കുമ്പോൾ ഒരു മുഖം. കരുണ കാണിക്കാൻ മടിക്കുമ്പോൾ മറ്റൊരു മുഖം. സമ്പത്തുണ്ടാക്കാൻ ചിരിച്ചു കാണിക്കുന്നവർ ദാനം ചെയ്യേണ്ടിവരുമ്പോൾ മുഖം തിരിക്കുന്നു. ക്രിസ്ത്യാനി എന്ന മുഖംമൂടി ആവശ്യമുള്ളപ്പോൾ നാം എടുത്തുപയോഗിക്കുന്നു. ആ മുഖംമൂടിക്കുള്ളിൽ സ്വാർത്ഥതയും അസൂയയും പിശുക്കും ധനമോഹവും വക്രതയും പരപുച്ഛവും ലോകാസക്തിയും വളരെ ഭംഗിയായി മറച്ചുവയ്ക്കാൻ നമുക്കറിയാം.
എന്നാൽ മുഖംമൂടിയില്ലാതെ ജീവിക്കുന്നവർക്കു മുഖംമൂടി വെച്ചു പെരുമാറുന്നവരെ വളരെപ്പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിയും എന്നത് അവർ മനസിലാക്കുന്നില്ല. അവരുടെ ഏറ്ററ്വും വലിയ അബദ്ധവും അതുതന്നെയാണ്. മുഖംമൂടി വച്ചവർ വിശ്വസിക്കുന്നതു തങ്ങളുടെ മുഖം സുന്ദരമാണെന്നു മറ്റുള്ളവർ കരുതും എന്നാണ്. എന്നാൽ തങ്ങളുടെ വികൃതമായ മുഖം മറയ്ക്കാനാണ് അവർ മുഖംമൂടി വച്ചിരിക്കുന്നതെന്നു മറ്റുള്ളവർ മനസ്സിലാക്കും എന്ന് അവർ അറിയുന്നില്ല.
ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിൻറെ ചൈതന്യത്തെ നിഷേധിക്കുന്ന (2 തിമോ 3.5) ഒരു ജനത അവസാനനാളുകളിൽ പ്രത്യക്ഷപ്പെടുമെന്നു നമുക്കു പറഞ്ഞുതന്നതു പൗലോസ് ശ്ലീഹായാണ്. നമുക്ക് അവരുടെ ഗണത്തിൽ പെടാതിരിക്കാം. കായേൻറെ മാർഗത്തിലൂടെ നടക്കുകയും ലാഭേച്ഛ കൊണ്ട് ബാലാമിൻറെ തെറ്റിൽ ചെന്നു വീഴുകയും കോറായുടെ പ്രക്ഷോഭത്തിൽ നശിക്കുകയും ചെയ്യുന്നവരുടെ (യൂദാസ് 11) ഗണത്തിലും നാം പെടാതിരിക്കട്ടെ.
കാപട്യത്തിൻറെ ആൾരൂപമായ ഒരു മൃഗത്തെക്കുറിച്ച് വിശുദ്ധഗ്രന്ഥം മുന്നറിയിപ്പു തരുന്നുണ്ട്. ‘കുഞ്ഞാടിൻറേതുപോലെ രണ്ടു കൊമ്പുകളുള്ള ആ മൃഗം പക്ഷേ സർപ്പത്തെപ്പോലെയാണ് സംസാരിക്കുന്നത് (വെളി 13:11) എന്നു പറയുമ്പോൾ നമ്മുടെ പെസഹാക്കുഞ്ഞാടായ യേശുക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ അഭിനയിക്കുകയും അതേ സമയം ഏദൻ തോട്ടത്തിലെ സർപ്പത്തിൻറെ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യാജപ്രവാചകൻ അവസാനനാളുകളിൽ പ്രത്യക്ഷപ്പെടും എന്നു പരിശുദ്ധാത്മാവ് നമുക്കു പറഞ്ഞുതരികയാണ്. അവൻറെ വഞ്ചന നിറഞ്ഞ കാപട്യത്തിൽ വീണുപോകാതിരിക്കാനായി ഈ അവസാനനാളുകളിൽ നാം ഏറെ ജാഗ്രതയോടെയിരിക്കണം
കപടലോകത്തിൽ ആത്മാർത്ഥമായ ഒരു ഹൃദയമുണ്ടാകുന്നതു പരാജയമല്ല, വിജയമാണ് എന്ന ഉത്തമബോധ്യത്തോടെ നമുക്കു കർത്താവിൻറെ മുൻപിൽ സത്യസന്ധതയോടെയും നിഷ്കളങ്കതയോടെയും വർത്തിക്കാം.