കർത്താവു ദൈവമായുള്ള ജനത

ഇന്നു നമുക്ക് എസക്കിയേൽ 38ഉം  സങ്കീർത്തനം 83 ഉം വായിച്ചുകൊണ്ടു തുടങ്ങാം. പരസ്പരബന്ധമില്ലാത്തതെന്നു തോന്നുന്ന രണ്ടു വിശുദ്ധഗ്രന്ഥഭാഗങ്ങൾ ഒരുമിച്ചുവായിക്കുന്നതിനെ ക്കുറിച്ചായിരിക്കും നിങ്ങൾ  ചിന്തിക്കുന്നത്.  യഥാർഥത്തിൽ അവ  ബന്ധപ്പെട്ടവ തന്നെയാണ്. 

എസക്കിയേൽ 38ൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു  ദൈവത്തിൻറെ  സ്വന്തം ജനമായ  ഇസ്രായേലിനു നേരെ അവസാനകാലങ്ങളിൽ വരാനിരിക്കുന്ന ഒരു  വലിയ ആക്രമണത്തെക്കുറിച്ചാണ്.  മെഷേക്കിൻറെയും തുബാലിൻറെയും  അധിപതിയായ ഗോഗ് തൻറെ  മഹാസൈന്യവ്യൂഹത്തോടുകൂടെ വിശുദ്ധദേശത്തെ ആക്രമിക്കും എന്നാണു  തിരുവചനം  പറയുന്നത്.  തുടർന്നു   നാം കാണുന്നത്  ഇസ്രയേലിനുവേണ്ടി പ്രതികാരം ചെയ്തുകൊണ്ട്  ഗോഗിൻറെ മേൽ ന്യായവിധി നടത്തുന്ന  കർത്താവിനെയാണ്.

ചരിത്രത്തിൽ നിന്നു നമുക്കു മനസിലാകുന്ന ഒരു കാര്യം ഇസ്രായേലിന് അന്തിമവിജയം നേടിക്കൊടുക്കുന്നത് ഒരിക്കലും ആയുധങ്ങളോ സൈനികതന്ത്രങ്ങളോ അല്ല, ദൈവമായ കർത്താവിൻറെ നേരിട്ടുള്ള ഇടപെടലാണ് എന്നതാണ്.  അതിൻറെ  മനോഹരമായ  ഒരു ഏറ്റുപറച്ചിൽ മക്കബായരുടെ പുസ്തകത്തിൽ നമുക്കു  വായിക്കാൻ കഴിയും.  ‘അവർ ആയുധത്തിലും  സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും  ലോകം മുഴുവനെത്തന്നെയും  അംഗുലീചലനം കൊണ്ടു  തറപറ്റിക്കാൻ കഴിയുന്ന സർവശക്തനായ ദൈവത്തിലാണു നമ്മുടെ പ്രത്യാശ’ ( 2 മക്ക.  8:18). 

വെറും ആറായിരം പട്ടാളക്കാർ  മാത്രമുള്ള ഇസ്രായേൽ പക്ഷത്തോടെതിരിടാൻ  അതിൻറെ പല മടങ്ങുവരുന്ന  സൈന്യത്തോടുകൂടെ  മുന്നേറിയ  വിജാതീയനേതാവായ നിക്കാനോറിനെ  നേരിടാൻ പോകുന്നതിനു തൊട്ടുമുൻപാണ്  മക്കബേയൂസ്  തൻറെ ജനത്തിൻറെ മുൻപിൽ വച്ചു  സർവശക്തനായ  ദൈവത്തിലുള്ള ആശ്രയത്വം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്  അവരെ ധൈര്യപ്പെടുത്തിയത്.   യുദ്ധത്തിൽ താൻ  ജയിക്കുമെന്നും   യഹൂദരെ മുഴുവനെയും   അടിമകളാക്കുമെന്നും  തൻറെ അഹങ്കാരപ്രമത്തതയിൽ  നിക്കാനോർ  പ്രതീക്ഷിച്ചിരുന്നു. എന്നുമാത്രമല്ല  ഒരു താലന്തിന്  യഹൂദരായ തൊണ്ണൂറ് അടിമകൾ  വിൽക്കപ്പെടുമെന്നും  അവൻ   തീരദേശനഗരങ്ങളിൽ   നേരത്തെതന്നെ പരസ്യപ്പെടുത്തിയിരുന്നു ( 2 മക്ക. 8:11)  അതനുസരിച്ച് അടിമകളെ വാങ്ങാനായി ആയിരം കച്ചവടക്കാരും എത്തിച്ചേർന്നിരുന്നു (2 മക്ക.8:34) എന്നു  പറയുമ്പോൾ  ഇസ്രായേലിൻറെ പരാജയം സുനിശ്ചിതമായിരുന്നു എന്നു വേണം കരുതാൻ. എന്നാൽ  ആയുധങ്ങളിലോ  മനുഷ്യശക്തിയിലോ ആശ്രയം  വയ്ക്കാതെ  ദൈവത്തിൽ ശരണപ്പെട്ട  ഇസ്രായേൽക്കാരെ ദൈവം തന്നെ  വിജയത്തിലെത്തിക്കുന്നതാണു  നാം തുടർന്നുവായിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു  നേരെയുള്ള സാത്താൻറെ ആക്രമണം  ഒരു തുടർക്കഥയാണ്. ഇസ്രായേൽക്കാരുടെ കാലനാണു  താനെന്നാണ്  അന്നു   നിക്കാനോർ  വിചാരിച്ചിരുന്നത്. മര്യാദയ്ക്കു   തങ്ങൾ പറയുന്നതുപോലെ  ജീവിച്ചുകൊള്ളണം. ഇല്ലെങ്കിൽ  മര്യാദ പഠിപ്പിക്കും. അടിമകളാക്കി വിൽക്കും, ദൈവാലയം  ഇടിച്ചുനിരത്തും, കൈ വെട്ടും, കാലുവെട്ടും, തലവെട്ടും   എന്നൊക്കെ  പറഞ്ഞുകൊണ്ടു   ദൈവജനത്തിനെതിരെ വെല്ലുവിളി മുഴക്കുന്ന കാലന്മാർ  ഇന്നുമുണ്ടല്ലോ.  വെട്ടാൻ വരുന്ന പോത്തിനോടോ പോത്തിൻറെ തോളത്തിരിക്കുന്ന കാലനോടോ  വേദം ഓതിയിട്ടു  കാര്യമില്ല.  നമ്മെ നശിപ്പിക്കാൻ വരുന്ന  സാത്താൻറെ സന്തതികളോടു  ചർച്ച ചെയ്തിട്ടും   ഒത്തുതീർപ്പിനു പോയിട്ടും  കാര്യമില്ല.  അവർ ഉപയോഗിക്കുന്ന അതേ  വാക്കുകൾ  തന്നെ നമ്മളും  ഉപയോഗിക്കുന്നുവെങ്കിൽ അവരും നമ്മളും തമ്മിൽ എന്തു  വ്യത്യാസം? അവർ നമുക്കെതിരെ ഉപയോഗിക്കുന്ന അതേ ആയുധങ്ങൾ തന്നെ നമ്മളും ഉപയോഗിച്ചാൽ   വിജയിക്കാൻ കഴിയുമെന്നതു  മിഥ്യാധാരണയാണ്. 

നമ്മുടെ ആയുധം  തിരുവചനമാണ്.  ദൈവജനത്തിനെതിരെ കെണിയൊരുക്കുകയും  അവരെ  തുടച്ചുനീക്കി നാമാവശേഷമാക്കാം എന്നു വ്യാമോഹിക്കുകയും ചെയ്യുന്ന  വിജാതീയ ശക്തികളെ നേരിടാൻ  സങ്കീർത്തനം 83 ലെ തിരുവചനങ്ങൾ   നമ്മെ സഹായിക്കും. അതിൻറെ തലക്കെട്ട് തന്നെ  ‘ ഇസ്രായേലിൻറെ വൈരികളെ നശിപ്പിക്കണമേ’ എന്നാണ്.

‘ ഇതാ, അങ്ങയുടെ ശത്രുക്കൾ ഇളകിമറിയുന്നു; അങ്ങയുടെ വൈരികൾ തല പൊക്കിയിരിക്കുന്നു. അവർ അങ്ങയുടെ ജനത്തിനെതിരെ  കെണിയൊരുക്കുന്നു; അങ്ങു  പരിപാലിക്കുന്നവർക്കെതിരെ ഗൂഢാലോചന നടത്തുന്നു. വരുവിൻ, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം. ഇസ്രായേൽ എന്ന നാമം മേലിൽ ആരും ഓർമ്മിക്കാതിരിക്കട്ടെ എന്ന്  അവർ പറയുന്നു’ (സങ്കീ 83:2-4).  ദൈവജനത്തിനെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ ഉയർത്തുന്നവരുടെ മനസിലിരുപ്പ് ഇന്നും അതു  തന്നെയാണ്.  

എന്നാൽ  ദൈവജനം ഇപ്രകാരം  പ്രാർത്ഥിക്കുന്നു;  ‘എൻറെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പറക്കുന്ന പൊടി പോലെയും  കാറ്റത്തു പാറുന്ന പതിരു പോലെയും  ആക്കണമേ. അഗ്നി വനത്തെ വിഴുങ്ങുന്നതുപോലെയും തീജ്വാലകൾ  മലകളെ   ദഹിപ്പിക്കുന്നതുപോലെയും  അങ്ങയുടെ  കൊടുങ്കാറ്റു കൊണ്ട് അവരെ പിന്തുടരണമേ…. അവർ അങ്ങയുടെ നാമം അന്വേഷിക്കു ന്നതിനുവേണ്ടി അവരുടെ  മുഖം ലജ്ജ കൊണ്ടു മൂടണമെ’ ( സങ്കീ. 83:13-16).

ഇതാണു  നമ്മുടെ വഴി. ഇതായിരിക്കണം നമ്മുടെ വഴി.  കാരണം അവരുടെ ഭീഷണികൾ എല്ലാം സ്വർഗസ്ഥനായ പിതാവ് എപ്പോഴേ  കേട്ടുകഴിഞ്ഞിരിക്കുന്നു.  ‘കർത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ ഭൂമിയിൽ  അണിനിരക്കുന്നവരുടെ’  (സങ്കീ. 2:2) ഭീഷണി കേട്ടു  ‘സ്വർഗത്തിലിരിക്കുന്നവൻ ചിരിക്കുകയാണ്’   എന്നും ‘കർത്താവ് അവരെ പരിഹസിക്കുകയാണ്’ എന്നും (സങ്കീ. 2:4) വിശുദ്ധഗ്രന്ഥം  പറയുന്നു.

നമ്മുടെ ഓരോ ഇടവകകളിലും രൂപതകളിലും ദൈവാലയങ്ങളിലും സന്യാസാശ്രമങ്ങളിലും സ്ഥാപനങ്ങളിലും  കുടുംബങ്ങളിലും  നിന്നു  സങ്കീർത്തനം 83 ലേതുപോലെയുള്ള പ്രാർത്ഥനകൾ ഉയരേണ്ട കാലമാണിത്.  കർത്താവാണു  സർവശക്തനും മഹോന്നതനുമെന്നു  കാലം തെളിയിക്കും.