എല്ലാ വർഷവും നാം പന്തക്കുസ്താ തിരുനാൾ ആഘോഷിക്കുന്നുണ്ട്. പിന്നെയെന്താണ് 2022 ലെ പന്തക്കുസ്തായ്ക്കു മാത്രമായി ഒരു പ്രത്യേകത? ലോകമെങ്ങുമുള്ള സുവിശേഷപ്രഘോഷകർ ഒരേ സ്വരത്തിൽ നമ്മോട് ആഹ്വാനം ചെയ്യുന്നതു എത്രയും പെട്ടെന്നു പരിശുദ്ധാത്മാഭിഷേകത്തിനായി പ്രാർഥിച്ച് ഒരുങ്ങാനാണ്. ഈ കാലഘട്ടത്തിൽ പരിശുദ്ധാത്മശക്തിയാൽ നിറയേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചു ദൈവം അവർക്കു ബോധ്യം നല്കിയതുകൊണ്ടാണല്ലോ അവർ അങ്ങനെ പറയുന്നത്. ഇനിയങ്ങോട്ടുള്ള നാളുകളിൽ സത്യവും അസത്യവും തമ്മിൽ വേർതിരിച്ചറിയാൻ നമുക്കു പരിശുദ്ധാത്മാവിൻറെ സഹായം കൂടിയേ തീരൂ. കാരണം സത്യം അസത്യമായും അസത്യം സത്യമായും അവതരിപ്പിക്കുന്നതിൽ സാത്താൻ വളരെയധികം വിജയിച്ചുകഴിഞ്ഞിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.
ഓരോ പന്തക്കുസ്തായ്ക്കും ധ്യാനിക്കാനായി ഒരു തിരുവചനം യോഹന്നാൻ അപ്പസ്തോലൻ എഴുതിവച്ചിട്ടുണ്ട്. എന്നാൽ ഈ 2022ൽ ആ വചനത്തിൻറെ പ്രസക്തി ഏറെയാണ്. കാരണം ആ വചനത്തിൻറെ സംഖ്യയും 20:22 ആണ്. വചനം ഇങ്ങനെയാണ്.
‘ ഇതു പറഞ്ഞിട്ട് അവരുടെ മേൽ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു; നിങ്ങൾ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ’ ( യോഹ 20:22).
പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന് യേശു പറഞ്ഞതു ശിഷ്യന്മാരോടു മാത്രമല്ല, നാമോരോരുത്തരോടും കൂടിയാണ്. അതിനു വലിയ ഒരുക്കം കൂടിയേ തീരൂ. പരിശുദ്ധാത്മാഭിഷേകത്തിനായി നമുക്കു പ്രാർഥിച്ചൊരുങ്ങാം.
നമുക്കു പ്രാർഥിക്കാം: ‘ പരിശുദ്ധാത്മാവേ, എഴുന്നള്ളിവരണമേ, അങ്ങേ വെളിവിൻറെ കതിരുകൾ ആകാശത്തിൻറെ വഴിയേ അയച്ചുതരണമേ.’